Monday, October 27, 2008

പോളുകളില്‍ ഒബാമ മുന്നില്‍; പേലിന്‍ മക്കെയിന്റെ പിടിവിടുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തോല്‍‌വി ഏകദേശം തീര്‍ച്ചയായതുകൊണ്ട് സാറാ പേലിന്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ നിയന്ത്രങ്ങള്‍ക്ക് പുറത്തുപോയി മാധ്യമങ്ങളോട് സംസാരിക്കുന്നതൊക്കെയാണ് കഴിഞ്ഞ ആഴ്ചയില്‍ കണ്ടത്. അലാസ്ക്ക രാഷ്ട്രീയത്തില്‍ അവരെ പോക്കിക്കൊണ്ടു വന്നവരെ ചവിട്ടിത്താഴ്ത്തി തന്റെ സ്വന്തം ഉയര്‍ച്ച ഉറപ്പാക്കിയ ചരിത്രം അവര്‍ക്കുണ്ട്; മക്കെയിനും ആ വിധി ഉണ്ടാകും എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രമാണികളും അതിന്ന് ഒത്താശ ചെയ്യുന്നുണ്ട്; കാരണം പേലിന്‍ ആള്‍ക്കാരെ കൂട്ടാന്‍ കഴിവുള്ള ആളാണെന്ന് അവര്‍ക്കറിയാം. പക്ഷേ, 2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ഥി ആകാമെന്ന അവരുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. മക്കെയിന്‍ തോറ്റാല്‍ അതിന്റെ നല്ല ഒരു പഴി അവര്‍‌ക്ക് കിട്ടും. ജോണ്‍ എഡ്വേര്‍‌ഡ്‌സിനെപ്പോലെ എങ്ങുമെത്താതെ അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകും. അലാസ്ക്കയിലെ ഏറ്റവും വലിയ പത്രം ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തത് അവര്‍ക്ക് അലാസ്ക്കയില്‍ പോലും ശക്തമായ എതിര്‍പ്പ് ഉണ്ടായി വരുന്നതിന്റെ തെളിവാണ്.

ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി അവരെ അണിയിച്ചൊരുക്കാന്‍ വസ്ത്രങ്ങളും മറ്റു സാമഗ്രഹികളും വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനെ എതിരിടുന്നതിനും ട്രൂപ്പര്‍ ഗേറ്റില്‍ പേലിന്‍‌മാര്‍ക്ക് അന്വേഷണക്കമ്മീഷന്റെ മുന്നില്‍ എത്തേണ്ടതിനുമൊക്കെയായി റിപ്പബ്ലിക്കന്‍ ടിക്കറ്റിന് ഒരാഴ്ച കൂടി നഷ്ടപ്പെടുത്തി.

ഒബാമ അതിന്നിടയില്‍ ഹവായിയിലേക്ക് പറന്ന് തീരെ അവശയായിരിക്കുന്നെന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മയുടെ അമ്മ ‘ടൂട്ടി’നെ കണ്ട് തിരിച്ച് വന്നു; അവരാണ് ഒബാമയെ പത്തു വയസ്സു മുതല്‍, അദ്ദേഹം ഇന്തോനേഷ്യയില്‍ നിന്ന് തിരിച്ചു വന്ന ശേഷം, കാലിഫോര്‍‌ണിയയിലേക്ക് കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പോയതു വരെ നോക്കി വളര്‍ത്തിയത്. രണ്ടു ദിവസം ക്യാം‌മ്പയിനില്‍ നിന്ന് അതിന്ന് വേണ്ടി വിട്ടുനില്‍‌ക്കേണ്ടി വന്നെങ്കിലും ആ സന്ദര്‍ശനം അദ്ദേഹത്തെ രാഷ്ട്രീയമായി പലവിധത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം; അദ്ദേഹത്തിന്റെ വെള്ള പാരമ്പര്യം എന്നിവ അവയില്‍ പ്രധാന കാര്യങ്ങള്‍.

ഒബാമയുടെ വിജയം മിക്കവാറും എല്ലാ പോളുകളും പ്രവചിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ ‘ബ്രാഡ്‌ലി ഇഫക്ട്’ എന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പ്രതിഭാസം പൊക്കിക്കൊണ്ടുവന്ന് ഇലക്ഷന്‍ ദിനത്തില്‍ ഒബാമയെ അത് മുക്കുമോ എന്ന ചര്‍ച്ചയിലും ഏര്‍പ്പെടുന്നുണ്ട്. 1982-ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലാണ് ടോം ബ്രാഡ്‌ലി എന്ന കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥി പോളുകളില്‍ മുന്നിട്ടു നിന്ന ശേഷം ചെറിയ വ്യത്യാസത്തിന് തോറ്റത്. വെളുത്തവര്‍ പോളുചെയ്യുന്നവരോട് കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും എന്ന് നുണ പറയും എന്നതാണ് ആ പ്രതിഭാസത്തിന്റെ അടിസ്ഥാനം. പക്ഷേ, കൃത്യമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. തന്നെയുമല്ല 1982-ല്‍ നിന്ന് ഈ രാജ്യം വളരെ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒബാമയുടെ പ്രൈമറി വിജയം തന്നെ അതിന്ന് ഉദാഹരണം. ഇത്തരം വാദങ്ങളെ വിമര്‍ശിച്ചുകൊണ്ട് ‘ന്യൂ യോര്‍ക്ക് ടൈംസി’ലെ കോളമിസ്റ്റ് ഫ്രാങ്ക് റിച്ച് എഴുതിയിട്ടുള്ള കോളം വായിച്ചിരിക്കേണ്ടത് തന്നെയാണ്. ഞാന്‍ ഇതിന്നു മുമ്പ് പലവട്ടം ‘ബ്രാഡ്‌ലി ഇഫക്ടി’നെക്കുറിച്ച് എഴുതിയിട്ടുണ്ട്; ഒരെണ്ണം ഇവിടെ . ഒബാമയുടെ വിജയം മിക്കവാറും ‘ബ്രാഡ്‌ലി ഇഫക്ടി’നെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ദിനം‌പ്രതി പുറത്തിറക്കുന്ന ദേശീയതലത്തിലുള്ള പോളുകളുടെ ഫലങ്ങളില്‍ നിന്ന് എന്തെങ്കിലും നിഗമനത്തിലെത്തണമെങ്കില്‍ കിലുക്കിക്കുത്തുതന്നെയാണ് ആശ്രയം. ഒരു കാര്യം ശ്രദ്ധേയമാണ്: പ്രധാനപ്പെട്ട ഒരു പോളും മക്കെയിന്‍ വിജയിക്കുമെന്ന് പറയുന്നില്ല. തല്‍ക്കാലം ആ ഒരു കാര്യം മാത്രമേ നമുക്ക് വിശ്വസിക്കാന്‍ ആകൂ. യഥാര്‍ഥത്തില്‍ വേണ്ടത് യുദ്ധക്കളസംസ്ഥാനങ്ങളില്‍ നിന്നുള്ള പോളുകളാണ്; അവ വളരെ കുറവാണു താനും. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കാലിഫോര്‍ണിയയില്‍ കുറച്ച് വണ്ടികളുടെ പിന്നില്‍ ഒട്ടിച്ചിരിക്കുന്ന ഒബാമ/ബൈഡന്‍ ബമ്പര്‍ സ്റ്റിക്കറുകളും അപൂര്‍വ്വം ചില വീടുകളുടെ തൊടിയില്‍ കുത്തിയിരിക്കുന്ന സൈന്‍ ബോര്‍ഡുകളും ഒഴിച്ചാല്‍ ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് തോന്നുക പോലുമില്ല. അതിന്ന് പകരം കാ‍ലിഫോര്‍‌ണിയയുടെ അതിര്‍ത്തിക്ക് അടുത്ത് കിടക്കുന്ന നെവാഡയിലെ റീനോ എന്ന പട്ടണത്തില്‍ ഒബാമ 2 വട്ടം വന്നുപോയി. അവിടെയൊക്കെ പോയി ‘ഒബാമ ദര്‍ശനം’ നടത്തിവരുന്ന കാലിഫോര്‍ണിയക്കാര്‍ ഉണ്ടെന്ന് ഇന്ന് പത്രത്തില്‍ വായിച്ചു.

യുദ്ധക്കളസംസ്ഥാനങ്ങളിലെ എന്റെ നിഗമനങ്ങള്‍ ഇവിടെ:
ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

എത്ര ‘ബ്രാഡ്‌ലി ഇഫക്ട്’ ഉണ്ടായാലും ഇലക്ടറല്‍ കോളജില്‍ ഏകദേശം 60 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ (എന്റെ കണക്കുപ്രകാരം) ഉള്ള ഒബാമ നവം‌മ്പര്‍ 4-ന് തോല്‍ക്കാന്‍ ഞാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

5 comments:

t.k. formerly known as തൊമ്മന്‍ said...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാ‍ന ദിനങ്ങളിലേക്ക് നീങ്ങുന്നു. അത്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ ഒബാമ തന്നെയായിരിക്കും വിജയി. കൃത്യമായ കണക്കുകള്‍ക്ക് പോസ്റ്റ് വായിക്കുക.

Manoj മനോജ് said...

അവസാന വിജയം എന്റേതാണെന്ന് മക്കെയ്ന്‍ ഞായറാഴ്ച പറഞ്ഞത് ദിവസ പോളിങ്ങില്‍ അദ്ദേഹത്തിന് പോയിന്റ് കൂടുതല്‍ ലഭിക്കുന്നു എന്നത് കണ്ടത് കൊണ്ടല്ലേ... 12 പോയിന്റ് വ്യത്യാസം ഇപ്പോള്‍ 6 പോയിന്റില്‍ എത്തി നില്‍ക്കുന്നു (3 ദിവസം കൊണ്ട്) എന്ന് റോയിട്ടേഴ്സ് ഫലം പറയുമ്പോള്‍ മക്കെയ്നിന് അനുകൂലമായി എന്തോ സംഭവിക്കുന്നില്ലേ..... വര്‍ണ്ണ വിവേചനവും തങ്ങള്‍ ഉപേക്ഷിക്കില്ല എന്ന് അടിവരയിടുന്നത് നവം.4ന് കാണുവാന്‍ കഴിയുമായിരിക്കും..... പെണ്‍ വിവേചനം ഹിലാരി തോറ്റതിലൂടെ കണ്ട് കഴിഞ്ഞതാണല്ലോ....

teller said...

പാലിന്‍ പിടി വിട്ടു കളിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല. പരാജയം മണത്തറിഞ്ഞ അവര്‍ തന്‍റെ ഭാവിയെപ്പറ്റി ആണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അക്കാര്യത്തില്‍, അവരെ കുറ്റം പറഞ്ഞിട്ടും വലിയ കാര്യമില്ല.

വര്‍ണവിവേചനം (എല്ലാതരം വിവേചനങ്ങളും) നില നില്ക്കുന്നു എന്നതില്‍ സംശയമില്ല - അത് അമേരിക്കയില്‍ മാത്രമുള്ളതല്ല. പക്ഷെ, അത് തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും എന്നതാണ് പ്രശ്നം. വൈകാരികമായ ഇത്തരം വിവേചനങ്ങള്‍ ഒരളവു വരെ സ്വാഭാവികമാണ്. എന്നാല്‍, അവയെ മറികടക്കുവാന്‍ സഹായകമായ ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളും ഒബമാക്കൊപ്പം ഉണ്ടെന്നു വേണം കരുതാന്‍. പ്രകൃതിയില്‍ അസംഭാവ്യമെന്ന് തോന്നാവുന്ന പല കാര്യങ്ങളും സംഭവിക്കുനത് ഇങ്ങനെ പല അനുകൂല ഘടകങ്ങള്‍ ഒത്തു കൂടുമ്പോള്‍ ആണല്ലോ:)
(ഹൊ മലയാളം മറന്നിട്ടില്ല!)

jinsbond007 said...

am sorry commenting a little late and also in english! Not in a position to write Malayalam. As Manoj said, Reuters reports about a per day decline in poll status. What might be the reasons?

t.k. formerly known as തൊമ്മന്‍ said...

മനോജ്/jinsbond007,
മക്കെയിന്‍ ഒബാമയുടെ ലീഡ് കുറച്ചുകൊണ്ടുവരുന്നതില്‍ ഈ കാരണങ്ങളാണ് ഞാന്‍ പ്രധാനമായി കാണുന്നത്:
- ഒഹായോയിലെ ജോ എന്ന പ്ലം‌ബറിന് ഒബാമ കൊടുത്ത മറുപടിയില്‍ സമ്പത്ത് വിതരണം ചെയ്യപ്പെടുന്നത് (spread the wealth) നല്ലതാണ് എന്ന് പറഞ്ഞിരുന്നു. മക്കെയിന്ന് അത് മാര്‍ക്സിസ്റ്റ്/സോഷ്യലിസ്റ്റ് ചിന്താഗതിക്കാരണാണ് ഒബാമ എന്ന ആരോപണം ഉന്നയിക്കാന്‍ അവസരം കൊടുത്തു. സോഷ്യലിസ്റ്റ് ചായ്‌വുള്ളവരെ ഇവിടെ സംശയത്തോടുകൂടിയേ വീക്ഷിക്കൂ എന്നറിയാമല്ലോ.
- ഡമോക്രാറ്റുകളുടെ ഏകകക്ഷി ഭരണം വന്നാല്‍ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്ന മക്കെയിന്‍ പ്രചരണം ഫലപ്രദമാകുന്നുണ്ടാകാം. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്കാണ് ഇപ്പോള്‍ ഭൂരിപക്ഷം; സെനറ്റില്‍ നേരിയ മുന്തൂക്കവും. അതു രണ്ടും ഈ തിരഞ്ഞെടുപ്പോടെ വന്‍‌ഭൂരിപക്ഷമാകാന്‍ എല്ലാ സാധ്യതയുമുണ്ട്. അതിന്നൊപ്പം വൈറ്റ്‌ഹൌസ് കൂടി ഡമോക്രാറ്റുകള്‍ നേടിയാല്‍ ഫലപ്രദമായ പ്രതിപക്ഷം ഇല്ലാതെ പോകും എന്ന മക്കെയിന്റെ വാദം ശരിയാണ്.

Teller,
മലയാളം മോശമില്ലല്ലോ. ഞാനും ചിലപ്പോള്‍ കഷ്ടപ്പെടാറുണ്ട് കാര്യങ്ങള്‍ കൃത്യമായി മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാന്‍.