ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സെപ്റ്റംബര്‍ 11 ആക്രമണം നടന്നിട്ട് 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഒരിക്കല്‍ അജയ്യമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ ശക്തിയുടെ പരിമിതികള്‍ ലോകം നേരിട്ടറിഞ്ഞത് അതുവഴിയാണ്. സോവിയറ്റ് കമ്യൂണിസത്തെ തളക്കാന്‍ അമേരിക്ക വളര്‍ത്തിയ; അമേരിക്കന്‍ പെട്രോ-ഡോളര്‍ കുടിച്ച് കൊഴുത്ത ഇസ്ലാമിക ഭീകരവാദം, ഒബാമയുടെ പണ്ടത്തെ പാസ്റ്റര്‍ ജറമയ്യ റൈറ്റ് പണ്ട് പറഞ്ഞതുപോലെ, മുട്ടയിടാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോഴിക്കൂട് കാക്കേണ്ടിയിരുന്നയാള്‍ കഥയൊന്നുമറിയാതെ ഫ്ലോറിഡയിലെ ഒരു സ്കൂളിലിരുന്ന് ബാലസാഹിത്യം വായിക്കുകയായിരുന്നു.
അമേരിക്കയുടെ അഭ്യന്തര ദൌര്‍ബല്യം അതിന്റെ ശത്രുക്കള്‍ ഒരു പക്ഷേ ആദ്യം മനസ്സിലാക്കിയത് ജോര്‍ജ്ജ് ബുഷിന്റെ 2000-ലെ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അന്ന് അമേരിക്കക്കാര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തതിലല്ല പ്രശ്നം; അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റായി അവരോധിക്കാന്‍ സുപ്രീംകോടതി അടക്കമുള്ള നിഷ്പക്ഷത പാലിക്കേണ്ടിയിരുന്ന ഏജന്‍സികള്‍ കാണിച്ച വ്യഗ്രതയാണ് അന്ന് സംശയജനകമായിരുന്നത്. സെപ്തംബര്‍ 11-ന് ശേഷം ലോകജനത ഒന്നടങ്കം അമേരിക്കയോട് കാണിച്ച അനുഭാവവും പ്രാകൃതരായ താലിബാന്റെ മേല്‍ അമേരിക്ക നേടിയ സൈനികവിജയത്തിന്റെ തിളക്കവും ഇറാക്ക് അധിനിവേശത്തിലൂടെ അവര്‍ കളഞ്ഞുകുളിച്ചു. രാജ്യരക്ഷയുടെ മറവില്‍ ബുഷ് നോക്കിയത് സ്വന്തക്കാര്‍ക്ക് ആ രാജ്യത്തിലെ എണ്ണയുടെ നിയന്ത്രണം ഏല്പിച്ചുകൊടുക്കാനായിരുന്നു.
2004-ലെ തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോഴേക്കും ഇറാക്കില്‍ അമേരിക്കയുടെ ഇടപെടല്‍ തെറ്റായിരുന്നെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ, വിയറ്റ്നാമില്‍ പോകാതെ തടിതപ്പിയ ബുഷും ചെയ്നിയും, ഒരു യഥാര്‍ഥ വിയറ്റ്നാം യുദ്ധവീരനായ ജോണ്‍ കെറിയെ, അദ്ദേഹത്തിന്റെ യുദ്ധകാലനേട്ടങ്ങളെ തന്നെ ചോദ്യം ചെയ്ത്, വീണ്ടും ജയിച്ചു കയറി.
നുണപ്രചരണങ്ങള്‍ ഇത്ര എളുപ്പത്തില്‍ അമേരിക്കക്കാര്‍ വിശ്വസിക്കാന്‍ എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ, കാള്‍ റോവിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ വളരെ വിജയകരമായി നടത്തിയ ഒന്നാണ് നുണപ്രചരണങ്ങളും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കലും. മക്കെയിന്‍ തന്നെ 2000-ല്‍ അതിന്റെ ഇരയായിരുന്നു: ബുഷ് ന്യൂ ഹാംപ്‌ഷയറില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി തോറ്റപ്പോള്‍ സൌത്ത് കാരളൈന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ വേണ്ടി മക്കെയിന്റെ ബംഗ്ലാദേശുകാരിയായ ദത്തുപുത്രി അദ്ദേഹത്തിന് ഒരു അവിഹിതബന്ധത്തില്‍ ഉണ്ടായതാണ് എന്ന നുണ പറഞ്ഞുപരത്തി അദ്ദേഹത്തെ മലര്‍ത്തിയടിച്ചു.
കാള്‍ റോവ് ഇന്ന് സജീവമായി പ്രചരണത്തിന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് മക്കെയിന്റെ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കറതീര്‍ന്ന കൃസ്ത്യന്‍ യാഥാസ്ഥികയായ സാറാ പേലിന്റെ സ്ഥാനാര്‍ഥിത്വം അടക്കമുള്ള കാര്യങ്ങള്‍ അവരാണ് നിശ്ചയിച്ചത്. സാറാ പേലിന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും അര്‍ദ്ധസത്യങ്ങള്‍ ആയിരുന്നു. അതിന്നു ശേഷം അവര്‍ ഒബാമയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മിക്കവാറും എല്ലാം തന്നെ സത്യവിരുദ്ധമായിരുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ അതെല്ലാം കേട്ട് രസിച്ച് മക്കെയിന്‍-പേലിന്‍ ടിക്കറ്റിലേക്ക് മാറുന്നുമുണ്ട്. ഡമോക്രാറ്റുകളും വിട്ടുകൊടുക്കുന്നില്ല. പോളുകളില്‍ മുന്‍തൂക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അവരും പ്രത്യാക്രമണം നടത്തുന്നുണ്ട്. പക്ഷേ, അവര്‍ ഇപ്പോള്‍ പ്രധാനമായും പ്രതിരോധത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ 8 കൊല്ലം ഭരിച്ച് നാട് മുടിച്ചിട്ടും ഇത്തരമൊരു അവസ്ഥയില്‍ ഡമോക്രാറ്റുകള്‍ വന്നെത്തിയതില്‍ എനിക്ക് അത്ര അത്ഭുതം തോന്നുന്നില്ല. നല്ലൊരുപങ്ക് അമേരിക്കക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു റിയാലിറ്റി എന്റര്‍റ്റെയിന്മെന്റ് ഷോ മാത്രമാണ്. രാജ്യത്തിന് വന്നുചേര്‍ന്നിരിക്കുന്ന വിപത്തുകള്‍ ഒന്നും തന്നെ ഈ ക്യാംമ്പയിനില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. അത്തരം ഗൌരവമായ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പോകാതെ നോക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്ക് നല്ല വശമാണ്. എല്ലാ ദിവസവും എന്തെങ്കിലും ബാലിശമായ വിഷയങ്ങള്‍ പൊക്കിക്കൊണ്ടുവന്ന് വോട്ടര്‍മാരെയും മാധ്യമങ്ങളെയും അതില്‍ ആകൃഷ്ടരാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.
ഒബാമയുടെ ഒരു പരാമര്‍ശം, അത്തരമൊരു വിവാദം റിപ്പബ്ലിക്കന്മാര്‍ക്ക് തുടങ്ങിവയ്ക്കാനും, സെപ്തംബര്‍ 11-ന്റെ തലേദിവസം മുഴുവന്‍ അതിന്നുവേണ്ടി ഉഴിഞ്ഞുവയ്ക്കാനും അമേരിക്കയ്ക്കു കഴിഞ്ഞു. നല്ല പോക്ക് അമേരിക്ക! കണ്‍വെന്‍ഷന്‍ പ്രസംഗത്തിനിടയില്‍ താന്‍ ലിപ്‌സ്റ്റിക്കിട്ട ബുള്‍ ഡോഗാണെന്ന ഒരു പരാമര്‍ശം സാറാ പേലിന്‍ നടത്തിയിരുന്നു. മക്കെയിന്റെ നയങ്ങളെപ്പറ്റി പറയുന്നതിനിടയില്‍, അവ എത്ര റീപാക്കേജ് ചെയ്താലും പന്നി ലിപ്‌സ്റ്റിക്കിട്ടാലും പന്നി തന്നെ ആയിരിക്കുന്നതുപോലെയാണ് ആ നയങ്ങള്‍ എന്ന ഒരു പ്രയോഗം ഒബാമ നടത്തി. (ഇതൊരു അമേരിക്കന്‍ ശൈലി മാത്രമാണ്; പക്ഷേ, ഒബാമ സാറാ പേലിനെ ഉന്നമിട്ടിരിക്കാം.) മക്കെയിന്‍ ക്യാംമ്പയിന്‍ ഉടനെ തന്നെ ഒബാമ സാറാ പേലിനെ പന്നിയെന്ന് വിളിച്ചു എന്ന് പറഞ്ഞ് അലമുറയിടാന്‍ തുടങ്ങി; മാധ്യമങ്ങള്‍ അത് ഏറ്റുപാടാനും.
പൊതുവേ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവം ഇപ്പോള്‍ അങ്ങനെയാണ്. റിപ്പബ്ലിക്കന്മാര്‍ നേരിട്ടും ഡമോക്രാറ്റുകള്‍ ഒളിഞ്ഞും പരസ്പരം ചെളിവാരി എറിയുക; ആ മത്സരത്തില്‍ മുന്നേറുന്നവര്‍ക്ക് ജനപിന്തുണ കിട്ടുക. നാലുകൊല്ലത്തിലൊരിക്കല്‍ അമേരിക്കക്കാര്‍ക്ക് കിട്ടുന്ന ഈ ‘രാഷ്ടീയ ഒളിമ്പിക്സില്‍‘ ജയിക്കുന്നത് കഴിഞ്ഞ 2 തവണയായി റിപ്പബ്ലിക്കന്മാരാണെങ്കിലും തോല്‍ക്കുന്നത് തങ്ങളാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയാതെ പോകുന്നു. യൂറോപ്പ് പ്രപഞ്ചത്തിന്റെ അതിനിഗൂഢമായ രഹസ്യങ്ങള്‍ തേടി പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍; ചൈന ഒളിമ്പിക്സ് വിജയകരമായി നടത്തി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍; ഇന്ത്യ ആണവകരാറില്‍ ഏര്‍പ്പെട്ട് അറബി ഓയിലിന്റെ കരാളഹസ്തത്തില്‍ നിന്ന് രാജ്യത്തെ പാവപ്പെട്ടവനെ രക്ഷിക്കാന്‍ മുതിരുമ്പോള്‍; റഷ്യന്‍ ടാങ്കുകള്‍ മറ്റൊരു സാമ്രാജ്യനിര്‍മ്മാണത്തിന് ഒരുങ്ങി അതിര്‍ത്തികടക്കുമ്പോള്‍ അമേരിക്കക്കാരന്‍ അതൊന്നുമറിയാതെ സാറാ പേലിന്‍ പന്നിയാണോ, അതോ പന്നിയുടെ ചുണ്ടിലെ ലിപ്സിറ്റിക്കാണോ എന്ന “അതിസങ്കീര്‍ണ്ണമായ” പ്രശ്നത്തിന്റെ ഉത്തരം തേടി ചാനലുകളും ബ്ലോഗുകളും പരതി നടക്കുകയാണ്. കളിയും കാര്യവും തിരിച്ചറിയാത്ത ഒരവസ്ഥയില്‍ റോമാ സാമ്രാജ്യം എത്തിയപ്പോള്‍ പ്രാകൃതരെന്നു കരുതിയിരുന്ന ഹൂണന്മാര്‍ അതിന്നെ ഉന്മൂലനം ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചരിത്രത്തില്‍ എന്നും ആവര്‍ത്തിച്ചിട്ടുണ്ട്.
7 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറെ സാംസ്ക്കാരികപ്രാകൃതരുടെ ആക്രമണത്തില്‍ ഉലഞ്ഞ്, അധ:പതനത്തിലേക്ക് കൂപ്പുകുത്തിയ അമേരിക്ക എന്ന മഹാആശയത്തിന്റെ ഗതിയും ആ വഴിക്കാണോ? അത്തരമൊരു ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കാണുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല.
പോളുകളില്‍ നേരിയ മുന്തൂക്കം ഇപ്പോള്‍ മക്കെയിന്‍-പാലിന്‍ ടിക്കറ്റിനാണ്. പക്ഷേ, ഇലക്ടറല്‍ കോളജിലുള്ള ലീഡ് (എന്റെ കണക്കു പ്രകാരം) ഒബാമ നിലനിര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ മക്കെയിന്‍-പേലിന്‍ തരംഗമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഒബാമയ്ക്ക് ഇവരുടെ ഈ തരംഗത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൈവിട്ടു പോയേക്കാന്‍ വഴിയുണ്ട്. കാരണം എപ്പോഴും ഡമോക്രാറ്റുകളുടെ കൂടെ നിന്നിട്ടുള്ള വെള്ളസ്ത്രീകള്‍, അവരുടെ താല്പര്യങ്ങള്‍ക്ക് പൊതുവേ എതിരെ നില്‍ക്കുന്ന, മക്കെയിന്‍ പക്ഷത്തേക്ക് കൂട്ടമായി ഒഴുകുന്നതായിട്ടാണ് പോളുകള്‍ കാണിക്കുന്നത്.
ഒബാമയുടെ Change എന്ന സന്ദേശം വളരെ ഫലപ്രദമായി മക്കെയിന്‍-പേലിന്‍ ടിക്കറ്റ് തട്ടിയെടുത്തതാണ് മറ്റൊരു സംഭവവികാസം. ബുഷിനെ ചിത്രത്തില്‍ നിന്ന് പാടേ മാറ്റിനിര്‍ത്തുക വഴി അവര്‍ക്കും Change-ന്റെ ആള്‍ക്കാരാണെന്ന് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രസംഗങ്ങളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്മാര്‍ ബുഷിനെ “പ്രസിഡന്റ്” എന്നേ പറയൂ; സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വില അത്രയായി കുറഞ്ഞിരിക്കുന്നു. പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നേരിട്ട് വരാതെ സാറ്റലൈറ്റ് വഴി ബന്ധപ്പെട്ട് നേര്‍ച്ച കഴിച്ചതിനെപ്പറ്റി ഞാന്‍ നേരത്തേ എഴുതിയിരുന്നല്ലോ.
ബി.ബി.സി. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നടത്തിയ ഒരു പോളില്‍ ഒബാമ ജയിച്ചുകാണാനാണ് ലോകം പൊതുവേ ആഗ്രഹിക്കുന്നത് എന്ന് കാണുന്നു. വാര്‍ത്ത ഇവിടെ. എമറി യൂണിവേഴ്‌സിറ്റിയിലെ അലന്‍ അബ്രാമോവിറ്റ്സ് 1988 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അദ്ദേഹം ഇത്തവണ ഒബാമ വിജയമാണ് പ്രവചിക്കുന്നത്; ഒബാമയുടെ തൊലിനിറം അതില്‍ കണക്കിലെടുത്തിട്ടുണ്ടോ എന്ന് അറിയില്ല. വാര്‍ത്ത ഇവിടെ.
Subscribe to:
Post Comments (Atom)
5 comments:
സെപ്തംബര്‍ 11 വാര്‍ഷികവും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോക്കും.
നല്ല ലേഖനം ...പക്ഷെ ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു sep 11ലെ ആക്രമണം അമേരിക്ക തന്നെ പ്ലാന്‍ ചെയ്തതാണെന്നു.പല രാജ്യങ്ങളിലേക്കുമുള്ള താക്കോല്‍ ആയിരുന്നു ആ ആക്രമണം
നല്ല നിരീക്ഷണം. ഓബാമ ജയിച്ചുകാണാന്‍ അതിയായി ആഗ്രഹിക്കുന്നു. അമേരിക്കയില്‍ ‘നിറം’ ഒരു ഇഷ്യു ആണു...
ഈ പോസ്റ്റ് ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “കേരള എക്സ്‌പ്രസി”ല്‍ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 26 ലക്കം; XVI No.39.
ഈ പോസ്റ്റില്‍ റോമാ സാമ്രാജ്യവുമായി അമേരിക്കയെ ഉപമിച്ചതിന്ന് സമാനമായ ഒരു നിരീക്ഷണം “ന്യൂ യോര്‍ക്ക് ടൈംസ്” കോളമിസ്റ്റ് മൌറീന്‍ ഡൌഡ് ഇവിടെ നടത്തുന്നു. റോമിന്റെ ഭാഷയായിരുന്ന ലത്തീനിലാണ് കോളത്തിന്റെ ഒരു ഭാഗം!
Post a Comment