Saturday, September 27, 2008

വാ‍ള്‍ സ്ട്രീറ്റ് നിലയ്ക്കുമ്പോള്‍ ഒബാമ മുന്നോട്ട് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ സൂചിപ്പിച്ചതുപോലെ, പോളുകളില്‍, നേരിയ ലീഡില്‍ നിന്ന് വ്യക്തമായ ലീഡിലേക്ക് ഒബാമ നീങ്ങുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങളായിരുന്ന വിര്‍‌ജീനിയയിലും നോര്‍ത്ത് കാരളൈനയിലും ഒബാമ മുന്നേറുമ്പോള്‍ ആടി നിന്ന പല സംസ്ഥാനങ്ങളിലും അദ്ദേഹം തന്റെ നില ശക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ, ഒഹായോ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മക്കെയിന്റെ ലീഡ് കുറയ്ക്കുകയും ചെയ്തു. ഈ നില തുടരുകയാണെങ്കില്‍ നവംബര്‍ 4-ന് വിജയിക്കുന്നത് ഒബാമ തന്നെ ആയിരിക്കും.

ഒബാമയ്ക്ക് പെട്ടന്ന് പിന്തുണ കൂടാനുള്ള കാരണം? അമേരിക്കന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ച തന്നെ. അമേരിക്കന്‍ ചരിത്രത്തിലെ തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ ബാങ്കായി ഈ ആഴ്ച നിലം‌പതിച്ച വാഷിംഗ്‌ടണ്‍ മ്യൂച്ചല്‍ ബാങ്ക്. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാന്‍ 700 ബില്യണ്‍ ഡോളറിന്റെ (അമേരിക്കന്‍ GDP-യുടെ ഏകദേശം 6%) പാക്കേജിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഇതുവരെ അതിന്നെപ്പറ്റി കോണ്‍‌ഗ്രസില്‍ സമവായം ആയിട്ടില്ല. ബുഷിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് അതിന്റെ പ്രധാന വിമര്‍ശകര്‍ എന്നതാണ് ഏറെ രസകരം. വിലയിടിഞ്ഞ, മോര്‍ട്ട്‌ഗേജ്(ഗൃഹവായ്പ)കള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. അത്യാഗ്രഹം മൂത്ത്, ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തില്‍ കാശ് കളഞ്ഞുകുളിച്ചവരെ ജനങ്ങളുടെ നികുതികൊണ്ട് രക്ഷിക്കുക! എങ്ങനെ വീണാലും വാള്‍ സ്ട്രീറ്റുകാര്‍ നാലുകാലിലേ വീഴൂ. പൊതുജനങ്ങള്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തോന്നുന്നു. റിപ്പബ്ലിക്കന്മാരോടുള്ള രോഷം ഒബാമയ്ക്ക് പിന്തുണയായി മാറുന്നുമുണ്ട്.

സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങള്‍ ഒബാമയെ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ട് ആ രംഗത്ത് കാലുറപ്പിക്കാന്‍ മക്കെയിന്‍ ഒരു ചെറിയ സ്റ്റണ്ടു നടത്തി, ഇന്നലത്തെ ഡിബേറ്റില്‍ പങ്കെടുക്കാതെ വാഷിംഗ്ടണില്‍ പോയി അവിടെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി ഉഷാറാക്കും എന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹം അവിടെ ചെന്നെങ്കിലും പട്ടി ചന്തയ്ക്കുപോയതു പോലെ തിരിച്ചുപോരേണ്ടി വന്നു. ഒബാമയുമായി സംവാദത്തില്‍ പങ്കെടുക്കാന്‍ പേടിയായതുകൊണ്ടാണ് അത് ഒഴിവാക്കാന്‍ നോക്കിയതെന്നും, വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയുടെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലര്‍ത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മക്കെയിന്‍ വിധേയനായതു മാത്രം മിച്ചം.

അവസാനം ഡിബേറ്റ് ഇന്നലെ തന്നെ നടന്നു. മക്കെയിനും ഒബാമയും തമ്മിലുള്ള വ്യത്യാസം നേരിട്ടറിയാന്‍ കിട്ടിയ ഒരവസരമായിരുന്നു. പോളുകള്‍ സൂചിപ്പിക്കുന്നതുപോലെ ഒബാമയായിരുന്നു ഡിബേറ്റിലെ വിജയി. തന്റെ നയങ്ങള്‍ വ്യക്തമായി പറയാന്‍ ഒബാമ ശ്രമിച്ചപ്പോള്‍ ക്യാം‌മ്പയിന്‍ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാനും ഒബാമയെ പുച്ഛിക്കാനും മാത്രമേ മക്കെയിന്‍ തയ്യാറായുള്ളൂ. സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഒബാമയാണ് വ്യക്തമായും മുന്നിട്ടു നിന്നത്. വിദേശ-സുരക്ഷാ കാര്യങ്ങളില്‍ മക്കെയിനാണ് ചര്‍ച്ചയില്‍ മുന്തൂക്കമുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞത് ഒബാമയാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ചും അമേരിക്കയുടെ പുറത്തുള്ള ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനെയും അണ്വായുധനിയന്ത്രണത്തെപ്പറ്റിയും ഒക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

(അതിനിടക്ക് “മനോരമ”യില്‍ ഡിബേറ്റിനെപ്പറ്റി ഒരു വാര്‍ത്ത കണ്ടു. വാര്‍ത്തയും എന്റര്‍‌റ്റെയ്ന്മെന്റും കൂട്ടിക്കുഴക്കുന്നത് അവര്‍ക്ക് പതിവ് പരിപാടിയാണ്. അതിന്നിടയില്‍ വാര്‍ത്തയുടെ കൃത്യത നോക്കാന്‍ മെനക്കെടാറുമില്ല. വാഷിംഗ്‌ടണില്‍ നിന്നാണ് വാര്‍ത്ത വരുന്നതെങ്കിലും അമേരിക്കന്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ലേഖകര്‍ക്ക് അറിയില്ല എന്ന് വളരെ വ്യക്തം. ഉദാഹരണത്തിന് ഡിബേറ്റ് നടന്നത് മെംഫിസിലെ ഓക്സ്‌ഫഡില്‍ ആണത്രേ. മിസിസിപ്പിയിലെ ഓക്സ്‌ഫഡില്‍ ആണ് ഡിബേറ്റ് നടന്നതെന്ന് ഏത് അമേരിക്കന്‍ പത്രത്തിന്റെ സൈറ്റില്‍ പോയാലും വായിക്കാം. ഓക്സ്ഫഡ് എന്ന “ഓള്‍ മിസ്” യൂണിവേഴ്സിറ്റി ടൌണിന് അടുത്തുള്ള, അയല്‍ സംസ്ഥാനമായ ടെന്നസിയിലെ ഒരു പ്രധാന നഗരമാണ് മെംഫിസ്. ഡിബേറ്റ് നടന്നത് യൂണിവേഴ്സിറ്റി കാമ്പസില്‍ ആണ്. ഇത്തരം വലിയ പത്രങ്ങളില്‍, കാര്യങ്ങള്‍ “പൈങ്കളീകരിക്കാതെ” തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പ്രതിപാദിച്ചെങ്കില്‍ നന്നായിരുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ നാട്ടിലുള്ളവര്‍ക്ക് മക്കെയിനും ഒബാമയും ഏതോ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതുപോലെ തോന്നും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദമെന്ന് യാതൊരു സൂചനയും ആ വാര്‍ത്തയില്‍ ഇല്ല.)

മുമ്പ് മക്കെയിന്‍ പ്രസിഡന്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹം സെയ്‌റാ പെയ്‌ലിനെ തിരഞ്ഞെടുത്തതു മുതല്‍ എനിക്ക് അദ്ദേഹത്തിന്റെ യോഗ്യതയിലും കഴിവുകളിലും സംശയം വന്നു തുടങ്ങിയിരുന്നു. ഈ ഡിബേറ്റിനു ശേഷം ഒരു കാര്യം വളരെ വ്യക്തമായി- മക്കെയിന്‍ ആധുനികകാലത്ത് അമേരിക്കയെ നയിക്കാന്‍ പറ്റിയ ആളല്ല.

സെയ്‌റാ പെയ്‌ലിന്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് റിപ്പബ്ലിക്കന്മാരെ നാണം കെടുത്തുന്നുണ്ട്. അതിലേക്കൊന്നും കൂടുതല്‍ പോകാന്‍ സമയം അനുവദിക്കുന്നില്ല. യാഥാസ്ഥിക ബുദ്ധിജീവികള്‍ പോലും അവര്‍ മത്സരത്തില്‍ നിന്ന് പിന്‍‌വാങ്ങണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. (അത്തരം പിന്‍‌വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്.) ഒക്ടോബര്‍ 2-ന് സെന്റ് ലൂയിസിലെ വാഷിം‌ഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ അവര്‍ ജോ ബൈഡനെ എങ്ങനെ എതിരിടും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

11 comments:

t.k. formerly known as തൊമ്മന്‍ said...

അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒബാമയ്ക്ക് തുണയാകുന്നു. ഇതുവരെ ഒപ്പത്തിനൊപ്പം നിന്നിരുന്ന മത്സരം ഒബാമയ്ക്ക് അനുകൂലമാവുകയാണ്. ഇന്നലെ നടന്ന ഡിബേറ്റിലും ഒബാമയ്ക്കായിരുന്നു വ്യക്തമായ മുന്തൂക്കം.

jinsbond007 said...

ടൈംസ് ഓഫ് ഇന്ത്യയിലെ ഡിബേറ്റിനെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ ഇപ്പോ വായിച്ചുതാഴെ വച്ചെയുള്ളൂ. it reads something like, Mccain camp will be happy since it didn't went as bad as they thought!

t.k. formerly known as തൊമ്മന്‍ said...

jinsbond007- ശരിയാണ്; മക്കെയിന് ഡിബേറ്റില്‍ ഒരുവിധം പിടിച്ചുനിന്നു. പക്ഷേ, സംവാദത്തിലെ വിജയി ആരെന്നുള്ളതില്‍ അത് കണ്ടവര്‍ക്ക് വലിയ സംശയമൊന്നുമില്ല. അതുകൊണ്ടാണ് പോളുകള്‍ ഒബാമ വിജയിയായെന്ന് കാണിക്കുന്നത്.

Anonymous said...

അങ്ങിനെയല്ലല്ലോ തൊമ്മൻ. നടത്തിയ പോളുകളിൽ ചോദിച്ചതു കൂടുതൽ ഡെമോക്രാറ്റുകളോടാണെന്നും അതിൽ തന്നെ ഡെമോക്രാറ്റുകളാണ് ഡിബേറ്റ് കൂടുതൽ കണ്ടതെന്നും അതുകൊണ്ട് തന്നെ അവർ ഒബാമയാ‍ണെന്ന് പറഞ്ഞുവെന്നും അല്ലേ? അനലിസ്റ്റുകൾ വിലയിരുത്തുന്നത് രണ്ട്പേരും സമം സമം എന്നല്ലേ? മനോരമയിൽ ഒരു സ്ഥലം മാറിപ്പോയതിനെ വിമർശിച്ച താങ്കൾ ഇത്രയും ഗുരുതരമായ ഒരു കാര്യം പറയാതെ ഇരിക്കുന്നത് ഗൗരവമേറിയ വീഴ്ചയല്ലേ?

പാലിനോട് മാത്രമല്ല, ബൈഡനോടും ഒബാമ ക്യാമ്പ് ഒന്ന് മിണ്ടാണ്ടിരിക്കോ എന്ന് പറീണണ്ടല്ലാ?

t.k. formerly known as തൊമ്മന്‍ said...

അനോനി - ഇത്ര വിശദമായ പോള്‍ ഏതാണെന്നുകൂടി പറഞ്ഞെങ്കില്‍ നന്നായിരുന്നു. ഡിബേറ്റ് കൂടുതല്‍ കണ്ടത് ഡമോക്രാറ്റുകള്‍ ആണെങ്കില്‍ എന്തു ചെയ്യാന്‍ പറ്റും; ഡിബേറ്റ് കണ്ടവരില്‍ കൂടുതലും ഒബാമ ജയിച്ചെന്നേ പോളുകള്‍ പറയുന്നുള്ളൂ. ABC-യുടെ ജോര്‍ജ്ജ് സ്റ്റെഫ്‌നാപോളസ് പോലെയുള്ള പ്രശസ്തരായ അനലിസ്റ്റുകള്‍ ഒബാമ ജയിച്ചെന്നു തന്നെയാണ് പറയുന്നത്. അതുകൊണ്ട് ഞാനിവിടെ “ഗുരുതരമായി” എന്തെങ്കിലും തെറ്റുപറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

ഇനി സംശയമുണ്ടെങ്കില്‍ കുറെ പോളുകളുടെ ഫലങ്ങള്‍ ഇവിടെ: ബ്ലൂം ബര്‍ഗ് ന്യൂസ്/ലോസ് ആഞ്ചലസ് ടൈംസ്; iReport; USA Today/ഗാലപ്പ് പോള്‍; CNN/Opinion Research; MSNBC. ഇവയിലൊന്നും നിങ്ങള്‍ പറയുന്ന “വിശദമായ” നിഗമനങ്ങള്‍ കാണുന്നില്ലല്ലോ. (ഞാന്‍ ബ്ലോഗ് പോസ്റ്റിടുമ്പോള്‍ CNN,MSNBC പോളുകളേ കണ്ടിരുന്നുള്ളൂ.)

ഞാന്‍ വെറുമൊരു ബ്ലോഗ് പോസ്റ്റിടാന്‍ ഇത്രയും ഹോം വര്‍ക്ക് ചെയ്തപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ പത്രമായ മനോരമയുടെ 2 ലേഖകര്‍ “നിര്‍മ്മിച്ച” വാര്‍ത്തക്ക് അതിന്റെ പകുതി പണിയെങ്കിലും എടുക്കേണ്ടേ :-) അതാണ് ചീത്തവിളിച്ചത്.

സൂരജ് :: suraj said...

ഡിബേറ്റിനെക്കുറിച്ച് കൂടുതല്‍ വിശദമായ ഒരു അനാലിസിസ് പ്രതീക്ഷിക്കുന്നു.

രണ്ട് പേരും ഒപ്പത്തിനൊപ്പമായിരുന്നു എന്നാണെനിക്ക് തോന്നിയത്.പ്രത്യേകിച്ച് സാമ്പത്തിക അച്ചടക്കത്തിന്റെ വിഷയം എടുത്തിട്ട് മക്കെയിന്‍ മറ്റ് മേഖലകളിലെ തന്റെ കുറവുകള് ‍ഭംഗിയായി നികത്തീയപ്പോള്‍ .

രണ്ടുപേര്‍ക്കും താന്താങ്ങളുടെ നിലപാടുകള്‍ കൃത്യമായി പറയാനായി എങ്കിലും ശരീരഭാഷകൊണ്ട് ഒബാമ കുലീനത്വവും മക്കെയിന്‍ യുദ്ധവെറിയന്റെ മനസ്സുമാണ് പ്രകടിപ്പിച്ചതെന്നാണ് എനിക്ക് തോന്നിയത്.
ഇറാന്‍ വിഷയത്തിലൊക്കെ ബുഷിന്റെ ഇരട്ട സഹോദരന്‍ തന്നെ മക്കെയിന്‍. ചുമ്മാതല്ല മൂപ്പരെ മക് സെയിം എന്നാരോ വിളിച്ചത് :)

മക്കെയിന്‍ ഒബാമയെ മുഖത്തോട് മുഖം നോക്കാന്‍ പോലും കൂട്ടാക്കാത്തതും കാര്യവിവരമില്ലാത്തവന്‍ എന്ന് ധ്വനിപ്പിക്കാന്‍ ശ്രമിച്ചതും മറ്റും മീഡിയ എടുത്തിട്ടലക്കുന്നുണ്ട്. അവസാനമണിക്കൂറില്‍ ഡിബേറ്റ് നീട്ടിവയ്പ്പിക്കാന്‍ നടത്തിയ രാഷ്ട്രീയ ഗിമ്മിക് പാളിയതിന്റെ ചൊറി തീര്‍ത്തതാണോ ആവോ!

t.k. formerly known as തൊമ്മന്‍ said...

സൂരജ്,
നിരീക്ഷണങ്ങളോട് പൊതുവേ യോജിക്കുന്നു. ഒബാമ ശരിക്കും presidential ആയിരുന്നു. ഒരു നോക്കൌട്ട് ഉണ്ടായില്ല എന്നതും ശരിയാണ്; വ്യക്തിപരമായി ഒബാമ ജയിച്ചെന്ന് ഞാന് കരുതുന്നു എങ്കിലും. തീരെ തയ്യാറെടുക്കാതെ വന്നിട്ട് അത്രയും ചെയ്ത് ഒപ്പിച്ചതു തന്നെ മക്കെയിന്റെ നേട്ടമാണ്.

മക്കെയിന് പൊതുവേ മുന്തൂക്കമുണ്ടായിരുന്ന വിദേശകാര്യം-രാജ്യരക്ഷാ കാര്യങ്ങളാണ് ഈ ഡിബേറ്റിന് വിഷയങ്ങള്‍ ആയിരുന്നത്. അതുകൊണ്ട് ഇനിവരുന്ന ഡിബേറ്റുകളില്‍ അദ്ദേഹം ബുദ്ധിമുട്ടാന്‍ ഇടയുണ്ട്.

ഒക്ടോബര്‍ 2-ന് നടക്കാന്‍ പോകുന്ന പേലിന്‍-ബൈഡന്‍ ഡിബേറ്റ് നല്ല കോമഡി ആകാന്‍ വഴിയുണ്ട്; ഈയിടെ മാധ്യങ്ങളില്‍ വന്ന പേലിന്‍ ഇന്റര്‍വ്യൂകള്‍ തരുന്ന സൂചനകള്‍ ശരിയാണെങ്കില്‍.

t.k. formerly known as തൊമ്മന്‍ said...

അമേരിക്കന്‍ കോണ്‍‌ഗ്രസിന്റെ ജനപ്രതിനിധിസഭ (ഇന്ത്യയിലെ ലോക്‍സഭ പോലെ) “വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി” തിരസ്ക്കരിച്ചതോടെ സ്റ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ചക്ക് ആക്കം കൂടി. ഇന്ന് ഡൌ ജോണ്‍‌സ് ഇന്റസ്ട്രിയല്‍ ആവറേജ് 777 പോയന്റുകള്‍ താന്നു; സെപ്തംബര്‍ 11-ന് ശേഷം ആദ്യമായി സ്റ്റോക്ക് മാര്‍ക്കറ്റ് തുറന്നപ്പോള്‍ 684 പോയന്റേ ഇടിഞ്ഞുള്ളൂ. കഴിഞ്ഞ ആഴ്ചയിലുണ്ടായ തകര്‍ച്ചയ്ക്ക് മുകളിലാണ് ഇതെന്നു കൂടി ഓര്‍ക്കണം.

കഴിഞ്ഞ ആഴ്ച, ഈ പ്രശ്നത്തിന് പരിഹാരമുണ്ടായാലേ ഡിബേറ്റില്‍ പങ്കെടുക്കൂ എന്ന് പ്രഖ്യാപിച്ച ജോണ്‍ മക്കെയിന് ഈ സംഭവവികാസം ക്ഷീണം ചെയ്യും. കാരണം അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല എന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമായി. മക്കെയിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാര്‍ തന്നെയാണ് ബില്ല് പരാജയപ്പെടുത്താന്‍ മുന്‍‌കൈ എടുത്തത്.

ഈ പ്രശ്നത്തില്‍ നേരിട്ട് ഇടപെടാതെ മാറി നില്‍ക്കുന്ന ഒബാമയുടെ കാര്യവും അത്ര സുരക്ഷിതമാണെന്ന് എനിക്ക് തോന്നുന്നില്ല. രാജ്യം ഒരു വിപത്തിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രശ്നപരിഹാരത്തിന് നല്ല നിര്‍ദ്ദേശങ്ങള്‍ വയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ബാങ്കുകളെ രക്ഷിക്കുന്നതിനോടൊപ്പം “ചീത്ത” മോര്‍ട്ട്‌ഗേജുകള്‍ വഴി കഷ്ടപ്പെടുന്ന സാധാരണക്കാരനെ സഹായിക്കുന്ന രീതിയില്‍ എന്തെങ്കിലും പോംവഴികള്‍ ഒബാ‍മ മുന്നോട്ട് വച്ചാല്‍ അത് ഒബാമയെ രാഷ്ട്രീയമായി സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു.

t.k. formerly known as തൊമ്മന്‍ said...

ഡിബേറ്റിനു ശേഷം ഇന്ന് പുറത്തുവന്ന പോളുകളില്‍ ഒബാമ ലീഡ് കൂട്ടുന്നതായിട്ടാണ് കാണുന്നത്. Associated Press-GfK പോളില്‍ 7 പോയന്റുകള്‍ക്ക് (48-41%) ഒബാമ ഇപ്പോള്‍ മുന്നിലാണ്.

Quinnipiac University-യുടെ ഒരു പോളില്‍ പ്രധാനപ്പെട്ട സംസ്ഥനങ്ങളായ ഫ്ലോറിഡ, പെന്‍സില്‍‌വേനിയ, ഒഹായോ എന്നിവിടങ്ങളില്‍ ഒബാമ നല്ല ലീഡ് കൈവരിച്ചതായി കാണിക്കുന്നു. Florida: 51-43%; Ohio: 50-42%; Pennsylvania: 54-39%. ഇവയില്‍ ഏതെങ്കിലും 2 സംസ്ഥാനങ്ങള്‍ ജയിച്ചാല്‍ ഒബാമയുടെ കാര്യം സുരക്ഷിതമാണ് എന്നതുകൊണ്ട് വിജയം മക്കെയിനെ കൈവിട്ടുപോകുന്നതായിട്ടാണ് കാണുന്നത്. The CNN/Time Magazine/Opinion Research Corp. പോളില്‍ ഫ്ലോറിഡയും നെവാഡയും വിര്‍‌ജീനിയയും ഒബാമയുടെ ഭാഗത്തേക്ക് മാറുന്നതായിട്ടാണ് കാണുന്നത്. തുടര്‍ച്ചയായി റിപ്പബ്ലിക്കന്മാരെ ജയിപ്പിച്ച സംസ്ഥാനങ്ങളാണ് ഇവയൊക്കെ എന്ന് ഓര്‍ക്കണം.

Rasmussen Reports-ന്റെ പ്രതിദിനപോളില്‍ ഒബാമയ്ക്ക് ഇന്ന് 51% പിന്തുണ കാണിക്കുന്നുണ്ട്; മക്കെയിന് 45%.

അടുത്ത 4 ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും 3 ഡിബേറ്റുകള്‍ കൂടി ബാക്കിയുള്ളപ്പോള്‍. പക്ഷേ, ഇപ്പോഴത്തെ നില വച്ചു നോക്കുമ്പോള്‍ ഒബാമ അനായാസം വിജയിക്കും.

ജോ ബൈഡനും സാറാ പെയ്‌ലിനും തമ്മിലുള്ള ഡിബേറ്റ് നാളെയാണ്. ആരായിരിക്കും കൂടുതല്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയുക എന്ന് നോക്കിയാണ് മാധ്യമങ്ങള്‍ ഇരിക്കുന്നത്.

മൂര്‍ത്തി said...

അപ് ഡേറ്റുകള്‍ക്ക് നന്ദി.

t.k. formerly known as തൊമ്മന്‍ said...

കഴിഞ്ഞ ബുധനാഴ്ച സെനറ്റും വെള്ളിയാഴ്ച ജനപ്രതിനിധി സഭയും വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതി പാസാക്കി. ജനപ്രതിനിധി സഭ ആദ്യം തള്ളിക്കളഞ്ഞ ബില്ലില്‍ സെനറ്റ് ധാരാളം വ്യത്യാസങ്ങള്‍ വരുത്തിയശേഷമാണ് ബില്ല് പാസായത്. പിന്നീട് ബുഷ് അത് ഒപ്പ് വച്ച് നിയമമാക്കി.

പ്രശ്നം വാള്‍ സ്ടീറ്റ് വിട്ട് അമേരിക്കയിലെ മെയിന്‍ സ്ട്രീറ്റുകളില്‍ തൊഴില്‍ നഷ്ടവും ചെറുകിടവ്യവസായങ്ങളുടെ തകര്‍ച്ചയുമായി മാറുമ്പോള്‍ കോണ്‍‌ഗ്രസിന് ഈ കയ്പ്‌ഗുളിക ഇറക്കാതെ മറ്റു പോംവഴിയെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.