Monday, April 21, 2008

പെന്‍സില്‍‌വേനിയയില്‍ നിന്ന് പെന്‍സില്‍‌വേനിയ അവന്യൂവിലേക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

വാഷിംഗ്‌ടന്‍ ഡി.സി.യിലെ പെന്‍സില്‍‌വേനിയ അവന്യൂവിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസ് സ്ഥിതി ചെയ്യുന്നത്. പെന്‍സില്‍‌വേനിയയില്‍ നിന്ന് പെന്‍സില്‍‌വേനിയ അവന്യൂവിലേക്ക് എന്ന പ്രയോഗം ഇന്ന് ജോലിക്കു പോകുമ്പോള്‍ റേഡിയോയില്‍ കേട്ടതാണ്‍. ഒബാമ ചൊവ്വാഴ്ച അവിടെ നടക്കുന്ന പ്രൈമറി ജയിക്കുകയാണെങ്കില്‍ വൈറ്റ്‌ഹൌസിലേക്കുള്ള തന്റെ യാത്രയുടെ ആദ്യഘട്ടം തരണം ചെയ്യും എന്ന് ഉറപ്പിച്ച് പറയാമായിരുന്നു. പക്ഷേ, അതുണ്ടാവില്ല.ഹിലരിയെക്കാള്‍ 3 മടങ്ങ് കാശു ചിലവാക്കിയിട്ടും അദ്ദേഹത്തിന് വിജയം അപ്രാപ്യമാണെന്നു തോന്നുന്നു. അത് ഒബാമ തന്നെ ഇന്ന് രാവിലെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ഒരു തോല്‌വിയുടെ കനം കുറക്കാനാണ് മന:പൂര്‍വ്വം അദ്ദേഹം ആ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഏതാണ്ട് 20% പോയന്റുകള്‍ക്ക് പിന്നിലായിരുന്നു അദ്ദേഹം അഭിപ്രായവോട്ടെടുപ്പുകളില്‍ പ്രചരണം ആരംഭിച്ചപ്പോള്‍. ഇപ്പോള്‍ 10% താഴെയാണ്‍ ഹിലരിയുടെ ലീഡ്. അവര്‍ക്ക് ഇവിടത്തെ വിജയം ഉയര്‍ത്തിക്കാട്ടണമെങ്കില്‍ കുറഞ്ഞത് 10% ഭൂരിപക്ഷമെങ്കിലും നേടി വിജയിക്കണം. 5% ശതമാനത്തില്‍ കുറഞ്ഞ വിജയം ഒബാമയുടെ വിജയമായി എണ്ണപ്പെടുകയും ചെയ്യും. പൊതുവെ കരുതപ്പെടുന്നതുപോലെ, (മിക്കവാറും അസാധ്യമായ) ഒബാമ വിജയം ഹിലരിയുടെ അവസാനം കുറിക്കുകയും ചെയ്യും.

പൊതുവെ, ഡമോക്രാറ്റുകളുടെ പ്രചരണം വളരെ മോശമായ നിലയിലേക്ക് നീങ്ങിയിട്ടുണ്ട്. എന്തു വില കൊടുത്തും നോമിനേഷന്‍ നേടുക എന്നതാണ് ഹിലരിയുടെ നോട്ടമെന്നു തോന്നുന്നു. ഇന്ന് പുറത്തിറക്കിയ ഒരു പരസ്യത്തില്‍ ബിന്‍ ലാദനെ ഉപയോഗിച്ചാണ് അവര്‍ പെന്‍സില്‍‌വേനിയക്കാരെ പേടിപ്പിക്കാന്‍ നോക്കുന്നത്. 4 കൊല്ലം മുമ്പ് ഡിക് ചെയ്നി ഇത്തരം പേടിപ്പിക്കലുകള്‍ നടത്തിയത് ഓര്‍മ വരുന്നു; അമേരിക്കക്കാര്‍ അതൊക്കെ വിശ്വസിക്കൂം എന്നതാണ് അതിനെക്കാള്‍ ദു:ഖകരമായ ഒരു സത്യം. ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ നിരയിലാണ്‍ ഹിലരിയുടെ സ്ഥാനമിപ്പോള്‍; ഏതാണ്ട് 60% വോട്ടര്‍മാര്‍ക്ക് അവരെപ്പറ്റി നല്ല അഭിപ്രായമല്ല. പ്രശസ്ത ഡോക്യുമെന്ററി നിര്‍മ്മാതാവ് മൈക്കേല്‍ മൂര്‍ ഹിലരിയുടെ തികച്ചും ഹീനമായ തിരഞ്ഞെടുപ്പു തന്ത്രങ്ങളെ അപലപിച്ച് ഒബാമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ.

ഹിലരിയുടെ നിരന്തര ആക്രമണവും പത്രക്കാരുടെ സൂഷ്മാന്വേഷണങ്ങളും ചില സ്വന്തം പിഴവുകളും കൊണ്ട് ഒബാമയുടെ പ്രത്യാശയിലൂന്നിയ ക്യാം‌മ്പയിനും മങ്ങലേറ്റിട്ടുണ്ട്. കുറച്ചൊക്കെ നെഗറ്റീവ് പരസ്യങ്ങള്‍ ഒബാമയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. ന്യൂ യോര്‍ക്ക് ടൈംസിലെ രണ്ടു കോളംനിസ്റ്റുകള്‍ അതെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക: Brush it off by Moureen Dowd Roadmap to defeat by Bob Herbert

മെയ് 6-ന്‍ ആണ്‍ അടുത്ത പ്രൈമറികള്‍. അവയില്‍ ഇന്‍‌ഡ്യാനയിലെ തിരഞ്ഞെടുപ്പ് എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്‍. ഇപ്പോള്‍ അവിടെ ഒബാമയും ഹിലരിയും തുല്യനിലയില്‍ ആണ്‍ പോളുകളില്‍. നോര്‍ത്ത് കാരളൈനയില്‍ ഒബാമയ്ക്കാണ് മുന്തൂക്കം.

6 comments:

t.k. formerly known as thomman said...

അടുത്ത 24 മണിക്കൂറിന്നുള്ളില്‍ പെന്‍‌സില്‍‌വേനിയയില്‍ നടക്കുന്ന ഡമോക്രാറ്റുകളുടെ പ്രൈമറിയിലെ ഫലം അറിയാം. ഹിലരി അനായാസമായി ജയിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

t.k. formerly known as thomman said...

പെന്‍‌സില്‍‌വേനിയയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ, 20 ശതമാനത്തിനടുത്ത് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഹിലരി 7% വോട്ടുകള്‍ക്ക് മുമ്പിലാണ്‍. അവര്‍ വിജയിക്കുമെന്ന് ഉറപ്പുമാണ്‍. പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ എത്ര ഭൂരിപക്ഷത്തിന് ഹിലരി ജയിക്കുമെന്നതാണ് ഇനി നോക്കാനുള്ളത്.

t.k. formerly known as thomman said...

ഏകദേശം 10% വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഹിലരി ജയിച്ചു. നല്ല വിജയം; ഹിലരിക്ക് മത്സരത്തില്‍ പിടിച്ചു നില്ക്കാനും കൂടുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് സംഭരിക്കാനും ഇത്തരമൊരു വിജയം അത്യാവശ്യമായിരുന്നു.

ഒബാമയ്ക്ക് ആകെ കിട്ടിയ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഉള്ള മുന്‍‌തൂക്കത്തില്‍ ഈ തോല്‌വികൊണ്ട് വലിയ വ്യത്യാസമുണ്ടാക്കില്ല. പക്ഷേ, വലിയ സംസ്ഥാനങ്ങളില്‍ ഒബാമയ്ക്ക് ജയിക്കാന്‍ കഴിയില്ല എന്ന വാസ്തവം ഇതോടെ ഉറച്ചു. ഹിലരി സൂപ്പര്‍ ഡലിഗേറ്റുകളുടെ പിന്തുണ കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രധാന വാദം അതായിരിക്കും.

അടുത്ത 2 പ്രൈമറികള്‍ മെയ് 6-ന്.

Anonymous said...

TK
ഒബാമ എന്ന കുട്ടന്‍-മോന്‍ ഫിനിഷ് ചെയ്യാന്‍ വിഷമിക്കുന്നതില്‍ എന്തതിശയിക്കാന്‍?
ക്ലിന്റണേക്കാള്‍ നാലിരട്ടി കാശിട്ടു കളിച്ചിട്ടും തോറ്റു.
ഇനിയിപ്പം തട്ടിമുട്ടി ടിക്കറ്റു കിട്ടിയാലൂം, ജെറമായ റൈറ്റ് എന്ന തൊഗാഡിയയുടെ പ്രസംഗം ടി വിയില്‍ എന്തുമാത്രം വരാനിരിക്കുന്നു..
മിഷാല്‍ ഒബാമക്കാണെങ്കില്‍ അമേരിക്കന്‍ സ്നേഹം തുടങ്ങിയത് മിനിഞ്ഞാന്നാണു പോലും, ഒന്നു രണ്ടു പ്രൈമറി ജയിച്ചുകഴിഞ്ഞതില്‍പ്പിന്നെ.
ഇതിപ്പോ, മുഷാറഫിനെപ്പിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കുന്നപോലെ.


So, എല്ലാം കൊണ്ടും യോഗ്യന്‍ മക്-കെയിന്‍ തന്നെ! അനോണിമസ് റിയലി അനോണിമസ് ആണോ സാന്‍ തോമാസ്?

t.k. formerly known as thomman said...

അനോനി,
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. പക്ഷേ, സാന്‍ തൊമാസ് അല്ലെങ്കില്‍ സെയ്‌ന്റ് റ്റോമസ് എന്നു പറയണം; സ്പാനിഷും ഇംഗ്ലീഷും mix ചെയ്യല്ലേ :-)

Anonymous said...

It isn't hard at all to start making money online in the underground world of [URL=http://www.www.blackhatmoneymaker.com]blackhat system[/URL], It's not a big surprise if you don't know what blackhat is. Blackhat marketing uses not-so-popular or little-understood ways to build an income online.