തുടര്‍ച്ചയായ 11 പ്രൈമറികളിലെ തോല്‍വികള്‍ക്ക് ശേഷം (വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയില്‍ ഒബാമ വിജയിച്ചതു കണക്കിലെടുക്കുകയാണെങ്കില്‍) ഹിലരിയുടെ മുമ്പിലുള്ള ഏക വഴി ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍ അതു മാത്രമാണ്: മാര്‍ച്ച് 4-ന് നടക്കുന്ന ടെക്സസിലെയും, ഒഹായോയിലെയും പ്രൈമറികളില്‍ വിജയിക്കുക. ഭര്‍ത്താവ് ബില്‍ ക്ലിന്റന്‍ പോലും അക്കാര്യം സമ്മതിച്ചു കഴിഞ്ഞു. ആ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും തോറ്റാല്‍ ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം ഡലിഗേറ്റുകളുടെ കാര്യത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ഒബാമക്ക് പറ്റുമെന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അവിടങ്ങളില്‍ തോറ്റാലും പ്രത്യേകിച്ച് സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഉണ്ടാകുകയുമില്ല.
ടെക്സസില്‍ ഹിലരിയുടെ ഒപ്പം ഒബാമ എത്തിയിട്ടുണ്ട്. ഒഹായോയില്‍ അദ്ദേഹം പിന്നിലാണെങ്കിലും വ്യത്യാസം കുറച്ചു വരുന്നു. പ്രചരണത്തിന് ഇനിയും രണ്ടാഴ്ചകള്‍ ഉള്ളതുകൊണ്ട് അദ്ദേഹം നല്ല പോരാട്ടം കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ്. തന്നെയുമല്ല നല്ല ആള്‍ബലമുള്ള ലേബര്‍ യൂണിയനുകള്‍ ഒബാമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ വോട്ടുകള്‍ക്കപ്പുറം കേഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവരെ കിട്ടുമെന്നുള്ളത്, ഒബാമ പാര്‍ട്ടിയില്‍ തികച്ചും ഒരു ശക്തിയായി മാറി എന്നുള്ളതിന് തെളിവാണ്.
വിസ്ക്കോന്‍സിനില്‍ ഒബാമ വന്‍ഭൂരിപക്ഷത്തിന് ജയിച്ചത് എന്റെ അവസാനത്തെ സംശയത്തെയും ദൂരീകരിച്ചിരിക്കുന്നു: വെള്ളക്കാര്‍ ഒബാമക്ക് വോട്ടു ചെയ്യില്ല എന്ന പഴയ സന്ദേഹം. ഹിലരിയുടെ കുത്തകയായിരുന്ന പാവപ്പെട്ട വെള്ളക്കാരും സ്ത്രീജനങ്ങളും ഒബാമയുടെ ഭാഗത്തേക്ക് മാറി എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു വിസ്ക്കോന്‍സിനിലെ ഫലം. ഇതുവരെ കറുത്തവരുടെ വോട്ടുകള്‍ കൊണ്ടാണ് ഒബാമ വന്‍ഭൂരിപക്ഷം നേടുന്നതെന്നായിരുന്നു പൊതുവെയുള്ള നിരീക്ഷണം. പക്ഷേ, വിസ്ക്കോന്‍സിനില്‍ അവരുടെ എണ്ണം തുച്ഛമാണ്. ഹിലരിയുടെ ഭാഗത്ത് അവശേഷിക്കുന്ന വോട്ട് ബാങ്ക് ലറ്റീനോകളാണ് (ഏഷ്യക്കാരും; പക്ഷേ അവരുടെ എണ്ണം അത്ര നിര്‍ണ്ണായകമല്ല ഇനിയുള്ള സംസ്ഥാനങ്ങളില്‍). ലറ്റീനോകള്‍ ഒഹായോയില്‍ അത്രയില്ല; ടെക്സസില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കറുത്തവരുടെ വോട്ടു കിട്ടും ഒബാമക്ക്.
അതുപോലെ ഒബാമ തരംഗം ഒരു യാഥാര്‍ത്യമാണെന്നും ഉറപ്പായി. ഒരു പോളിനു പോലും ഒബാമയുടെ വിജയത്തിന്റെ വ്യാപ്തി കൃത്യമായി പ്രവചിക്കാന്‍ ആയില്ല. ഒരു തരംഗത്തിനു മാത്രമേ സാമാന്യബുദ്ധിയില്‍ ഊന്നിയുള്ള അത്തരം കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുവാന്‍ കഴിയുകയുള്ളൂ. പോളുകളുടെ കൃത്യത +-4% എന്നൊക്കെ പറയുന്നത് ബുദ്ധിക്ക് നിരക്കാത്തത് ആയിട്ടുണ്ട്. യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ 15-20% ആണ് മാറുന്നത്. പോളുകള്‍ വെറും ട്രെന്റ് അറിയാനേ ഇപ്പോള്‍ ഉപകരിക്കുന്നുള്ളൂ.
പ്രൈമറിയെയും കോക്കസിനെയും കുറിച്ചൊക്കെ ഞാന്‍ ചെറുതായി പഴയ പോസ്റ്റുകളില്‍ എഴുതിയിരുന്നല്ലോ. സാധാരണ പ്രൈമറി രീതിയിലോ (രഹസ്യ വോട്ടെടുപ്പ്) കോക്കസു രീതിയിലോ (നേരിട്ടുള്ള തിരഞ്ഞെടുപ്പ്)ആവും ഡലിഗേറ്റുകളെ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുക്കുക. പക്ഷേ, ടെക്സസില്‍ ഡമോക്രാറ്റുകള്‍ ഒരു പങ്ക് ഡലിഗേറ്റുകളെ പ്രൈമറി വഴിയും ബാക്കിയുള്ളവരെ കോക്കസുകള്‍ വഴിയുമാണ് തിരഞ്ഞെടുക്കുക. തന്നെയുമല്ല ആര്‍ക്ക് എത്ര ഡലിഗേറ്റുകളെ കൊടുക്കണം എന്നൊക്കെ നിര്‍ണ്ണയിക്കുന്നത് അതിസങ്കീര്‍ണ്ണമായ ഫോര്‍മുലകള്‍ ഉപയോഗിച്ചാണ്. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പോലും ആ നിയമങ്ങള്‍ അത്ര പിടിയില്ലത്രേ! വിശദാംശങ്ങള്‍ക്ക് ഇവിടെ നോക്കുക: http://www.npr.org/templates/story/story.php?storyId=19211076
വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയാണ് മറ്റൊരു വിചിത്രമായ സംഗതി. ധാരാളം അമേരിക്കന്‍ പൌരന്മാര്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്നുണ്ട്. അവരുടെ ഇടയിലെ ഡമോക്രാറ്റുകള്‍ക്കും ഉണ്ട് ഒരു പ്രൈമറി. വോട്ടുകള്‍ തപാല്‍ വഴിയും വിദേശ രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് നടക്കും; ഇന്ത്യയില്‍ ഇത്തവണ ഡല്‍ഹിയില്‍ ഒരു ബൂത്ത് ഉണ്ടായിരുന്നത്രേ. ഇരട്ട പൌരത്വമുള്ള ഇറ്റലിയിലെ ഒരു മന്ത്രി പോലും ഈ പ്രൈമറിയില്‍ വോട്ടു ചെയ്തു. വിശദാംശങ്ങള്‍ ഇവിടെ: http://news.yahoo.com/s/ap/20080221/ap_on_el_pr/campaign_delegates_29. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയിലെങ്കിലും അങ്ങനെയൊരു സൌകര്യം ഒരുക്കാത്തത് ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ മറ്റൊരു വീഴ്ച.
ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ നോമിനി ആവുമെന്ന് ഉറപ്പായതോടുകൂടി, പൊതുവേ അദ്ദേഹത്തെ ഉള്ളം കൈയില്‍ കൊണ്ടു നടന്നിരുന്ന ലിബറല്‍ മാധ്യമങ്ങള്‍, അദ്ദേഹത്തിനെതിരെ എന്താണ് കിട്ടുന്നതെന്നു നോക്കി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ റിപ്പബ്ലിക്കന്‍ നോമിനിയായി ശുപാര്‍ശ ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. വിക്കി ഐസ്മന്‍ എന്ന ലോബിയിസ്റ്റുമായി അദ്ദേഹത്തിന് അവിഹിതബന്ധമുണ്ട് എന്നാണ് അവരുടെ കണ്ടെത്തല്‍. മക്കെയിനടക്കം അപവാദവുമായി ബന്ധപ്പെട്ട എല്ലാവരും അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇത് മക്കെയിനെ നെഗറ്റീവായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതാണ് പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍: http://www.nytimes.com/2008/02/21/us/politics/21mccain.html?hp
ഒബാമയുടെയും ഹിലരിയുടെയും പ്രചരണത്തിനു വേണ്ടുന്ന ധനശേഖരണരീതികളും അവരുടെ ജനപിന്തുണയും താരതമ്യപ്പെടുത്തുന്നത് രസകരമാണ്. ഹിലരിക്ക് പ്രധാനമായും പണം കിട്ടുന്നത് പണക്കാരുടെ കൈയില്‍ നിന്ന് വന്‍തുകകളാണ്. കോക്ക്‍ടെയില്‍ പാര്‍ട്ടികളും മറ്റും നടത്തി. പക്ഷേ, അവരുടെ പ്രധാന ജനപിന്തുണ പാവപ്പെട്ടവരുടേതാണ്. ഒബാമയെ പ്രധാനമായും പിന്തുണക്കുന്നത് വിദ്യാഭ്യാസമുള്ളവരും പൊതുവേ ധനശേഷിയുള്ളവരുമാണ് (കറുത്തവര്‍ ഒഴിച്ച്), പക്ഷേ, അദ്ദേഹത്തിന്റെ പണം പ്രധാനമായും വരുന്നത് ഇന്റര്‍നെറ്റു വഴി ചെറിയ തുകകള്‍ ആയാണ്. സംഭാവന ചെയ്യുന്നവരുമായി ഇന്റര്‍നെറ്റു വഴി ഒബാമ ക്യാമ്പെയിന്‍ അടുത്ത് ബന്ധപ്പെടുന്നതുകൊണ്ട് അവരില്‍ നിന്ന് വീണ്ടും സഹായം അഭ്യര്‍ത്ഥിക്കാന്‍ യാതൊരു പ്രയാസവുമില്ല. ഞാന്‍ തന്നെ രണ്ടുവട്ടം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. ഏകദേശം 10 ലക്ഷം ഡോളറാണത്രേ അദ്ദേഹം ഇന്റര്‍നെറ്റു വഴി ഒരു ദിവസം ഈയിടെയായി പിരിക്കുന്നത്. ഹിലരി പൈസക്ക് ബുദ്ധിമുട്ടുമ്പോള്‍ ഒബാമ പൈസ ഇറക്കുന്നതില്‍ യാതൊരു ലോപവും കാണിക്കുന്നില്ല. ഹിലരി തന്റെ പരിചയത്തെ ഒരുപാട് പൊക്കി കാണിക്കുന്നുണ്ടെങ്കിലും പണം കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാജയമായിരുന്നു. അത് അവര്‍ പല പ്രൈമറികളിലും തോല്‍ക്കാന്‍ ഇടയാക്കി എന്നാണ് പലരും നിരീക്ഷിക്കുന്നത്. പരിചയമല്ല, മറിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സാമര്‍ഥ്യമാണ് വലുത് എന്ന സത്യം അങ്ങനെ ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നു.
Subscribe to:
Post Comments (Atom)
3 comments:
Thanks for the update Thomman
വോട്ടിനു വേണ്ടിയാണോന്നറിയില്ല, എങ്കിലും ഇന്ത്യ അമേരിക്കയുടെ natural ally ആണെന്നൊക്കെ പറയാന്‍ ധൈര്യം കാണിച്ച ഒബാമ വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വെറുതെ, ജയിച്ചാല്‍ സ്വഭാവം മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണോ, അതോ ആത്മാര്‍ത്ഥത എന്നൊക്കെ കേട്ടിട്ടുണ്ടോ എന്നറിയാമല്ലോ!!!
jinsbond007 - ഒബാമ ഇന്ത്യയുടെ സുഹൃത്ത് ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പ്രചരണത്തിന്റെ തുടക്കത്തില്‍ അദ്ദേഹം പാക്കിസ്ഥാനെ ഒന്നു തല്ലിയതും വായിച്ചുകാണുമല്ലോ. (അതേപ്പറ്റി ഒരു ലിങ്ക് ഇവിടെ.)
പക്ഷേ, ഇവിടത്തെ ഇന്ത്യാക്കാര്‍ പൊതുവേ ഹിലരിയെ അനുകൂലിക്കുന്നതായാണ് കാണുന്നത്. ക്ലിന്റന്‍ ബ്രാന്റിന്റെ പരിചയമാണെന്നു തോന്നുന്നു കാരണം. അതിനെ ചെറുക്കുവാന്‍ വേണ്ടി ഞാന്‍ ആരംഭിച്ചിരിക്കുന്ന എളിയ തോതിലുള്ള ഒരു ഇ-മെയില്‍ പ്രചരണത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇന്ന് ഇടുന്നുണ്ട്.
Post a Comment