Saturday, April 19, 2008

ഇസ്രായേലിന്റെ കഥ കഴിഞ്ഞോ?

കടപ്പാട്: The Atlantic Monthly

The Atlantic Monthly-യുടെ മെയ് ലക്കത്തിന്റെ കവറില്‍ തന്നെ അച്ചടിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം ഏതാണ്ട് അങ്ങനെയാണ്. ഉള്ളില്‍ ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് എഴുതിയ 'Unforgiven' എന്ന ലേഖനമുണ്ട്. ഇസ്രായേലിലെ രണ്ടു പ്രധാന വ്യക്തികള്‍, പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടും പ്രസിദ്ധ ഇസ്രയേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്മനും തമ്മില്‍, ലബനനില്‍ ഹെസ്ബോള്ളയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും ആ ഏറ്റുമുട്ടലില്‍ ഡേവിഡ് ഗ്രോസ്മന് തന്റെ മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചുമൊക്കെയാണ് ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതെങ്കിലും, ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ നിലനില്പിനെക്കുറിച്ചു തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നതാണ് അതിന്റെ പ്രധാന ഭാഗം.

ഇസ്രായേലിന്റെ യഹൂദരാജ്യം എന്ന ആശയത്തിന് പ്രധാന ഭീഷണി ഹാമാസോ മറ്റു പലസ്തീനികളോ, ഹിസ്ബോള്ളയോ, ഇറാനോ ഒന്നുമല്ല; വര്‍ദ്ധിച്ചുവരുന്ന ഇസ്രായേലി അറബി പൌരന്മാരുടെ എണ്ണമാണ്. അധികം വൈകാതെ അവര്‍ എണ്ണത്തില്‍ ജൂതന്മാരെ മറികടക്കുമെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത്തരമൊരു അവസ്ഥയില്‍ ഭരണകൂടത്തെ ജൂതന്മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും അത് ഒരു തരം അപ്പാര്‍ത്തീഡ് ആവുമെന്നും കരുതപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജനാധിപത്യ-യഹൂദ രാജ്യമായി ഇസ്രായേലിന് അധികനാള്‍ നിലനില്‍ക്കാന്‍ കഴിയില്ല.

The New Yorker-ന്റെ ഏപ്രില്‍ 14 ലക്കത്തില്‍ വന്ന "The Petion" എന്ന ലേഖനം കൊളം‌മ്പിയ യൂണിവേഴ്സിറ്റിയിലെ അധ്യാപിക നദിയ അബു എല്‍-ഹജ് എഴുതിയ 'Facts on the Ground: Archeological Practice and Territorial Self-Fashioning in Israel Society' എന്ന വളരെ വിവാദമുണര്‍ത്തിയ പുസ്തകത്തെയും അതുമായി ബന്ധപ്പെട്ട് അവര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ tenure കിട്ടാന്‍ ഉണ്ടായ ബുദ്ധിമുട്ടുകളെയും പറ്റിയാണ്. പുസ്തകത്തില്‍ പ്രധാനമായി ചോദ്യം ചെയ്യപ്പെടുന്നത് വേദപുസ്തകങ്ങളില്‍ പറയപ്പെടുന്ന സ്ഥലങ്ങളും അവ എവിടെ നിലനിന്നിരുന്നു എന്ന് പൊതുവെയുള്ള ആധുനിക കാലത്തെ വിശ്വാസങ്ങളുമാണ്. രാഷ്ട്രീയ ഭൂപടത്തില്‍ ഇസ്രായേലിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി അത്തരം വിശ്വാസങ്ങള്‍ പലതും നിര്‍മ്മിക്കപ്പെട്ടതാണെന്ന് അവര്‍ക്കും മുമ്പും ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യത്തിന് നദിയയുടെ പിതാവ് പലസ്തീനിയും അവര്‍ പഠിപ്പിക്കുന്ന കോളജ് (Bernard women's college) ജൂതന്മാര്‍ക്ക് പ്രധാനപ്പെട്ട ഒന്നുമായിപ്പോയി.

ആദ്യത്തെ ലേഖനം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍, രണ്ടാമത്തേത് ഇസ്രായേല്‍ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ചാണ് പറയുന്നത്. മൂന്നാമതൊരു കാര്യം ഞാന്‍ കേട്ടത് റേഡിയോയിലാണ് (ഹോസ്റ്റ് ജൂതനാണ്): ഇപ്പോള്‍ ന്യൂനപക്ഷമെങ്കിലും ഇസ്രായേലിലെ അറബികള്‍ ആ രാജ്യത്ത് ലഭ്യമായിട്ടുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് ജീവിതവിജയം നേടുന്നുണ്ടത്രേ. അതു ശരിയാണെങ്കില്‍ അറബികള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പോലും ഇസ്രായേലിന്റെ ജൂതരാജ്യം എന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് മധ്യേഷ്യയുടെ പതിവ് സംഘര്‍ഷങ്ങളില്‍ ഭാഗമാകാന്‍ അവര്‍‍ തയ്യാറാകുമോ? ഇസ്രായേലില്‍ സുരക്ഷിതത്വമില്ലെങ്കില്‍ അമേരിക്കയോ കാനഡയോ പോലുള്ള രാജ്യങ്ങളിലേക്ക് ജൂതന്മാര്‍ കുടിയേറും. ഇസ്രായേല്‍ അധികം വൈകാതെ മറ്റൊരു ലബനന്‍ ആവുകയും ചെയ്യും. (ലബനനില്‍ നിന്ന് അറബി ക്രിസ്ത്യാനികളാണ് പാലായനം ചെയ്തത്.)

ഇസ്രായേല്‍ ഇല്ലാതാവും എന്ന ചിന്ത എന്നെ അലട്ടുന്നുണ്ട്. പലസ്തീനികള്‍ക്ക് ഒരു രാജ്യമില്ല എന്നതും എന്നെ അലട്ടുന്ന ഒരു കാര്യം തന്നെ. രണ്ടുകൂട്ടരും സാമ്രാജ്യത്വത്തിന്റെയും വിവേചനത്തിന്റെയും ഇരകളാണ്/ആയിരുന്നു. അവരുടെ സ്പര്‍ദ്ധ മുതലെടുക്കുന്നത് സമ്പത്തിന്റെ മുകളിലിരിക്കുന്ന മറ്റു അറബുരാജ്യങ്ങളിലെ ഭരണാധികാരികള്‍; പലസ്തീനികളുടെ പ്രശ്നം കുത്തിപ്പൊക്കി സ്വന്തം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍‍ വേണ്ടി. ഇറാന്‍, സൌദി അറേബ്യ,സിറിയ എന്നീ രാജ്യങ്ങളിലെ മര്‍ദ്ദകഭരണകൂടങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പണിയാണ് പലസ്തീന്‍ പ്രശ്നത്തില്‍ ചെയ്യുന്നത്. സ്വന്തം കൈയൂക്കുകൊണ്ട് സാധിച്ചില്ലെങ്കിലും ഇസ്രായേല്‍ നശിക്കുന്നതു കാണാന്‍ ഒരു പക്ഷേ അവര്‍ക്ക് ഭാഗ്യമുണ്ടായേക്കും.

3 comments:

t.k. formerly known as thomman said...

ഇസ്രായേല്‍ ഇല്ലാതാകുമോ? ഈ വിഷയത്തെക്കുറിച്ച് രണ്ടു നല്ല ലേഖനങ്ങള്‍.

Unknown said...

എത്‌‌നിക് ക്ളെന്സിങ്ങിന്റെ മറ്റൊരു രൂപം. outgrow, then overcome.

നല്ല, ഇന്‍ഫോര്‍മേറ്റീവായുള്ള ലേഖനം.

സമീര്‍ said...

ഈ വിഷയത്തിലുള്ള ഒരു ഡോക്യുമെന്ററി
ഒന്നു കണ്ട് നോക്കാമൊ???

http://video.google.com/videoplay?docid=-6604775898578139565