Wednesday, October 15, 2008

മക്കെയിയിന്റെ അവസാനത്തെ അവസരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് വൈകീട്ട് ന്യൂ യോര്‍ക്കിലെ ലോംഗ് ഐലന്റില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഡിബേറ്റിലേക്ക് മക്കെയിന്‍ പോകുന്നത് വളരെ ദുര്‍ബലനായിട്ടാണ്. ഇന്ന് പുറത്തിറങ്ങിയ CBS/New York Times പോളില്‍ 14 പോയന്റുകള്‍ക്കാണ് ഒബാമ ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഗാലപ്പ് പോളില്‍ 4 പോയന്റിനും Rasmussen Reports-ല്‍ 5 പോയന്റിനും CNN/Opinion Research Corporation പോളില്‍ 8 പോയന്റിനും Ipsos/McClatchy പോളില്‍ 9 പോയന്റുകള്‍ക്കും ആണ് ഒബാമ മുന്നില്‍ നില്‍ക്കുന്നത്. അതിനേക്കാള്‍ ഉപരിയായി, യുദ്ധക്കളസംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും ഒബാമയാണ് മുന്നിലുള്ളത്.

1988-ല്‍ മൈക്കേല്‍ ഡ്യൂക്കാക്കീസിനെ സീനിയര്‍ ബുഷ് ഒരു കൊലപാതകിയുമായി ബന്ധപ്പെടുത്തി മുക്കിയതുപോലെ, കഴിഞ്ഞ 2 ആഴ്ചകളില്‍ ഒബാമയില്‍ തീവ്രവാദി ബന്ധം ആരോപിച്ച് വോട്ടര്‍മാരെ തിരിക്കാന്‍ മക്കെയിന്‍ ക്യാം‌മ്പയിന്‍ ശ്രമിച്ചു. വിയറ്റ്നാം യുദ്ധവിരുദ്ധനും അഭ്യന്തരതീവ്രവാദിയും ആയിരുന്ന, ഇപ്പോള്‍ യൂണിവേഴ്സിറ്റി പ്രഫസറുമായ ഷിക്കാഗോ സ്വദേശി വില്യം അയ‌ഴ്സിനെ ഒബാമയുമായി ബന്ധപ്പെടുത്തുകയായിരുന്നു അതിലെ പ്രധാന തന്ത്രം. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ വ്യക്തിഹത്യക്കു തുനിയുന്നു എന്ന പതിവ് പ്രത്യാക്രമണം നടത്തി ഒബാമ ആ ആക്രമണത്തിന്റെ മുനയൊടിച്ചു.

മറ്റൊന്ന് പണ്ട് ഹിലരി പയറ്റിയതുപോലെ ഒബാമയുടെ പേരിലെ “ഹുസൈന്‍” എന്ന വാക്കെടുത്ത് പ്രയോഗിച്ച് ജനങ്ങളുടെ മുസ്ലീം/അറബി വിരുദ്ധവികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. യാഥാസ്ഥികര്‍ അതില്‍ ഇളകുകയും ഒബാമയെ കൊല്ലാന്‍ വരെ അവര്‍ റാലികളില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിടുന്നതുകണ്ട് മക്കെയിന്‍ തന്നെ ഇടപെട്ട് ആ പ്രചരണം മതിയാക്കി. ഫലം അത്തരം പ്രചരണം കണ്ട് മനം മടുത്ത സ്വതന്ത്രര്‍ അദ്ദേഹത്തെ കൈവിട്ടതു തന്നെ.

അതിന്നിടയില്‍ സാറാ പേലിന്റെ സഹോദരിയുടെ പണ്ടത്തെ ഭര്‍ത്താവും പോലീസുകാരനുമായിരുന്ന മൈക്ക് വൂറ്റനെ, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും പിരിച്ചുവിടാതിരുന്ന സ്റ്റേറ്റ് സേഫ്റ്റി കമ്മീഷണര്‍ വാള്‍ട്ട് മോനിഗനെ സാറാ പേലിന്‍ പിരിച്ചുവിട്ടതില്‍ കുഴപ്പങ്ങളുണ്ടെന്ന ജനപ്രതിനിധികളുടെ കണ്ടെത്തല്‍, മക്കെയിന്‍ ക്യാം‌മ്പയിന് അടിയായി. ശരിക്കും കുറ്റാരോപിതയായ ഒരാള്‍ ഒബാമയുടെ തീവ്രവാദി സംസര്‍ഗ്ഗമൊക്കെ വിളിച്ചുപറഞ്ഞു നടക്കുന്നതിലെ അപാകത ജനങ്ങള്‍ക്കും മനസ്സിലായിക്കാണും. തന്നെയുമല്ല അവരുടെ ഭര്‍ത്താവ് റ്റോഡ് പേലിന്‍ അലാസ്ക്ക സ്വതന്ത്ര്യരാജ്യമാകണമെന്ന് വാദിക്കുന്ന ഒരു വിഘടനാവാദസംഘടനയിലെ അംഗമായിരുന്നു പണ്ട്.

എന്തായാലും അത്തരം നെഗറ്റീവ് പ്രചരണങ്ങള്‍ മക്കെയിന്റെ പിന്തുണ കുറച്ചുകൂടി കുറയാനേ ഉപകരിച്ചുള്ളൂ. പല യാഥാസ്തിക ബുദ്ധിജീവികളും പരസ്യമായി ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വമാണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മക്കെയിന്‍ സാമ്പത്തിക കാര്യങ്ങളിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ്. മിക്കവാറും ദിവസങ്ങളില്‍ ഒരു പുതിയ നിര്‍ദ്ദേശം അദ്ദേഹം വയ്ക്കുന്നുണ്ട്. പക്ഷേ, ഒന്നും ഏല്‍ക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ആദ്യം മുതലേ ഒബാമയെ ആണ് ജനങ്ങള്‍ക്ക് വിശ്വാസം.

ഈ ഡിബേറ്റില്‍ അദ്ദേഹത്തിന് താനാണ് ഒബാമയെക്കാള്‍ മികച്ച നേതാവെന്ന് വോട്ടര്‍മാരെ കാണിച്ചുകൊടുക്കാനുള്ള അവസാനത്തെ അവസരമാണ് കിട്ടുന്നത്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ ഒബാമയ്ക്ക് ഇപ്പോഴുള്ള ലീഡിനെ മറികടക്കാന്‍ പ്രയാസമായിരിക്കും. മക്കെയിന്റെ കഴിഞ്ഞ 2 ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കുകയാണെങ്കില്‍ ഒബാമയെ തോല്‍പ്പിക്കുക അദ്ദേഹത്തിന് ശ്രമകരമാണ്.

വിജയസാധ്യതകളെക്കുറിച്ച് എന്റെ കഴിഞ്ഞ ആഴ്ചത്തെ നിഗമനങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ല: ഒബാമ (338); മക്കെയിന്‍ (200). ജയിക്കാന്‍ വേണ്ടത് 270 മാത്രം.

24 comments:

t.k. formerly known as thomman said...

ഇന്ന് രാത്രി നടക്കുവാന്‍ പോകുന്ന അവസാനത്തെ ഡിബേറ്റിലേക്ക് മക്കെയിന്‍ പോകുന്നത് വളരെ ദുര്‍ബലനായിട്ടാണ്. ഒബാമ ദേശീയതലത്തില്‍ എല്ലാ പോളുകളിലും ലീഡ് വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നു; ചിലതില്‍ 10%-ല്‍ ഏറെ ലീഡ് ഉണ്ട്.

t.k. formerly known as thomman said...

മക്കെയിന്റെ ആക്രമണത്തേക്കാള്‍ ഒരു പക്ഷേ ഒബാമ പേടിക്കേണ്ടത് ബ്രാഡ്‌ലി ഇഫക്ക്ടിനെയാണ്. അതിനെക്കുറിച്ച് ഒരു ലേഖനം ഇവിടെ.

ABC News/Washington Post പോളില്‍ ഒബാമ 10 പോയന്റുകള്‍ക്ക് മുമ്പിലാണ്.

പാഞ്ചാലി said...

തൊമ്മാ, ഇന്നലെ CNN ന്യൂസില്‍ ഗോറിന് 2000-ല്‍ ഒപ്പീനിയന്‍ പോളില്‍ ഏതാണ്ടിത്രയും ഭൂരിപക്ഷം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. ഇവിടെ നോക്കുക.
എന്റെ അഭിപ്രായത്തില്‍ വെളുമ്പന്‍ ഡെമോക്രാറ്റുകള്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ ഒരു കറുമ്പന്‍ നമ്മുടെ പ്രസിഡന്റായി ഇരുന്നാലും കുഴപ്പമില്ല എന്ന് ചിന്തിച്ചാല്‍ മാത്രം മതി ഇനി ഒബാമ ജയിക്കാന്‍! ഈ ബുഷിനെപ്പോലെയുള്ളവനെയൊക്കെ ജയിപ്പിച്ചുവിട്ട ഈ അമേരിക്കക്കാരില്‍ നിന്നും അധികം പ്രതീക്ഷയൊന്നും എനിക്കില്ല! (ഒബാമ ജയിക്കണമെന്നാണു ആഗ്രഹമെങ്കിലും!)

Cibu C J (സിബു) said...

പാഞ്ചാലി, ഒരു പോൾ മാത്രം നോക്കുന്നത്‌ റിസ്ക്കി ആണ്‌ എന്നാണെന്റെ അഭിപ്രായം. ഓരോ ദിവസവും പുറത്തുവരുന്ന അനേകം പോളുകളുപയോഗിച്ച്‌ അനാലിസിസ്‌ ചെയ്യുന്ന ചില സൈറ്റുകളുണ്ട്‌:
പോൾസ്റ്റർ
വോട്ട്മാസ്റ്റർ - പസിദ്ധ കമ്പ്യൂട്ടർ സയന്റിസ്റ്റ്‌ ആൻഡ്രൂ ടെനൻബാമിന്റെ ആണ്‌ ഇത്‌. ഇവിടെയുള്ളകാർട്ടോ ഗ്രാമും, ഇതേദിവസം 2004-ൽ എന്നതും എനിക്കിഷ്ടമായി.

നിഷാന്ത് said...

നിരീക്ഷണങ്ങള്‍ വായിക്കാറുണ്ട്. അമേരിക്കന്‍ പൊളിറ്റിക്സ് നന്നായി പിന്‍തുടരുന്നുണ്ട് ഇവിടെ. ആശംസകള്‍.

എനിക്കു തോന്നുന്നത്, മക്കെയിന്റ്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ‘കണ്‍ട്രി ഫസ്റ്റ്’ എന്നാണെങ്കിലും സാറാപെയിലിന്റെ സെലക്ഷനോടെ പലരും അതില്‍ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല! അവരു മുറ്റു കോമഡിയല്ലേ!!! :)

വേറൊരുകാര്യം,
മക്കെയിന്‍ സപ്പോര്‍ട്ടേഴ്സ് ഒബാമയെ കുറ്റം പറഞ്ഞപ്പോള്‍ മക്കെയ്യിന്‍ തടസം പിടിച്ചതും “ഹീ ഇസ്എ ഡീസന്റ് ഫാമിലിമാന്‍...” എന്നുപറഞ്ഞതും ഒക്കെ അയാളുടെ മാന്യതയെയും കാണ്‍നിക്കുന്നു!

ഒന്നാലോചിച്ചു നോക്കിക്കേ.... ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവായിരുന്നെeങ്കില്‍?

തിരുത്ത്:

“അതിന്നിടയില്‍ സാറാ പേലിന്റെ സഹോദരിയുടെ പണ്ടത്തെ ഭര്‍ത്താവും പോലീസുകാരനുമായിരുന്ന മൈക്ക് വൂറ്റനെ പിരിച്ചുവിട്ടതില്‍ കുഴപ്പങ്ങളുണ്ടെന്ന, അവര്‍ ഗവര്‍‌ണറായ അലാസ്ക്ക സംസ്ഥാനത്തെ ജനപ്രതിനിധികളുടെ കണ്ടെത്തല്‍ മക്കെയിന്‍ ക്യാം‌മ്പയിന് അടിയായി.” - അങ്ങനെയല്ലല്ലോ.

മൈക്ക് വൂറ്റന്‍ ഇപ്പോഴും ട്രൂപ്പര്‍ ആണല്ലോ. അയാളെ പിരിച്ചിവിടാന്‍ തയ്യാറാകാതിരൂന്ന കമ്മീഷ്ണര്‍ വാള്‍ട് മൊനേഗനെ അല്ലേ പിരിച്ചുവിട്ടത്?
ചേര്‍ക്കാന്‍ വിട്ടുപോയതാണോ?

ബ്രാഡ്ലി എഫെക്റ്റ് കണക്കിലെടുക്കാന്‍ പറ്റുമോ ഒരു പ്രെസിഡെന്‍ഷ്യല്‍ ഇലക്ഷന്?

പാഞ്ചാലി said...

സിബു, ആ സൈറ്റുകളൊക്കെ ഞാന്‍ നേരത്തേ തന്നെ കണ്ടിരുന്നു.
:)
തോമ്മനെഴുതിയത് ("തിരഞ്ഞെടുപ്പിന് 3 ആഴ്ചകള്‍ക്ക് മുമ്പ് ഇത്രയും ശക്തമായ നിലയില്‍ എത്തിയ ഒരു സ്ഥാനാര്‍ഥിയും തോറ്റിട്ടില്ല എന്ന് ചരിത്രകാരന്മാര്‍") വായിച്ചപ്പോള്‍ ഇന്നലെക്കണ്ട ന്യൂസ് ഓര്‍ത്തു ലിങ്ക് ഇട്ടെന്നെയുള്ളൂ. (പക്ഷെ ഞാന്‍ ഒരു പോളിലും വിശ്വസിക്കുന്നുമില്ല!)
ഞാന്‍ ചില വെള്ളക്കാരന്മാരോട് സംസാരിച്ചപ്പോള്‍ മനസ്സിലായത് അവരില്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേക്കാള്‍ മുന്‍ഗണന രാജ്യ സുരക്ഷ, ഇസ്ലാം ബന്ധം, കറുത്ത തൊലി എന്നിവയ്ക്കാണെന്നാണു്! (ഏതാണ്ട് ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന മനസ്ഥിതി!)

Manoj മനോജ് said...

പാഞ്ചാലി പറഞ്ഞതിനോടാണ് ഞാന്‍ യോജിക്കുന്നത്. ഒബാമയ്ക്കോ, ഹിലാരിക്കോ എന്ന് പണ്ട് ഞാന്‍ ചില ഡെമോക്രാറ്റ് കറുമ്പരോട് ചോദിച്ചപ്പോള്‍ ഹിലാരിക്ക് എന്നാണ് പറഞ്ഞത്. ഇപ്പോള്‍ അവരോട് ചോദിച്ചപ്പോള്‍ സ്വാഭാവികമായും മക്കെയ്ന്‍ എന്നാണ് കിട്ടിയ ഉത്തരം. പരിചയപ്പെട്ട വെളുമ്പര്‍ പിന്നെ പറയുന്നത് തന്നെ മക്കെയ്ന്‍ എന്നാണ്.

പിന്നെ അമേരിക്കയിലെ പോളുകളില്‍ ഞാന്‍ ശ്രദ്ധിച്ചത് വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവര്‍, വോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍, വോട്ട് ചെയ്യുന്നവര്‍ എന്നൊക്കെയുള്ള പ്രയോഗങ്ങളാണ്. വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരാണ് കൂടുതല്‍. ഇവരില്‍ എത്ര പേര്‍ വോട്ടിടുമെന്ന് അറിയാന്‍ കഴിയുമോ? അപ്പോള്‍ ഈ പോളുകളെല്ലാം ശരിയായി വരുമോ? കണ്ടറിയേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ മനശാസ്ത്രം ഒരു പ്രത്യേകതയുള്ളത് തന്നെയാണ്. 2006ലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മേയറായിരുന്നപ്പോള്‍ മില്ല്യണ്‍ കണക്കിന് ഡോളേര്‍സ് അടിച്ച് മാറ്റി എന്ന് ആരോപിച്ച് ഒരു റിപ്പബ്ലിക്കന്‍ ചെറുപ്പക്കാരന്‍ ഒരു വയസ്സന്‍ ഡെമോക്രാറ്റിനെതിരെ ഡിബേറ്റുന്നത് കണ്ട് വയസ്സന്‍ തോറ്റത് തന്നെയെന്ന് വിചാരിച്ച് പിറ്റേന്നത്തെ പത്രം നോക്കുമ്പോള്‍ ചെറുപ്പക്കാരന്‍ അഴിമതി ആരോപണം നടത്തിയ രീതി ശരിയല്ലയെന്ന് അമേരിക്കന്‍ പൌരന്മാരില്‍ ഭൂരിപക്ഷം പറഞ്ഞതായി വായിച്ചപ്പോള്‍ മുതല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് എനിക്ക് മടുത്തതാണ്. എന്നാലും തൊമ്മന്റെ പോസ്റ്റുകള്‍ എപ്പോഴും വായിക്കാറുണ്ട്. വെറുതെ ഒരാകാംശ ഒരു കറുമ്പന്‍ വരുമോ എന്ന്?

t.k. formerly known as thomman said...

ഡിബേറ്റില്‍ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും ഉണ്ടായില്ല. എനിക്ക് തോന്നിയത് ഒബാമ മക്കെയിനുമായുള്ള സംവാദത്തില്‍ വിജയിച്ചെന്നാണ്. പോളുകളും അതു തന്നെയാണ് പറയുന്നത്.

ഡിബേറ്റിന്റെ അവസാനം, പരാജയത്തിന്റെ പടുകുഴിക്കരികെ നിന്നുകൊണ്ട്, പ്രേക്ഷകരെ സന്തോഷവാനായി കാണിക്കാന്‍ വേണ്ടി മക്കെയിന്‍ നടത്തിയ ശ്രമങ്ങള്‍ കണ്ട്, എനിക്ക് ശരിക്കും അദ്ദേഹത്തോട് സഹതാപം തോന്നി. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, മക്കെയിന്‍ പ്രസിഡന്റ് ആവുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവും തോന്നിയിരുന്നില്ല. പക്ഷേ, പിന്നീട് അദ്ദേഹം സാറാ പേലിനെ തിരഞ്ഞെടുത്തതും ഒബാമയ്ക്കെതിരെ നെഗറ്റീവ് ആക്രമണങ്ങള്‍ മാത്രം നടത്തിയതും എനിക്ക് അദ്ദേഹത്തെ പറ്റിയുള്ള അഭിപ്രായം മാറാന്‍ ഇടയാക്കി. രണ്ടും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനങ്ങള്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല; റിപ്പബ്ലിക്കന്‍ ലാവണത്തിലെ പതിവു തന്ത്രങ്ങളുടെ ഭാഗം മാത്രമായിരിക്കാം അവ.

എന്തായാലും ഒബാമയെ പിടിച്ചു നിര്‍ത്താനുള്ള അവസാനത്തെ അവസരവും അദ്ദേഹത്തെ കടന്നുപോയിരിക്കുകയാണ്. അദ്ദേഹം ഇത്തവണ ശ്രമിച്ചുവെന്ന് എനിക്ക് തോന്നി; പക്ഷേ, ഒബാമയുടെ പക്വതയും പ്രശ്നങ്ങളിലുള്ള സൂക്ഷമമായ വിവരവും മക്കെയിന് ഇടിച്ചുകയറാനുള്ള യാതൊരു പഴുതും ഉണ്ടാക്കാതെ നോക്കി.

ഡിബേറ്റ് കണ്ടവരുടെ അഭിപ്രായം അറിയാന്‍ ആകാംക്ഷയുണ്ട്!

പാഞ്ചാലി,
2000-ലെ CNN/USA Today/Gallup പോള്‍ പൊക്കിയെടുത്തതിന്ന് നന്ദി! അക്കാലത്ത് ബാക്കിയുള്ള പോളുകള്‍ എന്താണ് പറഞ്ഞിരുന്നത് എന്നു കൂടി അറിയാന്‍ പറ്റുമോ? ഇപ്പോള്‍ എല്ലാ പോളുകളിലും ഒബാമയാണ് മുന്നില്‍: 4 മുതല്‍ 14 വരെ പോയന്റുകള്‍ക്ക്. തന്നെയുമല്ല, ദേശീയതലത്തില്‍ ഗോറിനായിരുന്നല്ലോ മൊത്തം വോട്ടില്‍ ഭൂരിപക്ഷവും.

വേറൊരു കാര്യം, കഴിഞ്ഞ തവണ ബുഷ് ജയിച്ച കുറെ സംസ്ഥാനങ്ങളില്‍ ഇത്തവണ ഒബാമ മുന്നിട്ടു നില്‍ക്കുന്നതാണ്: നോര്‍ത്ത് കാരളൈന, മസൂറി, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, ന്യൂ മെക്സിക്കോ തുടങ്ങിയ സംസ്ഥാനങ്ങളില്‍. അവിടങ്ങളില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജയിച്ചാല്‍ ഒബാമയുടെ കാര്യം സുരക്ഷിതമായി. അവസാനത്തെ 4 സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ നില വളരെ ശക്തമാണെന്നാണ് കാണുന്നത്. സാമ്പത്തികരംഗം 2000-ല്‍ വളരെ മികച്ചതായിരുന്നു. anti-incumbency factor-ഉം ഗോറിന് എതിരായിരുന്നു.

പാഞ്ചാലി വെള്ളക്കാരില്‍ നിന്ന് കേട്ടത് ശരിയാണ്: സാമ്പത്തികരംഗം ഇത്ര മോശമായിരുന്നില്ലെങ്കില്‍ സാധാരണ വെള്ള-അമേരിക്കക്കാര്‍ രാജ്യ സുരക്ഷ, ഇസ്ലാം ബന്ധം, കറുത്ത തൊലി തുടങ്ങിയ കാര്യങ്ങളെ മുന്‍‌നിറുത്തി മക്കെയിനെ പിന്തുണക്കുമായിരുന്നെന്നു തോന്നുന്നു. റ്റോമസ് ഫ്രാങ്കിന്റെ What's the Matter with Kansas? എന്ന പ്രസിദ്ധമായ പുസ്തകം, സാധാരണക്കാരെ സാംസ്ക്കാരിക വിഷയങ്ങളില്‍ ആകൃഷ്ടരാക്കി, സാമ്പത്തികമായി അവരെ നോവിക്കുന്ന നയങ്ങളില്‍ പോലും തങ്ങളുടെ കൂടെ നിര്‍ത്താന്‍ യാഥാസ്തികര്‍ക്ക് സാധിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. റിച്ചാര്‍ഡ് നിക്സന്‍ മെനഞ്ഞെടുത്ത ആ സാംസ്ക്കാരികയുദ്ധതന്ത്രമാണ് റിപ്പബ്ലിക്കന്മാര്‍ വൈറ്റ് ഹൌസ് പിടിക്കാന്‍ ഇതുവരെ ഫലപ്രദമായി ഉപയോഗിച്ചു വന്നിരുന്നത്. അത്തരമൊരു പ്രചരണം ഇത്തവണ മക്കെയിന് നടത്താന്‍ കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല. ബുഷിന്റെ ഭരണത്തിനെതിരെയുള്ള ജനവികാരവും സാമ്പത്തികരംഗത്തെ കുഴപ്പങ്ങളും അവരുടെ എല്ലാ ശ്രമങ്ങളെയും മുക്കിക്കളഞ്ഞു എന്നു വേണം കരുതാന്‍.

ചരിത്രകാരന്മാരെ ഉദ്ധരിച്ചത് എവിടെയോ വായിച്ച ഓര്‍മയില്‍ നിന്നാണ്. ലിങ്ക് തപ്പിയെങ്കിലും കിട്ടിയില്ല; അതുകൊണ്ട് പോസ്റ്റില്‍ നിന്നും ആ പ്രസ്താവന എടുത്തു കളയുന്നു.

സിബു,
പോള്‍ സൈറ്റുകള്‍ക്ക് നന്ദി! സാക്ഷാല്‍ കാള്‍ റോവിന്റെ rove.com എന്ന സൈറ്റിലും ഒരു നല്ല aggregated ഇലക്ടറല്‍ കോളജ് മാപ്പ് ഉണ്ട്. Rasmussen Reports ആണ് കൃത്യതയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലെന്ന് പറയപ്പെടുന്നു; അവരുടെ ഡെയ്‌ലി പോള്‍ trend അറിയാന്‍ വളരെ നല്ലതാണ്. ആ പോളുകളില്‍ കുറെ ദിവസങ്ങളായിട്ട് 5-ഓ അധിലധികമോ പോയന്റുകള്‍ക്ക് ഒബാമ മുന്നിലാണ്. അവരുടെ ഇലക്ടറല്‍ കോളജ് പ്രകാരമുള്ള കണക്ക്‌‍ നോക്കിയാല്‍ മനസിലാകും ദേശീയതലത്തിലുള്ള പോളുകള്‍ കാണിക്കുന്നതിനെക്കാള്‍ വളരെ കുറവാണ് മക്കെയിന്റെ സാധ്യതയെന്ന്.

ഇന്നത്തെ കണക്കു പ്രകാരം വോട്ട് മാസ്റ്റര്‍ 357 ഇലക്ടറല്‍ വോട്ടുകളാണല്ലോ ഒബാമയ്ക്ക് കൊടുക്കുന്നത്. എനിക്ക് 338 വരെ കൊടുക്കാനേ പറ്റുന്നുള്ളൂ; നെബ്രാസ്ക്കയില്‍ 1 വോട്ട് പിടിക്കുകയാണെങ്കില്‍ കൂടി ഏറ്റവും കൂടിയത് 339.

നിഷാന്ത്,
മക്കെയിന്‍ ഒരു മാന്യനെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. പക്ഷേ, അദ്ദേഹം ഒബാമയ്ക്കെതിരെ നടത്തിയ നുണപ്രചരണങ്ങള്‍ (ഏറ്റവും വൃത്തികേടായി എനിക്ക് തോന്നിയത് ഒബാമ കൊച്ചുകുട്ടികളെ ലൈംഗികവിദ്യാഭ്യാസത്തിന് വിധേയരാക്കാന്‍ ശ്രമിച്ചു എന്നതാണ്; യഥാര്‍ഥത്തില്‍ അദ്ദേഹം പിന്തുണച്ചത് ലൈംഗിക കുറ്റവാളികളെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന ഒരു പരിശീലനത്തെയാണ്) എന്റെ ആ അഭിപ്രായത്തെ കുറച്ച് മാറ്റിയിട്ടുണ്ട്. ഒബാമയെ തീവ്രവാദികളുമായി ബന്ധപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിച്ചതും ഒരു പക്ഷേ, അദ്ദേഹം അങ്ങനെ പെരുമാറിയതിന്ന് കാരണമായിട്ടുണ്ടാവാം. എന്നാലും അദ്ദേഹം നല്ലവനാണെന്ന കാര്യം ഞാന്‍ പൊതുവില്‍ സമ്മതിക്കുന്നു; അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പ്രചരണതന്ത്രമാണ് കുഴപ്പം. അദ്ദേഹത്തിന്റെ 2000-ലെ പ്രൈമറി ക്യാം‌മ്പയിന്‍ ദുഷ്‌പ്രചരണം നടത്തി കശക്കിയെറിഞ്ഞവരില്‍ ഒരാളാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാം‌മ്പയിന്‍ നിയന്ത്രിക്കുന്ന പ്രധാനികളില്‍ ഒരാള്‍ എന്നതാണ് ഏറെ രസകരം.

സാറാ പേലിന്‍ ശരിക്കും ഒരു കോമഡി തന്നെ. മക്കെയിന്‍ ഒരിക്കലും ജയിക്കരുത് എന്ന ഒരു ചിന്ത എനിക്ക് വന്നത് അവര്‍ സ്ഥാനാര്‍‌ഥി ആയതിന്നു ശേഷമാണ്. അവരുമായി നെറ്റ്വര്‍ക്കുകള്‍ നടത്തിയ അഭിമുഖങ്ങളും അതുമായി ബന്ധപ്പെട്ട് രസികന്‍ ബ്ലോഗുകളും SNL എപിസോഡുകളും തിരഞ്ഞെടുപ്പു കഴിഞ്ഞാലും പെട്ടന്ന് മറക്കുമെന്ന് തോന്നുന്നില്ല.

തിരുത്തിന് വളരെ നന്ദി! ഞാന്‍ പോസ്റ്റില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്.

ബ്രാഡ്‌ലി ഇഫക്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ കണ്ടിട്ടുണ്ട്. പ്രൈമറികാലത്ത് ന്യൂ ഹാം‌മ്പ്‌ഷയറില്‍ ഒഴിച്ച് വേറെയെങ്ങും അതിന്റെ ലാഞ്ചന ഞാന്‍ കണ്ടില്ല. പക്ഷേ, അവസാന നിമിഷം തീരുമാനമെടുക്കുന്നവര്‍ പൊതുവേ ഹിലരിയുടെ ഭാഗത്തേക്ക് മാറുന്നതായി ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് 50%-ല്‍ അധികം പിന്തുണ പോളില്‍ കാണുന്നുണ്ടെങ്കില്‍ ഒബാമയുടെ കാര്യം സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ബ്രാഡ്‌ലി ഇഫക്ട് ഒബാമയുടെ വിജയ സാധ്യതയെ എങ്ങനെ ബാധിക്കാം എന്നതിനെക്കുറിച്ച് ഒരു നല്ല ലേഖനം ABC News-ല്‍. ബ്രാഡ്‌ലി ഇഫക്ട് എന്ന ഒന്ന് ഇല്ല എന്ന് വാദിക്കുന്ന ഒരു നല്ല ലേഖനം realclearpolitics.com-ല്‍ ഉണ്ട്.

മനോജ്,
രാജ്യത്തിന്റെ ഏതുഭാഗത്താണ് വോട്ടര്‍‌മാരുടെ അഭിപ്രായം ചോദിക്കുന്നതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ താമസിക്കുന്ന സാന്താ ക്ലാരാ കൌണ്ടിയില്‍ ജാതി/മത/തൊലിനിറ ഭേദമന്യേ ഒബാമയ്ക്കാണ് പിന്തുണയെന്ന് തോന്നുന്നു; പ്രൈമറിയില്‍ ഇവിടെ ഹിലരി ആണ് മുന്നിട്ടു നിന്നത്; തൊട്ടടുത്ത സാന്‍ ഫ്രാന്‍‌സിസ്ക്കോ നഗരത്തില്‍ ഒബാമ ആയിരുന്നെങ്കിലും. കറുത്തവര്‍ മിക്കവാറും (90%) ഒബാമയെ അല്ലേ പിന്തുണക്കുന്നത്? പൊതുവേ വെള്ളക്കാരായ പുരുഷന്മാര്‍ ഡമോക്രാറ്റുകളെ പിന്തുണക്കാറില്ല. ഗോറിനും കെറിക്കും ഒന്നും അവരുടെ പിന്തുണ കിട്ടിയിരുന്നില്ല. വംശീയത ഉണ്ടെങ്കിലും നമ്മള്‍ വിചാരിക്കുന്ന തോതില്‍ ഇല്ല എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. നവം‌മ്പര്‍ 4-ന് തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ മാത്രമേ അതേക്കുറിച്ച് വ്യക്തമായ ഒരു നിഗമനം നടത്താന്‍ കഴിയുകയുള്ളൂ.

പാഞ്ചാലി said...

തൊമ്മാ, 2000-ലെ പോള്‍ ഫലങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് തോന്നുന്നത്. പക്ഷെ 2004-ലേത് സിബു പറഞ്ഞ പോലെ വോട്ട് മാസ്റ്റര്‍-ല്‍ ഉണ്ട്.
ഇന്നലത്തെ ഡിബേറ്റ് കണ്ടപ്പോള്‍ ഒബാമ വളരെ സംയമനം പാലിച്ചു, പറഞ്ഞു കുളമാക്കാതെ, ലീഡ് നില നിര്‍ത്തുന്നതായാണ് തോന്നിയത്. ജോ ദ പ്ലമ്മറെ പല തവണ വലിച്ചിഴച്ചു കൊണ്ടു വന്ന മക്കൈന്‍ അവസാനം തന്‍ കുഴിച്ച കുഴിയില്‍ തന്‍ തന്നെ എന്ന് പറഞ്ഞതു പോലെ, ഒബാമ സീറോ പെനാല്‍റ്റി (ഇടത്തരം വ്യവസായികള്‍ക്ക് ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് പോളിസിക്ക് ) എന്ന് പറഞ്ഞപ്പോള്‍, വാ പൊളിച്ചത് കണ്ടപ്പോള്‍ ചിരി വന്നു. തിരിച്ചു ആക്രമിക്കാന്‍ പല അവസരങ്ങളുണ്ടായിട്ടും തികച്ചും സംയമനം പാലിച്ച് (മക്കൈന്‍ ആംഗര്‍ മാനേജ്മെന്റ് കോഴ്സ് ചെയ്യണമെന്നു എനിക്കും പല തവണ തോന്നിയിരുന്നു) സംസാരിച്ച ഒബാമ തന്നെ ഇന്നലത്തെ കളിയിലെ കേമന്‍!

t.k. formerly known as thomman said...

ഈ സമയത്ത് മത്സരത്തില്‍ ഇത്ര പിന്നില്‍ നിന്നിട്ട് അടുത്തകാലത്ത് റോണാള്‍ഡ് റെയ്‌ഗന്‍ മാത്രമേ ജയിച്ചിട്ടുള്ളൂ അത്രേ. നിരീക്ഷണം ഇവിടെ. അതും കാര്‍ട്ടറിന്റെ പരിതാപകരമായ ഒരു ഡിബേറ്റ് പ്രകടത്തിനു ശേഷം. അത്തരമൊരു സാഹചര്യമോ കഴിവോ മക്കെയിന് ഇല്ലാത്തതുകൊണ്ട് ഒബാമ വിജയം ഉറപ്പാണെന്ന് പറയാന്‍ കഴിയുമോ?

ഇപ്പോള്‍ നിങ്ങള്‍ക്കുള്ള അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.

മുക്കുവന്‍ said...

ഒബാമ ജയിക്കണമെന്നാണു ആഗ്രഹമെങ്കിലും!...

christian right wing whites will not allow a black to become a president...

AlGore had same sort of lead in 2000 election what happend to the election? Mandan bush became the president for 8 more years. Dick Chenny the hitler ruled US.

Palin is next hitler. she is going to ruin this country for another 16 more years? O MY GOD, how can I live here peacefully?

Anonymous said...

I didn't think the 3rd debate was that much different. Sure McCain was a bit sharper and direct in his attacks. But he did not display the kind of command that Obama had on any of the topics. To me it sounded like he was trying to appeal to his safe constituencies (probably insufficient at this stage). I think the difference between the two personalities is unmistakable and the polls correctly reflect that.

നിഷാന്ത് said...

America is not a bunch of idiots who are gonna give their life to a Bush alike(He is pretty much sensible man than Mr.Bush, I must say) for 4 more years. Speculations that Obama will loose and McCain will turn everything down will be there till the election is over. This is how the media make their livelihood(Hard earned money(?) not from "Joe the Plumber" but from 'Joe-six pack' and their 'Jane-no pack(?)').

Here is the editorial of Washington Post, a must read.

http://www.washingtonpost.com/wp-dyn/content/article/2008/10/16/AR2008101603436.html?hpid=opinionsbox1

നിഷാന്ത് said...

Democracy is the bludgeoning of the people, by the people, for the people. -- Oscar Wilde

t.k. formerly known as thomman said...

മുക്കുവന്‍,
പേലിനെക്കുറിച്ചുള്ള പേടി എനിക്കും ഉണ്ട്. മക്കെയിന്‍ ജയിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം ഇപ്പോള്‍ അതാണ്.

2000-ല്‍ ആല്‍ ഗോര്‍ മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണല്ലോ ഇന്നത്തെ സ്ഥിതി. മാറ്റം വന്ന കാര്യങ്ങലെല്ലാം തന്നെ ഒബാമയെയാണ് സഹായിക്കുന്നത്. ഡിബേറ്റുകളിലും ഒബാമയെപ്പോലെ അത്ര മികച്ച പ്രകടനമൊന്നും ഗോര്‍ കാഴ്ചവച്ചില്ലായിരുന്നു.

Teller,
റിപ്പബ്ലിക്കന്‍ യാഥാസ്തികര്‍ക്ക് തുടക്കത്തില്‍ മക്കെയിനെ വലിയ ഇഷ്ടമൊന്നുമില്ലായിരുന്നു. പേലിനെ തിരഞ്ഞെടുത്തത് ആ വിഭാഗത്തെ സുഖിപ്പിക്കാന്‍ ആയിരുന്നു; അത് വിജയിക്കുകയും ചെയ്തു. പക്ഷേ, ആ തന്ത്രത്തില്‍ നിന്ന് മാറി സ്വതന്ത്രരെയും കുറച്ച് ഡമോക്രാറ്റുകളെയും സ്വാധീനിക്കുന്ന രീതിയിലുള്ള ക്യാം‌മ്പയിന്‍ നടത്താന്‍ മക്കെയിന്‍ മറന്നുപോയി.

t.k. formerly known as thomman said...

നിഷാന്ത്,

"ന്യൂ യോര്‍‌ക്കറി”ന്റെ ഈ endorsement-ഉം വായിച്ചിരിക്കേണ്ടതാണ്. ഒബാമയുടെ വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇനിയും സംശയമുള്ളവര്‍ പ്രത്യേകിച്ചും.

ഓസ്ക്കര്‍ വൈല്‍‌ഡിന്റെ ക്വോട്ട് ഇഷ്ടപ്പെട്ടു; തികച്ചും യാഥാര്‍‌ത്യമാണല്ലോ. മറ്റു വഴികള്‍ ഒന്നും ഇല്ലല്ലോ എന്നതാണ് ഏറെ ദു:ഖകരം.

Anonymous said...

While we are at it, here is what LA times said "Obama is educated and eloquent, sober and exciting, steady and mature. He represents the nation as it is, and as it aspires to be". I think that pretty much sums it up.

Cibu C J (സിബു) said...

ഇന്നത്തെ പോളുകൾ കണ്ടുവോ.. മക്കെയിൻ ഒരു പെർസെന്റേജ്‌ എങ്കിലും മുന്നിലേയ്ക്ക്‌ വന്നിട്ടുണ്ട്‌. അങ്ങനെ നോക്കിയാൽ 3-ആം ഡിബേറ്റിൽ ജയിച്ചത്‌ മക്കെയിൻ ആണെന്നു പറയേണ്ടി വരും.

t.k. formerly known as thomman said...

സിബു,
Rasmussen Reports-ന്റെ ഡെയ്‌ലി പോളില്‍ കുറച്ചുനാളായിട്ട് 50-45%-ന് ഒബാമയാണ് മുന്നില്‍. ഞാന്‍ ഈ പോളാണ് ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത്. പിന്നെ യുദ്ധക്കളസംസ്ഥാ‍നങ്ങള്‍ തിരിച്ചുള്ള ട്രെന്‍‌ഡുകള്‍ക്കേ വിജയി ആരായിരിക്കുമെന്ന് പറയാന്‍ കഴിയുകയുള്ളൂ എന്ന് എനിക്ക് തോന്നുന്നു.

t.k. formerly known as thomman said...

ഇന്ന് ബുഷിന്റെ ആദ്യടേമില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന കോളിന്‍ പവല്‍ ഒബാ‍മയെ എന്‍‌ഡോഴ്‌സ് ചെയ്തു. ഇനിയും തീരുമാനം എടുത്തിട്ടില്ലാത്ത സ്വതന്ത്രരുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ഇത് ഒബാമയെ സഹായിക്കുമെന്ന് കരുതുന്നു. മക്കെയിന്റെ നെഗറ്റീവ് പ്രചരണത്തെയും സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വത്തെയും പവല്‍ വിമര്‍‌ശിച്ചു.

t.k. formerly known as thomman said...

സകല റെക്കോഡുകളും ഭേദിച്ചുകൊണ്ട് കഴിഞ്ഞമാസം ഒബാമ 150 മില്യണ്‍ ഡോളര്‍ സമാഹരിച്ചത് ഒരു പ്രധാന വാര്‍ത്ത ആയിരിക്കുകയാണ്. ഒരു തരത്തില്‍ അത് അദ്ദേഹത്തിനുള്ള ജനപിന്തുണയുടെ ഭാഗമായി കാണാമെങ്കിലും വ്യക്തിപരമായി ധനശേഷികൊണ്ട് തിരഞ്ഞെടുപ്പില്‍ എതിരാളിയെ തകര്‍ക്കുന്നതിന് ഞാന്‍ എതിരാണ്. സര്‍ക്കാരിന്റെ ധനസഹായം മാത്രം സ്വീകരിക്കുകയുള്ളൂവെന്ന് ഒബാമയും മക്കെയിനും തമ്മില്‍ തുടക്കത്തില്‍ ഒരു ധാരണയുണ്ടായിരുന്നു എങ്കിലും ഇന്റര്‍‌നെറ്റിലൂടെയുള്ള പണത്തിന്റെ വരവ് കണ്ട് ഒബാമ വാക്കു മാറ്റുകയായിരുന്നു. തന്ത്രപരമായി അത് ഒബാമയെ വളരെ സഹായിക്കുമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു; റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങള്‍ വരെ ദുര്‍ബലമാ‍ക്കാന്‍ ഒരളവുവരെ പണത്തിന്റെ ശക്തികൊണ്ട് ഒബാമക്ക് കഴിഞ്ഞു.

Cibu C J (സിബു) said...

ഒക്ടോബർ പത്തിനു റസ്മൂസെനിൽ 52 ഉണ്ടായിരുന്ന ഒബാമ ഇപ്പോ 2 പോയിന്റ്‌ ഇടിഞ്ഞ്‌ 50-ൽ എത്തി. ഫ്ലോറിഡയിലും ഒഹായോയിലും ഉണ്ടായിരുന്ന നേരിയ മുൻതൂക്കം ഇപ്പോ മക്കെയിനിനായി.

നെഗറ്റിവ്‌ കാമ്പെയ്നിംഗിന്‌ എപ്പോഴും ആളെ കൂട്ടാൻ നല്ലതാണ്‌. പോസിറ്റിവ്‌ പറയുന്നതിനേക്കാൾ നെഗറ്റിവ്‌ പറഞ്ഞാൽ കൂടുതൽ ആളുകൾ വിശ്വസിക്കാൻ ഇടയുണ്ട്‌ എന്നൊരു സൈക്കോളജി സ്റ്റഡി വായിച്ചിരുന്നു. പോസിറ്റീവിന്റെ നെഗറ്റീവ്‌ എപ്പോഴും മനുഷ്യൻ ആലോചിച്ചുനോക്കുമെങ്കിലും, നെഗറ്റീവിന്റെ നെഗറ്റീവ്‌ അത്രയ്ക്കങ്ങോട്ട്‌ എളുപ്പമല്ലാത്തതിനാലാണ്‌ അവൻ നെഗറ്റീവിൽ സ്റ്റക്കായി പോകുന്നത്‌ എന്നു തോന്നുന്നു.

Anonymous said...

I suspect Obama's "spread-the-wealth" response to Joe-the-plumber did some minor damage. It's an anti-capitalist phrase that won't sit well with the public. He needs to better articulate his response or it could prove costly.

t.k. formerly known as thomman said...

സിബു,
Rasmussen Reports പ്രകാരം ദേശീയതലത്തില്‍ മത്സരം കുറച്ചുകൂടി അടുത്തതാണ് (50-46%). പക്ഷേ, യുദ്ധക്കളസംസ്ഥാനങ്ങളിലെ നിലയാണ് വരുന്ന ദിവസങ്ങളില്‍ പ്രധാനമെന്നു തോന്നുന്നു; കാരണം ബാക്കിയുള്ള സംസ്ഥാനങ്ങളിലെ ഫലം ഏതാണ്ട് കൃത്യമായി തന്നെ ഇപ്പോള്‍ അറിയാമല്ലോ. Rasmussen Reports വിര്‍‌ജീനിയയില്‍ ഒബാമക്ക് 10% ലീഡ് ഇന്ന് കൊടുക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അവരുടെ പോളില്‍ മക്കെയിന് അവിടെ നേരിയ ലീഡ് ഉണ്ടായിരുന്നതാണ്. അതുമാത്രം മതി ഒബാമ ജയിച്ചുകയറാന്‍; പെന്‍‌സില്‍‌വേനിയയില്‍ മക്കെയിന്‍ അത്ഭുതങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെങ്കില്‍.

Teller,
പൂര്‍ണ്ണമായും യോജിക്കുന്നു. ഒബാമ കുറച്ചുകൂടി ശ്രദ്ധിച്ച് കാര്യങ്ങള്‍ പറയണമായിരുന്നു. ഈ ഞാനടക്കം വളരെയധികം പെര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റിക് വിഭാഗത്തോട് (far-left) ആഭിമുഖ്യം ഇല്ലാത്തവരാണ്.