Sunday, November 02, 2008

മക്കെയിന്‍ ക്യാം‌മ്പയിന്റെ പെട്ടിയിലെ അവസാനത്തെ ആണി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ബുഷിനെയും ചെയ്നിയെയും അടുപ്പിക്കാതെ മക്കെയിന്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇത്രയും നാള്‍ ഒരു വിധത്തില്‍ കൊണ്ടുനടന്നിരുന്നു. ബുഷ് മക്കെയിനെ പരസ്യമായി പിന്തുണച്ചോ പ്രസ്താവന ഇറക്കിയോ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ പോലും നേരിട്ട് പങ്കെടുക്കാതെ, തനിക്കെതിരെയുള്ള ജനരോഷം മക്കെയിന് ബാധ്യതയാകാതെ നോക്കിയിരുന്നു. പക്ഷേ, ബുഷിനേക്കാള്‍ അപ്രിയനായ ചെയ്നി ഈ അവസാന നിമിഷത്തില്‍ എന്തോ വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് മക്കെയിന് എന്‍‌ഡോഴ്‌സ്‌മെന്റ് കൊടുത്തത്. വോട്ടിം‌ഗ് ബൂത്തിലേക്ക് ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ബുഷ്-ചെയ്നി ഭരണകൂടവുമായി മക്കെയിനുള്ള ബന്ധം അവരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ ഈ എന്‍‌ഡോഴ്‌സ്മെന്റ് ശരിക്കും ഉപകരിക്കും. പാവം മക്കെയിന്‍; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാ‍ര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന്‍ മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാ‍നത്തെ ആണിയുമായി.

ഒബാമ ക്യാം‌മ്പയിന്‍ ഡിക്ക് ചെയ്‌നിയുടെ പ്രസ്താവന ടിവി പരസ്യമാക്കി അവസാന മണിക്കൂറുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പോവുകയാണ്. പകരം മക്കെയിന്റെ ക്യാം‌മ്പയിന്‍, ഒബാമയ്ക്കെതിരെയും മക്കെയിന്ന് അനുകൂലമായും ഹിലരി നടത്തിയ ചില പ്രസ്താവനകള്‍ ആണ് അവസാനനാളുകളിലെ പരസ്യത്തില്‍ ഉപയോഗിക്കുന്നത്.

ABC News-ന്റെ ഇന്നത്തെ പോളില്‍ 11% വോട്ടുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. Rasmussen Reports-ലും ഒബാമയ്ക്ക് ഇന്ന് 51% പിന്തുണ കാണിക്കുന്നുണ്ട്. യുദ്ധക്കളസംസ്ഥാനങ്ങളില്‍ Reuters/Zogby പോളുകളുടെ ഫലം കുറച്ചുമുമ്പ് പുറത്തിറങ്ങി; അതിലും മക്കെയിന്ന് സാധ്യതയൊന്നും കാണുന്നില്ല. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ എല്ലാം മക്കെയിനെ എഴുതിതള്ളിയ മട്ടാണ്. പെന്‍‌സില്‍‌വേനിയയില്‍ മക്കെയിന്‍ അട്ടിമറി വിജയം നേടുകയാണെങ്കില്‍ പോലും മറ്റു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ഉറപ്പായിട്ടുള്ള അദ്ദേഹത്തിന്റെ തോല്‍‌വി, 270 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കുക അദ്ദേഹത്തിന് ഏതാണ്ട് അസാധ്യമായ ഒരു കാര്യമായി തീര്‍ത്തിട്ടുണ്ട്.

സാറാ പേലിന്‍ താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. മോണ്‍‌ട്രിയോളില്‍ (കാനഡ) നിന്ന് ഒരു റേഡിയോ ജോക്കി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണെന്ന ഭാവേന സാറാ പേലിന്നെ ഫോണില്‍ വിളിച്ച് കുറെ സംസാരിച്ചു; മിക്കവാറും അവരെ കളിയാക്കുന്ന രീതിയില്‍. (ക്ലിപ്പ് ഇവിടെ.) എന്നിട്ടും അവര്‍ക്ക് അത് മനസിലാകാതിരുന്നത് IQ-വിന്റെ കുറവു തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്.

ജോര്‍ജ്ജ് സ്റ്റെഫ്‌നാപോളസ് അടക്കമുള്ള രാഷ്ട്രീയനിരീക്ഷകരുടെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ ABC News പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും 350-ന് അടുത്ത് വോട്ടുകളാണ് ഒബാമയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. എന്റെ നിഗമനം ഞാന്‍ കുറച്ചുകൂടി ലളിതമാക്കി. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

6 comments:

t.k. formerly known as thomman said...

പാവം മക്കെയിന്‍; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാ‍ര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന്‍ മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാ‍നത്തെ ആണിയുമായി.

നിഷാന്ത് said...

"സാറാ പേലിന്‍ താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു."
hahahaa....

Engane chirikkathirikkum :)
Ippo njan okke news channel maathram kaanunnathinu oru kaaranam avara...

Anonymous said...

കഴിഞ്ഞയാഴ്ച പള്ളിയില്‍ നിന്നു മടങ്ങുമ്പോള്‍ ഗേറ്റിന്റെ അരികില്‍ ഒന്നോ രണ്ടോ die-hard മക്കെയിന്‍ പക്ഷക്കാര്‍ നിന്നു എല്ലാവര്ക്കും ഓരോ leaflet കൊടുക്കുന്നുണ്ടായിരുന്നു. എന്താണെന്ന് അറിയാനുള്ള കൌതുകം കൊണ്ടും ഞാനും ഒന്നു വാങ്ങി നോക്കി. ഏത് സ്ഥാനാര്‍ഥിയാണ് ഗര്‍ഭചിദ്രം തടയുക എന്നതായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ജനങ്ങളുടെ വിവേകശക്തിയെ വികാരം ഉണര്‍ത്തി നേരിടുക എന്ന പൊരുതി തെളിഞ്ഞ തന്ത്രം! എന്തായാലും ഈ ലഘുലേഖ വിതരണം പള്ളിയുടെ അംഗീകാരത്തോടെയല്ല എന്ന് വ്യക്തമാക്കി പള്ളിയില്‍ ഒരു വിജ്ഞാപനം താമസിയാതെ ഉണ്ടായി. അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്തില്‍ നിന്നു, ഇത്തരം തന്ത്രങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമാവാന്‍ ഇനി എത്ര വര്‍ഷം കൂടി വേണ്ടി വരും?

Cibu C J (സിബു) said...

http://ap.google.com/article/ALeqM5g6h1fK1yrnh6Tqp-SAGxAmFgDf1QD946P5880

ഈ ലിങ്കിൽ ഈ പ്രാങ്ക്‌ വിളിയുടെ ഡീറ്റെയിൽസ്‌ ഉണ്ട്‌. ഞാൻ ശരിക്കും എൻജോയ്‌ ചെയ്തു ഈ ക്ലിപ്‌. നന്ദി തോമാച്ചാ.

t.k. formerly known as thomman said...

നിഷാന്ത്,
സാറാ പേലിന്‍ അടുത്തയിടെ ഉണ്ടായ ഏറ്റവും വലിയ കോമഡിയാണ്. സംശയമൊന്നുമില്ല.

ടെല്ലര്‍,
മറ്റു പാശ്ചാത്യരാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ അമേരിക്ക വളരെ religious ആണ്. അത് മുതലെടുക്കുക റിപ്പബ്ലിക്കന്മാരുടെ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ. സാമൂഹികപുരോഗതി പതുക്കെ അമേരിക്കയിലേക്ക് കടന്നുവരുന്നുണ്ടെന്ന് തോന്നുന്നു. ഒബാമ റെഡ് സ്റ്റേറ്റുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിന്ന് തെളിവല്ലേ?

മാണിക്യം said...

സാറാ പേലിന്‍ മാത്രമല്ല അവരുടെ പെഴ്‌സണല്‍ സ്റ്റാഫും ഇതില്‍ ഉത്തരവാദികള്‍ ആണ്. അവരെങ്കിലും ഓര്‍ക്കണ്ടെ ‘ബൊസ്’ഇതാ റ്റൈപ്പ് നാടിന്‍ നാണക്കെടുണ്ടാക്കരുത് എന്ന് . മക്കെയിന്‍ ജയിച്ചാല്‍, ജയിച്ചിട്ട് തട്ടിപോയാല്‍ ഈശ്വരാ ഈ മൊതലാ പിന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ! മറക്കണ്ട.