Tuesday, January 27, 2009

ജോണ്‍ അപ്‌ഡൈക്ക് അന്തരിച്ചു

പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ അപ്‌ഡൈക്ക് ഇന്ന് രാവിലെ അന്തരിച്ചു. 50-ഓളം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് 76 വയസ്സുണ്ടായിരുന്നു. നോവല്‍, കവിത, വിമര്‍ശനം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സാഹിത്യശാഖകളിലും കൈവച്ച അദ്ദേഹത്തിന്, പുലിസ്റ്റര്‍ പ്രൈസ്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി അമേരിക്കയിലെ ഒട്ടുമിക്ക സാഹിത്യപുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.

1932-ല്‍ പെന്‍‌സില്‍‌വേനിയയില്‍ ആണ് അദ്ദേഹം ജനിച്ചത്. പിതാവ് ഹൈസ്കൂള്‍ അധ്യാപകനും; മാതാവ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ജോലിക്കാരിയും പാര്‍ട്ടൈം എഴുത്തുകാരിയുമൊക്കെയായിരുന്നു. ഹാര്‍വെഡ്, ഓക്സ്ഫഡ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ന്യൂ യോര്‍ക്കില്‍ താമസിച്ച് ജീവിതമാരംഭിച്ചെങ്കിലും തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ‘യഥാര്‍ഥ അമേരിക്ക‘യില്‍ ജീവിക്കാന്‍ ബോസ്റ്റണ്‍ നഗരത്തിനടുത്തേക്ക് അദ്ദേഹം പിന്നീട് താമസം മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ ജീവിതത്തെ, പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലെ (American suburbia) ജീവിതത്തെ, തന്റെ കൃതികളുടെ പശ്ചാത്തലവും വിഷയവുമാക്കുക വഴി, ആ കാലഘട്ടത്തിന്റെ ചരിത്രകാരനായിട്ടാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.

1950-കളുടെ അവസാനത്തോടെ അദ്ദേഹം എണ്ണപ്പെട്ട എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങി. ‘റാബിറ്റ്, റണ്‍’ എന്ന പുസ്തകത്തോടെ തുടങ്ങിയ, 30 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ 4 നോവലുകളും ഒരു നോവെലയും അടങ്ങിയ റാബിറ്റ് പരമ്പരയാണ് അദ്ദേഹത്തിന് പുലിസ്റ്റര്‍ പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ഏറെ പ്രസിദ്ധിയും നേടിക്കൊടുത്തത്. ഹാരി റാബിറ്റ് ആംഗ്‌സ്ട്രോം എന്നയാളുടെ ജീവിതകഥയാണ് ഈ നോവല്‍ പരമ്പരയുടെ വിഷയം.

എഴുതിത്തുടങ്ങുന്ന കാലത്ത് ‘ന്യൂ യോര്‍ക്കര്‍’ മാഗസിനിലെ ജോലിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചെറുകഥകള്‍ ആ മാഗസിനില്‍ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ധാരാളം ചെറുകഥകള്‍ അദ്ദേഹം എഴുതിയെങ്കിലും പിന്നീട് പുസ്തക/കലാ നിരൂപണങ്ങള്‍ക്കാണ് തന്റെ സമയം അധികവും വിനിയോഗിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വിചാരിച്ചതിനേക്കാള്‍ ഏറെ ഞാന്‍ ഒരു പുസ്തകനിരൂപകനും കലാനിരൂപകനും ആയിരിക്കുന്നു. അവ എഴുതാനിരിക്കുമ്പോള്‍, കുറഞ്ഞത് അവ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന്ന് പ്രതിഫലം കിട്ടുമെന്നുമുള്ള ഉറപ്പുണ്ട്. പക്ഷേ, ചെറുകഥയുടെ കാര്യം അതല്ല.”

Monday, January 26, 2009

പലസ്തീന്‍ പ്രശ്നപരിഹാരത്തിന് ഖഢാഫിയുടെ നിര്‍ദ്ദേശം

ഇറാക്കില്‍ സദ്ദാമിന്റെയും മക്കളുടെയും ദുര്‍വിധി കണ്ട് ശരിക്കും പേടിച്ച ഏകാധിപതികളാണ് ലിബിയന്‍ നേതാവ് (അദ്ദേഹം എന്ത് സ്ഥാനമാണ് യഥാര്‍ഥത്തില്‍ ലിബിയയില്‍ വഹിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഒരു മുഴുവന്‍ പോസ്റ്റു തന്നെ വേണ്ടി വരും) മുവമര്‍ ഖഢാഫിയും മകനും, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസാദും. ഖഢാഫിക്കും ബഷാര്‍ അല്‍-അസാദിന്റെ പിതാവും സിറിയയെ 30 കൊല്ലത്തോളം അടക്കി ഭരിച്ച് രാജ്യത്തെ കുടുംബസ്വത്താക്കിയ ഹഫീസ് അല്‍-അസാദിനും ഭീകരവാദം എന്നും വിദേശകാര്യനയത്തിന്റെ ഭാഗമായിരുന്നു. ബഷാര്‍ പിതാവിനെപ്പോലെ കരുത്തനായ ഭരണാധികാരിയൊന്നുമല്ല. ഇറാക്ക് അധിനിവേശത്തിനുശേഷം അമേരിക്കയെ സിറിയ പലവട്ടം വെള്ളക്കൊടി പൊക്കിക്കാട്ടിയെങ്കിലും അത് അവഗണിച്ചത് മറ്റൊരു ദുര്‍ബലനായ ഭരണാധികാരിയായിരുന്ന ബുഷിന്റെ നയതന്ത്രജ്ഞതയുടെ വീഴ്ചകളിലൊന്നായി എണ്ണപ്പെടുന്നു.

പക്ഷേ, പാശ്ചാത്യരുടെ കണ്ണില്‍ ഭീകരവാദിയില്‍ നിന്ന് നയതന്ത്രജ്ഞനായി മാറാന്‍ ഖഢാഫിക്ക് ശരിക്കും കഴിഞ്ഞു. പ്രധാനമായും പാ‍ന്‍ ആം ബോംബിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആയുധനിര്‍മാണപരിപാടികള്‍ ഔദ്യോഗികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതു വഴിയാണ് അദ്ദേഹം അത് സാധിച്ചെടുത്തത്. 2006-ല്‍ അമേരിക്ക ലിബിയയുമായി പൂര്‍ണ്ണ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയും, കഴിഞ്ഞകൊല്ലം കോന്റലീസ റൈസ് ആ രാജ്യം സന്ദര്‍ശിക്കുകയും ഒക്കെ ചെയ്തു. ഇറാക്ക് യുദ്ധത്തിന്റെ ഒച്ചപ്പാടില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു വലിയ മലക്കം‌മറച്ചിലായിരുന്നു ഖഢാഫിയുടേത്.

പലസ്തീന്‍ പ്രശ്നപരിഹാരത്തിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവുമായി അടുത്ത് ന്യൂ യോര്‍ക്ക് ടൈംസില്‍ ഒരു എഡിറ്റോറിയല്‍ ഖഢാഫി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലസ്തീനിന്റെയും ഈസ്രയേലിന്റെയും നിലനില്‍പ്പിനെ പരസ്യമായി അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, പലസ്തീന്‍ പ്രശ്നത്തെ ജനശ്രദ്ധതിരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന അറബ് നേതാക്കളുടെ പതിവ് പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഈസ്രയേല്‍, പലസ്തീന്‍ പ്രവിശ്യകള്‍ കീറിമുറിക്കാതെ, രണ്ടു ജനതകള്‍ക്കും ഒത്തൊരുമിച്ച് നില്‍‌ക്കാമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഖഢാഫിയുടെ നിര്‍ദ്ദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പല കാലങ്ങളില്‍ പലതരം ജനതകള്‍ അധിവസിച്ചിരുന്ന ഈസ്രയേലില്‍ ആര്‍ക്കും ഒറ്റക്ക് അവകാശമില്ലെന്നും രണ്ടുകൂട്ടരും ഒത്തൊരുമിച്ച് താമസിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഈസ്രയേലില്‍ ഇപ്പോള്‍ തന്നെ ധാരാളം അറബികള്‍ പൌരന്മാരായുണ്ട്. അതുപോലെ ആധുനിക ഈസ്രയേലിന്റെ രൂപീകരണത്തിനും അതിന്നുശേഷമുള്ള യുദ്ധങ്ങള്‍ക്കുമിടക്ക് അഭയാര്‍ത്ഥികളായ അറബികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അവകാശം, യഹൂദര്‍ക്ക് അന്യരാജ്യങ്ങളില്‍ നിന്ന് പൂര്‍വ്വികരുടെ നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം പോലെതന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഈ വാദത്തില്‍ വലിയ പുതുമ തോന്നില്ലെങ്കിലും യഹൂദര്‍ക്കും അറബികള്‍ക്കും ഈസ്രയേലില്‍ ഒരേപോലെയുള്ള അവകാശം അംഗീകരിച്ചുകൊടുക്കുന്നത് അറബ്‌ലോകത്ത് അപൂര്‍വ്വമാണ്.

അതിപുരാതന കാലം മുതല്‍ യഹൂദര്‍ പീഢിക്കപ്പെടുന്നവരാണെന്നും ആധുനികകാലത്ത് പലസ്തീനികളുടെ വിധിയും അതുതന്നെയാണെന്നുമുള്ള അദ്ദേഹത്തിന്റെ സന്തുലിതമായ വീക്ഷണം വളരെ ശരിയാണ്. പീഢിതരായ രണ്ടു ജനതകള്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കിയെങ്കില്‍ എന്ന് ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചു പോകുന്നതാണ്. പലപ്പോഴും മറ്റു രാജ്യങ്ങളുടെ ഇടപെടലാണ് പലസ്തീന്‍ പ്രശ്നത്തെ ഇത്ര സങ്കീര്‍‌ണ്ണമാക്കുന്നത്.

ഞാന്‍ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ട് ഈസ്രയേല്‍ ഖഢാഫി നിര്‍ദ്ദേശിക്കുന്നതുപോലെയുള്ള ഒരു പരിഹാരത്തിന് വഴങ്ങുകയില്ല. ഭൂരിപക്ഷജനാധിപത്യത്തിനു പകരം യഹൂദര്‍ക്ക് ഈസ്രയേലില്‍ പരമാധികാരം ഉറപ്പുവരുത്തുന്നതോ അധികാരം പങ്കുവയ്ക്കുന്നതോ ആയ ഒരു ഭരണക്രമം പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്താവുന്നതാണ്. സ്ഥിരമായ സമാധാനം അത്തരത്തില്‍ ഈസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചകളില്‍ നിന്നേ ഉണ്ടാകൂ.

ഖഢാഫിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

Thursday, January 22, 2009

2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍


ഹോളിവുഡില്‍ 2008-ലെ സിനിമകള്‍ക്കുള്ള അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ അവാര്‍‌ഡ് മേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ‘സ്ലം ഡോഗ് മില്യണയര്‍’ നോമിനേഷനുകള്‍ വാരിക്കൂട്ടി; ആകെ 10 എണ്ണം. കറുത്തകുതിരയായ ‘ദ ക്യൂരിയസ് കേസ് ഓഫ് ബെന്‍‌ഞ്ചമിന്‍ ബട്ടന്‍’ എന്ന പടത്തിനാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍- 13. തഴയപ്പെട്ടത് കഴിഞ്ഞകൊല്ലത്തെ ബ്ലോക്ക് ബസ്റ്ററും അതിലെ ഒരു പ്രധാനവേഷം ചെയ്ത ഹീത്ത് ലെഡ്ജറിന്റെ ആകസ്മികമരണം വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ബാറ്റ്മാന്‍ ചിത്രം ‘ഡാര്‍ക്ക് നൈറ്റ്’.

എ.ആര്‍.റെഹ്‌മാന് ഇത്തവണ ഒരു ഓസ്ക്കര്‍ ഉറപ്പാണെന്നു തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയറി’ലെ സംഗീതത്തിനും അതിലെ 2 പാട്ടുകള്‍ക്കും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷത്തിന്റെ അവസാനത്തെ ക്വാര്‍ട്ടറിലാണ് ഓസ്ക്കര്‍ ‘ബസ്’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍‌ക്കുന്നത്. അവാര്‍ഡിന്ന് സാധ്യതയുള്ള പടങ്ങള്‍ മിക്കവാറും ആ കാലയിളവിലാണ് റിലീസ് ചെയ്യുക; അക്കാഡമി അംഗങ്ങള്‍ മറന്നുപോകാതിരിക്കാന്‍. മാര്‍ക്കറ്റിംഗ് കോലാഹലങ്ങള്‍ നോമിനേഷനെ ശരിക്കും സ്വാധീനിക്കുമെന്ന് തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയര്‍’ തന്നെ നേരെ DVD ആക്കാന്‍ പദ്ധതി ഇട്ടതാണത്രേ; ആ നിലയില്‍ നിന്ന് അത് ബോക്സോഫീസിലും അവാര്‍ഡ് സീനിലും വിജയിച്ചു.

മാധ്യമങ്ങളില്‍ അവ സൃഷ്ടിക്കുന്ന ഒച്ച വച്ചു നോക്കുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ മികച്ചതായിരിക്കുമെന്ന് തോന്നുന്നു: FROST/NIXON, MILK, THE CURIOUS CASE OF BENJAMIN BUTTON, THE DARK KNIGHT, SLUMDOG MILLIONAIRE. ഓസ്ക്കറിന്ന് മുമ്പ് ഇവയെല്ലാം കണ്ടുതീര്‍ക്കണം.

പ്രധാനപ്പെട്ട നോമിനേഷനുകള്‍ ഇവയാണ്:

Actor in a Leading Role
-----------------------
Richard Jenkins
THE VISITOR

Frank Langella
FROST/NIXON

Sean Penn
MILK

Brad Pitt
THE CURIOUS CASE OF BENJAMIN BUTTON

Mickey Rourke
THE WRESTLER

Actor in a Supporting Role
--------------------------
Josh Brolin
MILK

Robert Downey Jr.
TROPIC THUNDER

Philip Seymour Hoffman
DOUBT

Heath Ledger
THE DARK KNIGHT

Michael Shannon
REVOLUTIONARY ROAD

Actress in a Leading Role
-------------------------
Anne Hathaway
RACHEL GETTING MARRIED

Angelina Jolie
CHANGELING

Melissa Leo
FROZEN RIVER

Meryl Streep
DOUBT

Kate Winslet
THE READER

Actress in a Supporting Role
----------------------------
Amy Adams
DOUBT

Penélope Cruz
VICKY CRISTINA BARCELONA

Viola Davis
DOUBT

Taraji P. Henson
THE CURIOUS CASE OF BENJAMIN BUTTON

Marisa Tomei
THE WRESTLER

Animated Feature Film
---------------------
BOLT
KUNG FU PANDA
WALL-E


Cinematography
--------------
CHANGELING
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
THE READER
SLUMDOG MILLIONAIRE

Directing
----------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Documentary Feature
-------------------

THE BETRAYAL (NERAKHOON)
ENCOUNTERS AT THE END OF THE WORLD
THE GARDEN
MAN ON WIRE
TROUBLE THE WATER

Film Editing
------------
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
FROST/NIXON
MILK
SLUMDOG MILLIONAIRE

Foreign Language Film
----------------------
The Baader Meinhof Complex
The Class
Departures
Revanche
Waltz With Bashir

Best Picture
------------

THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Writing (Adapted Screenplay)
-----------------------------
THE CURIOUS CASE OF BENJAMIN BUTTON
DOUBT
FROST/NIXON
THE READER
SLUMDOG MILLIONAIRE

Writing (Original Screenplay)
----------------------------
FROZEN RIVER
HAPPY-GO-LUCKY
IN BRUGES
MILK
WALL-E

വിശദവിവരങ്ങള്‍ ഓസ്ക്കര്‍ സൈറ്റില്‍ കാണാം. ഫെബ്രുവരി 22-ന് വൈകീട്ട് 5 മണിക്കാണ് (ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 6.30) അവാര്‍ഡ് ചടങ്ങ്.

Tuesday, January 20, 2009

ഇനി ജോഷ്വായുടെ പുസ്തകം - ഒബാമ ഇന്ന് അധികാരമേല്‍‌ക്കുന്നു



(ജനുവരി 19 ലക്കം ന്യൂ യോര്‍ക്കറിന്റെ കവര്‍)

ജനുവരി 20(ചൊവ്വാഴ്ച)അമേരിക്കയുടെ 44-)മത്തെ പ്രസിഡന്റായി ഒബാമ സ്ഥാനമേല്‍ക്കും. ചരിത്രം കുറിക്കുന്ന ആ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വാഷിം‌ഗ്‌ടണ്‍ ഡി.സി.യില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 20 ലക്ഷത്തോളം ജനങ്ങള്‍ അതില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്; ടിക്കറ്റുകളൊക്കെ വളരെ പെട്ടന്ന് തീര്‍ന്നുപോയിരിക്കുന്നു. തലസ്ഥാനത്ത് ഹോട്ടല്‍ മുറികളുടെ വാടകയൊക്കെ കുത്തനെ ഉയര്‍ന്നെന്നാണ് വാര്‍ത്ത. പക്ഷേ, അടുത്തകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള തലസ്ഥാനത്തെ കൊടുംതണുപ്പ് കുറച്ച് ആള്‍ക്കാരെയെങ്കിലും നിരുത്സാഹപ്പെടുത്തുമായിരിക്കും.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍‍, പഴയകാലത്ത് തലസ്ഥാനത്ത് സത്യപ്രതിജ്ഞക്ക് എത്തിച്ചേരുന്നതിന്നെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ ശനിയാഴ്ച ഒബാമയും ജോ ബൈഡനും അവരുടെ കുടും‌ബങ്ങളും അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍‌ഫിയയില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഒബാമയുടെ അവസാനത്തെ വിക്ടറി പരേഡ് ആയിരുന്നു അത്. ജനുവരി 20-ന് ഉച്ചതിരിഞ്ഞ് ഒബാമ, ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ രാ‍ഷ്ട്രീയ അധികാരമായ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. പിന്നെ അമേരിക്കയും ലോകവും നേരിടുന്ന പ്രശ്നങ്ങളെ നേരിടുക എന്ന കഠിനമായ കര്‍ത്തവ്യത്തിന്റെ ദിനങ്ങളായിരിക്കും; ഒബാമ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ആ നാളുകളിലാണ്. ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയെങ്കിലും പരിചയസമ്പന്നരും പ്രതിഭാശാലികളും അതിലേറെ അമേരിക്കന്‍ ജനതയുടെ നാനാത്വത്തെ പ്രധിനിധീകരിക്കുന്നതുമായ ഒരു ക്യാബിനറ്റ് ടീമിനെ അദ്ദേഹം ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ സഹായത്തോടെ, തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതീക്ഷകളിലേക്ക് അമേരിക്കയെയും ലോകജനതയെയും ഒബാമ വിജയകരമായി നയിക്കുമെന്ന് നമുക്ക് ആശിക്കാം.

കഴിഞ്ഞയാഴ്ച ബുഷ് തന്റെ വിടവാങ്ങല്‍ പ്രസംഗം ചെയ്തു. ഹഡ്‌സണ്‍ നദിയില്‍ വിമാനമിറക്കിയ വാര്‍ത്ത കണ്ട് അന്തംവിട്ടിരുന്ന അമേരിക്കക്കാര്‍ ബുഷിന്റെ നിറമില്ലാത്ത ആ വിടവാങ്ങല്‍ സൌകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്തു. 20-ന് ഉച്ചയ്ക്ക് ഒബാമക്ക് വൈറ്റ്‌ഹൌസിന്റെ താക്കോല്‍ കിട്ടുന്നതിന്ന് മുമ്പ്, ബുഷ് അതിന്റെ പടിയിറങ്ങി ടെക്സസിലെ ഡാളസ് നഗരത്തിലെ തന്റെ പുതിയ വസതിയിലേക്ക് തിരിക്കും; ഒപ്പം ചരിത്രത്തിന്റെ പാര്‍‌ശ്വങ്ങളിലേക്കും. അമേരിക്കയുടെ ആധുനികചരിത്രത്തില്‍, ഏറ്റവും മോശം പ്രസിഡെന്റെന്ന കുപ്രസിദ്ധിക്ക് അദ്ദേഹം റിച്ചാര്‍ഡ് നിക്സനുമായി മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്മാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ നിക്സന്‍ രൂപപ്പെടുത്തിയ "സാംസ്ക്കാരിക യുദ്ധ"തന്ത്രത്തിന്റെ അവസാനത്തെ പ്രയോക്താക്കളായിരുന്നു ബുഷും സംഘവും. പ്രാദേശികമായി ആ തന്ത്രം ഇനിയും ഉപയോഗിക്കപ്പെടുമെങ്കിലും, പുതിയ തലമുറയുടെ വംശീയതയിലൂന്നാത്ത രാഷ്ട്രീയവീക്ഷണവും കുടിയേറ്റത്തിന്റെ പുതിയ സമവാക്യങ്ങളും ദേശീയതലത്തില്‍ ആ തന്ത്രത്തെ ഉപയോഗശൂന്യമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ലറ്റീനോകളെ, ആകര്‍ഷിക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് സജ്ജമാക്കുന്ന ഒരാള്‍ക്കായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വീണ്ടും വൈറ്റ് ഹൌസില്‍ എത്തിക്കാന്‍ പറ്റുക.

മറ്റൊന്ന് ബേബി ബൂമര്‍‌മാരുടെ കാലഘട്ടത്തിന് അറുതി വന്നതാണ്. (രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ വര്‍ദ്ധിച്ച ശിശുജനന നിരക്കിനെയാണ് baby boom കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലിന്റന്‍മാര്‍, ബുഷ്, ഗോര്‍, കെറി എന്നിവരൊക്കെ ആ തലമുറയെ പ്രതിനിധീകരിക്കുന്നവരാണ്. വിയറ്റ്‌നാം യുദ്ധമാണ് അവരുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പൊതുവായ ഒരു ജീവിതാനുഭവം.) ഭീമാബദ്ധങ്ങള്‍ ഒന്നും വരുത്തിയില്ലെങ്കില്‍ ഒബാമ രണ്ടു ടേമും പൂര്‍ത്തിയാക്കും; അതിന്നുശേഷം തീര്‍ച്ചയായും ഒബാമയെപ്പോലെ തന്നെ പുതിയ തലമുറയിലെ ആരെങ്കിലും ആയിരിക്കും 2017-ല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി ആവുക.

വൈറ്റ് ഹൌസ് പണിയാന്‍ അടിമകളെ ഉപയോഗിച്ചിരുന്നു. പിന്നീട് ജോലിക്കാരായും സന്ദര്‍ശകരായും മാത്രമേ അവിടെ കറുത്തവര്‍ എത്തിയിട്ടുള്ളൂ.ആദ്യകാലത്തെ പല പ്രസിഡന്റുമാര്‍‌ക്കും അടിമകള്‍ ഉണ്ടായിരുന്നു. ഒബാമ അടിമകളുടെ കുടുംബത്തില്‍ നിന്നല്ല വരുന്നെങ്കിലും മിഷല്‍ ഒബാമയുടെ ഒരു മുതുമുത്തച്ഛന്‍ അടിമയായിരുന്നെന്നുള്ളതിന്ന് കൃത്യമായ രേഖകള്‍ ഉണ്ട്. (മിക്കവാറും എല്ലാ ആഫ്രിക്കന്‍-അമേരിക്കക്കാരും വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള അടിമകളുടെ പിന്‍‌തലമുറക്കാരാണ്.) ഒബാമ കുടും‌ബം അവിടെ താമസം തുടങ്ങുമ്പോള്‍, സാമൂഹിക പുരോഗതിക്ക് സ്വയം മാതൃകയായിക്കൊണ്ട് അമേരിക്കന്‍ ജനത പാശ്ചാത്യരാജ്യങ്ങളുടെ മുന്നിരയില്‍ വീണ്ടും കയറി ഇരിക്കും.

മറ്റൊരു ഇല്ലിനോയി സംസ്ഥാനക്കാരനായിരുന്ന ഏബ്രഹാം ലിങ്കന്റെ പിന്‍‌ഗാമിയായി അറിയപ്പെടാന്‍ ഇഷ്ടമുള്ള ഒബാമയ്ക്ക് അദ്ദേഹവുമായുള്ള സാമ്യങ്ങള്‍ വളരെയാണ്: രണ്ടും പേരും പ്രഭാഷണകലയില്‍ പ്രാഗല്‍‌ഭ്യം തെളിയിച്ചവര്‍‍; കഴിവുള്ള രാഷ്ട്രീയ എതിരാളികളെ തമസ്ക്കരിക്കാതെ, മത്സരത്തിന്നു ശേഷം അവരെ കൂടെക്കൂട്ടി രാഷ്ട്രനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ (പ്രൈമറിയില്‍ ലിങ്കന്റെ എതിരാളി ആയിരുന്ന വില്യം സിവാഡിനെ അദ്ദേഹം പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആ‍ക്കി; ഒബാമ ഹിലരിക്ക് ആ സ്ഥാനം കൊടുത്തതുപോലെ); വളരെ കുറഞ്ഞ ഭരണപരിചയത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നവര്‍ തുടങ്ങി പലതും.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ I have a dream പ്രഭാഷണത്തിന്റെ വാര്‍‌ഷികദിനത്തിലാണ് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഡേ (തിങ്കളാഴ്ച)യുടെ പിറ്റേന്ന് ആണ് ഒബാമയുടെ സ്ഥാനാരോഹണം. ഇക്കൊല്ലം ലിങ്കന്റെ 200-)o ജന്മവാ‍ര്‍‌ഷികം ആണ്. ആ രണ്ട് അതികായര്‍ നയിച്ച മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ദീര്‍ഘമായ ഒരു പുറപ്പാടിന്റെ അവസാനം, നമുക്കൂഹിച്ചെടുക്കാവുന്ന എല്ലാ പ്രതീകങ്ങളുടെയും അമിതഭാരമുള്ള കിരീടമണിഞ്ഞുകൊണ്ടാണ് ഒബാമ‍, തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജോഷ്വാ പര്‍വ്വത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നമുക്ക് നേരാം!

Sunday, January 11, 2009

പൌരത്വത്തിന്റെ നിറഭേദങ്ങള്‍


കോക്കേഷ്യന്‍ (caucasian) എന്ന് യൂറോപ്യന്‍ വംശജരെ പൊതുവേ പറയുന്നതാണ്. അതില്‍ നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് (അറബികളും യഹൂദരും ഇറാനികളും), മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ജനങ്ങളും പെടും. മദ്ധ്യേഷ്യയില്‍ കോക്കസസ് പര്‍വ്വതപ്രദേശത്തു നിന്നുള്ളവര്‍ എന്നാണല്ലോ കോക്കേഷ്യന്‍ എന്ന പദം തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരും നരവംശശാസ്ത്രപരമായി കോക്കേഷ്യന്‍‌മാര്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമല്ല. പക്ഷേ, ചരിത്രപരമായി അത് വളരെ സ്വഭാവികമാണ്; മധ്യേഷ്യയില്‍ നിന്നുള്ള സൈനീകശക്തികളും അതോടൊപ്പം ജനങ്ങളും സംസ്ക്കാരങ്ങളും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ പണ്ടേ വേരുറപ്പിച്ചിട്ടുള്ളതാണ്.

1923-ല്‍, വെള്ളക്കാര്‍ക്ക് മാത്രം അമേരിക്കയില്‍ പൌരത്വം കൊടുത്തിരുന്ന കാലത്ത്, ഭഗത് സിംഗ് തിന്ത് എന്ന സവര്‍‌ണ സിഖുകാരന്‍ പൌരത്വത്തിന് വേണ്ടി വാദിച്ചത് ആ വാസ്തവത്തെ ആശ്രയിച്ചായിരുന്നു. ഓറിഗണ്‍ സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം അന്ന്. പക്ഷേ, ഭഗത് സിംഗ് കോക്കേഷ്യനാണെന്ന ശാസ്ത്രീയസത്യം കോടതി അംഗീകരിച്ചെങ്കിലും, അദ്ദേഹം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള വെള്ളക്കാരനല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൌരത്വം നിഷേധിച്ചു. വെളുത്തതൊലിക്കാരനായിട്ടും ടാക്കോ ഒസാവ എന്ന ജപ്പാന്‍കാരന് “വെള്ളക്കാരനല്ല” എന്ന അടിസ്ഥാനത്തില്‍ ഇതേ കോടതി പൌരത്വം നിഷേധിച്ചിരുന്നു. അപ്പോള്‍ “വെള്ളക്കാരന്‍” ആകണമെങ്കില്‍ കോക്കേഷ്യന്‍ മാത്രം ആയാല്‍ പോര; നല്ല വെളുത്ത തൊലി വേണം; യൂറോപ്പില്‍ നിന്ന് വരണം എന്നൊക്കെയുള്ള “യോഗ്യതകള്‍” കൂടി അന്ന് കോടതി അമേരിക്കന്‍ പൌരത്വത്തിന് കല്പിച്ചിരുന്നു എന്ന് വേണം കരുതാന്‍.

ഭഗത് സിംഗ് പിന്നീട് ന്യൂ യോര്‍ക്ക് സംസ്ഥാനത്തു നിന്ന് പൌരത്വം കൈക്കലാക്കുമെങ്കിലും പൊതുവേ ആ രണ്ടു കോടതിവിധികള്‍ ഏഷ്യക്കാരെ ഏതാണ്ട് 1943 വരെ അമേരിക്കയില്‍ കേറ്റാതെ നോക്കി. 1965-ല്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍‌സന്‍ ഒപ്പുവച്ച ഹാര്‍ട്ട്-സെലര്‍ ഇമിഗ്രേഷന്‍ ആക്ട് ആണ് ഏഷ്യക്കാര്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ വഴിയൊരുക്കിയത്.

ഇത്രയും എടുത്തുപറയാന്‍ കാരണം ജനുവരി-ഫെഫ്രുവരി ലക്കം "ദ അറ്റ്ലാന്റിക്" മാസികയില്‍ വന്ന ഹുവ സുവിന്റെ "The End of White America?" എന്ന വളരെ മികച്ച ലേഖനത്തില്‍ ഈ സംഭവത്തെ പരാമര്‍‌ശിച്ചു കണ്ടതാണ്. (ഈ ലക്കം ഒരു പോസ്റ്റ്-പ്രസി‌ഡന്‍‌ഷ്യല്‍ ഇലക്ഷന്‍ പതിപ്പാണ്. പ്രസിഡന്റ് ഒബാമ കളക്ഷന്‍കാര്‍ എടുത്തുവയ്ക്കേണ്ട കോപ്പി തന്നെ; എന്റെ ശേഖരത്തിലേക്ക് മറ്റൊരു മാഗസിന്‍ കൂടി.) അമേരിക്കയെപ്പോലെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങള്‍ വന്നുചേരുന്ന ഒരു സ്ഥലത്ത് “വെളുപ്പ്” നിര്‍‌വ്വചിക്കുക അത്ര എളുപ്പമല്ല. “വെളുപ്പ്” ഭൂരിപക്ഷത്തിന്റെ അടയാളം മാത്രമല്ല; അമേരിക്കയില്‍ സവര്‍ണതയുടെ ഒരു അടയാളം കൂടിയാണ്. പക്ഷേ, ദീര്‍ഘനാള്‍ നിലവിലിരുന്ന ആ അവസ്ഥയ്ക്ക് വ്യത്യാസങ്ങള്‍ വന്നുതുടങ്ങി: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അവര്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു (വെള്ളക്കാരാണ് ഇപ്പോഴും ഏറ്റവും വലിയ വിഭാഗം); ഒബാമയുടെ വിജയത്തോടെ വെള്ള-പ്രൊട്ടസ്‌റ്റന്റ് വിഭാഗക്കാരുടെ രാഷ്ട്രീയശക്തിയില്‍ വിള്ളല്‍ വീണു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കത്തോലിക്കരായ വെള്ളക്കാരെയും ലറ്റീനോകളെയും ആശ്രയിക്കാതെ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

ഏറ്റവും വലിയ വ്യത്യാസം വന്നിട്ടുള്ളത് അമേരിക്കന്‍ സാംസ്ക്കാരിക പ്രതീകങ്ങളുടെ നിറം മാറ്റമാണ്. പണ്ട് ഏത് രംഗങ്ങളിലും വിജയിക്കാന്‍ “വെള്ളത്വം” അത്യാവശ്യമായിരുന്നു. കലാ-കായികരംഗങ്ങളില്‍ കറുത്തവര്‍ അനുഭവിച്ച വിവേചനം ഒരു തലമുറമുമ്പ് വരെ വളരെ യാഥാര്‍‌ത്യമായിരുന്നു. പക്ഷേ, ഇന്ന് മിക്കവാറും എല്ലാ മേഖലകളിലും “വെള്ള”യാവാന്‍ ഒട്ടും ശ്രമിക്കാതെയോ അതിന്നെ പരിഹസിച്ചുതന്നെയോ വന്‍‌വിജയങ്ങള്‍ നേടിയവര്‍ അമേരിക്കയില്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ ബോബി ജിണ്ഡല്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്, സിനിമയില്‍ വിത്സ് സ്മിത്ത്, സംഗീതലോകത്ത് ഷോണ്‍ കോം‌മ്പ്‌സ് എന്ന റാപ്പര്‍ എന്നിവരൊക്കെ അതിന്ന് മികച്ച ഉദാഹരണങ്ങളാണ്. കറുത്ത റാപ്പും, ലറ്റീനോ ഡോറ ദ എക്സ്‌പ്ലോററും, ഒബാമ തന്നെയും അമേരിക്കയ്ക്ക് പുറത്ത് വെള്ളത്വത്തിന്റെ സഹായമില്ലാതെ തികച്ചും അമേരിക്കന്‍ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ആയി അംഗീകരിക്കപ്പെട്ടു. അത്തരമൊരു സാമൂഹികപരിണാമത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒബാമയുടെ വിജയം എന്നു മാത്രമേയുള്ളൂ. പക്ഷേ, ഒബാമയുടെ വിജയം വരെ ആരും അത്തരത്തിലുള്ള വ്യത്യാസങ്ങള്‍ അമേരിക്കന്‍ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

വെള്ളക്കാര്‍ ന്യൂനപക്ഷമാകാന്‍ പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയും “വെള്ളയല്ലാത്തത്” ഫാഷനാകുമ്പോള്‍ സാംസ്ക്കാരികതലത്തിലും മാര്‍ക്കറ്റിംഗിലുമടക്കം അത് വരുത്തുന്ന വന്‍‌വ്യത്യാസങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ഭൂലോക "ബുള്ളി"യായല്ലാതെ, അമേരിക്കയെ മനുഷ്യകുലത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു അത്യപൂര്‍വ്വപരീക്ഷണമായി കാണുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.

Friday, January 02, 2009

രണ്ടു ചരമങ്ങള്‍ - ഹാരോള്‍ഡ് പിന്റര്‍, സാമുവേല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍

ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിനടയ്ക്ക് ഈ രണ്ടു പ്രധാനപ്പെട്ട എഴുത്തുകാരുടെ മരണങ്ങള്‍ക്ക് കാര്യമായ വാര്‍ത്താപ്രാധാന്യം കിട്ടാതെ പോയെന്നു തോന്നുന്നു. ജനുവരി 3 ലക്കത്തിലെ ‘ഇക്കണോമിസ്സ്റ്റ്’ വാരികയില്‍ ഇവരെപ്പറ്റി നല്ല ചരമക്കുറിപ്പുകള്‍ ഉണ്ട്.


(സാമുവല്‍ ഹണ്‍‌ടിം‌ഗ്ടണ്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

പാശ്ചാത്യ സാംസ്ക്കാരിക മേല്‍ക്കോയ്മയുടെ,പ്രത്യേകിച്ച് അമേരിക്കയുടെ, ബലഹീനതകള്‍ തുറന്നുകാണിച്ച 'Clash of Civilizations' എന്ന കൃതിയുടെ കര്‍ത്താവാണ് സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍. പാശ്ചാത്യര്‍ പ്രതീക്ഷിച്ചതിന്നു വിപരീതമായി, ശീതസമരത്തില്‍ നിന്ന് മുന്നേറി, ഗ്ലോ‍ബലൈസേഷന്റെയും അതുകൊണ്ടുവന്നേക്കാവുന്ന ആഗോളസാഹോ‍ദര്യത്തിനും പകരം, ഉറങ്ങിക്കിടന്നിരുന്ന വൈരുദ്ധ്യ സംസ്ക്കാരങ്ങള്‍ തമ്മില്‍‍ ഏറ്റുമുട്ടുമെന്ന് 90-കളുടെ തുടക്കത്തില്‍ അദ്ദേഹം അത് പറഞ്ഞുവച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ അത്, പ്രത്യേകിച്ച് പാശ്ച്യാത്യരും മുസ്ലിം ലോകവുമായുള്ള സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഹാര്‍വഡിലെ 57 കൊല്ലത്തോളം അധ്യാപകനായിരുന്ന സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍ 17 പുസ്തകങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തെപ്പറ്റി കൂടൂതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക.


(ഹാരോള്‍ പിന്റര്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

2005-ല്‍ സാഹിത്യത്തിന് നോബേല്‍ പുരസ്ക്കാരം ലഭിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരോള്‍ഡ് പിന്ററെക്കുറിച്ച് ബൂലോഗത്ത് പോസ്റ്റുകള്‍ കണ്ടിരുന്നു. എന്നാലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആ‍ഗ്രഹമുള്ളവര്‍ ഈ ചരമക്കുറിപ്പ് കൂടി വായിച്ചിരിക്കേണ്ടതാണ്.