Monday, September 22, 2008

പെയ്‌ലിന്റെ പ്രഭ പൊലിയുന്നു; ഒബാമയ്ക്ക് പോളുകളില്‍ മുന്നേറ്റം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നത്തെ CNN-ന്റെ “പോളുകളുടെ പോള്‍” (പോളുകളുടെ ഒരു തരം അഗ്രിഗേറ്റര്‍) പ്രകാരം ദേശീയതലത്തില്‍ ഒബാമ 5 പോയന്റുകള്‍ക്ക് (49-44%) മുന്നിലെത്തി. സെയ്‌റാ പെയ്‌ലിന്‍ തരംഗമടിച്ച് കുറച്ച് പിന്നില്‍ പോയശേഷം ഒബാമയ്ക്ക് ഇത്രയും മുന്നേറാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല. ഇങ്ങനെ മുന്നിലെത്താന്‍ ഒബാമയെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്: പ്രധാനമായി അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ വന്‍‌തകര്‍ച്ച; പിന്നെ സെയ്‌റാ പെയ്‌ലിന്‍ തരംഗം ഒരുവിധം കെട്ടടങ്ങിയത്.

കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തികരംഗത്തെ കുഴപ്പങ്ങള്‍, സെയ്‌റാ പെയ്‌ലിന്റെ രംഗപ്രവേശം വഴി വെറും “പോപ്പുലാ‍രിറ്റി കോണ്ടസ്റ്റാ“യി തരംതാഴുകയായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു വേദിയാക്കി വീണ്ടും മാറ്റാന്‍ സഹായിച്ചു. സമ്പദ്‌രംഗം കൈകാര്യം ചെയ്യാന്‍ മക്കെയിനെക്കാള്‍ കഴിവ് ഒബാമയ്ക്കുണ്ടെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്. സാമ്പത്തികതകര്‍ച്ചയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് വൈറ്റ്‌ഹൌസിലേക്കുള്ള വഴി എളുപ്പമാകും.

സെയ്‌റാ പെയ്‌ലിന്‍ റിപ്പബ്ലിക്കന്‍മാരെ ഊര്‍ജ്ജസ്വലരാക്കി എന്നത് ശരിയാണ്; മക്കെയിന്‍ പോളുകളില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുന്നേറിയത് ആ വര്‍ദ്ധിച്ച പിന്തുണകൊണ്ടാണ്. പക്ഷേ, മടിച്ചുനിന്ന ഡമോക്രാറ്റുകള്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാനും അത് കാരണമായി. പലയിടത്തും 90%-ല്‍ അധികം പാര്‍ട്ടിക്കാരുടെ പിന്തുണ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്നുണ്ട്. മാധ്യമങ്ങള്‍ സെയ്‌റാ പെയ്‌ലിന്റെ ഓരോ നുണകളും ഇടപാടുകളും പുറത്തുകൊണ്ടുവരുമ്പോള്‍ പൊതുവേ അവര്‍ മക്കെയിന് ബാധ്യത ആവുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍ ഒബാമയുടെ തൊലിനിറം പ്രശ്നമാകുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി,യാഹൂ ന്യൂസ്, അസോഷിയേറ്റഡ് പ്രസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കറുത്തവനായതുകൊണ്ട് ഏകദേശം 6% വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമത്രേ. മത്സരം വളരെ അടുത്തതാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മത്സരത്തിന്റെ ഗതി നിയന്ത്രിച്ചേക്കാമത്രേ. പക്ഷേ, ചെറുപ്പക്കാരുടെയും കറുത്തവരുടെയും വര്‍ദ്ധിച്ച പിന്തുണ ഒബാമയ്ക്കുള്ളത് ഈ നഷ്ടത്തെ എത്ര കണ്ട് പരിഹരിക്കുമെന്ന് അറിയില്ല.

വിദേശകാര്യത്തില്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നത് ഇപ്പോഴും മക്കെയിനെ ആണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇറാക്കിലോ പാക്കിസ്ഥാനിലോ മറ്റോ പ്രശ്നങ്ങള്‍ തലപൊക്കി അത് മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്ത ആയാല്‍ മക്കെയിന് അതില്‍ നിന്ന് എളുപ്പത്തില്‍ മുതലെടുക്കാന്‍ പറ്റും.

ഒബാമ 5 പോയന്റുകള്‍ക്ക് ഇപ്പോള്‍ ദേശീയതലത്തില്‍ മുന്നിലാണെങ്കിലും മത്സരങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് സംസ്ഥാനതലത്തിലാണെന്ന് അറിയാമല്ലോ. ഇലക്ടറല്‍ കോളജിലെ എന്റെ പഴയ കണക്കുകൂട്ടലുകള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും വ്യത്യാസം വന്നോ എന്നു നോക്കാം ഇനി.

ആകെയുള്ള ഇലക്ടറന്മാര്‍ - 538
ജയിക്കാന്‍ വേണ്ട ഇലക്ടറന്മാര്‍ - 270

ഡമോക്രാറ്റുകള്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 238
റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), ന്യൂ മെക്സിക്കോ(5), നെവാഡ(5), വിര്‍ജീനിയ(13), നോര്‍ത്ത് കാരളൈന(15), പെന്‍‌സില്‍‌വേനിയ(21)

ചുരുക്കത്തില്‍ ഈ 9 സംസ്ഥാനങ്ങളിലേ യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നുള്ളൂ. ഇവയില്‍ തന്നെ ഇന്‍‌ഡ്യാന, വിര്‍‌ജീനിയ, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങള്‍ പൊതുവേ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. ഫ്ലോറിഡയിലും മക്കെയിന്‍ മുന്നേറുന്നുണ്ടെന്ന് പോളുകള്‍ കാണിക്കുന്നു. അവിടെയെല്ലാം മക്കെയിന്‍ ജയിക്കുമെന്ന് കരുതുകയാണെങ്കില്‍ മക്കെയിന് ആകെ 240 ഇലക്ടറന്മാര്‍ ആകും. ബാക്കിയുള്ളത് ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, പെന്‍‌സില്‍വേനിയ എന്നീ സംസ്ഥാനങ്ങള്‍ ആണ്. തല്‍ക്കാലം പെന്‍‌സില്‍‌വേനിയയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഒബാമയാണ്; അവിടത്തെ ഇലക്‍ടറന്മാരെക്കൂടി ചേര്‍ത്താല്‍ അദ്ദേഹത്തിന് 259 പേര്‍ ആയി.

ഇപ്പോള്‍ ഒഹായോ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് മക്കെയിനാണ് മുമ്പില്‍. അവിടെയൊക്കെ ലീഡ് നിലനിര്‍ത്തുകയാണെങ്കില്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കും. ഒഹായോയില്‍ ഒബാമയ്ക്ക് കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ കൊളറാഡോ നേടിയേ തീരൂ; പിന്നെ ന്യൂ മെക്സിക്കോയോ നെവാഡയോ. ന്യൂ മെക്സിക്കോയിലും നെവാഡയിലും മാത്രം ഒബാമ ജയിക്കുകയാണെങ്കില്‍ മത്സരം തുല്യനിലയില്‍ ആകും. അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ കോണ്‍‌ഗ്രസാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കാര്യങ്ങള്‍ അത്രത്തോളം നീളില്ല എന്ന് നമുക്ക് ആശിക്കാം.

ഇനി വരുന്ന ആഴ്ചകളില്‍ നോക്കിയിരിക്കേണ്ട പോളുകളിലെ വ്യത്യാസങ്ങള്‍‍: ഫ്ലോറിഡയിലോ ഒഹായോയിലോ ഒബാമ മുന്നേറുകയാണെങ്കില്‍ പിന്നെ മക്കെയിന്റെ പൊതുതിരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് വളരെ മങ്ങലേല്‍ക്കും. അതുപോലെ ഒബാമ പെന്‍‌സില്‍‌വേനിയയിലും കൊളറാഡോയിലും എത്രത്തോളം മുന്നേറും എന്നും നിരീക്ഷിക്കേണ്ടതുണ്ട്. ദേശീയതലത്തിലുള്ള പോളുകള്‍ക്ക് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല; അത്തരം പോളുകളില്‍ മുന്നേറുന്ന സ്ഥാനാര്‍ഥി ഭൂരിപക്ഷം വോട്ടുകള്‍ നേടിയേക്കുമെങ്കിലും.

ഈ വരുന്ന വെള്ളിയാഴ്ചയാണ്, മക്കെയിനും ഒബാമയും തമ്മിലുള്ള ഡിബേറ്റുകളിലെ ആദ്യത്തേത്, മിസിസിപ്പിയിലെ ഓക്സ്‌ഫോര്‍ഡില്‍ വച്ച് നടക്കാന്‍ പോകുന്നത്. ഇതുവരെ പരസ്യങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മാത്രം സംവദിച്ചിരുന്നവര്‍ നേരെ ഏറ്റുമുട്ടുമ്പോള്‍ കാണികള്‍ക്ക് അത് രസകരമായിരിക്കുമെന്ന് തീര്‍ച്ചയാണ്.

7 comments:

Anonymous said...

A prediction for November: Obama would lose narrowly. The decisive factor would be women and angry Hillary supporters (Men and women) and Democrat Whites who would not vote for him because of his color.

t.k. formerly known as thomman said...

അനോനി - ചെറിയ വ്യത്യാസത്തിന് ഒബാമ തോറ്റേക്കാം. മത്സരം എന്തായാലും വളരെ കടുത്തതാണ്; ആര്‍ക്കും വന്‍‌ഭൂരിപക്ഷം കിട്ടുമെന്ന് തോന്നുന്നില്ല. ഹിലരിയുടെ അനുയായികളെക്കാള്‍ (അവര്‍ മിക്കവാറും പെയ്‌ലിന്റെ വരവോടെ ഒബാമയ്ക്ക് പിന്തുണ കൊടുക്കുന്നതായാണ് കാണുന്നത്.) വെള്ള ഡമോക്രാറ്റുകളാണ് ഒബാമയുടെ പ്രശ്നം. ഹിലരിയെപ്പോലെയുള്ള ഒരു വെള്ള സ്ഥാനാര്‍ഥിക്ക് പാട്ടും‌പാടി ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.

t.k. formerly known as thomman said...

ഇന്ന് പുറത്തുവന്ന ഒരു യാഹൂ ന്യൂസ് - അസോഷിയേറ്റഡ് പ്രസ് പോളിന്റെ ഫലമനുസരിച്ച് ഹിലരിയുടെ അനുയായികളില്‍ വെറും 58% പേരെ ഒബാമയെ പിന്തുണക്കുന്നുള്ളൂവത്രേ. നേരെത്തേ അനോനി ചൂണ്ടിക്കാണിച്ചത് ശരി തന്നെ. പൊതുവേ നിരീക്ഷകര്‍ കരുതിയിരുന്നത് ഹിലരിയുടെ ആള്‍ക്കാര്‍ തിരഞ്ഞെടുപ്പിനോടടുത്ത് ഒബാമയുടെ പക്ഷത്തേക്ക് വരും എന്നാണ്.

ഒബാമയ്ക്ക് ആശാവഹമായിട്ടുള്ള ഒരു പോള്‍ ഇന്ന് ഫലം പുറത്തുവന്ന ക്വിന്നിപിയാ‍ക്ക് യൂണിവേഴ്സ്സിറ്റിയുടെയാണ്. അതില്‍ കൊളറാഡോ, മിഷിഗണ്‍, മിന്യസോട്ട, വിസ്ക്കോന്‍‌സിന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മുന്നിലാണ്. അവസാനത്തെ 3 സംസ്ഥാനങ്ങളില്‍ അദ്ദേഹം ജയിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. പക്ഷേ, കൊളറാഡോയും അദ്ദേഹത്തിന് പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതാണല്ലോ. പ്രത്യേകിച്ചും ഒഹായോയിലും ഫ്ലോറിഡയിലും അദ്ദേഹത്തിന്റെ നില അത്ര ശക്തമല്ലാത്തതുകൊണ്ട്.

രാസ്‌മ്യൂസന്‍ റിപ്പോര്‍ട്ട് പ്രകാരം ഒഹായോയിലും ഫ്ലോറിഡയിലും മക്കെയിനാണ് നേരിയ മുന്‍‌തൂക്കം. ആ സംസ്ഥാനങ്ങളിലൊന്നില്‍ ഒബാമയ്ക്ക് മുന്നേറാനായാല്‍ അദ്ദേഹത്തിന്റെ നില ശക്തമാകും.

t.k. formerly known as thomman said...

റിപ്പബ്ലിക്കന്‍ ചാണക്യന്‍ കാള്‍ റോവിന്റെ ഈ ബ്ലോഗ് കൊള്ളാമെന്നു തോന്നി. നിഷ്പക്ഷമായി അഭിപ്രായം പറയുന്നതുപോലെ തോന്നുന്നു; അതോ റിപ്പബ്ലിക്കന്‍ സന്ദേശത്തെ ഒന്നു മയപ്പെടുത്തി വിടുന്നതോ എന്ന് അറിയില്ല. എന്തായാലും ഈ ഇലക്ടറല്‍ കോളജ് മാപ്പ് മികച്ചതുതന്നെ.

t.k. formerly known as thomman said...

വാഷിംഗ്‌ടണ്‍ പോസ്റ്റ്/ABC News പോള്‍ പ്രകാരം ദേശീയതലത്തില്‍ ഒബാമ വന്‍‌മുന്നേറ്റം നടത്തി; 52-43%. വാള്‍ സ്ട്രീറ്റിലെ പ്രശ്നങ്ങള്‍ കണ്ട് സ്വതന്ത്രന്മാര്‍ ഒന്നടങ്ങം മക്കെയിനെ കൈവിട്ടതാണ് ഒബാമയ്ക്ക് തുണയായത്. പൊതുവേ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒബാമയെ ആണ് വോട്ടര്‍മാര്‍ കൂടുതല്‍ വിശ്വസിക്കുന്നത്.

Anonymous said...

The current economic crisis is helpful to Obama. He might pull this off. You are right. It would have been a cakewalk for Hillary or for any other Democrat this year. I wonder if it would come down to FL and OH again?

t.k. formerly known as thomman said...

അനോനി,
മക്കെയിന് മത്സരത്തില്‍ പിടിച്ചുനില്‍‌ക്കണമെങ്കില്‍ ഒഹായോയും ഫ്ലോറിഡയും ജയിക്കണം. അവിടെ എവിടെയെങ്കിലും ഒബാമയ്ക്ക് വ്യക്തമായ ലീഡ് പിടിക്കാനായാല്‍ പിന്നെ മക്കെയിന് ഒന്നും ചെയ്യാനാകില്ല. പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ ശക്തിദുര്‍ഗ്ഗങ്ങള്‍ ആയിരുന്ന നോര്‍ത്ത് കാരളൈനയിലും വിര്‍ജീനിയയിലും ഒബാമ മുന്നേറുമ്പോള്‍.

ഒഹായോയിലും ഫ്ലോറിഡയിലും ജയിച്ചില്ലെങ്കിലും ഒബാമയ്ക്ക് സാധ്യതയുണ്ട്. കൊളറാഡോയും പെന്‍സില്‍‌വേനിയയും ജയിക്കണമെന്നു മാത്രം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമാണ്.

സാമ്പത്തികകാര്യങ്ങളില്‍ മക്കെയിനിലുള്ള വിശ്വാസക്കുറവു കാരണം ഫ്ലോറിഡയിലെ വൃദ്ധജനങ്ങള്‍ ഒബാമയുടെ ഭാഗത്തേക്ക് മാറുന്നതായാണ് കാണുന്നത് (വാള്‍ സ്ട്രീറ്റിലെ പ്രശ്നങ്ങള്‍ മൂലം അവരുടെ നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകുമോ എന്ന ഭയത്താല്‍). അതുപോലെ റിപ്പബ്ലിക്കന്മാരെ പിന്തുണച്ചുവന്ന ഫ്ലോറിഡയിലെ ക്യൂബന്‍ അമേരിക്കക്കാര്‍ ഇത്തവണ ഡമോക്രാറ്റുകള്‍ക്ക് വോട്ടുചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതും ഒബാമയ്ക്ക് ഗുണകരമാകും.