ഒബാമ വിജയിച്ച മിസ്സിസിപ്പിയിലെ ഡമോക്രാറ്റിക് പ്രൈമറിക്കുശേഷം ഏതാണ്ട് 6 ആഴ്ചകള്‍ക്കുശേഷമാണ് പ്രൈമറി തിരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നത്. ഈ മാസം 22-ന് നടക്കുന്ന പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പോടെ. ഒബാമയുടെയോ ഹിലരിയുടെയോ സാധ്യതകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ആ കാലയിളവില്‍ ധാരാളം സംഭവങ്ങള്‍ നടന്നു. സമയക്കുറവുകൊണ്ട് ഒന്നും ബ്ലോഗാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇവിടെ ചുരുക്കി പറയാന്‍ ശ്രമിക്കാം.
വൈകി വായിക്കുന്നവര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയിന്‍ ആയി. ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ഒബാമയോ ഹിലരിയോ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. പക്ഷേ, ഒബാമയാണ് തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളുടെ എണ്ണത്തിലും കിട്ടിയ വോട്ടുകളുടെ എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ ഒഹായോയിലോ ടെക്സസിലോ ഒബാമ വിജയിച്ചിരുന്നെങ്കില്‍ ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ, അതില്‍ രണ്ടിലും അവര്‍ വിജയം കൈവരിച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കുന്നു.
ഈ ഇടവേളയില്‍ ഉണ്ടായ ഏറ്റവും വലിയ സംഭവം ഒബാമയ്ക്ക് നല്ലവണ്ണം ക്ഷീണം ചെയ്ത ജറമയ്യ റൈറ്റ് വിവാദമായിരുന്നു. ഒബാമയുടെ പള്ളിയിലെ പാസ്റ്ററും അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരഭ്യുദയകാംക്ഷിയുമാണ് ബ്ലാക്ക് ലിബറേഷന്‍ തിയോളജിയുടെ പ്രയോക്താവു കൂടിയായ ജറമയ്യ റൈറ്റ്. അമേരിക്കയെയും പ്രത്യേകിച്ച് അതിന്റെ വിദേശനയത്തെയും കറുത്തവരോടുള്ള നിലപാടുകളെയും വളരെ കടുത്തഭാഷയില്‍, പലപ്പോഴും ഒരു ദേശദ്രോഹിയുടെ ഭാഷയില്‍, തന്റെ പള്ളി പ്രസംഗങ്ങള്‍ക്കിടയില്‍ വിമര്‍ശിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നതു മുതലാണ് വിവാദം ആരംഭിക്കുന്നത്. അവ ഒറ്റക്ക് കേട്ടാല്‍ വളരെ മോശമായി തോന്നാമെങ്കിലും കറുത്തവരുടെ പല പള്ളികളിലും അത്തരം പ്രഭാഷണങ്ങള്‍ സാധാരണയാണെന്നതാണ് വാസ്തവം. ഒരു പ്രസംഗത്തില്‍ ജറമയ്യ റൈറ്റ് ഹിലരിയെ ഒരു വെള്ളക്കാരി എന്ന നിലയില്‍ പേരെടുത്ത് പറഞ്ഞ് തികച്ചും മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. വംശീയ തരംതിരുവുകള്‍ക്ക് മേലെ ഉയര്‍ന്ന്, അമേരിക്കക്കാരെ ഒന്നിപ്പിക്കാമെന്ന് സമ്മതിദായകര്‍ക്ക് വാഗ്ദാനം കൊടുക്കുന്ന ഒബാമയ്ക്ക് അത് വലിയ അടിയായി. ആ നിലയില്‍ അദ്ദേഹത്തെ പിന്തുണച്ചുപോന്ന ലിബറലുകള്‍ക്കും പറ്റിയ മറുപടി ഒന്നും പെട്ടന്ന് കൊടുക്കാനായില്ല. പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് വിജയം നേടിക്കൊടുക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയല്ല ഒബാമ എന്ന ഹിലരിയുടെ പ്രചരണത്തിന് ഇത്തരം വിവാദങ്ങള്‍ ശക്തി കൊടുക്കുകയും ചെയ്തു.
ജറമയ്യ റൈറ്റ് വിവാദത്തെ ഒബാമ കൈകാര്യം ചെയ്ത രീതി അദ്ദേഹം ശരിക്കും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തെളിയിച്ചു. ജറമയ്യ റൈറ്റ് പറഞ്ഞ കാര്യങ്ങള്‍ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ബന്ധത്തെ തള്ളിപ്പറയാതിരിക്കാനുള്ള ചങ്കൂറ്റം ഒബാമ കാട്ടി. രാഷ്രീയമായി അതു തികച്ചും ആത്മഹത്യാപരമായേനെ, ഒബാമയുടെ വാദങ്ങള്‍ വിശ്വാസയോഗ്യമല്ലാതിരുന്നെങ്കില്‍. ഒബാമ അതുവരെ അവഗണിച്ചു വന്ന വംശീയതയെ, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രസംഗത്തിലൂടെ, അദ്ദേഹം നേരെ കൈകാര്യം ചെയ്യുന്നതായാണ് കണ്ടത്. (ഒരഭിപ്രായം ഇവിടെ. പ്രസംഗം മുഴുവനായി ഇവിടെ.) ഇത്തരമൊരു ഘട്ടത്തില്‍, തന്റെ കാത്തലിക്ക് വിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ജോണ്‍ എഫ്. കെന്നഡി പൊതുവെ മതവിശ്വാസത്തെപ്പറ്റി ചെയ്ത പ്രസംഗവുമായാണ് ഇതിന്നെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. അടിമത്തവും വര്‍ണ്ണവിവേചനവും വഴി ആഴത്തില്‍ മുറിവേറ്റവരുടെ ഒരു സമൂഹമായാണ് കറുത്തവരെ ഒബാമ തന്റെ പ്രസംഗത്തില്‍ ചിത്രീകരിക്കുന്നത്.വിവേചനം നിലനിന്ന കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയായ ഒരു തലമുറയുടെ വക്താവായി ജറമയ്യ റൈറ്റ് നില്‍ക്കുമ്പോള്‍, മറ്റുള്ളവരെപ്പോലെ അവസരങ്ങള്‍ ലഭ്യമായ ഒരു തലമുറയുടെ പ്രതിനിധിയാവുന്നു ഒബാമ. അങ്ങനെ കഴിഞ്ഞകാലങ്ങള്‍ പിന്നിലേക്ക് മാറ്റി ഐക്യത്തോടെ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ തനിക്കുള്ള യോഗ്യത അദ്ദേഹം എടുത്തുകാട്ടാനും മറന്നില്ല. വിവാദത്തിന്റെ കൊമ്പില്‍ തന്നെ പിടിച്ച് തിരിച്ച് കാര്യങ്ങള്‍ തനിക്കനുകൂലമാക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈപുണ്യം പരക്കെ അംഗീകരിക്കപ്പെട്ടു. (റിപ്പബ്ലിക്കന്മാര്‍ ഈ പ്രശ്നം അദ്ദേഹത്തിനെതിരെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും എന്ന് ഉറപ്പാണ്. അതെങ്ങനെയായിരിക്കും എന്ന് കാണേണ്ടതു തന്നെ.)
സിവില്‍ റൈറ്റ്‌സ് മൂവ്മെന്റിന്റെ ഒരു ഫലമായ affirmative action (ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു തരം അനൌദ്യോഗിക സംവരണം) ഒബാമയെപ്പോലെ ധാരാളം കറുത്തവര്‍ക്ക് മികച്ച സര്‍വ്വകലാശാലകളിലും സര്‍ക്കാരിലും സ്വകാര്യ കമ്പനികളിലും പ്രവേശനവും സ്ഥാനമാനങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഹിലരിയുടെ ഒരു പ്രധാന അനുയായിയും, 1984-ലെ ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന (ഒരു പ്രധാന കക്ഷിയുടെ ടിക്കറ്റില്‍ അങ്ങനെ മത്സരിക്കുന്ന ആദ്യത്തെ വനിത) ജെറാള്‍ഡിന്‍ ഫെറാറോ യഥാര്‍ഥത്തില്‍ പറഞ്ഞത് ആ വാസ്തവം മാത്രമായിരുന്നു. ഒബാമ ഒരു വെള്ളക്കാരനായിരുന്നെങ്കില്‍ ഈ നിലയില്‍ എത്തില്ല എന്ന രീതിയിലായിരുന്നു അവരുടെ ഒരു പ്രസ്താവന. സത്യമാണെങ്കിലും അത് അനവസരത്തില്‍ പറയുന്നത് ശരിയാകില്ല എന്ന് അവരുടെ അനുഭവം തെളിയിച്ചു. അവരുടെ ഉദ്ദേശം ഒബാമയെ ചെറുതാക്കുക എന്നു തന്നെയായിരുന്നു. അത് സൃഷ്ടിച്ച വിവാദം അടങ്ങിയത് ഹിലരിയുടെ ക്യാംമ്പയിനിലെ ഉപദേഷ്ടാവ് എന്ന സ്ഥാനത്തുനിന്നുള്ള അവരുടെ രാജിയോടെ മാത്രമായിരുന്നു. ഒബാമയുടെ ക്യംമ്പയിനില്‍ നിന്നും അത്തരമൊരു പ്രസ്താവന ഉണ്ടായി. ഹിലരിയുടെ നിരന്തര കിച്ചന്‍ സിങ്ക് ആക്രമണം കണ്ട് മടുത്ത്, ഒബാമയുടെ ഉപദേഷ്ടാവും ഹാര്‍വെഡിലെ പ്രഫസറുമായ സാമന്താ പവര്‍ ഹിലരിയെ ‘രാക്ഷസി’ എന്ന് വിളിച്ച് ആക്ഷേപിച്ചു. അവര്‍ക്കും ക്യാംമ്പയിനിലെ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
അടുത്ത ഊഴം ഹിലരിയുടേതായിരുന്നു. NAFTA പോലെയുള്ള വാണിജ്യ കരാറുകളില്‍, രാജ്യത്തെ ജോലികള്‍ സംരക്ഷിക്കാന്‍ വേണ്ടി, ഹിലരി കടുംപിടിത്തം കാണിക്കുന്നുണ്ടെങ്കിലും അവരുടെ ക്യാംമ്പയിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് മാര്‍ക്ക് പെന്‍ കൊളംബിയയുടെ അംബാസഡറുമായി, ആ രാജ്യവുമായുള്ള ഒരു വാണിജ്യകരാര്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനിടയായത് വളരെ വിവാദം സൃഷ്ടിച്ചു. മുഖം രക്ഷിക്കാന്‍ വേണ്ടി ഹിലരിക്ക് മാര്‍ക്ക് പെന്നിനെ രാജി വയ്പ്പിക്കേണ്ടി വന്നു.
1996-ല്‍ ഹിലരി ഫസ്റ്റ് ലേഡി ആയിരിക്കേ ചെത്സിയുമൊത്ത് ബോസ്നിയ സന്ദര്‍ശിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന മറ്റൊരു കാര്യം. അന്ന് ബോസ്നിയയിലെ ടസ്ലയില്‍ വിമാനം ഇറങ്ങിയപ്പോള്‍ വെടിയുണ്ടകള്‍ കൊള്ളാതെ ശ്രദ്ധിച്ച്, തിടുക്കത്തില്‍ പുറത്തിറങ്ങിയെന്നാണ് അവര്‍ പ്രസംഗിച്ചു നടന്നത്. പക്ഷേ, ഏതോ ചാനല്‍ ആ സന്ദര്‍ശനത്തിന്റെ ക്ലിപ്പ് പുറത്തുകൊണ്ടു വന്നു. അതില്‍ ഹിലരിയെയും ചെത്സിയെയും ഒരു പെണ്‍കുട്ടി സ്വീകരിച്ചു കൊണ്ടുപോകുന്നതായിട്ടാണ് കാണുന്നത്. തികച്ചും ഇളിഭ്യയായ ഹിലരി ആ സംഭവം ഒരു കോമഡിയാക്കി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവരുടെ വിശ്വാസ്യതക്ക് കുറച്ചൊന്നുമല്ല കോട്ടം തട്ടിയിട്ടുള്ളത്.
ഒബാമ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ ഒരു സ്വകാര്യയോഗത്തില്‍ ചെയ്ത പ്രസംഗവും അതുണ്ടാക്കിയിട്ടുള്ള വിവാദവുമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് ജോലികള്‍ പോയതു കാരണം പെന്‍സില്‍വേനിയയിലും മറ്റു rust belt സംസ്ഥാനങ്ങളിലും കഷ്ടപ്പെടുന്ന സാധാരണക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് തോക്കിലും മതത്തിലും അഭയം പ്രാപിക്കുകയാണ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സാന്‍ ഫ്രാന്‍സിസ്ക്കോയിലെ ലിബറലുകളുടെ ഇടയില്‍ തോക്കും മതവും വെറുക്കപ്പെടേണ്ട സംഗതികളാണെങ്കിലും ഒരു സാധാരണ, പഠിത്തം കുറഞ്ഞ അമേരിക്കക്കാരന് അവ രണ്ടും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കാര്യങ്ങളാണ്. ഒബാമ അത് ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയുമായി ബന്ധിപ്പിച്ചത് (പറഞ്ഞതില്‍ കാര്യമില്ലാതില്ലെങ്കിലും) അദ്ദേഹത്തിന് ക്ഷീണം ചെയ്യും. ഹിലരിയും മക്കെയിനും നല്ലവണ്ണം അതുപയോഗിക്കുന്നുമുണ്ട്. ജറമയ്യ റൈറ്റ് വിവാദവും ഈ പ്രശ്നവുമാണ് ഒബാമക്ക് വളരെ ക്ഷീണം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്- പ്രൈമറിയിലും പൊതുതിരഞ്ഞെടുപ്പിലും.
ഏപ്രില്‍ 22-ന് നടക്കുന്ന പെന്‍സില്‍വേനിയ പ്രൈമറിയില്‍ ഹിലരി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആ തിരഞ്ഞെടുപ്പും അതിന്നു ശേഷം മെയ് മാസത്തില്‍ നടക്കുന്ന ഇന്‍ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും തിരഞ്ഞെടുപ്പുകളും ആണ് ഇനിയുള്ള ബാക്കിയുള്ള 10 തിരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ടവ. ഇന്‍ഡ്യാനയിലെ തിരഞ്ഞെടുപ്പ് കടുത്തതാണ്. നോര്‍ത്ത് കാരളൈനയില്‍ ഒബാമ വിജയിക്കുമെന്നു കരുതുന്നു. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളെപ്പറ്റി പ്രത്യേകിച്ചൊരു പോസ്റ്റ് പിന്നെ ഇടുന്നതാണ്.
അത്ഭുതങ്ങള്‍ ഇനിയൊന്നും ഉണ്ടായില്ലെങ്കില്‍ ഒബാമ തന്നെ ആയിരിക്കും ഡമോക്രാറ്റികളുടെ സ്ഥാനാര്‍ഥി. കാരണം, ഈ നിലയില്‍ അദ്ദേഹത്തിന്റെ ലീഡ് മറികടക്കാന്‍ ഹിലരിക്ക് ആവില്ല എന്നതു തന്നെ. അയോഗ്യത കല്‍പ്പിച്ച ഫ്ലോറിഡയിലെയും മിഷിഗണിലെയും തിരഞ്ഞെടുപ്പുകളില്‍ എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടാവുമെന്നായിരുന്നു ഹിലരിയുടെ പ്രതീക്ഷ. അതുണ്ടായില്ല. പക്ഷേ, ഹിലരിയുമായുള്ള നീണ്ട യുദ്ധം ഒബാമയുടെ തിളക്കം കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് ദേശീയതലത്തില്‍ മക്കെയിന്‍ ഇപ്പോള്‍ പോളുകളില്‍ അദ്ദേഹത്തേക്കാള്‍ മുന്നിലായിട്ടുള്ളത്.
Subscribe to:
Post Comments (Atom)
2 comments:
പുനരാരംഭിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയെപ്പറ്റി.
കൊള്ളാം
Post a Comment