Wednesday, January 23, 2008

പ്രൈമറി, കോക്കസ്സ് എന്നിവ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കയില്‍ താമസിക്കുന്ന ചില ഇന്ത്യാക്കാരോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രൈമറി, കോക്കസ്സ് എന്നീ വിഷയങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത ഒന്നായതുകൊണ്ട് അങ്ങനെ സംശയം ഉണ്ടാകുന്നത് സ്വാഭാവികവുമാണ്‍.

പ്രൈമറി/കോക്കസ്സ് എന്ന പ്രക്രിയയിലൂടെയാണ്‍ അമേരിക്കയിലെ രാഷ്ട്രീയസംവിധാനത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ചെയ്യുന്നതുപോലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടി ബോസുമാരോ,കമ്മറ്റിയോ അല്ല; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്‍. ആ പ്രക്രിയ രഹസ്യബാലറ്റിലൂടെ നടത്തുന്നതിനെ പ്രൈമറി എന്നു പറയുന്നു; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ കോക്കസ്സ് എന്നു പറയുന്നു. അവയൂടെ നിര്‍വ്വചനങ്ങളുടെ ലാളിത്യം ഇവിടെ അവസാനിക്കുന്നു; ഓരോ സംസ്ഥാനത്തും വളരെ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ അവ നടപ്പിലാക്കുന്നതിന്‍ ഉപയോഗിക്കുന്നു; പ്രത്യേകിച്ചും കോക്കസ്സിന്‍.

തിരഞ്ഞെടുപ്പിന്റെ എല്ലാ തലങ്ങളിലും പ്രൈമറി ഉണ്ടാകാം; പ്രസിഡന്റു സ്ഥാനാര്‍ഥി ആവുന്നതിനു മുതല്‍ താഴെ സിറ്റി കൌണ്‍സിലര്‍ സ്ഥാനാര്‍ഥി ആകാന്‍ വരെ.

പ്രസിഡന്റ് പ്രൈമറിയില്‍ പ്രതിനിധികളെയാണ്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. പല സംസ്ഥാനങ്ങളിലും അത് വോട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ വീതിക്കുകയാണ്‍ ചെയ്യുന്നത്. ഉദാഹരണത്തിന്‍ നെവാഡയില്‍ ഡമോക്രാറ്റ് പ്രൈമറിയില്‍ ഹിലരി ജയിച്ചെങ്കിലും കൂടുതല്‍ പ്രതിനിധികളെ കിട്ടിയത് ഒബാമയ്ക്കാണ്‍. ഫ്ലോറിഡ പോലുള്ള സംസ്ഥാനത്ത് വിജയിക്കായിരിക്കും എല്ലാ പ്രതിനിധികളെയും കിട്ടുക. സംസ്ഥാനതലത്തിലുള്ള പ്രൈമറികള്‍ക്കുശേഷം നടക്കുന്ന പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ വച്ചാണ്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറി നടക്കണമെന്നുമില്ല. പലപ്പോഴും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവര്‍ വിട്ടുകൊടുക്കലാണ്‍ പതിവ്. പാര്‍ട്ടിക്കുള്ളിലെ തന്നെ പോരാട്ടമായതുകൊണ്ട് മത്സരം ആരോഗ്യകരമായിരിക്കണമല്ലോ. പക്ഷേ, ഇത്തവണ രണ്ടു പാര്‍ട്ടിയിലും ആര്‍ക്കും ഇതുവരെ വ്യക്തമായ മുന്തൂക്കം ലഭിക്കാത്തതുകൊണ്ട് പല സംസ്ഥാനങ്ങളിലേക്കും മത്സരം ഗൌരവമായി നീണ്ടുപോകുന്നുണ്ട്. ഫെബ്രുവരി 5-ന്‍ അപ്പുറം കാര്യങ്ങള്‍ എന്തായാലും നീണ്ടുപോകില്ല; കാരണം അന്നാണ്‍ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ പ്രൈമറി നടക്കുന്നത്.

2 comments:

t.k. formerly known as thomman said...

ന്യൂ യോര്‍ക്ക് ടൈംസിലെ പ്രൈമറി/കോക്കസ്സിനെക്കുറിച്ചുള്ള ഈ ലേഖനം കൂടി ചേര്‍ത്തുവച്ചു വായിക്കുക.

പ്രൈമറി തലത്തിലെ ഫലങ്ങള്‍ വളരെ നന്നായി ഈ പത്രത്തില്‍ തന്നെ ഇവിടെ കാണാവുന്നതാണ്.

അഞ്ചല്‍ക്കാരന്‍ said...

നന്ദി.