Sunday, January 11, 2009

പൌരത്വത്തിന്റെ നിറഭേദങ്ങള്‍


കോക്കേഷ്യന്‍ (caucasian) എന്ന് യൂറോപ്യന്‍ വംശജരെ പൊതുവേ പറയുന്നതാണ്. അതില്‍ നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് (അറബികളും യഹൂദരും ഇറാനികളും), മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ജനങ്ങളും പെടും. മദ്ധ്യേഷ്യയില്‍ കോക്കസസ് പര്‍വ്വതപ്രദേശത്തു നിന്നുള്ളവര്‍ എന്നാണല്ലോ കോക്കേഷ്യന്‍ എന്ന പദം തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരും നരവംശശാസ്ത്രപരമായി കോക്കേഷ്യന്‍‌മാര്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമല്ല. പക്ഷേ, ചരിത്രപരമായി അത് വളരെ സ്വഭാവികമാണ്; മധ്യേഷ്യയില്‍ നിന്നുള്ള സൈനീകശക്തികളും അതോടൊപ്പം ജനങ്ങളും സംസ്ക്കാരങ്ങളും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ പണ്ടേ വേരുറപ്പിച്ചിട്ടുള്ളതാണ്.

1923-ല്‍, വെള്ളക്കാര്‍ക്ക് മാത്രം അമേരിക്കയില്‍ പൌരത്വം കൊടുത്തിരുന്ന കാലത്ത്, ഭഗത് സിംഗ് തിന്ത് എന്ന സവര്‍‌ണ സിഖുകാരന്‍ പൌരത്വത്തിന് വേണ്ടി വാദിച്ചത് ആ വാസ്തവത്തെ ആശ്രയിച്ചായിരുന്നു. ഓറിഗണ്‍ സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം അന്ന്. പക്ഷേ, ഭഗത് സിംഗ് കോക്കേഷ്യനാണെന്ന ശാസ്ത്രീയസത്യം കോടതി അംഗീകരിച്ചെങ്കിലും, അദ്ദേഹം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള വെള്ളക്കാരനല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൌരത്വം നിഷേധിച്ചു. വെളുത്തതൊലിക്കാരനായിട്ടും ടാക്കോ ഒസാവ എന്ന ജപ്പാന്‍കാരന് “വെള്ളക്കാരനല്ല” എന്ന അടിസ്ഥാനത്തില്‍ ഇതേ കോടതി പൌരത്വം നിഷേധിച്ചിരുന്നു. അപ്പോള്‍ “വെള്ളക്കാരന്‍” ആകണമെങ്കില്‍ കോക്കേഷ്യന്‍ മാത്രം ആയാല്‍ പോര; നല്ല വെളുത്ത തൊലി വേണം; യൂറോപ്പില്‍ നിന്ന് വരണം എന്നൊക്കെയുള്ള “യോഗ്യതകള്‍” കൂടി അന്ന് കോടതി അമേരിക്കന്‍ പൌരത്വത്തിന് കല്പിച്ചിരുന്നു എന്ന് വേണം കരുതാന്‍.

ഭഗത് സിംഗ് പിന്നീട് ന്യൂ യോര്‍ക്ക് സംസ്ഥാനത്തു നിന്ന് പൌരത്വം കൈക്കലാക്കുമെങ്കിലും പൊതുവേ ആ രണ്ടു കോടതിവിധികള്‍ ഏഷ്യക്കാരെ ഏതാണ്ട് 1943 വരെ അമേരിക്കയില്‍ കേറ്റാതെ നോക്കി. 1965-ല്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍‌സന്‍ ഒപ്പുവച്ച ഹാര്‍ട്ട്-സെലര്‍ ഇമിഗ്രേഷന്‍ ആക്ട് ആണ് ഏഷ്യക്കാര്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ വഴിയൊരുക്കിയത്.

ഇത്രയും എടുത്തുപറയാന്‍ കാരണം ജനുവരി-ഫെഫ്രുവരി ലക്കം "ദ അറ്റ്ലാന്റിക്" മാസികയില്‍ വന്ന ഹുവ സുവിന്റെ "The End of White America?" എന്ന വളരെ മികച്ച ലേഖനത്തില്‍ ഈ സംഭവത്തെ പരാമര്‍‌ശിച്ചു കണ്ടതാണ്. (ഈ ലക്കം ഒരു പോസ്റ്റ്-പ്രസി‌ഡന്‍‌ഷ്യല്‍ ഇലക്ഷന്‍ പതിപ്പാണ്. പ്രസിഡന്റ് ഒബാമ കളക്ഷന്‍കാര്‍ എടുത്തുവയ്ക്കേണ്ട കോപ്പി തന്നെ; എന്റെ ശേഖരത്തിലേക്ക് മറ്റൊരു മാഗസിന്‍ കൂടി.) അമേരിക്കയെപ്പോലെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങള്‍ വന്നുചേരുന്ന ഒരു സ്ഥലത്ത് “വെളുപ്പ്” നിര്‍‌വ്വചിക്കുക അത്ര എളുപ്പമല്ല. “വെളുപ്പ്” ഭൂരിപക്ഷത്തിന്റെ അടയാളം മാത്രമല്ല; അമേരിക്കയില്‍ സവര്‍ണതയുടെ ഒരു അടയാളം കൂടിയാണ്. പക്ഷേ, ദീര്‍ഘനാള്‍ നിലവിലിരുന്ന ആ അവസ്ഥയ്ക്ക് വ്യത്യാസങ്ങള്‍ വന്നുതുടങ്ങി: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അവര്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു (വെള്ളക്കാരാണ് ഇപ്പോഴും ഏറ്റവും വലിയ വിഭാഗം); ഒബാമയുടെ വിജയത്തോടെ വെള്ള-പ്രൊട്ടസ്‌റ്റന്റ് വിഭാഗക്കാരുടെ രാഷ്ട്രീയശക്തിയില്‍ വിള്ളല്‍ വീണു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കത്തോലിക്കരായ വെള്ളക്കാരെയും ലറ്റീനോകളെയും ആശ്രയിക്കാതെ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

ഏറ്റവും വലിയ വ്യത്യാസം വന്നിട്ടുള്ളത് അമേരിക്കന്‍ സാംസ്ക്കാരിക പ്രതീകങ്ങളുടെ നിറം മാറ്റമാണ്. പണ്ട് ഏത് രംഗങ്ങളിലും വിജയിക്കാന്‍ “വെള്ളത്വം” അത്യാവശ്യമായിരുന്നു. കലാ-കായികരംഗങ്ങളില്‍ കറുത്തവര്‍ അനുഭവിച്ച വിവേചനം ഒരു തലമുറമുമ്പ് വരെ വളരെ യാഥാര്‍‌ത്യമായിരുന്നു. പക്ഷേ, ഇന്ന് മിക്കവാറും എല്ലാ മേഖലകളിലും “വെള്ള”യാവാന്‍ ഒട്ടും ശ്രമിക്കാതെയോ അതിന്നെ പരിഹസിച്ചുതന്നെയോ വന്‍‌വിജയങ്ങള്‍ നേടിയവര്‍ അമേരിക്കയില്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ ബോബി ജിണ്ഡല്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്, സിനിമയില്‍ വിത്സ് സ്മിത്ത്, സംഗീതലോകത്ത് ഷോണ്‍ കോം‌മ്പ്‌സ് എന്ന റാപ്പര്‍ എന്നിവരൊക്കെ അതിന്ന് മികച്ച ഉദാഹരണങ്ങളാണ്. കറുത്ത റാപ്പും, ലറ്റീനോ ഡോറ ദ എക്സ്‌പ്ലോററും, ഒബാമ തന്നെയും അമേരിക്കയ്ക്ക് പുറത്ത് വെള്ളത്വത്തിന്റെ സഹായമില്ലാതെ തികച്ചും അമേരിക്കന്‍ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ആയി അംഗീകരിക്കപ്പെട്ടു. അത്തരമൊരു സാമൂഹികപരിണാമത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒബാമയുടെ വിജയം എന്നു മാത്രമേയുള്ളൂ. പക്ഷേ, ഒബാമയുടെ വിജയം വരെ ആരും അത്തരത്തിലുള്ള വ്യത്യാസങ്ങള്‍ അമേരിക്കന്‍ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

വെള്ളക്കാര്‍ ന്യൂനപക്ഷമാകാന്‍ പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയും “വെള്ളയല്ലാത്തത്” ഫാഷനാകുമ്പോള്‍ സാംസ്ക്കാരികതലത്തിലും മാര്‍ക്കറ്റിംഗിലുമടക്കം അത് വരുത്തുന്ന വന്‍‌വ്യത്യാസങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ഭൂലോക "ബുള്ളി"യായല്ലാതെ, അമേരിക്കയെ മനുഷ്യകുലത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു അത്യപൂര്‍വ്വപരീക്ഷണമായി കാണുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.

3 comments:

വേണു venu said...

കറുപ്പും വെളുപ്പും. വളരേ ശ്രദ്ധാര്‍ഹം ഈ കുറിപ്പുകള്‍..

കിഷോർ‍:Kishor said...

നല്ല നിരീക്ഷണങ്ങള്‍..

അറ്റ്ലാന്റിക് ലേഖനം ഓണ്‍ലൈന്‍ ആയി വായിക്കാന്‍ പറ്റുമോ?

t.k. formerly known as thomman said...

കിഷോര്‍,
അറ്റ്ലാന്റിക് ലേഖനം ലിങ്ക് ചെയ്തിട്ടുണ്ടല്ലോ.