Wednesday, October 29, 2008

യുദ്ധക്കളങ്ങള്‍ ഇനി വെറും മൂന്നെണ്ണം | അമേരിക്കന്‍ പ്രസി‌ഡന്റ് തിരഞ്ഞെടുപ്പ്

സ്ഥാനാര്‍‌ഥികള്‍ അവരുടെ പ്രചരണങ്ങള്‍ ഉപസംഹരിക്കുകയാണ്. ഒബാമ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ പിടിമുറുക്കുമ്പോള്‍ പെന്‍‌സില്‍‌വേനിയയില്‍ ജയിക്കേണ്ടത് മക്കെയിന്ന് ഒഴിവാക്കാന്‍ പറ്റാ‍ത്ത കാര്യമായിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് അവിടെ വലിയ സാധ്യതയൊന്നും ആരും കൊടുക്കുന്നില്ല. യാതൊരു പഴുതും കൊടുക്കാതെ ഒബാമയും അവിടത്തെ പ്രതികൂലമായ (യഥാര്‍ഥ) കാ‍ലാവസ്ഥ വകവയ്ക്കാതെ പ്രചരണം ചെയ്യുന്നുണ്ട്. അവസാനത്തെ ആഴ്ച മത്സരം വെറും 3 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്- പെന്‍സില്‍‌വേനിയ കൂടാതെ പിന്നെ ഒഹായോയും ഫ്ലോറിഡയും. എല്ലായിടത്തും ഒബാമ തന്നെയാണ് പോളുകളില്‍ മുന്നില്‍. ഇതില്‍ രണ്ടെടുത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ മക്കെയിന്ന് യാതൊരു സാധ്യതയുമില്ല.

അതുകൊണ്ട് മക്കെയിന്‍ ജയിക്കാനുള്ള സാധ്യത ഏതാണ്ട് പൂജ്യം തന്നെയാണ്. മക്കെയിന്റെ പ്രധാന റിപ്പബ്ലിക്കന്‍ അനുയായികളായ പോളന്റിയും മിറ്റ് റോംനിയുമൊക്കെ അക്കാര്യം ഏതാണ്ട് അംഗീകരിച്ച മട്ടാണ്.

മാധ്യമങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അതിയാഥാസ്തികരും സാറാ പേലിനെ അടുത്ത താരമാക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം 60% വോട്ടര്‍മാര്‍ക്ക് അവരെ ഇഷ്ടമില്ലെന്ന കാര്യം ഇവരൊക്കെ സൌകര്യപൂര്‍വ്വം മറക്കുകയാണ്. സ്വന്തം നിലയില്‍ അവര്‍ ഒരു ദേശീയ നേതാവായി ഉയരാനുള്ള സാധ്യതയൊന്നും ഞാന്‍ കാണുന്നില്ല. ഡാന്‍ ക്വയിലിന്നെപ്പോലെ ഒരു അമേരിക്കന്‍ രാഷ്ട്രീയതമാശയായി അവശേഷിക്കാനാണ് അവര്‍ക്കും വിധി. അവര്‍ മക്കെയിന്റെ വിടുതിയില്‍ നിന്ന് മാറി സ്വന്തം കാര്യം നോക്കാന്‍ തുടങ്ങിയ കാര്യം ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ സൂചിപ്പിച്ചതാണല്ലോ.

ഇന്നിറങ്ങിയ പോളുകളില്‍ 5 മുതല്‍ 16 ശമതാനം വരെ പോയന്റുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. പതിവുപോലെ ഒരു പോളിലും മത്സരം മക്കെയിന്‍ തുല്യനിലയില്‍ ആക്കുന്നതായി കാണുന്നില്ല.

ഒബാമയുടെ കൈയില്‍ കാശ് ധാരാളം ബാക്കിയുണ്ടെന്ന് തോന്നുന്നു. നാളെ വന്‍‌തുക മുടക്കി പ്രധാനപ്പെട്ട ചാനലുകളില്‍ 30 മിനിട്ട് സമയം വിലക്കുവാങ്ങി അദ്ദേഹം രാജ്യമൊട്ടുക്കും തന്റെ നയങ്ങളെപ്പറ്റി ജനങ്ങളോട് സംസാരിക്കും. ജനങ്ങള്‍ അത് ഏതുരീതിയില്‍ എടുക്കും എന്ന് കണ്ടറിയണം. അതൊരു നല്ല തന്ത്രമാണെന്ന് എന്തോ എനിക്ക് തോന്നുന്നില്ല. അമേരിക്കക്കാരന്‍ ചിലവു ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒബാമ അത്തരമൊരു ധാരാളിത്തം കാണിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

3 comments:

t.k. formerly known as thomman said...

മത്സരം വെറും 3 സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

മുക്കുവന്‍ said...

verum athimoham avo thomma..?

NH everyone says Obama will win. but I dont see many sign in backyards? I have put three just to get enough count :)

t.k. formerly known as thomman said...

മുക്കുവാ,
ന്യൂ ഹാം‌പ്‌ഷയര്‍ മക്കെയിന്റെ പ്രിയപ്പെട്ട സ്ഥലമാണ്. ഹിലരി അവിടെ ജയിച്ചപ്പോള്‍ ഉണ്ടായ നാടകവും ഓര്‍ക്കുമല്ലോ. ന്യൂ ഹാപ്‌ഷയറില്‍ തോറ്റാലും വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമ make-up ചെയ്യും എന്ന് വിചാരിക്കാം.

ന്യൂ ഹാം‌പ്‌ഷയറിലെ മാസച്യൂസെറ്റ്‌സിന് അടുത്തുകിടക്കുന്ന സ്ഥലങ്ങളില്‍ ആയിരിക്കാം ഡമോക്രാറ്റുകള്‍ക്ക് അധികപിന്തുണ ഉള്ളത്.