Monday, May 05, 2008

ഒരിടവേളക്കുശേഷം ഒബാമയ്ക്ക് ഒരാശ്വാസ വിജയം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ശാന്തസമുദ്രത്തിലെ ദ്വീപും അമേരിക്കന്‍ പ്രവിശ്യയുമായ ഗുവാമിലെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ഒബാമ ഹിലരിക്കെതിരെ 7 വോട്ടുകളുടെ നേരിയ വിജയം നേടി. ആകെയുള്ള 8 ഡലിഗേറ്റുകളെ ഹിലരിയുമായി പങ്കു വയ്ക്കുമെങ്കിലും ഈ ചെറിയ വിജയം ഒബാമയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഇന്‍‌ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും പ്രൈമറികള്‍ക്ക് മുമ്പ് ലഭിക്കാവുന്ന നല്ലൊരു പരസ്യമായി. പെന്‍സില്‍‌വേനിയയില്‍ ഒബാമയ്ക്കുണ്ടായ പരാജയവും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ബുദ്ധിമുട്ടുകളെ നേരിടുന്ന ഒരു സമയമായതുകൊണ്ടും ഇതുപോലൊരു കച്ചിത്തുരുമ്പ് അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് ഓജസ് കൊടുക്കാന്‍ പറ്റും എന്നതിന്ന് സംശയമില്ല.

ഇന്‍ഡ്യാനയില്‍ ഹിലരിയും നോര്‍ത്ത് കാരളൈനയില്‍ ഒബാമയും വിജയിക്കുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്ത് കാരളൈനയില്‍ ഹിലരി അടുത്തകാലത്ത് ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്നെ ചെറുത്ത്, തനിക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനായാല്‍ ഒബാമ തന്നെ ആയിരിക്കും ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. സൂപ്പര്‍ ഡലിഗേറ്റുകളെ സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം തട്ടിയെടുക്കാമെന്ന ഹിലരിയുടെ വ്യാമോഹമൊന്നും നടക്കാന്‍ പോകുന്നില്ല. മക്കെയിന്‍ ഇപ്പോഴേ ഹിലരിയെ അവഗണിച്ചുകൊണ്ടാണ് തന്റെ പ്രചരണം മുന്നോട്ട് നീക്കുന്നത്.

ഹിലരിയെപ്പോലെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നത് അമേരിക്കയുടെ അധ:പതനത്തിന്ന് ആക്കം കൂട്ടുകയേയുള്ളൂ. മക്കെയിനായിരിക്കും തമ്മില്‍ ഭേദം. ഹിലരി ഒബാമയെ elitist എന്നൊക്കെ മുദ്രയടിച്ച് സാധാരണ അമേരിക്കക്കാരുടെ ഇടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന വിരോദാഭാസത്തെപ്പറ്റി ന്യൂ യോര്‍ക്ക് ടൈംസില്‍ മൌറീന്‍ ഡൌഡ് എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക. ഒബാമയെപ്പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ് ആവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അതേ പത്രത്തില്‍ തന്നെ പ്രസിദ്ധനായ റ്റോമസ് ഫ്രീഡ്മന്‍ (The World is Flat: A Brief History of the 21st Century-യുടെ കര്‍ത്താവ്) എഴുതിയ കോളം ഇവിടെ. പ്രധാനമായും ഒരു ന്യൂ യോര്‍ക്ക് സെനറ്റര്‍ എന്ന നിലയില്‍ ഹിലരിയെ പിന്താങ്ങിയതില്‍ ഈ പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് തോന്നുന്നു.

മെയ് 6-ന് നടക്കുന്ന ഇന്‍ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും പ്രൈമറികള്‍ക്ക് ശേഷം 6 സ്ഥലങ്ങളിലേ പ്രൈമറികള്‍ തീരുവാനുള്ളൂ. അവ നടക്കുന്ന തീയതികളും വിജയ സാധ്യതയുള്ളയാളുടെ പേരും താഴെ കൊടുക്കുന്നു:

മെയ് 13 - വെസ്റ്റ് വെര്‍ജീനിയ (ഹിലരി)
മെയ് 20 - കെന്റക്കി (ഹിലരി); ഓറിഗണ്‍ (ഒബാമ)
ജൂണ്‍ 1 - പോര്‍ട്ടറീക്കോ (ഹിലരി)
ജൂണ്‍ 3 - മൊണ്ടാന (ഒബാമ); സൌത്ത് ഡക്കോട്ട (ഒബാമ)

മിക്കവാറും അവസാനത്തെ പ്രൈമറിക്കു ശേഷം ആരെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍‌വാങ്ങും; അതു മിക്കവാറും ഹിലരി തന്നെ ആയിരിക്കും.

3 comments:

t.k. formerly known as thomman said...

ഗുവാമില്‍ ഒബാമയ്ക്ക് നേരിയ ഭൂരിപക്ഷത്തിന് വിജയം. എല്ലാവരും മെയ് 6-ന് നടക്കുന്ന 2 പ്രൈമറികളിലേക്ക് ഉറ്റുനോക്കുന്നു.

ചിതല്‍ said...

ഇഞ്ചിപെണ്ണിന്റെ ഒരു ലേഖനം വായിച്ചു.ഡെമോക്രാറ്റുകള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമോ?..അഭിപ്രായം അറിയാന്‍ താല്പര്യം...

t.k. formerly known as thomman said...

ചിതല്‍ - അഭിപ്രായം ഇഞ്ചിപെണ്ണിന്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. നീണ്ട ലേഖനമായതിനാല്‍ പ്രധാനപ്പെട്ടതെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ. ഈ ബ്ലോഗില്‍ മിക്കവാറും കാര്യങ്ങള്‍ ഞാന്‍ നേരത്തേ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന് ഒബാമയെ പിന്തുണക്കുന്നതുകൊണ്ട് തീര്‍ച്ചയായും എന്റെ ചില അഭിപ്രായങ്ങള്‍ biased ആയിരിക്കും.