Tuesday, January 20, 2009

ഇനി ജോഷ്വായുടെ പുസ്തകം - ഒബാമ ഇന്ന് അധികാരമേല്‍‌ക്കുന്നു



(ജനുവരി 19 ലക്കം ന്യൂ യോര്‍ക്കറിന്റെ കവര്‍)

ജനുവരി 20(ചൊവ്വാഴ്ച)അമേരിക്കയുടെ 44-)മത്തെ പ്രസിഡന്റായി ഒബാമ സ്ഥാനമേല്‍ക്കും. ചരിത്രം കുറിക്കുന്ന ആ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വാഷിം‌ഗ്‌ടണ്‍ ഡി.സി.യില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 20 ലക്ഷത്തോളം ജനങ്ങള്‍ അതില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്; ടിക്കറ്റുകളൊക്കെ വളരെ പെട്ടന്ന് തീര്‍ന്നുപോയിരിക്കുന്നു. തലസ്ഥാനത്ത് ഹോട്ടല്‍ മുറികളുടെ വാടകയൊക്കെ കുത്തനെ ഉയര്‍ന്നെന്നാണ് വാര്‍ത്ത. പക്ഷേ, അടുത്തകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള തലസ്ഥാനത്തെ കൊടുംതണുപ്പ് കുറച്ച് ആള്‍ക്കാരെയെങ്കിലും നിരുത്സാഹപ്പെടുത്തുമായിരിക്കും.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍‍, പഴയകാലത്ത് തലസ്ഥാനത്ത് സത്യപ്രതിജ്ഞക്ക് എത്തിച്ചേരുന്നതിന്നെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ ശനിയാഴ്ച ഒബാമയും ജോ ബൈഡനും അവരുടെ കുടും‌ബങ്ങളും അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍‌ഫിയയില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഒബാമയുടെ അവസാനത്തെ വിക്ടറി പരേഡ് ആയിരുന്നു അത്. ജനുവരി 20-ന് ഉച്ചതിരിഞ്ഞ് ഒബാമ, ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ രാ‍ഷ്ട്രീയ അധികാരമായ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. പിന്നെ അമേരിക്കയും ലോകവും നേരിടുന്ന പ്രശ്നങ്ങളെ നേരിടുക എന്ന കഠിനമായ കര്‍ത്തവ്യത്തിന്റെ ദിനങ്ങളായിരിക്കും; ഒബാമ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ആ നാളുകളിലാണ്. ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയെങ്കിലും പരിചയസമ്പന്നരും പ്രതിഭാശാലികളും അതിലേറെ അമേരിക്കന്‍ ജനതയുടെ നാനാത്വത്തെ പ്രധിനിധീകരിക്കുന്നതുമായ ഒരു ക്യാബിനറ്റ് ടീമിനെ അദ്ദേഹം ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ സഹായത്തോടെ, തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതീക്ഷകളിലേക്ക് അമേരിക്കയെയും ലോകജനതയെയും ഒബാമ വിജയകരമായി നയിക്കുമെന്ന് നമുക്ക് ആശിക്കാം.

കഴിഞ്ഞയാഴ്ച ബുഷ് തന്റെ വിടവാങ്ങല്‍ പ്രസംഗം ചെയ്തു. ഹഡ്‌സണ്‍ നദിയില്‍ വിമാനമിറക്കിയ വാര്‍ത്ത കണ്ട് അന്തംവിട്ടിരുന്ന അമേരിക്കക്കാര്‍ ബുഷിന്റെ നിറമില്ലാത്ത ആ വിടവാങ്ങല്‍ സൌകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്തു. 20-ന് ഉച്ചയ്ക്ക് ഒബാമക്ക് വൈറ്റ്‌ഹൌസിന്റെ താക്കോല്‍ കിട്ടുന്നതിന്ന് മുമ്പ്, ബുഷ് അതിന്റെ പടിയിറങ്ങി ടെക്സസിലെ ഡാളസ് നഗരത്തിലെ തന്റെ പുതിയ വസതിയിലേക്ക് തിരിക്കും; ഒപ്പം ചരിത്രത്തിന്റെ പാര്‍‌ശ്വങ്ങളിലേക്കും. അമേരിക്കയുടെ ആധുനികചരിത്രത്തില്‍, ഏറ്റവും മോശം പ്രസിഡെന്റെന്ന കുപ്രസിദ്ധിക്ക് അദ്ദേഹം റിച്ചാര്‍ഡ് നിക്സനുമായി മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്മാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ നിക്സന്‍ രൂപപ്പെടുത്തിയ "സാംസ്ക്കാരിക യുദ്ധ"തന്ത്രത്തിന്റെ അവസാനത്തെ പ്രയോക്താക്കളായിരുന്നു ബുഷും സംഘവും. പ്രാദേശികമായി ആ തന്ത്രം ഇനിയും ഉപയോഗിക്കപ്പെടുമെങ്കിലും, പുതിയ തലമുറയുടെ വംശീയതയിലൂന്നാത്ത രാഷ്ട്രീയവീക്ഷണവും കുടിയേറ്റത്തിന്റെ പുതിയ സമവാക്യങ്ങളും ദേശീയതലത്തില്‍ ആ തന്ത്രത്തെ ഉപയോഗശൂന്യമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ലറ്റീനോകളെ, ആകര്‍ഷിക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് സജ്ജമാക്കുന്ന ഒരാള്‍ക്കായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വീണ്ടും വൈറ്റ് ഹൌസില്‍ എത്തിക്കാന്‍ പറ്റുക.

മറ്റൊന്ന് ബേബി ബൂമര്‍‌മാരുടെ കാലഘട്ടത്തിന് അറുതി വന്നതാണ്. (രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ വര്‍ദ്ധിച്ച ശിശുജനന നിരക്കിനെയാണ് baby boom കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലിന്റന്‍മാര്‍, ബുഷ്, ഗോര്‍, കെറി എന്നിവരൊക്കെ ആ തലമുറയെ പ്രതിനിധീകരിക്കുന്നവരാണ്. വിയറ്റ്‌നാം യുദ്ധമാണ് അവരുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പൊതുവായ ഒരു ജീവിതാനുഭവം.) ഭീമാബദ്ധങ്ങള്‍ ഒന്നും വരുത്തിയില്ലെങ്കില്‍ ഒബാമ രണ്ടു ടേമും പൂര്‍ത്തിയാക്കും; അതിന്നുശേഷം തീര്‍ച്ചയായും ഒബാമയെപ്പോലെ തന്നെ പുതിയ തലമുറയിലെ ആരെങ്കിലും ആയിരിക്കും 2017-ല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി ആവുക.

വൈറ്റ് ഹൌസ് പണിയാന്‍ അടിമകളെ ഉപയോഗിച്ചിരുന്നു. പിന്നീട് ജോലിക്കാരായും സന്ദര്‍ശകരായും മാത്രമേ അവിടെ കറുത്തവര്‍ എത്തിയിട്ടുള്ളൂ.ആദ്യകാലത്തെ പല പ്രസിഡന്റുമാര്‍‌ക്കും അടിമകള്‍ ഉണ്ടായിരുന്നു. ഒബാമ അടിമകളുടെ കുടുംബത്തില്‍ നിന്നല്ല വരുന്നെങ്കിലും മിഷല്‍ ഒബാമയുടെ ഒരു മുതുമുത്തച്ഛന്‍ അടിമയായിരുന്നെന്നുള്ളതിന്ന് കൃത്യമായ രേഖകള്‍ ഉണ്ട്. (മിക്കവാറും എല്ലാ ആഫ്രിക്കന്‍-അമേരിക്കക്കാരും വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള അടിമകളുടെ പിന്‍‌തലമുറക്കാരാണ്.) ഒബാമ കുടും‌ബം അവിടെ താമസം തുടങ്ങുമ്പോള്‍, സാമൂഹിക പുരോഗതിക്ക് സ്വയം മാതൃകയായിക്കൊണ്ട് അമേരിക്കന്‍ ജനത പാശ്ചാത്യരാജ്യങ്ങളുടെ മുന്നിരയില്‍ വീണ്ടും കയറി ഇരിക്കും.

മറ്റൊരു ഇല്ലിനോയി സംസ്ഥാനക്കാരനായിരുന്ന ഏബ്രഹാം ലിങ്കന്റെ പിന്‍‌ഗാമിയായി അറിയപ്പെടാന്‍ ഇഷ്ടമുള്ള ഒബാമയ്ക്ക് അദ്ദേഹവുമായുള്ള സാമ്യങ്ങള്‍ വളരെയാണ്: രണ്ടും പേരും പ്രഭാഷണകലയില്‍ പ്രാഗല്‍‌ഭ്യം തെളിയിച്ചവര്‍‍; കഴിവുള്ള രാഷ്ട്രീയ എതിരാളികളെ തമസ്ക്കരിക്കാതെ, മത്സരത്തിന്നു ശേഷം അവരെ കൂടെക്കൂട്ടി രാഷ്ട്രനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ (പ്രൈമറിയില്‍ ലിങ്കന്റെ എതിരാളി ആയിരുന്ന വില്യം സിവാഡിനെ അദ്ദേഹം പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആ‍ക്കി; ഒബാമ ഹിലരിക്ക് ആ സ്ഥാനം കൊടുത്തതുപോലെ); വളരെ കുറഞ്ഞ ഭരണപരിചയത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നവര്‍ തുടങ്ങി പലതും.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ I have a dream പ്രഭാഷണത്തിന്റെ വാര്‍‌ഷികദിനത്തിലാണ് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഡേ (തിങ്കളാഴ്ച)യുടെ പിറ്റേന്ന് ആണ് ഒബാമയുടെ സ്ഥാനാരോഹണം. ഇക്കൊല്ലം ലിങ്കന്റെ 200-)o ജന്മവാ‍ര്‍‌ഷികം ആണ്. ആ രണ്ട് അതികായര്‍ നയിച്ച മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ദീര്‍ഘമായ ഒരു പുറപ്പാടിന്റെ അവസാനം, നമുക്കൂഹിച്ചെടുക്കാവുന്ന എല്ലാ പ്രതീകങ്ങളുടെയും അമിതഭാരമുള്ള കിരീടമണിഞ്ഞുകൊണ്ടാണ് ഒബാമ‍, തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജോഷ്വാ പര്‍വ്വത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നമുക്ക് നേരാം!

3 comments:

t.k. formerly known as thomman said...

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ I have a dream പ്രഭാഷണത്തിന്റെ വാര്‍‌ഷികദിനത്തിലാണ് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഡേ (തിങ്കളാഴ്ച)യുടെ പിറ്റേന്ന് ആണ് ഒബാമയുടെ സ്ഥാനാരോഹണം. രണ്ട് അതികായര്‍ നയിച്ച മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും പുറപ്പാടിന്റെ അവസാനം, നമുക്കൂഹിച്ചെടുക്കാവുന്ന എല്ലാ പ്രതീകങ്ങളുടെയും അമിതഭാരമുള്ള കിരീടമണിഞ്ഞുകൊണ്ടാണ് ഒബാമ‍, തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജോഷ്വാ പര്‍വ്വത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നമുക്ക് നേരാം!

റോഷ്|RosH said...

അമേരിക്കയുടെ വിദേശകാര്യ നയങ്ങള്‍ക്ക് ഒബാമയുടെ വരവോറെയെന്കിലും അല്പമെങ്കിലും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാമോ?

t.k. formerly known as thomman said...

സാം‌ഷ്യ,
ഒബാമയുടെ വിദേശകാര്യനയം ബുഷിന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. നയതന്ത്രജ്ഞതയ്ക്ക് പ്രാധാന്യം കൊടുക്കുകയും അമേരിക്കയൂടെ പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും അദ്ദേഹത്തിന്റെ നീക്കങ്ങള്‍. ഇറാക്കില്‍ നിന്നുള്ള പിന്മാറ്റം പോലെയുള്ള കാര്യങ്ങള്‍ ആയിരിക്കും അതിന്റെ തുടക്കത്തിലുള്ള ഫലങ്ങള്‍.