Wednesday, February 13, 2008

ഒബാമ തരംഗമോ? ‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒരു ഒബാമ തരംഗത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇന്നു മെരിലന്റ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നടന്ന പ്രൈമറികളില്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു ഒബാമയുടെ വിജയമെങ്കിലും അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം ഒരു തരംഗത്തിന്റെ സ്വഭാവം കാണിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഉയര്‍ന്ന ഭൂരിപക്ഷത്താല്‍ കൂടുതല്‍ ഡലിഗേറ്റുകളെ നേടുവാനും അതുവഴി ഹിലരിയില്‍ നിന്ന് ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് പിടിച്ചെടുക്കാനും ഇന്നത്തെ വിജയങ്ങളിലൂടെ ഒബാമക്ക് കഴിഞ്ഞു. ഏകദേശം 1223 ഡലിഗേറ്റുകളാണ് ഒബാമക്ക് ഇതുവരെയുള്ളത്; ഹിലരിക്ക് 1198-ഉം. ഡമോക്രാറ്റ് നോമിനേഷന് കുറഞ്ഞത് 2025 ഡലിഗേറ്റുകളുടെ പിന്തുണ ലഭിക്കണം.

ഇന്നത്തെ തിരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു കാര്യം ഹിലരിക്ക് ഏറ്റവും പിന്തുണ കൊടുക്കുന്ന ലറ്റീനോകളും സ്ത്രീകളും വരുമാനം കുറഞ്ഞ വെളുത്തവരും ഒബാമയുടെ ഭാഗത്തേക്ക് മാറുന്നുവെന്നതാണ്. ഇതുവരെയുള്ള ഹിലരിയുടെ വിജയം അത്തരക്കാരെ ആശ്രയിച്ചായിരുന്നു. (ഒബാമയെ പ്രധാനമായി പിന്തുണക്കുന്നവര്‍ കറുത്തവരും ചെറുപ്പക്കാരും വെള്ള പുരുഷന്മാരുമാരും ലിബറല്‍ ധനികരുമാണ്.) മാര്‍ച്ച് 4-ന് നടക്കാനിരിക്കുന്ന ഒഹായോ, ടെക്സസ് എന്നിവിടങ്ങളിലെ പ്രൈമറികളില്‍ വിജയിക്കാനും അവരെത്തന്നെയാണ് ഹിലരിക്ക് വേണ്ടത്. അതുകൊണ്ട് ഈ വാര്‍ത്ത അവര്‍ക്ക് അത്ര സുഖകരമാകില്ല.

അടുത്ത ചൊവ്വാഴ്ച നടക്കുന്ന വിസ്ക്കോന്‍സിന്‍, ഹവായി എന്നിവിടങ്ങളിലും ഒബാമ വിജയിച്ചേക്കും. (ഒബാമ വളര്‍ന്നത് ഹാവായിയില്‍ ആണ്.) അങ്ങനെ സംഭവിച്ചാല്‍ ഫെബ്രുവരിയില്‍ ഒരു വിജയം പോലുമില്ലാതെപോകും ഹിലരിക്ക്. അത് ഇപ്പോള്‍ അവര്‍ക്ക് ഒഹായോയിലും ടെക്സസിലും ഉള്ള വന്‍‌പിന്തുണയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കും. ഒബാമ അവിടെയൊന്നും കാര്യമായി പ്രചരണം ആരംഭിച്ചിട്ടില്ല എന്നു കൂടി ഓര്‍ക്കണം. ടെക്സസില്‍ ഒബാമ ജയിക്കുമെന്നു തോന്നുന്നില്ല; 25% വരുന്ന ലറ്റീനോ വോട്ടര്‍മാര്‍ കാലിഫോര്‍ണിയയിലും നെവാഡയിലുമൊക്കെ ചെയ്തതു പോലെ ഒന്നടങ്കം ഹിലരിക്കു കുത്തിയേക്കാം. ഒഹായോ ഒബാമ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ടു വലിയ സംസ്ഥാനങ്ങളില്‍ ജയിച്ച് ഒബാമയെ തളക്കാമെന്നതാണ് ഹിലരിയുടെ തന്ത്രം. അതെത്രത്തോളം വിജയിക്കും എന്ന് അടുത്ത ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധ ആ സംസ്ഥാനങ്ങളിലേക്ക് തിരിയുമ്പോള്‍ നമുക്ക് കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിയും.

തല്‍ക്കാലം അമേരിക്കയുടെ ശ്രദ്ധ മുഴുവന്‍ ഒബാമയുടെ മേലെയാണ്. അത്തരത്തിലുള്ള ശ്രദ്ധയും ഈ മാസം തുടര്‍ച്ചയായ വിജയങ്ങളിലൂടെ കിട്ടിയ മുന്നേറ്റവും ഒബാമ മാര്‍ച്ചില്‍ വന്‍വിജയങ്ങള്‍ ആക്കി മാറ്റിയാല്‍ പിന്നെ നോമിനേഷനിലേക്ക് അദ്ദേഹത്തിന് അധികം ദൂരമുണ്ടാവില്ല. വലിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ജയിക്കാത്തത് (അദ്ദേഹത്തിന്റെ നാടായ ഇല്ലിനോയി ഒഴികെ) അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് ചെറിയ തിളക്കം കുറച്ചിട്ടുണ്ട്; ഹിലരി അക്കാര്യം വോട്ടര്‍മാരെ ഓര്‍മിപ്പിക്കാറുമുണ്ട്.

ഇന്ന് നടന്ന മൂന്ന് പ്രൈമറികളിലും വിജയിച്ച് ജോണ്‍ മക്കെയിന്‍ ഹക്കബിയുടെ നേരിയ ഭീഷണി പോലും ഇല്ലാതാക്കി. ഹക്കബി വിര്‍ജീനിയയില്‍ നല്ലവണ്ണം പോരാടിയാണ് തോറ്റത്. അവിടെയെങ്കിലും ജയിച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചു; ഇനി എന്നാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങുന്നതെന്ന് നോക്കിയാല്‍ മതി.

3 comments:

Anonymous said...
This comment has been removed by a blog administrator.
വിന്‍സ് said...

പ്രമറി തുടങ്ങുന്നതിനു മുന്നമേ ഉറപ്പായിരുന്നു മക്കൈയിന്‍ തന്നെ റിപ്പബ്ലിക്കന്‍ നോമിനി എന്നുള്ളത്.

ഒഹായോയും ടെക്സസും ഹിലറി ജയിക്കും എന്നു തന്നെ ആണു കരുതുന്നത്. ഇത്രയും നീണ്ട ഒരു ഡെമോക്രാറ്റിക്ക് പ്രൈമറി ആദ്യമാണെന്നു തോന്നുന്നു.

ഹിലാരിക്കു എന്റെ എല്ലാ വിജയാശംസകളും.

ഇലക്ഷ്ന്‍ ന്യൂസ് അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്ന തൊമ്മന്‍ ചേട്ടനും അഭിനന്ദനങ്ങള്‍.

Anonymous said...

ya exactly