ഇറാക്കില്‍ സദ്ദാമിന്റെയും മക്കളുടെയും ദുര്‍വിധി കണ്ട് ശരിക്കും പേടിച്ച ഏകാധിപതികളാണ് ലിബിയന്‍ നേതാവ് (അദ്ദേഹം എന്ത് സ്ഥാനമാണ് യഥാര്‍ഥത്തില്‍ ലിബിയയില്‍ വഹിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഒരു മുഴുവന്‍ പോസ്റ്റു തന്നെ വേണ്ടി വരും) മുവമര്‍ ഖഢാഫിയും മകനും, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസാദും. ഖഢാഫിക്കും ബഷാര്‍ അല്‍-അസാദിന്റെ പിതാവും സിറിയയെ 30 കൊല്ലത്തോളം അടക്കി ഭരിച്ച് രാജ്യത്തെ കുടുംബസ്വത്താക്കിയ ഹഫീസ് അല്‍-അസാദിനും ഭീകരവാദം എന്നും വിദേശകാര്യനയത്തിന്റെ ഭാഗമായിരുന്നു. ബഷാര്‍ പിതാവിനെപ്പോലെ കരുത്തനായ ഭരണാധികാരിയൊന്നുമല്ല. ഇറാക്ക് അധിനിവേശത്തിനുശേഷം അമേരിക്കയെ സിറിയ പലവട്ടം വെള്ളക്കൊടി പൊക്കിക്കാട്ടിയെങ്കിലും അത് അവഗണിച്ചത് മറ്റൊരു ദുര്‍ബലനായ ഭരണാധികാരിയായിരുന്ന ബുഷിന്റെ നയതന്ത്രജ്ഞതയുടെ വീഴ്ചകളിലൊന്നായി എണ്ണപ്പെടുന്നു.
പക്ഷേ, പാശ്ചാത്യരുടെ കണ്ണില്‍ ഭീകരവാദിയില്‍ നിന്ന് നയതന്ത്രജ്ഞനായി മാറാന്‍ ഖഢാഫിക്ക് ശരിക്കും കഴിഞ്ഞു. പ്രധാനമായും പാന്‍ ആം ബോംബിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആയുധനിര്‍മാണപരിപാടികള്‍ ഔദ്യോഗികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതു വഴിയാണ് അദ്ദേഹം അത് സാധിച്ചെടുത്തത്. 2006-ല്‍ അമേരിക്ക ലിബിയയുമായി പൂര്‍ണ്ണ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയും, കഴിഞ്ഞകൊല്ലം കോന്റലീസ റൈസ് ആ രാജ്യം സന്ദര്‍ശിക്കുകയും ഒക്കെ ചെയ്തു. ഇറാക്ക് യുദ്ധത്തിന്റെ ഒച്ചപ്പാടില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു വലിയ മലക്കംമറച്ചിലായിരുന്നു ഖഢാഫിയുടേത്.
പലസ്തീന്‍ പ്രശ്നപരിഹാരത്തിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവുമായി അടുത്ത് ന്യൂ യോര്‍ക്ക് ടൈംസില്‍ ഒരു എഡിറ്റോറിയല്‍ ഖഢാഫി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലസ്തീനിന്റെയും ഈസ്രയേലിന്റെയും നിലനില്‍പ്പിനെ പരസ്യമായി അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, പലസ്തീന്‍ പ്രശ്നത്തെ ജനശ്രദ്ധതിരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന അറബ് നേതാക്കളുടെ പതിവ് പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ്.
ഈസ്രയേല്‍, പലസ്തീന്‍ പ്രവിശ്യകള്‍ കീറിമുറിക്കാതെ, രണ്ടു ജനതകള്‍ക്കും ഒത്തൊരുമിച്ച് നില്‍ക്കാമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഖഢാഫിയുടെ നിര്‍ദ്ദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പല കാലങ്ങളില്‍ പലതരം ജനതകള്‍ അധിവസിച്ചിരുന്ന ഈസ്രയേലില്‍ ആര്‍ക്കും ഒറ്റക്ക് അവകാശമില്ലെന്നും രണ്ടുകൂട്ടരും ഒത്തൊരുമിച്ച് താമസിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഈസ്രയേലില്‍ ഇപ്പോള്‍ തന്നെ ധാരാളം അറബികള്‍ പൌരന്മാരായുണ്ട്. അതുപോലെ ആധുനിക ഈസ്രയേലിന്റെ രൂപീകരണത്തിനും അതിന്നുശേഷമുള്ള യുദ്ധങ്ങള്‍ക്കുമിടക്ക് അഭയാര്‍ത്ഥികളായ അറബികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അവകാശം, യഹൂദര്‍ക്ക് അന്യരാജ്യങ്ങളില്‍ നിന്ന് പൂര്‍വ്വികരുടെ നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം പോലെതന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഈ വാദത്തില്‍ വലിയ പുതുമ തോന്നില്ലെങ്കിലും യഹൂദര്‍ക്കും അറബികള്‍ക്കും ഈസ്രയേലില്‍ ഒരേപോലെയുള്ള അവകാശം അംഗീകരിച്ചുകൊടുക്കുന്നത് അറബ്‌ലോകത്ത് അപൂര്‍വ്വമാണ്.
അതിപുരാതന കാലം മുതല്‍ യഹൂദര്‍ പീഢിക്കപ്പെടുന്നവരാണെന്നും ആധുനികകാലത്ത് പലസ്തീനികളുടെ വിധിയും അതുതന്നെയാണെന്നുമുള്ള അദ്ദേഹത്തിന്റെ സന്തുലിതമായ വീക്ഷണം വളരെ ശരിയാണ്. പീഢിതരായ രണ്ടു ജനതകള്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കിയെങ്കില്‍ എന്ന് ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചു പോകുന്നതാണ്. പലപ്പോഴും മറ്റു രാജ്യങ്ങളുടെ ഇടപെടലാണ് പലസ്തീന്‍ പ്രശ്നത്തെ ഇത്ര സങ്കീര്‍ണ്ണമാക്കുന്നത്.
ഞാന്‍ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ട് ഈസ്രയേല്‍ ഖഢാഫി നിര്‍ദ്ദേശിക്കുന്നതുപോലെയുള്ള ഒരു പരിഹാരത്തിന് വഴങ്ങുകയില്ല. ഭൂരിപക്ഷജനാധിപത്യത്തിനു പകരം യഹൂദര്‍ക്ക് ഈസ്രയേലില്‍ പരമാധികാരം ഉറപ്പുവരുത്തുന്നതോ അധികാരം പങ്കുവയ്ക്കുന്നതോ ആയ ഒരു ഭരണക്രമം പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്താവുന്നതാണ്. സ്ഥിരമായ സമാധാനം അത്തരത്തില്‍ ഈസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചകളില്‍ നിന്നേ ഉണ്ടാകൂ.
ഖഢാഫിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.
Subscribe to:
Post Comments (Atom)
2 comments:
പലസ്തീന്‍ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് ന്യൂ യോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഖഢാഫിയുടെ എഡിറ്റോറിയലിന്നെപ്പറ്റി.
സൌദി രാജാവ് അബ്ദുള്ള നിര്‍ദ്ദേശിച്ചേക്കാവുന്ന ഒരു പലസ്തീന്‍ പ്രശ്നപരിഹാരത്തെപ്പെറ്റി റ്റോമസ് ഫ്രീഡ്‌മന്‍ ഇന്നലെ ഒരു കോളം ന്യൂ യോര്‍ക്ക് റ്റൈംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ.
നിര്‍ദ്ദേശത്തിന്റെ ചുരുക്കം ഇതാണ്: 1) ഈസ്രയേല്‍ ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളില്‍ നിന്ന് പിന്മാറുക. 2)ഈസ്രയേല്‍ പിന്മാറുമ്പോള്‍ സമാധാനസേനയെപ്പോലെ ജോര്‍ദ്ദാനും ഈജിപ്തും ആ പ്രവിശ്യകളിലെ സുരക്ഷ ഏറ്റെടുക്കുക. 3) ഇതിനുവരുന്ന ചിലവും പുതിയ പലസ്തീന്‍ രാജ്യത്തിന്റെ വികസനവും സൌദി ഏറ്റെടുക്കുക. 4) അമേരിക്ക പിന്മാറ്റത്തിലുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുക.
ഇതില്‍ സൌദിക്ക് എന്താണെന്ന് ലാഭം എന്ന ചോദ്യം ആര്‍ക്കുമുണ്ടാവാം. പലസ്തീന്‍ പ്രശ്നം ചൂഷണം ചെയ്ത് മുസ്ലിംലോകത്ത് കൂടുതല്‍ പ്രാധാന്യം നേടുന്ന ഷിയകളായ ഇറാനികളെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാമെന്നുള്ളതാണ് സുന്നികളായ സൌദികള്‍ക്കുണ്ടാവുന്ന നേട്ടം ഇത്തരമൊരു ഒത്തുതീര്‍പ്പില്‍ നിന്ന്.
Post a Comment