Friday, August 29, 2008

ജോണ്‍ മക്കെയിന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് ജോണ്‍ മക്കെയിന്‍ ഇന്ന് അലാസ്ക്കയിലെ ഗവര്‍‌ണറായ സാറാ പേലിനെ തിരഞ്ഞെടുത്തു. ഇവരുടെ തിരഞ്ഞെടുപ്പ് വളരെ രഹസ്യമായിട്ടായിരുന്നു; മക്കെയിന്‍ പരിഗണിച്ചവരുടേതായി മാധ്യമങ്ങള്‍ ഇറക്കിയ ലിസ്റ്റുകളിലൊന്നും ഇവരുടെ പേര് കണ്ടിരുന്നില്ല.

കാനഡയ്ക്കും മുകളില്‍ ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ ചെറിയ (ജനസംഖ്യകൊണ്ട്) സംസ്ഥാനത്തില്‍ നിന്ന് പൊതുവേ രാഷ്ട്രീയത്തേക്കാള്‍ അവിടെ പിടിക്കുന്ന സാല്‍‌മണ്‍ മത്സ്യത്തിന്റെയും അവിടെയുള്ള ധ്രുവക്കരടികളുടെയും വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. സാറാ പേലിനും അക്കാര്യങ്ങളുമായി അടുത്തബന്ധമുണ്ട്; അവരുടെ ഭര്‍ത്താവ് ഒരു മീന്‍പിടുത്തക്കാരനായിരുന്നു; അവര്‍ വേട്ടയാടുന്നതില്‍ അതീവ തല്പരയാണ്. വെവ്വില്‍ കണ്ട ഒരു പടത്തില്‍ (അവരുടെ വീടാണെന്ന് തോന്നുന്നു) കൊന്ന്, സ്റ്റഫ് ചെയ്ത വച്ച ഒരു കരടിയുടെ ഉടലും തലയുമാണ് അവര്‍ ഇരിക്കുന്ന സോഫയുടെ ഒരറ്റത്ത്. രാഷ്ടീയത്തിലെ പരിചയം- 6000 പേരുള്ള ഒരു പട്ടണത്തിന്റെ മേയറായിരുന്നു; അലാസ്ക്കയിലെ ഗവര്‍ണറായിട്ട് 2 വര്‍ഷം തികയാന്‍ പോകുന്നു. ഇതിന്ന് മുമ്പ് അലാസ്ക്കയില്‍ അവര്‍ വാര്‍ത്തയില്‍ വന്നത് വ്യക്തിവിരോധം തീര്‍ക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിട്ടതുമായി ഒരു വിവാദവുമായി ബന്ധപ്പെട്ട്.

72 വയസ്സുള്ള, നാലുവട്ടം കാന്‍സര്‍ ചികിത്സക്ക് വിധേയനായ, ശരീരത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനാവാത്ത ജോണ്‍ മക്കെയിന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട്, ഭരണത്തിലിരിക്കുമ്പോള്‍ എങ്ങാനും മരിച്ചാല്‍ (അങ്ങനെ വരാതെ പോകട്ടെ) ഇവര്‍ അമേരിക്കന്‍ പ്രസിഡന്റ് ആവും എന്ന് ഓര്‍ക്കുമ്പോള്‍ ഈ രാജ്യത്ത് താമസിക്കാന്‍ പേടി തോന്നുന്നു.

CNN-ന്റെ രാഷ്ട്രീയ നിരീക്ഷകന്‍ പോള്‍ ബെഗേലയാണ് ഈ തലക്കെട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ള സംശയം ഉന്നയിച്ചിട്ടുള്ളത്. അത് ഇവിടെ വായിക്കുക, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല; കൂടുതല്‍ വിവരങ്ങള്‍ക്ക് ആ ലേഖനം വായിക്കുക.

ഒരു പ്രധാന തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ജോണ്‍ മക്കെയിന്‍ അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മിറ്റ് റോംനിയെയും റ്റോം റിഡ്ജിനെയും പോലെയുള്ള മിടുക്കന്മാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ ഇത്തരം ഒരാളെ ടിക്കറ്റിലെടുത്തത് അദ്ദേഹത്തിന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല എന്ന് തെളിയിക്കുന്നു. ഒരു സ്ത്രീയെ സ്ഥാനാര്‍ഥി ആക്കണമായിരുന്നെങ്കില്‍ അതിനുമുണ്ടായിരുന്ന കഴിവുള്ള ആള്‍ക്കാര്‍ വേറെ.

മക്കെയിന്റെ ഉന്നം ഹിലരിയെ പിന്തുണച്ച, ഒബാമയ്ക്ക് വോട്ടു ചെയ്യാന്‍ ഇപ്പോഴും അറപ്പുള്ള സ്ത്രീകളുടെ വോട്ട് നേടലും; യാഥാസ്ഥികരെ പ്രീണിപ്പിക്കലുമാണെന്നു തോന്നുന്നു. രണ്ടാമത്തെ കാര്യത്തില്‍ ഇവരെ വെല്ലുന്ന അധികമാരും ഉണ്ടാകില്ല. ഒരു തികഞ്ഞ കൃസ്ത്യന്‍ യാഥാസ്ഥികയും ഇവാഞ്ചലിസ്റ്റുമാണ് സാറാ പേലിന്‍. അക്കാര്യം കൊണ്ടുതന്നെ ഒരു തികഞ്ഞ ലിബറല്‍ ഡമോക്രാറ്റായ ഹിലരിയുമായി സ്ത്രീയാണെന്നല്ലാതെ മറ്റൊരു സാമ്യവും ഇവര്‍ക്കില്ല. തന്നെയുമല്ല പ്രൈമറികാലത്ത് അവര്‍ ഹിലരിയെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ ക്ലിപ്പുകളൊക്കെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇന്ന് അവരുടെ പ്രസംഗത്തില്‍ ഹിലരിയെ യാതൊരു ലോഭവുമില്ലാതെ പുകഴ്ത്തുന്നുണ്ടായിരുന്നു. ഉന്നം ഹിലരിയുടെ പിന്തുണക്കാര്‍. പക്ഷേ, പൊതുവേ ഹിലരിയുടെ ആള്‍ക്കാര്‍ ആ കുടുക്കില്‍ കുരുങ്ങില്ല എന്നാണ് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്; കുറച്ച് ഫെമിനിസ്റ്റ് തീവ്രവാദികള്‍ ഒഴിച്ച്.

എന്തായാലും മക്കെയിന്റെ ഈ തീരുമാനം ഒബാമയുടെ വിജയം എളുപ്പമാക്കുമെന്നുള്ളതുകൊണ്ട് ഒരു ഗൂഢസന്തോഷം ഉണ്ടെന്നുള്ള കാര്യം മറച്ചു വയ്ക്കുന്നില്ല :-)

Thursday, August 28, 2008

ഇനി ഒരാഴ്ച മക്കെയിന് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് കുറച്ച് മുമ്പ് ഒബാമ ചെയ്ത ഗംഭീരപ്രസംഗത്തോടുകൂടി ഡന്‍‌വറില്‍ നടന്നു വന്നിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ സമാപിച്ചു. ഇനി പാര്‍ട്ടിയെ പൊതുതിരഞ്ഞെടുപ്പില്‍ (പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കും പല സീറ്റുകളില്‍ മത്സരം നടക്കുന്നുണ്ട്) വിജയത്തിലേക്ക് നയിക്കേണ്ടത് ഒബാമയുടെ ചുമതലയാണ്.

ഇന്നത്തെ പ്രസംഗത്തില്‍ കഴിഞ്ഞ 8 കൊല്ലത്തെ റിപ്പബ്ലിക്കന്‍ ഭരണത്തെയും അതിനെ അനുകൂലിച്ചുവന്ന മക്കെയിനെയും ആക്രമിച്ചുകൊണ്ട്, വരുന്ന ദിവസങ്ങളില്‍ ചുരുളഴിയാന്‍ പോകുന്ന പ്രചരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒബാമ ചെറിയ സൂചനകള്‍ നല്‍കി. റിപ്പബ്ലിക്കന്മാരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്ന പ്രചരണത്തിന് മറുപടിയാണെന്ന് തോന്നുന്നു അത്. ജോ ബൈഡന്‍ ടിക്കറ്റിലുള്ളത് ഡമോക്രാറ്റുകളുടെ ആക്രമണത്തിന്റെ വ്യാപ്തിയും ശക്തിയും വരുന്ന ദിവസങ്ങളില്‍ കൂടാനേ കാരണമാകൂ. പ്രസിഡന്റ് ആയാല്‍ താന്‍ വരുത്താന്‍ പോകുന്ന പരിഷ്ക്കാരങ്ങളെപ്പറ്റിയും ഒബാമ വിശദമായി സംസാരിച്ചു. 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ അറബ് ഓയിലിനെ ആശ്രയിക്കാതെ അമേരിക്കയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും എന്ന് പ്രഖ്യാപിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു; അത് പ്രായോഗികമാണോ എന്ന്‌ ഉറപ്പില്ലെങ്കിലും.

മക്കെയിന്‍ ഇന്ന് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് പ്രഖ്യാപനവും ഇറക്കി. ഒബാമയുടെ പ്രഭാഷണത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ ശകലം തിരിക്കാന്‍ ആ പ്രഖ്യാപനം ഈ ദിവസം തന്നെ ചെയ്യുക വഴി മക്കെയിന് സാധിക്കുകയും ചെയ്തു. ഒരു പരസ്യത്തിലൂടെ ഒബാമയെ അഭിനന്ദിക്കാ‍നും അദ്ദേഹം മറന്നില്ല.

റ്റിം പോളന്റി, ജോസഫ് ലീബര്‍മന്‍, റ്റോം റിഡ്ജ്, മിറ്റ് റോംനി എന്നിവര്‍ക്കാണ് മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയുള്ളത്. അതിന്നിടയില്‍ ഡന്‍‌വറില്‍ ഡമോക്രാറ്റുകള്‍ക്കെതിരെയുള്ള പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന റ്റിം പോളന്റി തന്റെ അവിടത്തെ ചുമതലകള്‍ അവസാനിപ്പിച്ച് തിരിച്ചുപോയത്, അദ്ദേഹത്തെ തിരഞ്ഞെടുത്തതുമൂലമാകാം എന്ന് ഒരു ശ്രുതി പരത്തിയിട്ടുണ്ട്. മിന്യാസോട്ടയിലെ ഗവര്‍ണറാണ് അദ്ദേഹം ഇപ്പോള്‍. പൊതുവേ ഡമോക്രാറ്റുകളെ വിജയിപ്പിക്കുന്ന ഈ സംസ്ഥാനത്ത് മക്കെയിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ പോളന്റി മക്കെയിന്‍ ടിക്കറ്റില്‍ വരുന്നത് ഗുണം ചെയ്തേക്കും.

നാളെ മുതല്‍ ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ കഴിയുന്നതുവരെയുള്ള ഒരാഴ്ച മക്കെയിന്റേതാണ്. തിങ്കളാഴ്ച ആരംഭ്ക്കുന്ന കണ്‍‌വെന്‍ഷന് മിന്യാസോട്ടയിലെ ഇരട്ട നഗരങ്ങളായ മിന്യാപോളിസ്-സെന്റ് പോളിലാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്.

ബറാക്ക് ഹുസൈന്‍ ഒബാമ: ഒരമേരിക്കന്‍ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ആല്‍ ഗോറിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി തിരഞ്ഞെടുത്ത, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 2000-ലെ ദേശീയ കണ്‍‌വെന്‍‌ഷനില്‍ പങ്കെടുക്കുവാന്‍, ഇല്ലിനോയി സംസ്ഥാനത്തെ സ്റ്റേറ്റ് സെനറ്ററായ ഒരു ചെറുപ്പക്കാരന്‍ കാലിഫോര്‍‌ണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിലെത്തി. വിമാനത്താവളത്തില്‍ വച്ച് കാറ് വാടകക്ക് എടുക്കാന്‍ വേണ്ടി അദ്ദേഹം തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ നിന്ന് കിട്ടാവുന്ന കടമെല്ലാം ഉപയോഗിച്ചു തീര്‍ന്നതിനാല്‍ ആ കാര്‍ഡ് നിരസിക്കപ്പെട്ടു. സമ്മേളന സ്ഥലത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ തീരെ അറിയപ്പെടാത്ത ഒരാളായതുകൊണ്ട് അദ്ദേഹത്തിന് പ്രധാനപ്പെട്ട യോഗങ്ങളിലേക്കൊന്നും പ്രവേശനം ലഭിച്ചില്ല. അങ്ങനെ നിരാശനായി പാര്‍ട്ടി സമ്മേളനം തീരുന്നതിനു മുമ്പ് തന്നെ അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.

4 വര്‍ഷങ്ങള്‍ക്കു ശേഷം ജോണ്‍ കെറിയെ തിരഞ്ഞെടുത്ത, ബോസ്റ്റണില്‍ നടന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍‌വെന്‍ഷനില്‍ കീ നോട്ട് പ്രസംഗം ചെയ്തത് ഈ ചെറുപ്പക്കാരന്‍ ആയിരുന്നു. അരങ്ങില്‍ ജോണ്‍ കെറിയെപ്പോലും നിഷ്പ്രഭമാക്കിക്കളഞ്ഞ ആ പ്രസംഗം, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒരു പുതിയ താരോദയത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ വെറും നാലു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍ട്ടിയിലെ ഭാവി വാഗ്ദാനമായി ഉയരാന്‍ സാധിച്ചത്, ആ ചെറുപ്പക്കാരന്റെ തികച്ചും വിസ്മയാവഹമായ രാഷ്ട്രീയ വളര്‍ച്ചയായിരുന്നു. ഒബാമയായിരുന്നു ആ ഉദയതാരം എന്ന് ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇല്ലിനോയി സംസ്ഥാനത്തിന് പുറത്ത് ഒബാമ അറിയപ്പെടുന്നത് 2004-ല്‍ അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തിനു ശേഷമാണ്. പിന്നീട് അദ്ദേഹം ഇല്ലിനോയി സംസ്ഥാനത്തു നിന്നു തന്നെ യു.എസ്സ്. സെനറ്റിലേക്ക് മത്സരിച്ചപ്പോള്‍ ധാരാളം വാര്‍ത്തകള്‍ ആ മത്സരത്തെക്കുറിച്ച് പുറത്തുവന്നു; പ്രത്യേകിച്ചും അതുമായി ബന്ധപ്പെട്ട വിചിത്രവും നാടകീയവുമായ ചില സംഭവവികാസങ്ങളെപ്പറ്റി‍. ആ മത്സരം വിജയിച്ച് യു.എസ്സ്. സെനറ്റിലെത്തിയ ഒബാമ, സെനറ്റര്‍ ആകാന്‍ കഴിഞ്ഞ അപൂര്‍വ്വം കറുത്തവര്‍ഗ്ഗക്കാരില്‍ ഒരാളായി.

2004-ലെ പ്രസംഗം മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹം ഭാവിയില്‍ പ്രസിഡന്റാവാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. പക്ഷേ, നല്ല വിദ്യാഭ്യാസവും വാഗ്‌മിത്വവും കൈമുതലായുണ്ടെങ്കിലും ദേശീയതലത്തിലുള്ള രാഷ്ട്രീയ/ഭരണ പരിചയക്കുറവുകൊണ്ട് 2008-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുറച്ച കടന്ന കൈയായിട്ടാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, തന്റെ രാഷ്ട്രീയ നൈപുണ്യം കൊണ്ട് അതിശക്തമായ ക്ലിന്റന്‍ പ്രചരണയന്ത്രത്തെ തകര്‍ത്ത് അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുന്നതാണ് നാം ഇക്കൊല്ലം കാണുന്നത്.

പേരും പ്രശസ്തിയും ഉണ്ടെങ്കിലും അദ്ദേഹം ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുമെന്ന് ആരും കരുതിയില്ല. ഏറ്റവും കൂടിയാല്‍ ഹിലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുക; ഹിലരിയുടെ കാലശേഷം പ്രസിഡന്റ് സ്ഥാനത്തിന്ന് പരിശ്രമിക്കുക. അതൊക്കെ ആയിരുന്നു പ്രൈമറി തുടങ്ങുന്നതിന് മുമ്പ് രാഷ്ട്രീയപണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാധ്യതകളായി പറഞ്ഞിരുന്നത്. ദേശീയതലത്തില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ എളുപ്പമുള്ള പശ്ചാത്തലമല്ല ഒബാമയുടേത്: കറുത്തവര്‍ പോയിട്ട് ഒരു സ്ത്രീയെപ്പോലും അമേരിക്കക്കാര്‍ ഇതുവരെ പ്രസിഡന്റ് ആക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അപരിചിതമായ പേര്, ഭരണതലത്തില്‍ പരിചയം കുറവ് തുടങ്ങിയ കാര്യങ്ങളും അദ്ദേഹത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നവയായിരുന്നു.

പക്ഷേ, അദ്ദേഹത്തിന്റെ കഥ തികച്ചും പരിചിതമായ ഒരു അമേരിക്കന്‍ വിജയഗാഥയാണ്. രാഷ്ട്രീയത്തിലായതുകൊണ്ട് നമുക്ക് ഒരു പ്രത്യേകത തോന്നുന്നു എന്നു മാത്രം. വെളുത്തവരും മറ്റുള്ളവരും എന്ന വലിയ ഒരു വിഭാഗീയത ഒഴിച്ചാല്‍ അമേരിക്കന്‍ സമൂഹത്തില്‍ തട്ടുകള്‍ ഇല്ല എന്നു തന്നെ പറയാം. വിദ്യാഭ്യാസം ഉള്ളവര്‍ക്കും കഠിനാദ്ധ്വാനികള്‍ക്കും അമേരിക്ക ഇന്നും അവസരങ്ങളുടെ നാടാണ്. തന്റെ മുമ്പില്‍ തുറന്നു കിടക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് നേട്ടങ്ങളുടെ ഓരോ പടിയും ഒബാമ കയറുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുമ്പോള്‍ നാം കാണുന്നത്.

1961 ആഗസ്റ്റ് 4-നാണ് യൂണിവേഴ്സിറ്റി ഓഫ് ഹവായിയിലെ വിദ്യാര്‍‌ത്ഥികളായിരുന്ന ബറാക്ക് ഹുസൈന്‍ ഒബാമക്കും ആന്‍ ഡണ്‍ഹമിനും ബറാക്ക് ഹുസൈന്‍ ഒബാമ ജൂനിയര്‍ ഉണ്ടാവുന്നത്. ആന്‍ വെള്ളക്കാരിയും ബറാക്ക് ഒബാമ കെനിയക്കാരനുമായിരുന്നു. അന്ന് ഏകദേശം 23-ഉം 19-ഉം വയസ്സുള്ള ഒബാമ ജൂനിയറിന്റെ മാതാപിതാക്കള്‍ വിവാഹം തന്നെ ചെയ്തിരുന്നോ എന്നതിന്ന് വ്യക്തമായ രേഖകള്‍ ഒന്നുമില്ല.

അക്കാലത്ത് മിശ്രവിവാഹങ്ങള്‍ വളരെ കുറവായിരുന്നു; തന്നെയുമല്ല പല സംസ്ഥാനങ്ങളിലും അതിന്ന് നിയമപരമായി വിലക്കും ഉണ്ടായിരുന്നു. പക്ഷേ, വളരെ പുരോഗമന ചിന്താഗതിക്കാരിയായിരുന്ന ഒബാമയുടെ അമ്മ അത്തരമൊരു ബന്ധത്തില്‍ ചെന്നുപെട്ടത് സ്വാഭാവികവുമായിരുന്നു. അവരുടെ ഭാവിയിലെ ബന്ധങ്ങളും ജോലികളുമെല്ലാം അവരുടെ സ്വതന്ത്രചിന്താഗതിക്ക് അടിവരയിടുന്നതാണ്.

ഒബാമയുടെ പിതാവ് കെനിയയില്‍ നിന്നും തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന് വന്നയാളായിരുന്നു. ഒഴിവു സമയങ്ങളില്‍ ആടിനെ മേയ്ക്കലുമൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. ഗര്‍ഭിണിയായ ഭാര്യയെയും ഒരു കുട്ടിയെയും നാട്ടില്‍ വിട്ടിട്ടാണ് ഒബാമ സീനിയര്‍ ഒരു സ്കോളര്‍‌ഷിപ്പ് നേടി അമേരിക്കയിലേക്ക് പഠിക്കാന്‍ വേണ്ടി വരുന്നത്. ഒബാമയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഒബാമ സീനിയര്‍ ഹാര്‍‌വെഡില്‍ ചേര്‍ന്ന് പഠിക്കുവാന്‍ വേണ്ടി ബോസ്റ്റണിലേക്ക് താമസം മാറി; പൈസയില്ലാത്തതുകൊണ്ട് കുടുംബത്തെ കൂടെ കൂട്ടിയില്ല. പക്ഷേ, ഒബാമ സീനിയര്‍ തന്റെ അമേരിക്കന്‍ കുടുംബത്തെ പിന്നീട് ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. പിന്നീട് മറ്റൊരു അമേരിക്കന്‍ സ്ത്രീയെയും കൂട്ടി അദ്ദേഹം കെനിയയ്ക്കു തിരിച്ചു പോയി, അവിടെ ഉന്നത ഉദ്യോഗങ്ങളില്‍ ചേര്‍ന്നെങ്കിലും മദ്യത്തിന് അടിമപ്പെട്ട് ഒരു കാര്‍ അപകടത്തില്‍ മരണമടഞ്ഞു.

ഒബാമ സീനിയറുമായി വിവാഹമോചനം നേടി ഒബാമയുടെ അമ്മ ആന്‍ മറ്റൊരു യൂണിവേഴ്സിറ്റി ഓഫ് ഹവായി വിദ്യാര്‍ത്ഥിയും ഇന്തോനേഷ്യക്കാരനുമായ ലോലോ സോട്ടോറോയെ വിവാഹം ചെയ്തു. ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും രണ്ടാനപ്പന്റെയും ഒപ്പം ഒബാമ ഇന്തോനേഷ്യക്ക് താമസം മാറ്റി. ഒബാമയുടെ സഹോദരി മായ അവിടെവച്ചാണ് ഉണ്ടാകുന്നത്. ഒബാമക്ക് 10 വയസ്സുള്ളപ്പോള്‍, അവന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ ഇന്തോനേഷ്യയില്‍ ആവില്ല എന്ന് മനസ്സിലായപ്പോള്‍, ഒബാമയെ ഹവായിയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ ആന്‍ തീരുമാനിച്ചു. അങ്ങനെ ഹോണോലുലുവിലെ പ്രസിദ്ധമായ പൂനാഹൂ എന്ന പ്രൈവറ്റ് സ്കൂളില്‍ ഒബാമ പഠനം തുടങ്ങി.

1972-ല്‍ ഒബാമ ഹൈസ്ക്കൂളില്‍ എത്തിയപ്പോഴേക്കും ലോലോയുമായി ബന്ധം വേര്‍‌പെടുത്തി ആന്‍ മായയുമൊത്ത് ഹവായിയില്‍ തിരിച്ചെത്തി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1995-ല്‍ ഒവേറിയന്‍ കാന്‍‌സര്‍ മൂലം അവര്‍ മരണമടഞ്ഞു.

1979-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഒബാമ അമേരിക്കന്‍ വന്‍‌കരയിലേക്ക് വരുന്നത്, ലോസ് അഞ്ചലസിലെ ഓക്സിഡന്റല്‍ കോളജില്‍ പഠിക്കാന്‍. രണ്ടു വര്‍ഷത്തിനു ശേഷം ന്യൂ യോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റം വാങ്ങി പോയി. 1983-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ന്യൂ യോര്‍ക്ക് നഗരത്തില്‍ തന്നെ ഒരു ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി പൊതുജനസേവനവുമായി ബന്ധപ്പെട്ട ജോലി ചെയ്യാനായിരുന്നു ഒബാമയ്ക്ക് താല്പര്യം. അത്തരമൊരു ജോലി സമ്പാദിച്ച് അദ്ദേഹം 1985-ല്‍ തന്റെ തട്ടകമാക്കുന്ന ഷിക്കാഗോ നഗരത്തിലെത്തി.

പ്രധാനമായും പാവപ്പെട്ട കറുത്തവര്‍ താമസിക്കുന്ന നഗരത്തിന്റെ ഒരു ഭാഗത്ത്, അവകാശങ്ങള്‍ നേടിയെടുക്കാനും അവ സംരക്ഷിക്കാനും ജനങ്ങളെ സംഘടിതരാവുകാന്‍ പ്രാപ്തരാക്കലായിരുന്നു ഒബാമയുടെ പ്രധാന ജോലി. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു കാണാനും അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും ജനപ്രതിനിധികളുടെ അധികാരത്തെപ്പറ്റി മനസ്സിലാക്കാനുമൊക്കെ അത്തരത്തിലുള്ള സമ്പര്‍ക്കങ്ങള്‍ ഒബാമയെ സഹായിച്ചു.

1988-ല്‍ തന്റെ 27-ആമത്തെ വയസ്സില്‍ ഉപരിപഠനത്തിനു വേണ്ടി അദ്ദേഹം ഹാര്‍‌വെഡ് ലോ സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ച് “ഹാര്‍‌വെഡ് ലോ റിവ്യൂ”വിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന നിലയിലാണ് ഒബാമ പരിമിതമായ വൃത്തങ്ങളിലെങ്കിലും അമേരിക്കയിലെങ്ങും പ്രശസ്തനാകുന്നത് . അവധിക്കാലത്ത്, ഷിക്കാഗൊയില്‍ ഒരു നിയമ സ്ഥാപനത്തില്‍ ഇന്റേണ്‍ ആയിരിക്കുമ്പോള്‍ ഒബാമ ഭാവിയില്‍ തന്റെ ഭാര്യയാകുന്ന മിഷലിനെ പരിചയപ്പെട്ടു. മിഷല്‍ യഥാര്‍ഥത്തില്‍ ഒബാമയുടെ മേല്‍‌നോട്ടക്കാരി ആയിരുന്നു അവിടെ! 1990-ല്‍ ഒബാമ മിഷലിനെ വിവാഹം ചെയ്തു.

1991-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഒബാമ ഷിക്കാഗോയില്‍ തിരിച്ചെത്തി. ഷിക്കാഗോയില്‍ തിരിച്ചെത്തിയ ഉടനെ പ്രശസ്ത നിയമസ്ഥാപനങ്ങളില്‍ മികച്ച ജോലികളില്‍ പ്രവേശിക്കാമായിരുന്നെങ്കിലും ഒബാമ നഗരത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം പാവപ്പെട്ട കറുത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഒരു പ്രൊജക്ടില്‍ അദ്ദേഹം പങ്കാളി ആവുകയും, ആ പരിശ്രമം 1992-ല്‍ ബില്‍ ക്ലിന്റന്‍ ഇല്ലിനോയി സംസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കാനും കാരള്‍ മോസ്‌ലി ബ്രൌണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരി അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു.

“ഹാര്‍വെഡ് ലോ റിവ്യൂ”വിന്റെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് എന്ന നിലയില്‍ കിട്ടിയ പ്രശസ്തി അദ്ദേഹത്തിന് തന്റെ ആദ്യത്തെ പുസ്തകമെഴുതാനുള്ള കരാറ് കിട്ടുവാന്‍ സഹായിച്ചു. ഷിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂള്‍ ആ പുസ്തകമെഴുതാനുള്ള സൌകര്യത്തിന് ഒരു ഫെലോഷിപ്പും കൊടുത്തു. അങ്ങനെയാണ് 1995-ല്‍ "Dreams from My Father" എന്ന തന്റെ ആദ്യത്തെ പുസ്തകം ഒബാമ പ്രസിദ്ധീകരിക്കുന്നത്. 1992 മുതല്‍ ഒബാമ ഷിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂളില്‍ പഠിപ്പിക്കുവാനും ആരംഭിച്ചു; 12 വര്‍ഷത്തോളം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു. അതിന്നോടൊപ്പം 1993 മുതല്‍ ഷിക്കാഗോയിലെ ഒരു നിയമസ്ഥാപനത്തിലും അദ്ദേഹം ജോലി നോക്കി.

ഷിക്കാഗോ നഗരത്തിന്റെ മേയറാവുക എന്നതായിരുന്നു ഒബാമയുടെ അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയാഭിലാഷം. പക്ഷേ, 1995-ല്‍ ഇല്ലിനോയി സെനറ്റിലേക്ക് മത്സരിക്കുവാനുള്ള ഒരു അവസരമാണ് ഒബാമയ്ക്ക് ആദ്യം ലഭിക്കുന്നത്. വിവാദപരമായ ഒരു ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിലൂടെ കടന്നുകയറി 1997-ല്‍ അദ്ദേഹം സംസ്ഥാനത്തെ സെനറ്റര്‍ ആയി. ഏകദേശം 8 വര്‍ഷങ്ങളോളം ആ സ്ഥാനത്ത് അദ്ദേഹം തുടര്‍‌ന്നു. അതിന്നിടയില്‍ 2000-ല്‍ അമേരിക്കന്‍ കോണ്‍‌ഗ്രസിലേക്ക് നടന്ന ഒരു തിരഞ്ഞെടുപ്പിലെ പ്രൈമറിയില്‍, ഷിക്കാഗോ നഗരത്തിലെ ഡമോക്രാറ്റിക് രാഷ്ട്രീയ കുത്തകക്കാരോട് പോരിനിറങ്ങി, ഒബാമ ദയനീയമായി പരാജയപ്പെടുന്നുണ്ട്. ആ തോല്‍വിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വന്നുപെട്ട സാമ്പത്തികപരാധീനതയുടെ പശ്ചാത്തലത്തിലാണ് തികച്ചും തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ ചിത്രം നാം ആദ്യം കണ്ടത്.

അവസാനത്തെ തിരഞ്ഞെടുപ്പില്‍ ഭീമമായ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഒബാമ തന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ ഒട്ടുംതന്നെ താഴ്ത്തികെട്ടിയില്ല. 2004-ല്‍ നടക്കുവാന്‍ പോകുന്ന അമേരിക്കന്‍ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വേണ്ടി 2001-ല്‍ തന്നെ അദ്ദേഹം തയ്യാറെടുപ്പു തുടങ്ങി. ഭാര്യ മിഷല്‍ മുതല്‍, അദ്ദേഹത്തെ പിന്തുണച്ചിരുന്നവര്‍ വളരെ സംശയത്തോടെയാണ് ആ നീക്കത്തെ നിരീക്ഷിച്ചത്. ഡേവിഡ് അക്സല്‍‌റോഡ് എന്ന രാഷ്ട്രീയ‌ ഉപദേഷ്ടാവ് ഒബാമക്ക് വേണ്ടി ജോലി ചെയ്യാന്‍ ആരംഭിക്കുന്നത് ആ തിരഞ്ഞെടുപ്പ് മുതലാണ്. പക്ഷേ, ഒബാമയുടെ രാഷ്ട്രീയഭാവി ശോഭനമാകുന്നത് 2002-ല്‍ അദ്ദേഹം ഇറാക്ക് അധിനിവേശത്തിനെതിരെ ചെയ്ത പ്രസംഗത്തോടെയാണ്. അമേരിക്ക സൈനീകനീക്കം തുടങ്ങുന്നതിന്ന് മുമ്പ്, സെപ്തംബര്‍ 11 ആക്രമണത്തിന് വെറും ഒരു കൊല്ലത്തിനുശേഷം ജോര്‍ജ്ജ് ബുഷിന്റെ ജനപ്രീതി കൊടുമുടിയില്‍ നില്‍‌ക്കുമ്പോള്‍, അത്തരമൊരു രാഷ്ട്രീയനീക്കം ഡമോക്രാറ്റുകള്‍‌ക്കുപോലും ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു. ഇറാക്ക് അധിനിവേശത്തെ എതിര്‍ത്തുപോന്ന ലിബറല്‍ ഡമോക്രാറ്റുകളുടെ പിന്തുണ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് അങ്ങനെ സാധിച്ചു.

ഒബാമ പ്രവചിച്ചതുപോലെ 2003-ഓടു കൂടി ഇറാക്കില്‍ ഷിയ-സുന്നി ഏറ്റുമുട്ടലുകള്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ദൂഷ്യവശങ്ങള്‍ പുറത്തുകൊണ്ടു വരികയും അമേരിക്കന്‍ രാഷ്ട്രീയക്കാരുടെ കണ്ണുതുറപ്പിക്കുകയും ചെയ്തു. 2004-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ തുടക്കം മുതലേ യുദ്ധത്തിനെ എതിര്‍ത്ത ഏക സ്ഥാനാര്‍ഥി ഒബാമ ആയിരുന്നു. യുദ്ധത്തിനെതിരെ രാജ്യമെങ്ങും അഭിപ്രായരൂപീകരണമുണ്ടായ ആ കാലത്ത് ഒബാമയുടെ സ്ഥാനാര്‍‌ഥിത്വത്തിന് ഇല്ലിനോയിക്ക് പുറത്തും ശ്രദ്ധ ലഭിച്ചു. അങ്ങനെയാണ് 2004-ലെ ബോസ്റ്റണില്‍ നടന്ന ഡമോക്രാറ്റിക് കണ്‍‌വെന്‍ഷനില്‍ ഒബാമക്ക് കീനോട്ട് പ്രസംഗം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. പ്രശസ്തമായ ആ പ്രഭാഷണത്തിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവി താരം താനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇല്ലിനോയിയില്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ കണ്ട വര്‍ദ്ധിച്ച ജനസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. സംസ്ഥാനതലത്തില്‍ പോലും ഒരു തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് മുമ്പ്, ഒരു ദേശീയ നേതാവിന്റെ പരിവേഷം അദ്ദേഹത്തിനുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒബാമ എന്ന് മത്സരിക്കും എന്ന ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. 40% വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒബാമ സെനറ്റ് തിരഞ്ഞെടുപ്പ് ജയിച്ച് വാഷിംഗ്‌ടണിലേക്ക് പോകുന്നത്.

2006-ല്‍ ദക്ഷിണാഫ്രിക്കയും തന്റെ പിതാവിന്റെ നാടായ കെനിയയും സന്ദര്‍ശിച്ച് തിരിച്ചെത്തിയതിനു ശേഷമാണ് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനേക്കുറിച്ചുള്ള ഗൌരവമായ നീക്കങ്ങള്‍ ഒബാമ ആരംഭിക്കുന്നത്. പ്രവൃത്തിപരിചയം കുറവാണെങ്കിലും ലിബറലുകളുടെ പിന്തുണയും മാധ്യമങ്ങളുടെ കണ്ണിലുണ്ണി ആയതും സര്‍വ്വോപരി ജനങ്ങളുടെ അതിശക്തമായ പിന്തുണയും അദ്ദേഹത്തെ 2012-ലേക്ക് കാത്തിരിക്കാതെ ഉടനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം. തന്നെയുമല്ല ഒബാമയെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധനിലപാട് രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാന്‍ പറ്റുന്നത് ഈ തിരഞ്ഞെടുപ്പിലുമാണ്. 2006 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഒബാമയുടെ രണ്ടാമത്തെ പുസ്തകം, The Audacity of Hope: Thoughts on Reclaiming the American Dream, ഒരു കൂറ്റന്‍ ബെസ്റ്റ് സെല്ലറും അദ്ദേഹത്തിന്റെ പ്രകടനപത്രികയുമായിരുന്നു. ആ പുസ്തകത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് അവസാനം ഒബാമ സാമ്പത്തികഭദ്രത കൈവരിക്കുകയും ചെയ്തു.

2007 ഫെബ്രുവരിയില്‍ ഇല്ലിനോയിയുടെ തലസ്ഥാനമായ സ്പ്രിംഗ്‌ഫീല്‍‌ഡില്‍ വച്ച് ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍‌ഥിത്വം പ്രഖ്യാപിച്ചു, (പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഏബ്രഹാം ലിങ്കന്റെ തട്ടകം ഈ പട്ടണമായിരുന്നു.) അന്നുമുതല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍‌ഥിത്വത്തെ ഞാന്‍ എന്റെ ബ്ലോഗിലൂടെ പിന്തുടരുകയായിരുന്നു. പരിശ്രമിച്ചാല്‍ ഏതു സ്വപ്നവും സാക്ഷാല്‍‌ക്കരിക്കാം എന്ന ഉദാത്തമായ അമേരിക്കന്‍ വാഗ്ദാനത്തിന് അദ്ദേഹം മറ്റൊരു ഉദാഹരണം ആവുന്നതും അദ്ദേഹത്തിന്റെ ജീവിതവിജയത്തിലൂടെ നമുക്ക് ഇവിടെ കാണാം.

ഇന്നലെ, ഡന്‍‌വറില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ വച്ച്, ഔദ്യോഗികമായി, ബറാക്ക് ഒബാമയെ ഈ നവമ്പറില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രതിനിധികള്‍ തിരഞ്ഞെടുത്തു. ഇന്ന് മുക്കാല്‍ ലക്ഷത്തിലധികം അനുയായികളെ മുന്‍‌നിറുത്തിക്കൊണ്ട് ആ സ്ഥാനാര്‍ഥിത്വം സ്വീകരിച്ച്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ “I have a dream" പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനത്തില്‍ തന്നെ അദ്ദേഹം സംസാരിക്കുമ്പോള്‍, ഒബാമ അനുഷ്ഠിക്കുന്നത് ചരിത്രമേല്‍പ്പിച്ചു കൊടുത്ത ഒരു നിയോഗം കൂടിയാണ്.

Wednesday, August 27, 2008

ബില്‍ ക്ലിന്റന്‍ പ്രസംഗിക്കുമ്പോള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം കുഞ്ഞുങ്ങള്‍ക്കുപോലും അറിയാം- ജോര്‍ജ്ജ് ഡബിള്യു. ബുഷ്. ഏറ്റവും ജനപ്രീതിയുള്ളതാര്‍ക്കാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഡന്‍‌വറിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ ഹാളില്‍ ഇന്ന് വീണ്ടും മുഴങ്ങിക്കേട്ടു- ബില്‍ ക്ലിന്റന്‍. വെറും 45-ആമത്തെ വയസ്സില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ആ രാഷ്ട്രീയചാണക്യന്റെ വാക്‍ചാതുര്യത്തെയും ധിക്ഷണയെയും മറികടക്കാന്‍ പറ്റിയ ഒരാള്‍ ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല; ഒബാമയടക്കം. ഒബാമയ്ക്ക് ഒരു സ്റ്റേഡിയം നിറക്കാ‍നും അങ്ങനെ വരുന്നവരെ ആവേശം കൊള്ളിക്കാനും സാധിക്കും. പക്ഷേ, ബില്‍ ക്ലിന്റന്‍ കാര്യങ്ങള്‍ പറയുന്നത് കാച്ചിക്കുറുക്കിയാണ്- “how to rebuild the American dream and how to restore America's leadership in the world“ എന്ന് ചോദിച്ചുകൊണ്ട് അമേരിക്കയുടെ ഇപ്പോഴത്തെ ദുരവസ്ഥയെപ്പറ്റി ഇന്നത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, വളരെ ചുരുങ്ങിയ,ലളിതമായ വാക്കുകളിലൂടെ അദ്ദേഹം നയപരമായ പ്രശ്നങ്ങള്‍ സാധാരണ ജനങ്ങളുടെ മുമ്പിലേക്ക് എടുത്തുവയ്ക്കാറുണ്ട്. അത്തരം സ്പഷ്ടതയാണ് ഹിലരിയുടെയും ഒബാമയുടെയുമൊക്കെ പ്രസംഗങ്ങളില്‍ ഒരിക്കലും കാണാനാവാത്തത്.

ക്ലിന്റന്റെ ഇന്നത്തെ പ്രസംഗത്തിലൂടെ ഒബാമയെ ക്ലിന്റന്‍‌മാര്‍ ശരിക്കും പിന്തുണക്കുന്നില്ല എന്ന ആരോപണങ്ങള്‍ക്ക് അറുതി വന്നു. ഇനിയും ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റാകുന്നത് ക്ലിന്റന് സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 8 വര്‍ഷക്കാലത്തെ തന്റെ ഭരണകാലത്ത് അമേരിക്ക കൈവരിച്ച സാമ്പത്തിക-സാമൂഹിക പുരോഗതികള്‍ ഒന്നൊന്നായി ബുഷിന്റെ കാലത്ത് ഇല്ലാതാകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു. സുപ്രീം കോടതിയില്‍ യാഥാസ്ഥികരായ ജഡ്ജിമാരെ കുത്തിനിറച്ച് റിപ്പബ്ലിക്കന്മാര്‍ക്ക് ഭരണഘടനയുടെ വ്യാഖ്യാനത്തെപ്പോലും സ്വാധീനിക്കാമെന്ന നില വന്നിട്ടുണ്ട്; അടുത്ത 4 കൊല്ലം കൊണ്ട് അവര്‍ക്ക് കൂടുതല്‍ ജഡ്ജിമാരെ അങ്ങനെ തിരുകിക്കയറ്റാനും ദീര്‍ഘകാലത്തോളം സുപ്രീംകോടതി കൃസ്ത്യന്‍ യാഥാസ്ഥികത്വത്തിന്റെ കൊത്തളമാക്കാനും പറ്റും. (ജഡ്ജിമാരുടെ നിയമനം ജീവിതാന്ത്യം വരെ ആണ്.) അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തുടക്കം തന്നെ ഒബാമയ്ക്കുള്ള പിന്തുണ അസന്ധിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

ഒരു പക്ഷേ, ഹിലരി പ്രൈമറിയില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒബാമയെ സ്വാഭാവികമായി പിന്തുണക്കേണ്ടിയിരുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ തലതൊട്ടപ്പനാകേണ്ടിയിരുന്നതും ക്ലിന്റനായിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും പല കാര്യങ്ങളിലും വളരെ സാമ്യമുണ്ട്- സ്വന്തം പിതാവിനെ അധികമൊന്നും അറിയാത്തവര്‍; സാധാരണ ചുറ്റുപാടുകളില്‍ വളര്‍ന്നവരെങ്കിലും ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവര്‍; സ്വപ്രയത്നവും ധിഷണയുംകൊണ്ട് വളരെ ചെറുപ്പത്തിലേ രാഷ്ട്രീയ വിജയങ്ങള്‍ കൊയ്തവര്‍‍; ഉജ്ജ്വല വാഗ്മികള്‍; അതിബുദ്ധിശാലികളും അവരുടേതായ നിലയില്‍ തന്നെ ജീവിതവിജയം നേടിയതുമായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍. 1992-ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ “I still believe in a place called Hope" (അര്‍ക്കന്‍സായിലെ Hope എന്ന ചെറിയ പട്ടണത്തിലാണ് അദ്ദേഹം വളര്‍ന്നത്; കഴിഞ്ഞമാസം ആ സ്ഥലം സന്ദര്‍ശിക്കാനും ക്ലിന്റന്റെ പഴയ വീടുകാണാനുമൊക്കെ എനിക്ക് ഭാഗ്യമുണ്ടായി) എന്ന്‌ അദ്ദേഹം പറഞ്ഞ പ്രസിദ്ധമായ വാചകവും ഒബാമയുടെ പ്രതീക്ഷയിലൂന്നിയുള്ള ക്യാം‌മ്പയിനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.

മറ്റൊന്ന് ക്ലിന്റന്‍ 1992-ല്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് പക്വത പോര; പ്രവര്‍ത്തിപരിചയമില്ല എന്നൊക്കെയുള്ള റിപ്പബ്ലിക്കന്മാരുടെ പ്രചരണം ആയിരുന്നു. അതേ കാര്യം തന്നെ ഒബാമയ്ക്കെതിരെ ഉപയോഗിക്കുന്നത് ക്ലിന്റന്‍ എടുത്തുപറയാന്‍ മറന്നില്ല. ക്ലിന്റന്റെ പ്രസംഗത്തിന്റെ transcript ഇവിടെ ഉണ്ട്.

ബില്‍ ക്ലിന്റനും ബറാക്ക് ഒബാമയും “American dream“-ന്റെ വ്യത്യസ്ഥ കാലഘട്ടങ്ങളിലെ അവതാരങ്ങള്‍ ആണ്. കഴിവും കഠിനാദ്ധ്വാനം ചെയ്യാന്‍ മനസ്സും ഉള്ളവര്‍ക്ക് അമേരിക്കയില്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ പറ്റാത്തതൊന്നും ഇല്ല എന്ന് അവരുടെ ജീവിതകഥകള്‍ തെളിവാണ്.

ഒബാമയെയും ജോ ബൈഡനെയും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി ഇന്ന് തിരഞ്ഞെടുത്തു. വെറും 29-ആമത്തെ വയസ്സിലാണ് ജോ ബൈഡന്‍ ഡെലവേറിന്റെ ഒരു സെനറ്ററായി 1972-ല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. (സത്യപ്രതിജ്ഞ ചെയ്യാന്‍ 30 വയസ്സ് ആകണമായിരുന്നു.) വാഷിംഗ്‌ടണില്‍ താമസസൌകര്യം നോക്കാനായി എല്ലാവരും കൂടിപോയി തിരിച്ചുവരുന്ന വഴി കാര്‍ അപകടത്തില്‍ പെടുകയും ജോ ബൈഡന്റെ ഭാര്യയും ഒരു മകനും കൊല്ലപ്പെടുകയും ചെയ്തു. പിന്നെ വളരെ നിര്‍ബന്ധങ്ങള്‍ക്ക് ശേഷമാണ് സെനറ്ററാകാന്‍ ജോ ബൈഡന്‍ സമ്മതിച്ചത്. പക്ഷേ, അദ്ദേഹം ഒരിക്കലും വാഷിംഗ്ടണിലേക്ക് താമസം മാറ്റിയില്ല; കഴിഞ്ഞ 36 കൊല്ലം അദ്ദേഹം വീട്ടില്‍ നിന്ന് ട്രെയിനില്‍ പോയിവന്നു. ആ കഥ, അന്ന് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ജോ ബൈഡന്റെ മറ്റൊരു മകന്‍ ബൌ ബൈഡന്‍ തന്റെ പിതാവിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ പലരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

ജോ ബൈഡന്‍ താന്‍ ഒബാമയുടെ മുന്നണിപ്പോരാളിയായിരിക്കുമെന്ന് കാണിച്ചുകൊടുത്തുകൊണ്ട് ഇന്നും മക്കെയിനെ കടിച്ചുകുടഞ്ഞു. ബൈഡനെതിരെ നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരാളെ റിപ്പബ്ലിക്കന്മാര്‍ക്ക് കണ്ടെത്തുക വിഷമകരമായിരിക്കും. മിക്കവാറും അവരുടെ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച റിപ്പബ്ലിക്കന്മാരുടെ കണ്‍‌വെന്‍ഷന്‍ മിന്യസോട്ടയിലെ സെന്റ് പോളില്‍ ആരംഭിക്കും.

സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് ഒബാമ നാളെ ഏതാണ്ട് 76000 പേരെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രസംഗിക്കും. ഇങ്ങനെ സ്റ്റേഡിയത്തില്‍ വച്ചുള്ള പ്രസംഗം അവസാനം ചെയ്തത് ജോണ്‍ എഫ്. കെന്നഡിയാണ്.

ഇതിന്ന് മുമ്പ് പല പോസ്റ്റുകളിലും സൂചിപ്പിച്ചിട്ടുള്ളതുപോലെ ഒബാമയുടെ ഈ സ്ഥാനാര്‍ഥിത്വം അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്; നവംബറിലെ പൊതിതിരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇല്ലെങ്കിലും. നാളെ, ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ “I have a dream" പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനത്തില്‍, ചരിത്രം നീട്ടിക്കൊടുത്ത ആ അവസരം സ്വീകരിച്ചുകൊണ്ട് ഒബാമ അടുത്ത പടവുകള്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍, ഒരു അമേരിക്കന്‍ പൌരനെന്ന നിലയില്‍ എനിക്കും അഭിമാനിക്കാന്‍ വകയുണ്ട്.

Tuesday, August 26, 2008

ഡമോക്രാറ്റുകള്‍ ഡന്‍‌വറില്‍ കൂടുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഡമോക്രാറ്റുകളുടെ ദേശീയ കണ്‍‌വെന്‍ഷന്‍ തിങ്കളാഴ്ച ഡന്‍‌വറില്‍ ആരംഭിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും പ്രൈമറികാലത്തെ സ്പര്‍ദ്ധകള്‍ മറന്ന്, പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പിന്നില്‍ അണിനിരക്കുകയാണ് പാര്‍ട്ടി കണ്‍‌വെന്‍ഷന്റെ പ്രധാന ലക്‍ഷ്യം. പാര്‍ട്ടിയുടെ സന്ദേശം പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രധാന തിരഞ്ഞെടുപ്പ് സന്ദേശവുമായി ഏകോപിക്കുന്നതും പാര്‍ട്ടിയന്ത്രത്തെ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന് വിട്ടുകൊടുക്കുന്നതും കണ്‍വെന്‍ഷന് ശേഷമാണ്. അതിന്നു ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് പാര്‍ട്ടിയെ നയിക്കുക.

ജനാധിപത്യത്തിന്റെ, പ്രത്യേകിച്ച് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ, ആഘോഷമാണെന്നു പറയാം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് മുന്നോടിയായുള്ള രണ്ടു പാര്‍ട്ടിക്കാരുടെയും കണ്‍‌വെന്‍ഷനുകള്‍. വലിയ തീരുമാനങ്ങളൊന്നും എടുക്കുകയില്ലെങ്കിലും വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്ന ഒരു സംഭവമാണിത്. പ്രത്യേകിച്ചും പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ഥാനാര്‍‌ഥിത്വം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന പ്രസംഗം. പൊതുവേ കണ്‍‌വെന്‍ഷന്‍ കഴിഞ്ഞാല്‍ ഉടനെ സ്ഥാനാര്‍ഥിക്ക് നല്ലൊരു മുന്നേറ്റം പോളുകളില്‍ കിട്ടാറുണ്ട്.

തിങ്കളാഴ്ചത്തെ പ്രധാന പ്രഭാഷകര്‍ എഡ്വേര്‍‌ഡ് കെന്നഡിയും മിഷല്‍ ഒബാമയും ആയിരുന്നു. മസ്തിഷ്ക്കാര്‍ബുദ ബാധിതനായ എഡ്വേര്‍‌ഡ് കെന്നഡിയുടെ അവസാനത്തെ പ്രസംഗം ആയിരിക്കാം ഇത്. ലിബറല്‍ ഡമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ ഒരു തലമുറയുടെ അവസാനം കുറിക്കുന്നതുമായിരുന്നു ഡമോക്രാറ്റുകളെ ആവേശഭരിതരാക്കിയ ടെഡ് കെന്നഡിയുടെ ആ പ്രസംഗം. ജനുവരിയില്‍ ഒബാമയുടെ സത്യപ്രതിജ്ഞക്ക് താന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പ്രൈമറി കാലത്ത് അദ്ദേഹവും ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കാരളിന്‍ കെന്നഡിയും ഒബാമയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നല്ലോ. ജോണ്‍ എഫ്. കെന്നഡിയുടെ രാഷ്ട്രീയപിന്‍‌ഗാമിയായിട്ട് അവര്‍ കാണുന്നത് ഒബാമയെ ആണ്.

മിഷല്‍ ഒബാമയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള ചില സംശയങ്ങളെ ദൂരീകരിക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രസംഗം. രാജ്യസ്നേഹം കുറവാണെന്നും തന്റേടിയാണെന്നും മറ്റുമുള്ള മാധ്യമങ്ങളുടെയും റിപ്പബ്ലിക്കന്മാരുടെയും ആരോപണങ്ങള്‍ക്ക് മറുപടിയായി, ഒബാമയ്ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനില്ക്കുന്ന ഒരു കുടുംബിനിയുടെ ചിത്രമാണ് മിഷല്‍ വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. ഒപ്പം അവരുടെ തൊഴിലാളി കുടുംബ പശ്ചാത്തലത്തെ ഉയര്‍ത്തിക്കാണിക്കാനും.

ഹിലരിയെ പിന്തുണക്കുന്നവര്‍ ചെറിയ ഒച്ചപ്പാടൊക്കെ ഉണ്ടാക്കുന്നുണ്ട്. അവര്‍ മൊത്തം ഒബാമയെ പിന്തുണക്കുമെന്ന് തോന്നുന്ന മട്ടില്ല. ഹിലരി ഒബാമയ്ക്ക് വേണ്ടി തന്റെ ഡലിഗേറ്റുകളെ വിട്ടുകൊടുക്കും; അവര്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്‍‌വെന്‍ഷനില്‍ പ്രചരണം ചെയ്യുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ബില്ലാരിമാര്‍ കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കുകയും ചെയ്യും. അവരെ സന്തോഷിപ്പിച്ച് പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ഒബാമ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. ഹിലരിയെക്കാള്‍ ഒബാമയോട് കെറുവ് അവരുടെ ചില അനുയായികള്‍ക്ക് ആണ്.

ചൊവ്വാഴ്ച ഹിലരിയും ബുധനാഴ്ച ജോ ബൈഡനും വ്യാഴാഴ്ച നോമിനേഷന്‍ സ്വീകരിച്ചുകൊണ്ട് ഒബാമയും കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കും. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രസിദ്ധമായ ‘I have a dream' പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികമാണ് അന്ന്.

അതിനിടെ ഒബാമയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തെന്ന് ആരോപിച്ച് രണ്ടു പേരെ ഡന്‍‌വറില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Saturday, August 23, 2008

ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു - മഹ്‌മൂദ് ദര്‍വീഷ്

ഈയിടെ പരേതനായ പലസ്തീനിയന്‍ കവി മഹ്‌മൂദ് ദര്‍വീഷിനെക്കുറിച്ച് മലയാളികള്‍ക്ക് പൊതുവേ അറിയാമെന്നു തോന്നുന്നു. (ഞാന്‍ അദ്ദേഹത്തെ കുറിച്ചറിയുന്നത് മരണവാര്‍ത്തകളും അതിന്നുശേഷം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ കവിതകളുടെ മലയാള പരിഭാഷകളും വഴിയാണ്.) അക്കൂട്ടത്തിലേക്ക് ഈ ആഴ്ചത്തെ “ന്യൂ യോര്‍ക്കര്‍” വാരികയില്‍ വന്ന മഹ്‌മൂദ് ദര്‍വീഷിന്റെ ഒരു കവിത മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് കൊടുക്കുന്നു:


ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു

ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു, നമ്മുടെ യാത്ര, വാക്കുകളുടെ യാത്ര;
നമുക്കു ശേഷം പുതിയ പക്ഷികള്‍ക്ക് ഒരു ചക്രവാളമുണ്ടായിരിക്കും.
ആകാശത്തിലെ ചെമ്പിന് രൂപമേകുന്നത് നമ്മളാണ്; നമുക്കു ശേഷം പാതകള്‍ കോറുന്ന,
വിദൂരതയിലെ മേഘങ്ങളിലെ ചരിവുകള്‍ക്കു മുകളില്‍ നമ്മുടെ പേരുകള്‍ക്ക് ഭേദഗതി വരുത്തുന്ന ആകാശം.
വിധവയുടെ ഓര്‍മയുടെ പാടങ്ങളിലെ അവരോഹണം നമ്മളും ഉടനെ തുടങ്ങും,
നമ്മുടെ കൂടാരങ്ങള്‍ അവസാനത്തെ കാറ്റുകള്‍ക്കെതിരെ ഉയര്‍ത്തും: കവിത ജീവിക്കാന്‍ വേണ്ടി അവ വീശട്ടേ,
കവിതയുടെ പാതയില്‍ തന്നെ വീശട്ടേ. നമുക്കു ശേഷം, ചെടികള്‍ വളര്‍ന്ന് വളര്‍ന്ന്
നമ്മള്‍ നടന്ന, നമ്മുടെ പിടി‍വാശിക്കാരായ ചവിട്ടടികള്‍ തുറന്ന, പാതകളില്‍ നിറയും,
പിന്നെ അവസാനത്തെ കല്ലുകളില്‍ നമ്മള്‍ മുദ്രണം ചെയ്യും, “ദീര്‍ഘായുസ്സായിരിക്കട്ടെ ജീവിതമേ, ദീര്‍ഘായുസ്സായിരിക്കട്ടെ ജീവിതമേ“,
എന്നിട്ട് നമ്മളിലേക്ക് തന്നെ വീഴും. നമുക്കു ശേഷം പുതിയ പക്ഷികള്‍ക്ക് ഒരു ചക്രവാളമുണ്ടായിരിക്കും.


“ന്യൂ യോര്‍ക്കറി”ല്‍ വന്ന കവിതയുടെ ലിങ്ക് ഇവിടെ. സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത കുറെ കവിതകളുടെ ഒരു പോസ്റ്റ് ബ്ലോഗില്‍ കണ്ടു; അതിന്റെ ലിങ്ക് ഇവിടെ.

Friday, August 22, 2008

അമേരിക്ക ഒബാമയുടെ SMS കാത്തിരിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഒബാമ പ്രഖ്യാപിക്കുന്നത് SMS അയച്ചുകൊണ്ടായിരിക്കും. അമേരിക്ക മുഴുവനും ആ സന്ദേശത്തിന് കാത്തിരിക്കുകയാണ്.

അതിന്നിടയില്‍ റ്റോം കെയ്‌നോ ഇവാന്‍ ബേയോ അല്ല സ്ഥാനാര്‍‌ഥി എന്ന് ഉറപ്പായി. അവരെ അക്കാര്യം ഔദ്യോഗികമായി അറിയിച്ചത്രേ. ഹിലരിയുടെ സാധ്യതയും കുറവാണ്. സ്ഥാനാര്‍ഥി ആകാന്‍ വേണ്ടി കടന്നുപോകേണ്ട അന്വേഷണങ്ങള്‍ക്കോന്നും അവര്‍ വിധേയരായിട്ടില്ല എന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

അതിന്നിടയില്‍ ടെക്സസില്‍ നിന്ന് ചെറ്റ് എഡ്വേര്‍‌ഡ്‌സിന്റെ പേര് പറഞ്ഞുകേട്ടു. അദ്ദേഹമായിരിക്കും കറുത്തകുതിര എന്നൊക്കെ സംസാരമുണ്ടായിരുന്നു ഇന്ന് കാലത്ത് മാധ്യമങ്ങളില്‍.

ജോ ബിഡനെ തന്നെയാണ് ഒബാമ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒബാ‍മയുടെ ആള്‍ക്കാര്‍ വാര്‍ത്ത പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.

എന്തായാലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം വഴി ഒളിമ്പിക്സ് കണ്ടിരിക്കുന്ന അമേരിക്കക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ (അമേരിക്കയില്‍ ശനിയാഴ്ച രാവിലെ) സ്പ്രിംഗ്‌ഫീല്‍ഡില്‍ രണ്ടുപേരും ഒരുമിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യും.

Tuesday, August 19, 2008

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

വിവരം പുറത്താക്കിയിട്ടിയില്ലെങ്കിലും ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാ‍ര്‍ഥിയെ നിര്‍ണ്ണയിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളിലെ ഊഹാപോഹങ്ങള്‍. ഈ വെള്ളിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടയാളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും; പിറ്റേന്ന് ഒബാമയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇല്ലിനോയിയുടെ തലസ്ഥാനമായ സ്പ്രിംഗ്‌ഫീല്‍ഡില്‍ വച്ച് ഒന്നിച്ച് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുമെന്നുമാണ് പൊതുവെയുള്ള അനുമാനങ്ങള്‍. (ഒബാമ സ്പ്രിംഗ്‌ഫീല്‍‌ഡില്‍ വച്ചാണ് തന്റെ സ്ഥാനാര്‍‌ഥിത്വം പ്രഖ്യാപിച്ചത്. ഈ ചെറുപട്ടണം പ്രസിഡന്റ് ആകുന്നതിന്ന് മുമ്പ് ഏബ്രഹാം ലിങ്കന്റെ തട്ടകം കൂടി ആയിരുന്നു.)

അടുത്ത തിങ്കളാഴ്ചയാണ് ഡെന്‍‌വറില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ തുടങ്ങുന്നത്. അതുകൊണ്ട് ശനിയാഴ്ച വിട്ട് ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യം പോകില്ല. ഡിലാവേറിലെ സെനറ്റര്‍ ജോ ബിഡന്‍, കാന്‍‌സസിലെ ഗവര്‍ണര്‍ കാതലീന്‍ സെബലിയസ്, ഇന്‍‌ഡ്യാനയിലെ ഗവര്‍ണര്‍ ഇവാന്‍ ബേ, വെര്‍ജീനിയയിലെ ഗവര്‍ണര്‍ റ്റിം കെയ്ന്‍ എന്നിവരുടെ പേരാണ് ഒബാമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളതായി പറഞ്ഞുകേള്‍ക്കുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ കഴിഞ്ഞശേഷമേ ജോണ്‍ മക്കെയിന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍‌ഥിയെ പ്രഖ്യാപിക്കാന്‍ ഇടയുള്ളൂ. സെന്റ് പോളില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനോട് അടുപ്പിച്ച്. ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ നിന്ന് ഒബാമയ്ക്ക് കിട്ടിയേക്കാവുന്ന മുന്നേറ്റത്തിനെ പ്രതിരോധിക്കാനും വൈകിയുള്ള ആ പ്രഖ്യാപനം ഗുണം ചെയ്യും. മക്കെയിന്റെ ഭാഗത്ത് പ്രൈമറിയില്‍ എതിരാളി ആയിരുന്ന മിറ്റ് റോംനി, മിന്യസോട്ടയിലെ ഗവര്‍‌ണര്‍ റ്റിം പോളന്റി, അല്‍ ഗോറിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍‌ഥി ആയിരുന്ന ജോ ലീബര്‍മന്‍ (അതേ, അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടി വിട്ട് ഇപ്പോള്‍ സ്വതന്ത്രനായാണ് സെനറ്റില്‍ ഇരിക്കുന്നത്; ഇറാക്ക് യുദ്ധമടക്കം പോളിസികളുടെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടാണ് അദ്ദേഹത്തിന് ചായ്‌വ് കൂടുതല്‍) ‍, പെന്‍സില്‍‌വേനിയയിലെ ഗവര്‍ണര്‍ ആയിരുന്ന റ്റോം റിഡ്ജ് എന്നിവരുടെ പേരുകളാണ് ഉയര്‍‌ന്നുവന്നിട്ടുള്ളത്.

പൊതുജനാഭിപ്രായത്തില്‍ ഇപ്പോള്‍ ഒബാമയും മക്കെയിനും ഒപ്പത്തിനൊപ്പമാണ്. ഒബാമയ്ക്ക് പ്രൈമറി കഴിഞ്ഞ ഉടനെ ദേശീയതലത്തില്‍ ഉണ്ടായിരുന്ന ലീഡ് കുറഞ്ഞാണ് ഈ സ്ഥിതിയില്‍ എത്തിയിട്ടുള്ളത്. മക്കെയിന്‍ ലീഡ് കുറച്ച് ഒപ്പമെത്തിയെങ്കിലും അദ്ദേഹത്തിന് ലീഡ് നേടാന്‍ കഴിയുന്നുമില്ല. ഡമോക്രാറ്റുകള്‍ പാട്ടും പാടി ജയിക്കേണ്ട ഈ തിരഞ്ഞെടുപ്പില്‍ ഒബാമ വന്‍‌ലീഡ് ഈ സമയത്ത് നേടാത്തത് ഡമോക്രാറ്റിക് പാര്‍ട്ടിയിലും അണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തെ അത് സ്വാധീനിക്കുമോ എന്ന് നോക്കേണ്ട ഒരു കാര്യം തന്നെയാണ്.

ഹിലരി ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാ‍നാര്‍ഥിയായാല്‍ പാര്‍ട്ടിയുടെ കുടക്കീഴില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കുന്ന ഒരു പറ്റം വോട്ടര്‍മാരെ ഒബാമയ്ക്ക് നേടാനായേക്കും. ഹിലരിയെ പ്രൈമറിയില്‍ പിന്തുണച്ച 25% പേര്‍, പ്രത്യേകിച്ച് മധ്യവയസ്ക്കകള്‍, ഇപ്പോഴും ഒബാമയ്ക്ക് വോട്ടു ചെയ്യാന്‍ തയ്യാറാകുന്നില്ല. അവരില്‍ നല്ലൊരു പങ്ക് ആള്‍ക്കാരുടെ വോട്ട് കിട്ടണമെങ്കില്‍ ഹിലരി ടിക്കറ്റില്‍ തന്നെ വരണം.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി തന്റെ സന്ദേശത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഒബാമ ഹിലരിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുമോ കണ്ടറിയണം. ഇതുവരെ പുറമെയുള്ള സൂചനകള്‍ അദ്ദേഹം ഹിലരിയെ പരിഗണിച്ചിട്ടില്ല എന്നാണ്. പക്ഷേ, പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്താനും റിപ്പബ്ലിക്കന്മാരെ വൈറ്റ് ഹൌസില്‍ നിന്ന് പുറത്താക്കാനും അദ്ദേഹം അങ്ങനെയൊരു ഒത്തുതീര്‍പ്പിന് മുതിര്‍ന്നാല്‍ അതില്‍ അത്ഭുതമൊന്നും വേണ്ട. പ്രൈമറിയില്‍ നഖശിഖാന്തം എതിര്‍ത്തവരെങ്കിലും, പണ്ട് ജോണ്‍ എഫ്. കെന്നഡിക്ക് ലിന്‍ഡന്‍ ജോണ്‍സനെയും റൊണാള്‍ഡ് റെയ്ഗന് ജോര്‍ജ്ജ് ബുഷ് സീനിയറിനെയും, തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി, കൂടെക്കൂട്ടേണ്ടി വന്നിട്ടുണ്ട്.

കുറെ നല്ല ലിങ്കുകള്‍:
സാന്‍ ഫ്രാന്‍സ്‌സിസ്ക്കോയില്‍ വച്ച് ഒബാമക്ക് തനിക്ക് പരിപ്പ് ഉണ്ടാക്കാന്‍ അറിയാം എന്ന് അവകാശവാദം നടത്തുന്നു

ജറോം കോഴ്സിയുടെ The Obama Nation: Leftist Politics and the Cult of Personality എന്ന പുതിയ പുസ്തകം New York Times ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലെത്തി. ഒബാമയെ ഇടതുപക്ഷരാഷ്ട്രീയക്കാരനായി ചിത്രീകരിക്കുകയും അദ്ദേഹത്തിന്റെ മുസ്ലിം‌മതബന്ധങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയുമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ജോണ്‍ കെറിയുടെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിനെ തകര്‍ത്ത swift-boating ആക്രമണത്തിന് അടിസ്ഥാനമായ Unfit For Command എന്ന പുസ്തകം ജോണ്‍ ഒ’നീലുമായി ചേര്‍ന്നെഴുതിയത് ഇദ്ദേഹമാണ്. ഒബാമയെ തോല്‍പ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശം എന്ന് വളരെ വ്യക്തമായി പറയാനുള്ള ആര്‍ജ്ജവം ഗ്രന്ഥകാരനുണ്ട്.

Saturday, August 16, 2008

നെഗേവ് മരുഭൂമിയില്‍ റോസാപ്പൂക്കള്‍ വിടര്‍ത്തിയതാര്?

ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളതാണ്. ലോകത്തെമ്പാടും അവര്‍ പീഢിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, അവര്‍ പലവിധ ആനുകൂല്യങ്ങളും നേടി മികച്ച രീതിയില്‍ ജീവിച്ചിരുന്നുവെന്ന് പൊതുവേ അറിവുള്ള കാര്യമാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും നിന്നുള്ളവര്‍ ‘കൊച്ചിനി’കളും മഹാരാഷ്ട്രയിലെ ബോംബെയടക്കമുള്ള കൊങ്കണ്‍ തീരത്ത് നിന്നുള്ളവര്‍ ‘ബെനി ഇസ്രായേലി’കളുമെന്നുമൊക്കെ കേട്ടിട്ടുണ്ട്.യഹൂദരുടെ നഷ്ടപ്പെട്ട ഗോത്രങ്ങളില്‍ ഒന്ന് എന്ന് ഇപ്പോള്‍ കരുതപ്പെടുന്ന മിസ്സോറമിലെ ജൂതരുടേതാണ് ഇവയില്‍ ഏറ്റവും വിചിത്രമായ കഥ. അറബി സംസാരിച്ചിരുന്ന ബാഗ്ദാദി ജൂതന്മാരാണ് മറ്റൊരു വിഭാഗം. ഇവരില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബെനി ഇസ്രായേലികളുടേതായിരുന്നു ഇവയില്‍ ഏറ്റവും വലിയ സമൂഹം. മഹാരാഷ്ട്രയിലെ സാഹിത്യ/സാംസ്ക്കാരിക രംഗങ്ങളില്‍ അവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

ഇസ്രയേലിലേക്ക് ജൂതന്മാര്‍ കുടിയേറാന്‍ തുടങ്ങിയതോടുകൂടി കൊച്ചി,ബോംബെ,അലിബാഗ് തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രമാക്കി ജീവിച്ചിരുന്ന ഇന്ത്യയിലെ യഹൂദസമൂഹം കാലക്രമേണ ഇല്ലാതായി. പേരിന് ഇപ്പോഴും അവര്‍ നാട്ടില്‍ ഉണ്ടെങ്കിലും അനുദിന ജീവിതത്തില്‍ ഒരു നാടന്‍ ജൂതനെ പരിചയപ്പെടുന്നതിനേക്കാള്‍ സാധ്യത ഇസ്രയേലില്‍ നിന്നുള്ള ഒരു ജൂതനായ വിനോദസഞ്ചാരിയെ കണ്ടുമുട്ടാനാണ് :) കൊച്ചിയില്‍ ഇനി 40 ജൂതന്മാര്‍ മാത്രമേ ബാക്കിയുള്ളൂവത്രേ.

ഒരു തലമുറയ്ക്ക് മുമ്പ് ജൂതന്മാര്‍ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമൊക്കെ സമൂഹത്തിന്റെ, പ്രത്യേകിച്ച് വ്യാപാരവുമായി ബന്ധപ്പെട്ട കാരങ്ങളില്‍ സാധാരണമായിരുന്നു എന്നു തോന്നുന്നു. കറുത്ത ജൂതനെന്നും വെളുത്ത ജൂതനെന്നുമൊക്കെ അപ്പന്‍ പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്. കറുത്ത ജൂതര്‍ വെളുത്തവരുടെ വേലക്കാരായിരുന്നെന്നും അങ്ങനെ അവര്‍ “മാര്‍ഗം” കൂടിയതായിരിക്കുമെന്നുമൊക്കെയാണ് അവരെപ്പറ്റി അന്ന് ഞാന്‍ കേട്ടിട്ടുള്ളത്.

പക്ഷേ, അവരുടെ ചരിത്രം കൃത്യമായി ‘ഇക്കണോമിസ്റ്റ്’ വാരികയുടെ ഈ ലക്കത്തില്‍ വംശമറ്റുപോകുന്ന കേരളത്തിലെ ജൂതന്മാ‍രെപ്പറ്റി എഡ്ന ഫെര്‍ണാണ്ടസ് എഴുതിയ ഒരു പുതിയ പുസ്തകത്തിന്റെ റിവ്യൂവില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ കറുത്ത ജൂതരാണ് പുരാതനകാലത്ത് കേരളത്തില്‍ എത്തിയത്. (തോമാശ്ലീഹ തന്നെ ഒരു ജൂതനല്ലേ.) വെളുത്ത ജൂതര്‍ 16-ആം
നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്ന് എത്തിയവരാണ്. മറ്റു യൂറോപ്യന്മാര്‍ തദ്ദേശിയരെ അടിച്ചമര്‍ത്തിയതുപോലെ വെളുത്ത ജൂതരും കറുത്ത ജൂതരെ പാര്‍‌ശ്വവല്‍ക്കരിച്ചു. ഒരളവുവരെ ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം തട്ടിയെടുക്കുകയും ചെയ്തു. അന്ന് കേരളത്തില്‍ നിലനിന്നിരുന്ന അയിത്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അത് കൂട്ടിവായിക്കുമ്പോള്‍ വെളുത്ത ജൂതര്‍ ചെയ്തതതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. തദ്ദേശീയരായ കൃസ്ത്യാനികളെ പോര്‍ച്ചുഗീസുകാര്‍ അടിച്ചമര്‍ത്തി, അവരുടെ ചരിത്രവും പാരമ്പര്യവും ഇല്ലാതാക്കി, ബഹുഭൂരിപക്ഷത്തിനെയും റോമിന്റെ കീഴിലാക്കിയതും ആ സമയത്ത് നടന്ന കാര്യമാണല്ലോ.

വ്യത്യസ്തമായ ഭാഷയും വര്‍ണവും ഉള്ളവരോട് വിവേചനം ചെയ്യാന്‍ മനുഷ്യന് നൈസര്‍ഗ്ഗിക വാസനയുണ്ടെന്നു തോന്നുന്നു.

എന്തായാലും, കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ജൂതന്മാരാണത്രേ നെഗേവ് മരുഭൂമിയില്‍ ആദ്യമായി റോസ് നട്ടുപിടിപ്പിച്ചതും പൂക്കള്‍ വിരിയിച്ചതും.

ഈ പുസ്തകം അമേരിക്കയില്‍ വാങ്ങാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ലണ്ടനിലെ Portobello Books ആണ് പ്രസാധകര്‍. വാങ്ങുവാന്‍ ആരെങ്കിലും സഹായിക്കുമെങ്കില്‍ ഉപകാരമായേനെ. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണെന്നു തോന്നുന്നു.

Tuesday, August 05, 2008

ഗുലാഗുകളുടെ ചരിത്രകാരന്‍, അലക്സാണ്ടര്‍ സോള്‍ഷനിറ്റ്സന്‍, മണ്‍‌മറഞ്ഞു



ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്ക് ടൈംസിലെ ഈ ലേഖനത്തില്‍ നിന്ന്. ഈ പോസ്റ്റും ആ ലേഖനത്തെ ആധാരമാക്കിയുള്ളതാണ്.


We shall be told: what can literature possibly do against the ruthless onslaught of open violence? But let us not forget that violence does not live alone and is not capable of living alone: it is necessarily interwoven with falsehood. Between them lies the most intimate, the deepest of natural bonds. Violence finds its only refuge in falsehood, falsehood its only support in violence. Any man who has once acclaimed violence as his METHOD must inexorably choose falsehood as his PRINCIPLE. At its birth violence acts openly and even with pride. But no sooner does it become strong, firmly established, than it senses the rarefaction of the air around it and it cannot continue to exist without descending into a fog of lies, clothing them in sweet talk. It does not always, not necessarily, openly throttle the throat, more often it demands from its subjects only an oath of allegiance to falsehood, only complicity in falsehood.

(From Alexandr Solzhenitsyn's Nobel lecture, 1970. നോബേല്‍ സമ്മാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് പോകാന്‍ ആയില്ല; ഈ പ്രസംഗം സോവിയറ്റ് യൂണിയന് പുറത്ത് ഒളിച്ചുകടത്തിയതാണ്.)


പ്രശസ്ത റഷന്‍ സാഹിത്യകാരനും സോവിയറ്റ് വിമതനുമായിരുന്ന അലക്സാണ്ടര്‍ സോള്‍‌ഷെനിറ്റ്സന്‍ മോസ്ക്കോയില്‍ അന്തരിച്ചു. ഉല്‍കൃഷ്ട സാഹിത്യത്തിന്റെ നിര്‍മ്മാതാവെന്നതിനെക്കാള്‍ സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലോകമനസാക്ഷിയുടെ പ്രതീകമായിട്ടായിരുന്നു അദ്ദേഹം ലോകമെങ്ങും അറിയപ്പെട്ടത്.

അതുവരെ ആരുമറിയാതിരുന്ന ഒരു ഹൈസ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം 1962-ല്‍ “A Day in the Life of Ivan Denisovich“ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് പൊടുന്നനെ ലോകമെങ്ങും അറിയപ്പെടുന്ന സാഹിത്യകാരനായി മാറുന്നത്. “The First Circle”, “The Cancer Ward“, “The Gulag Archipelago” എന്നീ കൃതികള്‍ അദ്ദേഹത്തെ റഷന്‍ സാഹിത്യത്തിലെ അതികായനാക്കി. 1970-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.

പുരോഗമനവാദിയായിരുന്ന സാക്ഷാല്‍ ക്രൂഷ്ചേവിന്റെ സഹായത്തോടെയാണ് “A Day in the Life of Ivan Denisovich“ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത്. സ്റ്റാലിന്റെ അധമകൃത്യങ്ങള്‍ ഒരളവുവരെ പുറത്തുകൊണ്ടുവരാന്‍ അത്തരം കൃതികള്‍ സഹായിക്കുമെന്ന് അദ്ദേഹം കരുതി. പക്ഷേ, അധികം വൈകാതെ സ്റ്റാലിനിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കുകയും സോവിയറ്റ് യൂണിയന്‍ ഇരുമ്പുമറയിലേക്ക് പിന്‍‌വാങ്ങുകയും ചെയ്തു.

പിന്നെ ഒളിച്ച്, വളരെ കഷ്ടപ്പെട്ട് രാജ്യത്തിന് പുറത്താണ് ബാക്കിയുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. അതില്‍ സോവിയറ്റ് വിമതരെ ഒതുക്കാന്‍ ഉപയോഗിച്ച ലേബര്‍ ക്യാമ്പുകളുടെ ചരിത്രം പറയുന്ന “The Gulag Archipelago” -യുടെ പ്രസിദ്ധീകരണം സോള്‍ഷെനിറ്റ്‌സനെ രാജ്യദ്രോഹിയായി മുദ്രകുത്താനും പൌരത്വം പിന്‍‌വലിച്ച് നാടുകടത്താനും കാരണമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സൈന്യത്തിലും അംഗമായിരുന്നെങ്കിലും ഒരു കത്തില്‍ സ്റ്റാലിനെ വിമര്‍‌ശിച്ചു എന്ന കുറ്റത്തിന് 1945-ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും 8 കൊല്ലത്തോളം അദ്ദേഹത്തിന് ഗുലാഗുകളില്‍ കഴിയേണ്ടി വന്നു. ആ അനുഭവങ്ങളുടെ ആധികാരികതയോടെയാണ്, സമത്വവും സ്വാതന്ത്ര്യവുമൊക്കെ വാഗ്ദാനം ചെയ്ത കമ്യൂണിസത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന ഗുലാഗുകളുടെ പരന്ന ചരിത്രം അദ്ദേഹം എഴുതുന്നത്. അത്തരം ക്യാമ്പുകളില്‍ ഏകദേശം 6 കോടി ജനങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി പലതരത്തിലുള്ള അടിമപ്പണികളില്‍ ഏര്‍പ്പെടുത്തി. ഓര്‍വെലിന്റെ “Animal Farm"-ലെ കെട്ടുകഥക്ക് അക്ഷരാര്‍‌ഥത്തില്‍ ജീവന്‍ കൊടുത്ത മറ്റൊരു കമ്യൂണിസ്റ്റ് പ്രകൃതിവിരുദ്ധ സാമൂഹികപരീക്ഷണം.

ഗുലാഗുകളിലെ തടവ് കഴിഞ്ഞ് അധ്യാപകനായി കഴിയുമ്പോഴാണ് തന്റെ 43-ആമത്തെ വയസ്സില്‍ “A Day in the Life of Ivan Denisovich“ പ്രസിദ്ധീകരിക്കുന്നതും പ്രശസ്തിയും പിന്നീട് അതുമൂലം പാര്‍ട്ടിയുടെ പീഡനവും സോള്‍ഷെനിറ്റ്സനെ തേടി ചെല്ലുന്നത്.

1974-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം 18 വര്‍ഷത്തോളം അദ്ദേഹം അമേരിക്കയില്‍ കഴിഞ്ഞു. അക്കാലത്ത് അമേരിക്കന്‍ മുതലാളിത്തത്തെയും സംസ്ക്കാരത്തെയുമൊക്കെ ചുരുങ്ങിയ തോതില്‍ വിമര്‍‌ശിച്ചത് അവിടെ അധികം സുഹൃത്തുക്കളെ ഉണ്ടാക്കിയില്ല. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1994-ല്‍ അദ്ദേഹം റഷക്ക് തിരിച്ചുപോയി മോസ്ക്കോയില്‍ താമസമുറപ്പിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന എതിരാളി അപ്രത്യക്ഷമായതോടുകൂടി റഷയില്‍ പോലും അദ്ദേഹത്തിന്റെ പ്രസക്തി ഇല്ലാതാവുന്നതായിട്ടാണ് അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ നാം കാണുന്നത്. പക്ഷേ, സ്റ്റാലിനിസ്റ്റുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനില്‍പ്പും; മനുഷ്യവര്‍ഗ്ഗത്തെ മൃഗക്കൂട്ടത്തെപ്പോലെ കരുതിയ ആ മര്‍ദ്ദകരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം കാണിച്ച ധീരതയും ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ എക്കാലവും ഓര്‍മിക്കും.