Tuesday, September 16, 2008

Sex, lies (and no videotape yet) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

17 വയസുള്ള മകളുടെ ഗര്‍ഭത്തിന്റെ വിശേഷവുമായിട്ടാണ്‌ സേറാ പേലിന്‍ പ്രസിഡന്റ്‌ ഇലക്ഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. അമേരിക്കയുടെ ഒരു സാമൂഹിക പ്രശ്നം തന്നെയായ കൗമാര ഗര്‍ഭത്തിനെ വലിയൊരു ആഘോഷമായിട്ടാണു വലതുപക്ഷക്കാര്‍ സൗകര്യപൂര്‍വ്വം അന്ന് കൊണ്ടാടിയത്. ആരോ കൃത്യമായി നിരീക്ഷിച്ചതുപോലെ, ഒബാമയുടെ കുടുംബത്തിലാണ്‌ അതു സംഭവിച്ചിരുന്നതെങ്കില്‍, കറുത്തവരുടെ കുടുംബങ്ങളുടെ തകര്‍ച്ചയായി ആ സംഭവത്തെ ചിത്രീകരിച്ച്, ഒളിഞ്ഞും തെളിഞ്ഞും ഈ സമയത്തു യാഥാസ്ഥികര്‍ ഒബാമയെ ആക്രമിക്കുമായിരുന്നു.

കാരണവര്‍ക്ക്‌ അടുപ്പിലും തൂറാമല്ലോ. വെള്ളക്കാര്‍ക്ക്‌ അമേരിക്കയില്‍ എന്തും ആവാം. അതിനെ വിമര്‍ശിച്ചാല്‍ അവരോട്‌ അനാദരവ്‌ കാട്ടി എന്നു പറഞ്ഞാവും അടുത്ത ആക്രമണം. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ലിപ്സ്റ്റിക്ക് വിവാദത്തില്‍ ഒബാമ പേലിനെ അങ്ങനെ ചിത്രീകരിച്ചത് (ഒബാമ പേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നതിന് തെളിവൊന്നുമില്ല) അനാദരവായിപ്പോയി എന്നു പറഞ്ഞാണ് മക്കെയിന്റെ പ്രത്യാക്രമണം.

തന്റെ ടിക്കറ്റില്‍ ചേര്‍ന്ന അന്നു മുതല്‍ നുണകളുടെ ഒരു ഘോഷയാത്രയില്‍ പേലിനെയും തേരിലേറ്റി മക്കെയിന്‍ നാടൊട്ടുക്ക്‌ നടക്കുകയാണ്‌. പേലിന്‍ തന്നെപ്പറ്റി പറയുന്നതും ഒബാമയെപ്പറ്റി പറയുന്നതും മിക്കവാറും നുണകള്‍ തന്നെ. മേമ്പൊടിയായി സെക്സും ഉണ്ട്‌; വീഡിയോ ടേപ്പോന്നും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നുമാത്രം. (ഇപ്പറഞ്ഞതിന്ന് "Sex, Lies and Videotape" എന്ന കള്‍ട്ട്‌ ഹോളിവുഡ്‌ ക്ലാസിക്കിനോട്‌ കടപ്പാട്‌.)

ഇല്ലിനോയി സംസ്ഥാനത്ത് ഒബാമ സെനറ്റര്‍ ആയിരിക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗികകുറ്റവാളികളെ തിരിച്ചറിയുവാന്‍ വേണ്ടി അവരെ പരിശീലിപ്പിക്കാന്‍ അനുശാസിക്കുന്ന ഒരു ബില്ലിന് വോട്ട് ചെയ്തിരുന്നു. പള്ളിയിലെ അച്ചന്മാര്‍ മുതല്‍ പള്ളിക്കൂടത്തിലെ അധ്യാപകര്‍ വരെ കുട്ടികളെ വെറുതെ വിടാത്ത ഇക്കാലത്ത് അത്തരമൊരു അധ്യാപനരീതി തികച്ചും പ്രശംസനീയമാകേണ്ടതായിരുന്നു. പക്ഷേ, മക്കെയിന്റെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍ പറയുന്നത് ഒബാമ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ലൈംഗികവിദ്യാഭ്യാസത്തിന് വിധേയരാക്കുന്നു എന്നാണ്.

നുണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മക്കെയിന്റെ ഭാഗത്തുനിന്ന്. അത് കരുതിക്കൂട്ടിത്തന്നെയുള്ള ഒരു സാധാരണ റിപ്പബ്ലിക്കന്‍ തന്ത്രമാണ്. കഴിഞ്ഞ തവണ അവയ്ക്കൊന്നും കൃത്യമായി മറുപടി പറയാന്‍ കഴിയാതെ ജോണ്‍ കെറി മുട്ടുമടക്കി. ഒബാമ മറുപടികള്‍ കൊടുക്കുന്നുണ്ട്; പക്ഷേ, അകാരണമായി അദ്ദേഹം പ്രതിരോധത്തില്‍ ആയിപ്പോയത് നീണ്ടുപോയാല്‍ അത്ര ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നുണപ്രചരണങ്ങളുടെ ലക്ഷ്യം വാസ്തവങ്ങളുടെ ചുറ്റും ഒരു പുകമറ സൃഷ്ടിക്കുക എന്നതാണ്. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ സമയം കളയാനും അത് ഉപകരിക്കും.

സത്യം എന്തെന്ന് അന്വേഷിച്ചറിഞ്ഞ് ഉപഭോക്താക്കളെ അറിയിക്കാതെ രണ്ടു ക്യാമ്പിനും വാര്‍ത്തകളില്‍ തുല്യം പ്രാധാന്യം കൊടുക്കുക എന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ ഒരു രീതി മക്കെയിന്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുകയും ചെയ്തു. നുണകളെപ്പറ്റി എഴുതുമ്പോള്‍ തന്നെ മറുവശത്തിന്റെ ഭാഷ്യം കൂടി കൊടുക്കുക സാധാരണമാണ്; സാധാരണക്കാരന്‍ ചിലപ്പോള്‍ വിവരത്തിന്റെ ആധിക്യത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും. പക്ഷേ, റിപ്പബ്ലിക്കന്മാരുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ് മക്കെയിന്റെയും സേറാ പേലിന്റെയും നുണകളെ പുറത്തുകൊണ്ടുവരാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. “ടൈമി”-ലും “ന്യൂ യോര്‍ക്ക് ടൈംസി”ലുമൊക്കെ മക്കെയിന്‍-പേലിന്‍ ടിക്കറ്റിനെ വിമര്‍‌ശിച്ച് കൂടുതല്‍ ലേഖനങ്ങള്‍ വന്നുതുടങ്ങി.

ABC News-ന്റെ ചാള്‍സ് ഗിബ്സനാണ് സേറാ പേലിന്‍ സ്ഥാനാര്‍ഥി ആയ ശേഷം അവരെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. ഞാന്‍ കണ്ട അതിന്റെ കുറച്ചു ഭാഗങ്ങളും അതേക്കുറിച്ചുവന്ന വാര്‍ത്തകളും വച്ചുനോക്കിയാല്‍ തികച്ചും പേടിപ്പെടുത്തുന്ന അജ്ഞതയാണ് സേറാ പേലിന്റെ ഭാഗത്ത് ഞാന്‍ കണ്ടത്. ഏതോ കുഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് വന്ന ഒരു തന്റേടിയുടെ മട്ടാണ് പൊതുവേ അവര്‍ പ്രകടിപ്പിച്ചത്. ഉദാഹരണത്തിന് റഷ്യയെക്കുറിച്ചുള്ള അവരുടെ നയത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ രാജ്യം അലാസ്ക്കക്ക് അടുത്താണെന്നും അലാസ്ക്കയില്‍ നിന്ന് നോക്കിയാല്‍ റഷ്യ കാണാമെന്നൊക്കെയാണ് അവര്‍ പറഞ്ഞത്. “അജ്ഞത“ ആഘോഷിക്കേണ്ട ഒരു ഗുണമായി, പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍, അമേരിക്കയില്‍ മാറിയോ എന്ന് എനിക്ക് സംശയം. കാരണം ഒബാമ 2 പുസ്തകമെഴുതിയത് വലിയ തെറ്റുപോലെയാണ് പേലിന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ അവതരിപ്പിച്ചത്.

മത്സരം വീണ്ടും തുല്യനിലയിലായി; ഏതാണ്ട് പാര്‍ട്ടി കണ്‍‌വെന്‍ഷനുകള്‍ തുടങ്ങുന്നതിന് മുമ്പുള്ള നില. പക്ഷേ, മക്കെയിന്‍ ഒബാമയുടെ ശക്തികേന്ദ്രങ്ങളില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ മെക്സിക്കോ, പെന്‍സില്‍‌വേനിയ, ന്യൂ ജെഴ്സി,മിന്യസോട്ട എന്നിവിടങ്ങളില്‍. അതിന്ന് ബദലായി ഒഹായോ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഒബാമ കൂടുതല്‍ ശക്തി കാണിക്കുന്നുമുണ്ട്. ഇലക്ടറല്‍ കോളജ് പ്രകാരം നോക്കുകയാണെങ്കില്‍ ഇപ്പോഴും നേരിയ മുന്തൂക്കം ഒബാമയ്ക്ക് തന്നെ.

ഇപ്പോള്‍ വാള്‍ സ്ട്രീറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങള്‍ (പാപ്പരാവാതിരിക്കാന്‍ ഫാനി മേ/ഫ്രെഡി മാക്ക് എന്ന മോര്‍ട്ട്‌ഗേജ് വമ്പന്മാരെ സര്‍ക്കാരിന്ന് വാങ്ങേണ്ടി വന്നു; ലേമാന്‍ ബ്രദേഴ്സ്, മെറില്‍ ലിന്‍‌ഞ്ച് എന്നീ ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികള്‍ പാപ്പരായി; എ.ഐ.ജി. എന്ന ഇന്‍‌ഷൂറന്‍ ഭീമനെ വന്‍‌തുക ഇറക്കി സര്‍ക്കാറിന്ന് താങ്ങിനിര്‍ത്തേണ്ടി വന്നു; സെപ്തംബര്‍ 11-ന് ശേഷം ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചു) കാര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥാനാര്‍ഥികളെ നിര്‍‌ബന്ധിതരാക്കിയിട്ടുണ്ട്. അത് പൊതുവേ ഡമോക്രാറ്റുകളെ സഹായിക്കും എന്നാണ് കരുതുന്നത്. കാരണം സാമ്പത്തികരംഗത്ത് ചട്ടങ്ങള്‍ വളരെ ഉദാരമാക്കിയതാണ് ഇത്തരം വമ്പന്‍ കമ്പനികള്‍ കൈവിട്ട് കളിക്കാന്‍ കാരണമായതെന്ന് പൊതുവേ നിരീക്ഷിക്കപ്പെടുന്നുണ്ട്; നിയന്ത്രണങ്ങള്‍ അധികം കൊണ്ടുവരാന്‍ സമ്മതിക്കാത്തത് പൊതുവേ റിപ്പബ്ലിക്കന്മാരുമാണ്.

2 comments:

Anonymous said...

"പാപ്പരാവാതിരിക്കാന്‍ ഫാനി മേ/ഫ്രെഡി മാക്ക് എന്ന മോര്‍ട്ട്‌ഗേജ് വമ്പന്മാരെ സര്‍ക്കാരിന്ന് വാങ്ങേണ്ടി വന്നു; ലേമാന്‍ ബ്രദേഴ്സ്, മെറില്‍ ലിന്‍‌ഞ്ച് എന്നീ ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികള്‍ പാപ്പരായി; എ.ഐ.ജി. എന്ന ഇന്‍‌ഷൂറന്‍ ഭീമനെ വന്‍‌തുക ഇറക്കി സര്‍ക്കാറിന്ന് താങ്ങിനിര്‍ത്തേണ്ടി വന്നു; "

ഇങനെ ലാഭ കൊതി മൂത്ത്, ഊഹ കച്ചവടം നടത്തി, പൊളിയുന്ന, വമ്പന്‍ സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ ഗവ്ണ്മെന്റ് സ്വന്തം പണമെടുത്ത് താങി നിര്‍ത്തുന്നതില്‍, റിപബ്ലിക്കന്‍ /ഡെമോക്രാറ്റ് കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടോ? ഇങനെ പൊളിയുന്ന കമ്പനികള്‍ സൃഷിക്കുന്ന, തൊഴില്‍ നഷ്ടവും, സാധാരണക്കാരുടെ സമ്പാദ്യ / നിക്ഷേപ നഷ്ടങളും നികത്താന്‍ ഈ പാര്‍ട്ടികള്‍ എന്തെങ്കിലും നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ടോ? അമേരിക്കന്‍ തൊഴിലാളി സംഘടനങ്കള്‍ ഈ വിഷയത്തില്‍ എന്താണ് നിലപാടെടുത്തിരിക്കുന്നത്? ഒബാമ, പഴയ റൂസ വെല്‍റ്റിനെ പോലെ ഒരു ന്യൂ ഡീല്‍ എന്തെങ്കിലും മുന്നോട്ട് വയ്ക്കുന്നുണ്ടോ?

അമേരിക്കന്‍ രാഷ്ട്രീയം വിശകലന്‍ ചെയ്യുന്ന താങ്കളുടെ ബ്ലൊഗ് നന്നാവുന്നുണ്ട്. അഭിനന്ദങള്‍.

t.k. formerly known as thomman said...

അനോനി,
റിപ്പബ്ലിക്കന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. മക്കെയിന്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ പറയുന്നുണ്ടെങ്കിലും അതേ ശ്വാസത്തില്‍ തന്നെ സര്‍ക്കാര്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നും പറയുന്നുണ്ട്. കാരണം റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തന്നെയാണല്ലോ അതിന്ന് മുന്‍‌കൈ എടുക്കുന്നത്. സര്‍ക്കാരിന്റെ താങ്ങില്ലാതെ വലിയ കമ്പനികള്‍ തകര്‍ന്ന്, സ്റ്റോക്ക് മാര്‍ക്കറ്റ് നിലം‌പതിച്ച്, depression പോലുള്ള സാഹചര്യം ഉണ്ടായാല്‍ അതിന്റെ ക്ഷീണം ആദ്യം ഉണ്ടാവുക മക്കെയിന് തന്നെ ആവും. ഡമോക്രാറ്റുകള്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം എന്നാണ് പറയുന്നത്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നതുകൊണ്ട് സ്ഥാനാര്‍ഥികള്‍ പറയുന്നത് മുഖവിലക്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

പൊതുവേ റിപ്പബ്ലിക്കന്മാര്‍ സര്‍ക്കാര്‍ സാമ്പത്തിക-വ്യവസായ മേഖലകളില്‍ ഇടപെടുന്നതിന്ന് എതിരാണ്. യൂണിയനുകളുടെയും മറ്റും വര്‍ദ്ധിച്ച പിന്തുണ ഡമോക്രാറ്റുകള്‍ക്ക് ഉള്ളതുകൊണ്ട് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും മറ്റും ആ പാര്‍ട്ടി വേണ്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കും. (ഉദാഹരണത്തിന് മിനിമം വേതനം കൂട്ടുകയും അത് ഉറപ്പാക്കുകയും ചെയ്യുക.)

ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കൃത്യമായി എനിക്ക് ഇപ്പോള്‍ അറിയില്ല. ക്ഷമിക്കണം.