കടമ്മനിട്ട എനിക്ക് വെറുമൊരു കവിയല്ല; ഗുരുസ്ഥാനീയനാണ്. ഞാന്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വരികള്‍ വായനാസുഖത്തിനേക്കാള് ഏറെ എനിക്ക് പ്രദാനം ചെയ്തത്, ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഒരു സാമൂഹികജീവി എന്ന നിലയില്‍ എന്റെ നിലപാടുകളെ നിര്‍ണ്ണയിക്കാനുതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായിരുന്നു. ഏകലവ്യനെപ്പോലെ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാവുന്നത് അങ്ങനെയാണ്; അദ്ദേഹത്തിന്റെ കഴിവുകള്‍ സ്വായത്തമാക്കുക എന്നത് ഒരു വ്യാമോഹമായി അവശേഷിച്ചെങ്കിലും.
അദ്ദേഹം പ്രതിനിധീകരിച്ച കക്ഷി രാഷ്ട്രീയത്തിനോട് എനിക്ക് ഒരിക്കലും പ്രതിപത്തി തോന്നിയിട്ടില്ലെങ്കിലും അദ്ദേഹം തന്റെ കവിതകളിലൂടെ പറഞ്ഞ ശ്രമിച്ച കാര്യങ്ങളോട് യോജിക്കാന്‍ എനിക്ക് യാതൊരു പ്രയാസവും തോന്നിയിട്ടില്ല. അതിന്റെ പ്രധാന കാരണം അദ്ദേഹം എപ്പോഴും ഒരു മനുഷ്യസ്നേഹി ആയിരുന്നു എന്നുള്ളതാണ്. തന്നെയുമല്ല മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ വേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ കൂറ് മാറ്റാന്‍ അദ്ദേഹം ഒരിക്കലും ശ്രമിക്കാതിരുന്നതില്‍ ഞാന്‍ നന്മയേ കാണുന്നുള്ളൂ; കേരളത്തിലെ സാംസ്ക്കാരിക രംഗത്ത് സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പലരും നടത്തിയ മലക്കം മറച്ചിലുകള്‍ നാം കണ്ടതാണ്.
കടമ്മനിട്ട കവിതകള്‍ ഞാന്‍ ആദ്യം വായിക്കുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴോ അതിന്ന് തൊട്ടുമുമ്പോ ആണ്. മിക്കവാറും, വായനയില്‍ ഒരു പടി മുമ്പിലായിരുന്ന എന്റെ ബാല്യകാല സുഹൃത്ത് കൃഷ്ണകുമാറായിരിക്കും (ചെറുപ്രായത്തില്‍ ‘ജന്മിയാണത്രെ ഞാന്‍ ജന്മി, ആറടി മണ്ണിന്റെ ജന്മി’ എന്ന് അവസാനിക്കുന്ന ‘ജന്മി’ എന്ന കവിത എഴുതി, ബാലജനസഖ്യത്തിന്റെ മീറ്റിംഗില്‍ വായിച്ച്, കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അതിശയിപ്പിച്ച, ഇപ്പോള്‍ ഒന്നും എഴുതാതെ കണക്കെഴുത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണകുമാര്‍) കടമ്മനിട്ടയുടെ കവിത ആദ്യം പാടികേള്പ്പിച്ചിട്ടുണ്ടാവുക. ആദ്യം വായിച്ചപ്പോള്‍ സുപ്രസിദ്ധമായ ‘കുറത്തി’യെക്കാള്‍ എന്നെ വേട്ടയാടിയത് ‘ഒരു പശുക്കുട്ടിയുടെ മരണവും’, ‘കണ്ണൂര്ക്കോട്ടയു’മാണ്. ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം എഴുതിയ ഒരു മിനിക്കഥയില്‍ ആ വായന തികട്ടി വരുന്നതു കാണാം.
ഈ വരികള്‍ എന്റെ മനസ്സില്‍ അവ വായിച്ച അന്നുമുതല്‍ പതിഞ്ഞുകിടക്കുകയാണ്:
സ്വന്തം കുറ്റിയില്‍ കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ്
സ്വന്തം കുളമ്പുകള്‍കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്‍ തുറിച്ച്
സ്വന്തമായ ജീവിതത്തിന്നുനേരെ സ്വന്തം നാവുനീട്ടി
സ്വന്തമായ മരണത്തില്‍ ചത്തു
(ഒരു പശുക്കുട്ടിയുടെ മരണം)
ജീവിതത്തിന്റെ നിരര്‍ത്ഥകതയും അതു പതിവായി തരുന്ന നിരാശകളും സര്‍വ്വോപരി അതിന്റെ അതിലളിതവും അനാര്‍ഭാടവുമായ അവസാനവുമൊക്കെ ഗ്രാഫിക്കായി ഒരു തരം നിര്‍വികാരതയോടെ ആ കവിതയില്‍ വര്‍ണ്ണിക്കപ്പെടുന്നു.ആ വരികള്‍ ആദ്യം വായിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നും എനിക്കുണ്ടായിരുന്നില്ല. ജീവിതത്തിന്റെ തീഷ്ണമായ യാഥാര്‍ത്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നപ്പോള്‍ അവയെല്ലാം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് കടമ്മനിട്ട കവിതകളുടെ സ്വന്തം വായന ആവുന്നത്.
കോളജില്‍ വച്ച് സമൂഹഗാന മത്സരങ്ങളില്‍ ഞാനും സുകുവും കടമ്മനിട്ട കവിത പാടാന്‍ വേണ്ടി ഇടിച്ചു കയറാറുള്ളത് ഓര്മ വരുന്നു. പലരുടെയും വിചാരം അന്ന് ഞങ്ങള്‍ മിനുങ്ങിയിട്ടാണ് സ്റ്റേജില്‍ കയറിയിരുന്നതെന്നാണ്. ചിലപ്പോള്‍ പാടുക്കാടുനിന്ന് അടിച്ച് 100 മില്ലിയുടെ വാസ്തവം അതില്‍ ഇല്ലാതിരുന്നില്ല. പക്ഷേ, അന്നത്തെ ആ ലഹരിയുടെ പ്രധാന രഹസ്യം കടമ്മനിട്ട കവിത തരുന്ന ആവേശം തന്നെയായിരുന്നു.
എന്റെ സഹപാഠിയായിരുന്ന മനോജിന്റെ (തൃശ്ശൂരിലെ ‘ജ്വാല’, ‘ബെസ്റ്റ്’ തുടങ്ങിയ പ്രസാധസ്ഥാപനങ്ങള് വഴി സച്ചിദാന്ദന് തുടങ്ങി നിരവധി എഴുത്തുകാര്‍ക്ക് തുടക്കം കൊടുത്ത, പരേതനായ പി.കെ.എ. റഹീമിന്റെ മകന്)വീട്ടില്‍ കടമ്മനിട്ട സ്ഥിരസന്ദര്‍ശകനായിരുന്നു. അവന്റെ ബാല്യകാലത്തുള്ള അദ്ദേഹത്തിന്റെ പതിവു സന്ദര്‍ശനങ്ങളെക്കുറിച്ച് മനോജ് പറഞ്ഞു കേട്ടിട്ടുണ്ട്. അവന്റെ വാപ്പ കഴിഞ്ഞ വര്‍ഷം മരിക്കുന്നതിന് 2 ദിവസം മുമ്പ്, തീരെ വയ്യാതിരുന്നെങ്കിലും കടമ്മനിട്ട സന്ദര്ശിക്കാനെത്തിയത്രെ. അവന്റെ വാപ്പക്ക് പ്രിയപ്പെട്ട ‘പുരുഷസൂക്തം’ ചൊല്ലി കടമ്മനിട്ടയെ കേള്‍പ്പിക്കുമായിരുന്നു. ജ്യോതിഷ വിദ്വാനായതും മക്കളെ സന്തോഷിപ്പിക്കാന്‍ മദ്യം തൊടാതെ ആയതുമൊക്കെ അവന് തന്നെ പറഞ്ഞാണ് കേട്ടിട്ടുള്ളത്. അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം മാത്രം നടന്നില്ല. ശ്രമിച്ചെങ്കില്‍ മനോജ് വഴി നടക്കുമായിരുന്നു.
അദ്ദേഹത്തിന്റെ ചില വരികള്‍ ഇവിടെ എടുത്തെഴുതിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ:
ഒരു കുടം താറുണ്ട്, ഒരു കുറ്റിച്ചൂലുണ്ട്
പെരുവാ നിറയെത്തെറിയുമുണ്ട്
തലയില്‍ ചിരങ്ങുണ്ട്, കാലില്‍ വൃണമുണ്ട്
തൊലിയാകെച്ചൊറിയുവാന് ചുണലുമുണ്ട്
ഉലകിന്റെ ഉമ്മറത്തെത്തി ഞാന്‍ നില്ക്കവേ
പുലയാട്ടി നില്ക്കുന്നോ, പോക്രികളേ?
(താറും കുറ്റിച്ചൂലും)
താളം തുള്ളുന്ന കുഞ്ഞിനും തെറ്റി
താളം, അമ്മതന്‍ ഗദ്ഗദം കാണ്‍കെ
...
നാളെ നിന്നെ കൊത്തിമാറ്റുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും
നിന്റെ ജീവിതം നിന് കാര്യം മാത്രം
എന്റെ കര്‍മം ഞാന്‍...
കൊക്കൊക്കൊക്കൊക്കൊ
(കോഴി)
നെല്ലിന് തണ്ടു മണക്കും വഴികള്‍
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
എണ്ണം തെറ്റിയ ഓര്‍മകള്‍ വീണ്ടും
കുന്നിന് ചരിവില്‍ മാവിങ്കൊമ്പില്‍
ഉണ്ണികളായി ഉറങ്ങിയെണീക്കെ,
...
(കടമ്മനിട്ട)
കള്ളു നിറച്ച കുടങ്ങള്‍ തുളുമ്പും
കള്ളീ, നിന്നുടെ മാറില്‍
മതിയില്ലാതെ കിടക്കും ഞാനാ
നുരയും ലഹരിയില്‍ മൂടി
ചുകചുകയെന്നുടെ നാവു ചുഴറ്റി-
ച്ചുണ്ടു വലിച്ചു കുടിക്കും
ചുംബനമേറ്റു വലിഞ്ഞ ഞരമ്പില്‍
തീപ്പന്തങ്ങള്‍ കുരുക്കും
(കാട്ടാളന്)
ഈറ്റപ്പുലി നോറ്റുകിടക്കും
ഈറന്‍ കണ്ണു തുറന്നും
കരിമൂര്ഖന് വാലില്‍ കിളരും
പുരികം പാതി വളച്ചും
നീറായ വനത്തിന് നടുവില്‍
നില്പൂ കാട്ടാളന്...
നെഞത്തൊരു പന്തം കുത്തി
നില്പൂ കാട്ടാളന്...
(കിരാതവൃത്തം)
അങ്ങേലെ മൂപ്പീന്ന് ചത്തോടീ?
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാന്‍ വന്നവന്ന്
കാപ്പിയും കാശും കൊടുത്തോടീ?
(ചാക്കാല)
മടുപ്പിന്റെ തടവറയില്‍നിന്നും
വിദ്വേഷകലുഷിതമായ ഇടനാഴികളില്‍നിന്നും
വാക്കുകളുടെയും നോട്ടത്തിന്റെയും വസൂരിയില്‍ നിന്നും
കണ്ണാടികളുടെ വ്യാമോഹങ്ങളില്‍ നിന്നും
നാഴികമണിയുടെ ഭീഷണിയില്‍ നിന്നും
തസ്തികയുടെ തരംതിരുവുകളില്‍ നിന്നും
അക്ഷരങ്ങളുടെയും അക്കത്തിന്റെയും
ബലാത്സംഗത്തില്‍ നിന്നും
ഒരു നിമിഷം മോഷ്ടിച്ചെടുത്ത് മോചനം കാംക്ഷിച്ചു
ഞാന്‍ നിന്റെയടുത്തെത്തിയിരിക്കുകയാണ്.
നീയെന്താണ് ഇങ്ങനെ നിര്വികാരയായിരിക്കുന്നത്?
...
ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരത നീ ഭഞ്ജിക്കുക.
(ശാന്ത)
അരങ്ങത്ത് മുന്‍നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്ക്കുനേരെ
വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നൊ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
...
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ.
(കുറത്തി)
ഞാനെന്റെ കൊച്ചുമുറിയിലേക്ക് പൊകുമ്പോള് ആഗ്രഹിച്ചു:
‘എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും.
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും.’
എങ്കിലും ഞാന്‍ ഭയന്നു:
കാവല്ക്കാരന് ഒടുവില്‍ അവരുടെ തോളിലും
തൊട്ടികൊണ്ടു പറയുമല്ലോ- ‘സമയമായി’.
(കണ്ണൂര്‍ക്കോട്ട)
Tuesday, April 01, 2008
Subscribe to:
Post Comments (Atom)
4 comments:
ശാന്ത, കുറത്തി, കാട്ടാളന് എല്ലാം ഊര്‍ജ്ജമുള്ള കവിതകളായിരുന്നു. ഒരു പക്ഷെ അടിയന്തിരാവസ്ഥക്കാലത്തും, അതിനുശേഷമുള്ള കാലത്തെയും സാംസ്കാരിക രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്നായും കടമ്മനിട്ടയുടെ കവിതകളെ കണക്കാക്കാമെന്നു തോന്നുന്നു.
ഓര്‍മ്മകള്‍ പങ്ക് വെച്ചതിന് നന്ദി :)
കടമ്മനിട്ടക്കവിത വായിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല... എന്നാലും ഈ കുറിപ്പ് വഴി ആ കവിയെപ്പറ്റിയും കവിതകളെപ്പറ്റിയും അറിയാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
"നിങ്ങള്‍ ഭരണമായ് .. പണ്ടാറമായ് "എന്ന് എഴുതേണ്ടിവരികയും കക്ഷിരാഷ്ട്രീയത്തിന്റെ കെണിയില്‍ പെട്ടു് അതാവേണ്ടിവരികയും ചെയ്തതാവാം കടമ്മനിട്ടയുടെ ഏറ്റവും വലിയ പരാജയം
Post a Comment