Tuesday, February 19, 2008

ഒബാമയെ വിസ്ക്കോന്‍സിനില്‍ തളക്കുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഈ മാസം മുഴുവന്‍ ഒബാമയുടെ വിജയങ്ങള്‍ ആയിരുന്നല്ലോ. തുടര്‍ച്ചയായ 8 വിജയങ്ങള്‍; ആ മുന്നേറ്റത്തിനിടയില്‍ ഹിലരിയില്‍ നിന്ന് അദ്ദേഹം ലീഡ് ഏറ്റെടുക്കുകയും ചെയ്തു. ഒബാമയെ തളക്കേണ്ടത് ഹിലരിക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ വളരെ അത്യാവശ്യമാണ്. ഇന്ന് നടക്കുന്ന വിസ്ക്കോന്‍സിനിലെയും ഹവായിയിലെയും തിരഞ്ഞെടുപ്പുകള്‍ കൂടി ഒബാമക്ക് പോകുമെന്നും മാര്‍ച്ച് 4-ന് നടക്കുന്ന ഒഹായോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍ ഹിലരി തിരിച്ചുവരവു നടത്തിയേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഹിലരി പുറത്തെടുത്തിരിക്കുന്ന കരിവാരിതേക്കല്‍ തന്ത്രം വിസ്ക്കോന്‍സിനില്‍ ഒരളവുവരെ വിജയിക്കുന്നുണ്ടെന്നാണ് സൂചന. ഏറ്റവും പുതിയ ചില പോളുകളില്‍ അവരാണ് മുമ്പില്‍.

ഒബാമയുടെ പ്രത്യാശയിലൂന്നിയ പ്രഭാഷണങ്ങള്‍ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ ഉപകരിക്കില്ല എന്നൊക്കെ വാദിച്ചാണ് ഹിലരി നെഗറ്റീവ് പ്രചരണം തുടങ്ങിയത്. അതിനെതിരെ ഒബാമ പ്രതികരിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ മാസ്ച്യൂസെറ്റ്സിലെ ഗവര്‍ണര്‍ ഡെവല്‍ പാട്രിക്കിന്റെ വാക്കുകള്‍ കടംകൊണ്ടായിരുന്നു. അങ്ങനെ പറഞ്ഞപ്പോള്‍ അത് ഉദ്ധരിച്ചത് എവിടെ നിന്നാണെന്ന് പറഞ്ഞില്ല; അതുകൊണ്ട് അത് കളവാണ് എന്നൊക്കെ പറഞ്ഞായി ഹിലരിയുടെ അവസാനത്തെ ചളി എറിയല്‍. തമാശ എന്താണെന്നു വച്ചാല്‍ ഡെവല്‍ പാട്രിക്കു തന്നെയാണ് ഒബാമയെ അങ്ങനെ പറയാന്‍ ഉപദേശിച്ചതെന്നാണ്. സാധാ വോട്ടര്‍മാരൊന്നും ഇതിന്റെ പശ്ചാത്തലം അറിയുന്നുണ്ടാവില്ല; ഒബാമയുടെ വിശ്വാസ്യതക്ക് അങ്ങനെ ചെറിയ കോട്ടം തട്ടാനും മതി.

ഹിലരി നെഗറ്റീവ് പ്രചരണതന്ത്രങ്ങള്‍ സൌത്ത് കാരളീനയില്‍ പ്രയോഗിച്ചപ്പോള്‍ ഫലം ഭീമമായ തോല്‍‌വി ആയിരുന്നു. വിസ്ക്കോന്‍സിനില്‍ അത്തരം തന്ത്രങ്ങള്‍ എത്രത്തോളം ഏല്‍ക്കുമെന്നാണ് ഇനി നോക്കേണ്ടത്. കള്ളപ്രചരണത്തിലൂടെ ആദ്യം ജോണ്‍ മക്കെയിനെയും (അദ്ദേഹത്തിന്റെ ബംഗ്ലാദേശിക്കാരി ദത്തുപുത്രി അദ്ദേഹത്തിന് അവിഹിതബന്ധത്തിലുണ്ടായതാണെന്ന ആരോപണം) പിന്നെ ജോണ്‍ കെറിയെയും (വിയറ്റ്നാം യുദ്ധത്തില്‍ അദ്ദേഹം ചെയ്ത വീരകൃത്യങ്ങളില്‍ സംശയങ്ങളുടെ നിഴല്‍ വീഴ്ത്തിയത്) തോല്‍പ്പിച്ച നെറികെട്ട (കാള്‍ റോവ് ഓടിച്ചിരുന്ന) റിപ്പബ്ലിക്കന്‍ പ്രചരണയന്ത്രത്തില്‍ നിന്ന് ഒന്നും വ്യത്യസ്തമല്ല ബില്ലാരി ക്യാമ്പെയിനെന്ന് അവര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. വലതുപക്ഷഗൂഢതന്ത്രം (മോനിക്ക ഗേറ്റിന്റെ അവരുടെ ആദ്യ വിശദീകരണം അങ്ങനെയായിരുന്നു; കൂടുതല്‍ തെളിവോടെ ബില്‍ ക്ലിന്റനെ വലയിലാക്കുന്നതുവരെ) എന്നൊക്കെ നാഴികക്ക് നാലുവട്ടം വിളിച്ചുകൂവുന്ന അവര്‍ രാഷ്ടീയതന്ത്രങ്ങള്‍ മൊത്തം കടമെടുത്തിരിക്കുന്നത് റിപ്പബ്ലിന്‍ ഭാഗത്തുനിന്നാണ്. സെനറ്ററായ ശേഷം അവര്‍ വലതുപക്ഷ മാധ്യമങ്ങളെ സുഖിപ്പിച്ച് നിര്‍ത്തിയത് യാദൃശ്ചികമല്ല എന്നു തോന്നുന്നു.

ഹവായിയില്‍ ഒബാമ ജയിച്ചേക്കും. ഹവായി ഒബാമയുടെ ജന്മസ്ഥലമാണ്. ഒബാമയുടെ അര്‍ദ്ധ-സഹോദരി അവിടെ അദ്ദേഹത്തിന് കാര്യമായി പ്രചരണം നടത്തുന്നുണ്ട്.

വിസ്ക്കോന്‍സിനില്‍ ഒബാമയുടെ സാധ്യതക്ക് മങ്ങലേറ്റെങ്ങിലും ടെക്സസില്‍ ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്. അത് ഹിലരിയുടെ ഉറക്കം കെടുത്തും; കാരണം ഒഹായൊയിലും ടെക്സസിലും അവര്‍ക്ക് വിജയിച്ചാലേ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.

2 comments:

t.k. formerly known as thomman said...

ഏകദേശം പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വിസ്ക്കോന്‍‌സനില്‍ ഒബാമ 55% വോട്ടോടെ മുമ്പിലാണ്. നെറ്റ്വര്‍ക്കുകള്‍ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.

നെഗറ്റീവ് പ്രചരണം ഹിലരിക്ക് വിനയായെന്നാണ് തോന്നുന്നത്. ഈ മത്സരം വളരെ കടുത്തതാണെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ സൂചിപ്പിച്ചത്. പക്ഷേ, യാഥാര്‍ഥ്യം അങ്ങനെ ആയില്ല.

ഒരു പക്ഷേ, ഹിലരിയുടെ പതനം ഈ പ്രൈമറിയിലാണ് തുടങ്ങുന്നത്. അതേക്കുറിച്ച് വിശദമായി പിന്നെ പോസ്റ്റാം.

നെഗറ്റീവ് പ്രചരണത്തെപ്പറ്റിയും ഇന്നത്തെ വിജയത്തെപ്പറ്റിയും ഒബാമ എനിക്കയച്ച ഇ-മെയില്‍ താഴെ വായിക്കുക:

from Barack Obama
date Feb 19, 2008 7:21 PM
subject What tonight's win means

Thomas --

Today, the people of Wisconsin voted overwhelmingly in favor of a new kind of politics.

They rejected an onslaught of negative attacks and attempts to distract them from the common concerns we all have about the direction of our country.

No doubt we'll hear much more of these attacks and distractions in the days to come.

But the noise of these tired, old political games will not drown out the voices of millions calling for change.

We won't know until late tonight the results of today's Hawaii caucus, but we'll let you know how that turns out tomorrow.

If we win in Hawaii, it will be ten straight victories -- a streak no one thought possible, and the best position we can be in when Ohio, Texas, Rhode Island, and Vermont vote on March 4th.

Thank you for making this possible,

Barack

t.k. formerly known as thomman said...

ഹവായിയിലെ കോക്കസില്‍‍ ഏകദേശം മൂന്നിലൊന്ന് വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ 75% വോട്ടുകള്‍ പിടിച്ച് ഒബാമ പ്രതീക്ഷിച്ചതുപോലെ വളരെ മുമ്പിലാണ്. ഒബാമയുടെ അടുപ്പിച്ചുള്ള 10-ആമത്തെ വിജയത്തിലേക്ക് അദ്ദേഹം കുതിക്കുകയാണ്.

ഇത് ഒബാമ തരംഗം തന്നെയാണ്, സംശയമില്ല.