Monday, March 03, 2008

ടെക്സസ്, ഒഹായോ : അവസാനത്തെ പോര്‍ക്കളങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഫെബ്രുവരി 5-ന് 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടന്ന ‘സൂപ്പര്‍ ട്യൂസ്ഡേ’ പ്രൈമറിയില്‍ ഒബാമയെ ഇടിച്ചുവീഴ്ത്തി തന്റെ നോമിനേഷന്‍ ഉറപ്പാക്കാം എന്നായിരുന്നു ഹിലരിയുടെ കണക്കുകൂട്ടല്‍. ആ പദ്ധതി നടന്നില്ലെങ്കില്‍ അതിന്ന് ഒരു ബദലുപദ്ധതി അവര്‍ രൂപികരിച്ചില്ലായിരുന്നു; അത്ര വലുതായിരുന്നു ജയിക്കുമെന്നുള്ള അവരുടെ ആത്മവിശ്വാസം. പക്ഷേ, അന്നത്തെ വന്‍പോരാട്ടത്തില്‍ ഒബാമയും ഹിലരിയും സമനില പാലിച്ചു. തുടര്‍ന്നുള്ള യുദ്ധത്തിന് തയ്യാറെടുപ്പുമൊന്നുമില്ലാതെ ഇരുന്ന ഹിലരി പകച്ചുനിന്നപ്പോള്‍, അത്തരമൊരു ഫലം മുന്‍‌കൂട്ടി കണ്ടിരുന്ന ഒബാമ മറ്റിടങ്ങളില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹിലരിയുടെ പതനം അവിടെയാണ് തുടങ്ങുന്നത്. തുടര്‍ന്നു നടന്ന 11 മത്സരങ്ങളില്‍ വന്‍‌ഭൂരിപക്ഷത്തിന് ഒബാമ വിജയിക്കുകയും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയില്‍ നിന്ന് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.

ലീഡ് കളഞ്ഞുകുളിച്ചതിനേക്കാള്‍ വലുത് ഒരു മാസത്തോളം ഒരു പരാജിതയുടെ റോള്‍ ഹിലരിക്ക് സ്വീകരിക്കേണ്ടി വന്നതാണ്. അത്തരമൊരു ശക്തമായ നില കൈവന്നത് ഒബാമക്ക് ഒരുപാട് കാര്യങ്ങള്‍ നേടിക്കൊടുത്തു: ഹിലരിക്ക് പിന്തുണ കൊടുത്തിരുന്ന ചില സൂപ്പര്‍ ഡലിഗേറ്റുകള്‍ കാലുമാറി; ശക്തമായ തൊഴിലാളി യൂണിയനുകള്‍ ഒബാമക്ക് പിന്തുണയും പണവും കൊടുത്തു; കൂടുതല്‍ നേതാക്കന്മാര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു; ദേശീയതലത്തില്‍ പോളുകളില്‍ ഹിലരിയെ പിന്തള്ളി.

മാര്‍ച്ച് 4-ന് (ചൊവ്വാഴ്ച) 4 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കുന്നത്- ടെക്സസ്(228), ഒഹായോ(161), റോഡ് ഐലന്റ്(32), വെര്‍മോണ്ട്(23). ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ്; സംസ്ഥാനങ്ങളുടെ ആപേക്ഷിക വലിപ്പം (ജനസംഖ്യ) അതില്‍ നിന്നും ഊഹിക്കാമല്ലോ. അന്തിമമായി കിട്ടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ് ഏറ്റവും പ്രധാനമെന്നതുകൊണ്ട് ടെക്സസിലും ഒഹായോയിലുമാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വളരെക്കാലമായി ഈ സംസ്ഥാനങ്ങളില്‍ ഹിലരിക്ക് കൂറ്റന്‍ ലീഡാണ് ഉണ്ടായിരുന്നത്. ടെക്സസ്, ബില്‍ ക്ലിന്റ്ന്റെ നാടും അദ്ദേഹം ഗവര്‍ണറുമായിരുന്ന അര്‍ക്കന്‍‌സായുടെ അയല്‍സംസ്ഥാനമാണ്; പല പ്രദേശങ്ങളും ഹിലരിക്ക് ഉള്ളംകൈ പോലെ അറിയാം; പ്രധാനപ്പെട്ട പാര്‍ട്ടി ഭാരവാഹികളെയും. മറ്റൊരു പ്രധാന കാര്യം ലറ്റീനോകളുടെ വന്‍‌പിന്തുണയാണ്. (ഹിലരിക്ക് ഇതുവരെ കാര്യമായി നഷ്ടപ്പെടാത്ത ഒരു വോട്ടുബാങ്ക് അവരുടേതാണ്.) നെവാഡയിലും കാലിഫോര്‍ണിയയിലും ഒക്കെ അവരെ വിജയിപ്പിച്ചത് ലറ്റീനോകളുടെ വോട്ടാണ്. ടെക്സസില്‍ ലറ്റീനോകളാണെങ്കില്‍ ഒഹായോയില്‍ അവരുടെ പിന്തുണ പ്രധാനമായും വരുന്നത് തൊഴിലാളികളായ വെള്ളക്കാരില്‍ നിന്നായിരിക്കും. ലറ്റീനോകളുടേതുപോലെ അത്ര ഉറപ്പുള്ള വോട്ടല്ല അവരുടെതെന്ന് വിസ്ക്കോന്‍സിലെ തിരഞ്ഞെടുപ്പു ഫലം ഒരു സൂചകമായിട്ടെടുക്കുകയാണെങ്കില്‍ പറയേണ്ടിവരും. പക്ഷേ, 2-3 ആഴ്ചകളുടെ ഇടവേളയില്‍ പ്രചരങ്ങള്‍ പല തന്ത്രങ്ങള്‍ ഇറക്കുകയും വോട്ടര്‍മാരുടെ കൂറ് അതനുസരിച്ച് മാറുകയും ചെയ്തിട്ടുണ്ട്.

മറ്റിടങ്ങളില്‍ സംഭവിച്ചതു പോലെ ഹിലരിക്കുണ്ടായിരുന്ന വന്‍ലീഡുകള്‍ ഒബാമ പ്രചരണം ആരംഭിച്ച ശേഷം രണ്ടിടത്തും മാഞ്ഞുപോയി. പൊതുവേ, പോളുകള്‍ പ്രകാരം ഇപ്പോള്‍ അദ്ദേഹത്തിന് ടെക്സസിലും ഹിലരിക്ക് ഒഹായോയിലും നേരിയ ലീഡുണ്ട്. (ഏത് പോള്‍, എന്ന് നോക്കി എന്നും ആശ്രയിച്ചിരിക്കും.) റോഡ് ഐലന്റില്‍ ഹിലരിയും വെര്‍മോണ്ടില്‍ ഒബാമയും ജയിക്കാനാണ് സാധ്യത കാണുന്നത്.

ഡമോക്രാറ്റുകളുടെ പ്രൈമറിയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ചൊവ്വാഴ്ചത്തെ ആയിരിക്കുകയാണ്. നേരത്തെ ബില്‍ ക്ലിന്റന്‍ തന്നെ പറഞ്ഞതുപോലെ, ഹിലരിക്കു പിടിച്ചു നില്‍‌ക്കണമെങ്കില്‍ ടെക്സസിലും ഒഹായോയിലും ജയിച്ചേ തീരൂ. ഒന്നില്‍ ജയിച്ചാല്‍ പോലും പോരാട്ടം തുടരുമെന്ന് ഹിലരി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു തോല്‍‌വി ഉണ്ടായാല്‍ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഒബാമയെ മറികടക്കുക ഏതാണ്ട് അസാധ്യം തന്നെ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ പിളര്‍ത്താതെ മിക്കവാറും അവര്‍ പരാജയം സമ്മതിച്ച് പിന്‍‌വാങ്ങാനാണ് സാധ്യത. മറിച്ച് അവര്‍ രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഡമോക്രാറ്റുകള്‍ക്ക് കുറച്ചു പ്രയാസമാകും. വന്‍‌ഭൂരിപക്ഷത്തിന് ഹിലരി എന്തായാലും ജയിക്കാന്‍ പോകുന്നില്ല. ഡലിഗേറ്റുകളെ കിട്ടുന്നത് പിടിക്കുന്ന വോട്ടുകള്‍‌ക്ക് ആനുപാതികമായതുകൊണ്ട് ഇപ്പോഴുള്ള ലീഡ് കുറഞ്ഞാലും, ഒബാമ അത് നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ ഹിലരിക്ക് ഒരു മുന്നേറ്റം കിട്ടുമെങ്കിലും ഒബാമക്ക് പിന്‍‌വാങ്ങേണ്ട യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടിവരില്ല. മത്സരം ഏപ്രില്‍ 22-ന് പ്രൈമറി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനമായ പെന്‍സില്‍‌വേനിയയ്ക്കും അപ്പുറത്തേക്കും നീണ്ടുപോവുകയും ചെയ്യും.

ഒബാമയും ഹിലരിയും തമ്മിലിടിച്ച് വീഴ്ത്തുന്ന ചോര കുടിച്ച് രസിക്കാന്‍ തുടങ്ങിയിരിക്കുന്നത് ജോണ്‍ മക്കെയിനാണ്. ഒബാമക്കെതിരെ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും ഹിലരി നടത്തുന്നുണ്ട്. അതേ നാണയത്തില്‍ ഒബാമയുടെ മറുപടിയും. പ്രധാന തിരഞ്ഞെടുപ്പില്‍ മക്കെയിന് ഡമോക്രാറ്റ് പ്രതിയോഗി ആരായിരുന്നായാലും പ്രയോഗിക്കാന്‍ വേണ്ട ആയുധങ്ങള്‍ ഡമോക്രാറ്റുകള്‍ തന്നെ തിരഞ്ഞെടുത്ത് കൊടുക്കുന്നുണ്ട്.

റിപ്പബ്ലിക്കന്‍ പ്രൈമറിയും ഇതേ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ അതിന് പ്രാധാന്യം കൊടുത്ത് റേറ്റിംഗ് കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ജോണ്‍ മക്കെയിന് കേവലഭൂരിപക്ഷം ഈ മത്സരങ്ങളില്‍ നിന്ന് കിട്ടിയേക്കും. മൈക്ക് ഹക്കബിക്ക് യാതൊരു സാധ്യതയുമില്ല. ഹക്കബിയുടെ ഉദ്ദേശം കിട്ടുന്നത്ര പബ്ലിസിറ്റി മുതലാക്കുകയാണ്; അതുവഴി കൃസ്ത്യന്‍ യാഥാസ്ഥികരുടെ ദേശീയ നേതാവായി ഉയരുകയോ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനാര്‍ഥിയായി രംഗത്തുവരികയോ ചെയ്യുക. അങ്ങനെ സാങ്കേതികമായി റിപ്പബ്ലിക്കന്മാരുടെ അവസാനപോരാട്ടവും ഇതായിരിക്കുമെന്നു കരുതുന്നു.

ഇതിനിടെ പലരും നോക്കിയിരുന്ന രണ്ടു കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന് റാല്‍ഫ് നേഡര്‍ മത്സരത്തിനിറങ്ങിയതാണ്. ഇദ്ദേഹത്തെ അമേരിക്കക്ക് പുറത്ത് വളരെക്കുറച്ച് പേരെ കേട്ടിട്ടുണ്ടാവുകയുള്ളൂ. സാധാരണ ഉപഭോഗാക്കളുടെ അവകാശങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ കോര്‍പ്പറേഷനുകളുമായി നിയമയുദ്ധം ചെയ്താണ് അദ്ദേഹം ആദരവ് പിടിച്ചുപറ്റിയത്. പക്ഷേ, ആ വില 2000-ലും 2004-ലും തിരഞ്ഞെടുപ്പിന് നിന്ന് അദ്ദേഹം കളഞ്ഞുകുളിച്ചു. ഇത്തവണത്തെ അദ്ദേഹത്തിന്റെ രംഗപ്രവേശം ഒരു തമാശയായിട്ടാണ് മാധ്യമങ്ങള്‍ എടുത്തിരിക്കുന്നത്. രണ്ടാമത്തെ കാര്യം ന്യൂയോര്‍ക്ക് നഗരത്തിലെ സുസമ്മതനായ മേയറും മുന്‍‌വ്യവസായിയും ബില്യണയറുമായ മൈക്കേല്‍ ബ്ലൂംബെര്‍ഗ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിന് നില്‍‌ക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതാണ്. മക്കെയിനെപ്പോലെ ഒരു മോഡറേറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രംഗത്തുള്ളപ്പോള്‍, അതേ ആശയക്കാരനായ തനിക്കുകൂടി ഇടയില്ല എന്ന് കണ്ടറിഞ്ഞ് അദ്ദേഹം മാറിയതാണ്. ഇദ്ദേഹത്തെ മത്സരത്തിനിറക്കി തിരഞ്ഞെടുപ്പുരംഗമൊന്നു കൊഴുപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. നടന്നില്ല.

ഇനിയുള്ള 48 മണിക്കൂറുകള്‍ രസകരമായിരിക്കും. പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയുവാന്‍ ഞാന്‍ ആശ്രയിക്കുന്നത് news.yahoo.com-ലെ politics വിഭാഗമാണ്. ഇത്ര നല്ലവണ്ണം പല പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അവയ്ക്കുന്ന വേണ്ടുന്ന പ്രാധാന്യത്തോടെ കൊടുക്കുന്ന വേറെ സൈറ്റുകള്‍ വേറെ ഒന്നുമില്ല.

13 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

ഇനി ഒബാമ ബാക്കിയുള്ള രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ അങ്ങേര് അമേരിക്കന്‍ പ്രസിഡന്റാകുമോ?
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് കാന്റിഡേറ്റ് ജയിക്കാന്‍ സാധ്യതയില്ലെന്നാണോ?

റീനി said...

തൊമ്മാ, ലേഖനം കൊള്ളാമല്ലോ! ഇനിയിപ്പോ ന്യൂസ്‌വീക്കും ഫോക്സ് ന്യൂസും വായിക്കുകയും, കാണുകയും വേണ്ടാല്ലോ!

വിന്‍സ് said...

റീനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. തൊമ്മന്‍ ചേട്ടന്റെ അമേരിക്കന്‍ പൊളിക്റ്റിക്സിലുള്ള അറിവു മാനിക്കേണ്ട ഒന്നു തന്നേ.

ജോണ്‍ മക്കെയിന്‍ പാട്ടും പാടി പ്രസിഡന്റ് ആവും എന്നാണു എനിക്കു തോന്നുന്നത്. റാള്‍ഫ് നേഡര്‍ പിന്നെയും ഡെമോക്രാറ്റുകള്‍ക്ക് പണി കൊടുക്കാന്‍ ആയി ഇറങ്ങി, പക്ഷേ ഈ പ്രാവശ്യം ഒരു നാഷണല്‍ ബഫൂണ്‍ ആയി മാറുന്ന കാഴ്ച ആണു കാണാന്‍ കഴിയുന്നത്.

എന്തായാലും ഡെമോക്രാറ്റില്‍ ആരു മത്സരിച്ചാലും പരസ്പരം പണിയും എന്നുള്ളതു നൂറു ശതമാനം ഉറപ്പാണു.

നാളെ ആണു ശരിക്കുമുള്ള സൂപ്പര്‍ ട്യൂസ്ഡേ.

t.k. formerly known as thomman said...

കുറ്റ്യാടിക്കാരന്‍ - പ്രൈമറി തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയെ ആണ് തിരഞ്ഞെടുക്കുന്നത്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും. പ്രസിഡന്റ് പൊതുതിരഞ്ഞെടുപ്പ് നവമ്പറിലാണ് നടക്കുക. പ്രൈമറിയെ വിശദീകരിച്ച് ഞാന്‍ ഒരു പോസ്റ്റ് നേരത്തേ ഇട്ടിട്ടുണ്ടായിരുന്നു ഇവിടെ.

റീനി - എന്റെ പ്രധാന വാര്‍ത്ത ഉറവിടങ്ങള്‍ New York Times-ഉം news.yahoo.com-ഉം ആണ്. രണ്ടാമത്തെ സൈറ്റില്‍ നിന്ന് മികച്ച പത്രവാര്‍ത്തകളിലേക്കുള്ള ലിങ്കുകള്‍ കിട്ടും.

വിന്‍സ് - ഡമോക്രാറ്റുകളുടെ യഥാര്‍ഥ സൂപ്പര്‍ ട്യൂസ്ഡേ നാളെയാണെന്നു നിരീക്ഷിച്ചതിനോട് ഞാനും യോജിക്കുന്നു. മക്കെയിന്‍ നല്ല സാധ്യതയുണ്ട്; പ്രത്യേകിച്ചും ഹിലരി എതിരാളി ആവുകയാണെങ്കില്‍.

t.k. formerly known as thomman said...

വെര്‍മോണ്ടില്‍ ഒബാമ തന്റെ 12-)മത്തെ തുടര്‍ച്ചയായ വിജയത്തിലേക്ക് നീങ്ങുകയാണ്; മൃഗീയമായ ഭൂരിപക്ഷത്തോടെ. അത്തരമൊരു വിജയത്തിലേക്ക് ഹിലരി റോഡ് ഐലന്റിലും.

ഒഹാ‍യോയില്‍ ഹിലരി നല്ല ലീഡിലാണ്; ഒബാമ ടെക്സസില്‍ നേരിയ ലീഡിലും. വളരെ കുറച്ച് വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞിട്ടുള്ളതുകൊണ്ട് യാതൊരു പ്രവചനങ്ങളും അവിടത്തെ ഫലങ്ങളെപ്പറ്റി പറയാനാവില്ല.

പ്രതീക്ഷിച്ചതുപോലെ 4 സംസ്ഥാനങ്ങളിലും അനായാസം ജയിച്ച് മക്കെയിന്‍ റിപ്പബ്ലിക്കന്‍ നോമിനി ആയി. ഹക്കബി പിന്മാറി; ആ പിന്മാറ്റത്തില്‍ വലിയ അര്ത്ഥമില്ലെങ്കിലും.

വിന്‍സ് said...

തൊമ്മന്‍ ചേട്ടാ.... ഹിലരി ഒബാമയുടെ പടയോട്ടം അവസാനിപ്പിച്ചു റോഡ് ഐലന്‍ഡിലേ വിജയത്തോടെ.

ഒഹായോ ഇപ്പോള്‍ പിടിച്ചെടുക്കും.

ടെക്സസില്‍ നേരിയ ലീഡും.

ഒബാമയുടെ അഹങ്കാരം ഇന്നത്തോടെ തീരും. വായിട്ടലക്കാന്‍ അല്ലാതെ ഒരു ചോദ്യത്തിനു പോലും മറുപടി പറയാന്‍ കഴിയാത്ത പോഴന്‍.

ആസ് ഒഹായോ ഗോസ്, സോ ഗോസ് ദ നേഷന്‍.

ഒഹായോ പിടിച്ചാല്‍ ഇനി ഒന്നും നോക്കാന്‍ ഇല്ല എന്നു തന്നെ കരുതാം.

വിന്‍സ് said...

പെട്ടി പെട്ടി ആപ്പിള്‍ പെട്ടീ... പെട്ടി തുറന്നപ്പം ആപ്പിള്‍ പൊട്ടീ....

ആരാ ആരാ പൊന്തക്കാട്ടില്‍ ഞാനാ ഞാനാ എസ് എഫ് ഐ ....അല്ല ഒബാമാ

:)

വിന്‍സ് said...

തൊമ്മന്‍ ചേട്ടന്‍ ആകെ ഡെസ്പായി പോയി എന്നു തോന്നുന്നു???

t.k. formerly known as thomman said...

ഹിലരിയുടെ ഒഹായിലെയും റോഡ് ഐലന്റിലെയും വിജയം പ്രതീക്ഷിരുന്നതാണ്; ഒബാമയുടെ വെര്‍മോണ്ടിലെ വിജയവും. യഥാര്‍ഥത്തില്‍ മത്സരം നടന്നത് ടെക്സസില്‍ മാത്രമാണ്.

ടെക്സസിലെ മത്സരം 2 എണ്ണമാണ്. പ്രൈമറിയില്‍ 2/3 ഡലിഗേറ്റുകളെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കി കോക്കസുകള്‍ വഴി തിരഞ്ഞെടുക്കും.

ഹിലരിയുടെ ജനങ്ങളില്‍ ഭീതി വിതച്ച 3a.m. കാള്‍ വിജയിച്ചെന്നുവേണം കരുതാന്‍. ടെക്സസിലെ പ്രൈമറിയില്‍‍ CNN അവര്‍ക്ക് വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും 25% വോട്ടുകള്‍ എണ്ണാനുണ്ട്. ഹിലരിക്ക് 3% ലീഡേയുള്ളൂ. ഒബാമ കോക്കസില്‍ ലീഡ് ചെയ്യുന്നു.

ഇന്നത്തെ ഫലങ്ങള്‍ എന്തായാലും ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഒബാമ ലീഡ് നിലനിര്‍ത്തും.

വിന്‍സ് - ഒബാമ ടെക്സസ് പ്രൈമറിയില്‍ തോല്‍ക്കുമെന്നത് ചെറിയ നിരാശയുണ്ടാക്കുന്നുണ്ട്. സമ്മതിക്കുന്നു. ഗോറിനെയും കെറിയെയും അമേരിക്കക്കാര്‍ തോല്പിച്ചപ്പോള്‍ തോന്നിയ അതേ വികാരം തന്നെ.

Inji Pennu said...

Wooohooooooo!!!! അപ്പൊ മൂന്നും കിട്ടിയേ!
ഇനി എനിക്കൊരു ലേഖനം എഴുതണം!
‘അഭ്യൂഹങ്ങള്‍’ എഴുതിപിടിപ്പിക്കാനേ. യേത്? :)


ഓഫ്:
ഹൊ! ഇനി വേണം എനിക്ക് യീ യമേരിക്കന്‍ ടിവിയൊരെണ്ണം മേടിക്കാനേ!

വിന്‍സ് said...

/ഗോറിനെയും കെറിയെയും അമേരിക്കക്കാര്‍ തോല്പിച്ചപ്പോള്‍ തോന്നിയ അതേ വികാരം തന്നെ./

ഗോറിനെ തോല്‍പ്പിച്ചപ്പോള്‍ വിഷമ്ം തോന്നിയിരുന്നു പക്ഷെ കെറി തോറ്റപ്പോള്‍ ഒന്നും തോന്നിയില്ല... തമ്മില്‍ ഭേദം തൊമ്മന്‍ (ചേട്ടന്‍ അല്ല) എന്നു ജനം നോക്കിയപ്പം കണ്ടതു ബുഷിനെ ആണെന്നു മാത്രം.

ടെക്സസ് വിട്ടേരു. അതും പോയി. ഇനി ഇപ്പം ഡെലഗേറ്റ്സിന്റെ എണ്ണത്തില്‍ കാര്യം ഇല്ല. മിക്കവാറും ഹവാര്‍ഡ് ഡീനും കാര്യക്കാരും മത്സരം നിര്‍ത്തി മക്കൈയിനെ തോല്‍പ്പിക്കുന്നതില്‍ ശ്രദ്ധ തിരിക്കാന്‍ പറയും. ഒബാമയോട് പിന്തിരിയാനും അവര്‍ ആവശ്യപ്പെട്ടേക്കും.

യൂ ക്നൊ അമേരിക്ക നീഡ്സ് അ പ്രസിഡന്റ് ഹൂ കാന്‍ വേക്ക് അപ്പ് അറ്റ് 3 എ എം :)

t.k. formerly known as thomman said...

വിന്‍സ് - ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ടെക്സസില്‍ പ്രൈമറിയും കോക്കസും നടക്കുന്നുണ്ട്. കോക്കസില്‍ ഒബാമയാണ് മുമ്പില്‍, 25% ഫലങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍. ഹിലരി മത്സരത്തിലേക്കു തിരിച്ചു വന്നു ഇന്നത്തെ വിജയങ്ങളോടെ. CNN-ന്റെ കണക്കു പ്രകാരം pledged delegates-ന്റെ കാര്യത്തില്‍ ഹിലരിക്ക് ഒബാമയെ മറികടക്കാന്‍ ഇനിയുള്ള എല്ലാ പ്രധാനമത്സരങ്ങള്‍ ജയിച്ചാലും ആവില്ലത്രേ. അത്തരമൊരു സാഹചര്യത്തില്‍ ഹൊവാര്‍ഡ് ഡീനും കൂട്ടര്‍ക്കും ഒബാമയോട് പിന്മാറാന്‍ പറയാന്‍ കഴിയില്ല. വലിയ സംസ്ഥാനങ്ങളില്‍ ജയിച്ചതും ക്യാം‌മ്പയിന് വീണ്ടും മുന്നേറ്റം ലഭിച്ചതുകൊണ്ടും ഹിലരിയോടും അങ്ങനെ പറയാന്‍ കഴിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ മത്സരം തെരുവില്‍ തന്നെ തുടരും; കാര്യങ്ങള്‍ കണ്‍‌വെന്‍ഷന്‍ വരെ നീണ്ടുപോകാനും നല്ല സാധ്യതയുണ്ട്.

ഹിലരിയുടെ കിച്ചന്‍ സിങ്ക് ആക്രമണത്തിന് ഫലപ്രദമായ മറുപടി ഒബാമക്ക് കൊടുക്കാന്‍ പറ്റാഞ്ഞതുകൊണ്ടാണ് ടെക്സസ് അദ്ദേഹത്തിന് നഷ്ടപ്പെട്ടതെന്നാണ് എനിക്ക് തോന്നുന്നത്. ഹിലരിയുടെ tax return-ഉം ബില്ലിന്റെ ബില്ലിംഗുമൊക്കെ വരുന്ന ദിവസങ്ങളില്‍ പത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാക്കാന്‍ ഒബാമക്ക് കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഹിലരിയുടെ smear campaign-ല്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.

3 a.m. പരസ്യത്തെക്കുറിച്ച് ഒന്നും പറയാത്തതാണ് ഭംഗി. 2004-ല്‍ ഡിക്ക് ചെയ്നി ഇതേ തന്ത്രം (വോട്ടര്‍മാരെ പേടിപ്പിക്കല്‍) പ്രയോഗിച്ച് ബുഷിന് വോട്ടു വാങ്ങിക്കൊടുത്തത് ഓര്‍മ വരുന്നു.

റീനി said...

ആരു പ്രസിഡന്റായാലും ചീനവലയില്‍ കുടുങ്ങിയ മീനിന്റെ ഗതിയാ. കുരുക്കഴിക്കാന്‍ കുറെ നാളെടുക്കും