Tuesday, August 19, 2008

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

വിവരം പുറത്താക്കിയിട്ടിയില്ലെങ്കിലും ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാ‍ര്‍ഥിയെ നിര്‍ണ്ണയിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളിലെ ഊഹാപോഹങ്ങള്‍. ഈ വെള്ളിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടയാളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും; പിറ്റേന്ന് ഒബാമയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇല്ലിനോയിയുടെ തലസ്ഥാനമായ സ്പ്രിംഗ്‌ഫീല്‍ഡില്‍ വച്ച് ഒന്നിച്ച് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുമെന്നുമാണ് പൊതുവെയുള്ള അനുമാനങ്ങള്‍. (ഒബാമ സ്പ്രിംഗ്‌ഫീല്‍‌ഡില്‍ വച്ചാണ് തന്റെ സ്ഥാനാര്‍‌ഥിത്വം പ്രഖ്യാപിച്ചത്. ഈ ചെറുപട്ടണം പ്രസിഡന്റ് ആകുന്നതിന്ന് മുമ്പ് ഏബ്രഹാം ലിങ്കന്റെ തട്ടകം കൂടി ആയിരുന്നു.)

അടുത്ത തിങ്കളാഴ്ചയാണ് ഡെന്‍‌വറില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ തുടങ്ങുന്നത്. അതുകൊണ്ട് ശനിയാഴ്ച വിട്ട് ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യം പോകില്ല. ഡിലാവേറിലെ സെനറ്റര്‍ ജോ ബിഡന്‍, കാന്‍‌സസിലെ ഗവര്‍ണര്‍ കാതലീന്‍ സെബലിയസ്, ഇന്‍‌ഡ്യാനയിലെ ഗവര്‍ണര്‍ ഇവാന്‍ ബേ, വെര്‍ജീനിയയിലെ ഗവര്‍ണര്‍ റ്റിം കെയ്ന്‍ എന്നിവരുടെ പേരാണ് ഒബാമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്ളതായി പറഞ്ഞുകേള്‍ക്കുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ കഴിഞ്ഞശേഷമേ ജോണ്‍ മക്കെയിന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍‌ഥിയെ പ്രഖ്യാപിക്കാന്‍ ഇടയുള്ളൂ. സെന്റ് പോളില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷനോട് അടുപ്പിച്ച്. ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ നിന്ന് ഒബാമയ്ക്ക് കിട്ടിയേക്കാവുന്ന മുന്നേറ്റത്തിനെ പ്രതിരോധിക്കാനും വൈകിയുള്ള ആ പ്രഖ്യാപനം ഗുണം ചെയ്യും. മക്കെയിന്റെ ഭാഗത്ത് പ്രൈമറിയില്‍ എതിരാളി ആയിരുന്ന മിറ്റ് റോംനി, മിന്യസോട്ടയിലെ ഗവര്‍‌ണര്‍ റ്റിം പോളന്റി, അല്‍ ഗോറിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍‌ഥി ആയിരുന്ന ജോ ലീബര്‍മന്‍ (അതേ, അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടി വിട്ട് ഇപ്പോള്‍ സ്വതന്ത്രനായാണ് സെനറ്റില്‍ ഇരിക്കുന്നത്; ഇറാക്ക് യുദ്ധമടക്കം പോളിസികളുടെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടാണ് അദ്ദേഹത്തിന് ചായ്‌വ് കൂടുതല്‍) ‍, പെന്‍സില്‍‌വേനിയയിലെ ഗവര്‍ണര്‍ ആയിരുന്ന റ്റോം റിഡ്ജ് എന്നിവരുടെ പേരുകളാണ് ഉയര്‍‌ന്നുവന്നിട്ടുള്ളത്.

പൊതുജനാഭിപ്രായത്തില്‍ ഇപ്പോള്‍ ഒബാമയും മക്കെയിനും ഒപ്പത്തിനൊപ്പമാണ്. ഒബാമയ്ക്ക് പ്രൈമറി കഴിഞ്ഞ ഉടനെ ദേശീയതലത്തില്‍ ഉണ്ടായിരുന്ന ലീഡ് കുറഞ്ഞാണ് ഈ സ്ഥിതിയില്‍ എത്തിയിട്ടുള്ളത്. മക്കെയിന്‍ ലീഡ് കുറച്ച് ഒപ്പമെത്തിയെങ്കിലും അദ്ദേഹത്തിന് ലീഡ് നേടാന്‍ കഴിയുന്നുമില്ല. ഡമോക്രാറ്റുകള്‍ പാട്ടും പാടി ജയിക്കേണ്ട ഈ തിരഞ്ഞെടുപ്പില്‍ ഒബാമ വന്‍‌ലീഡ് ഈ സമയത്ത് നേടാത്തത് ഡമോക്രാറ്റിക് പാര്‍ട്ടിയിലും അണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തെ അത് സ്വാധീനിക്കുമോ എന്ന് നോക്കേണ്ട ഒരു കാര്യം തന്നെയാണ്.

ഹിലരി ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാ‍നാര്‍ഥിയായാല്‍ പാര്‍ട്ടിയുടെ കുടക്കീഴില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കുന്ന ഒരു പറ്റം വോട്ടര്‍മാരെ ഒബാമയ്ക്ക് നേടാനായേക്കും. ഹിലരിയെ പ്രൈമറിയില്‍ പിന്തുണച്ച 25% പേര്‍, പ്രത്യേകിച്ച് മധ്യവയസ്ക്കകള്‍, ഇപ്പോഴും ഒബാമയ്ക്ക് വോട്ടു ചെയ്യാന്‍ തയ്യാറാകുന്നില്ല. അവരില്‍ നല്ലൊരു പങ്ക് ആള്‍ക്കാരുടെ വോട്ട് കിട്ടണമെങ്കില്‍ ഹിലരി ടിക്കറ്റില്‍ തന്നെ വരണം.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി തന്റെ സന്ദേശത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഒബാമ ഹിലരിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുമോ കണ്ടറിയണം. ഇതുവരെ പുറമെയുള്ള സൂചനകള്‍ അദ്ദേഹം ഹിലരിയെ പരിഗണിച്ചിട്ടില്ല എന്നാണ്. പക്ഷേ, പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്താനും റിപ്പബ്ലിക്കന്മാരെ വൈറ്റ് ഹൌസില്‍ നിന്ന് പുറത്താക്കാനും അദ്ദേഹം അങ്ങനെയൊരു ഒത്തുതീര്‍പ്പിന് മുതിര്‍ന്നാല്‍ അതില്‍ അത്ഭുതമൊന്നും വേണ്ട. പ്രൈമറിയില്‍ നഖശിഖാന്തം എതിര്‍ത്തവരെങ്കിലും, പണ്ട് ജോണ്‍ എഫ്. കെന്നഡിക്ക് ലിന്‍ഡന്‍ ജോണ്‍സനെയും റൊണാള്‍ഡ് റെയ്ഗന് ജോര്‍ജ്ജ് ബുഷ് സീനിയറിനെയും, തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി, കൂടെക്കൂട്ടേണ്ടി വന്നിട്ടുണ്ട്.

കുറെ നല്ല ലിങ്കുകള്‍:
സാന്‍ ഫ്രാന്‍സ്‌സിസ്ക്കോയില്‍ വച്ച് ഒബാമക്ക് തനിക്ക് പരിപ്പ് ഉണ്ടാക്കാന്‍ അറിയാം എന്ന് അവകാശവാദം നടത്തുന്നു

ജറോം കോഴ്സിയുടെ The Obama Nation: Leftist Politics and the Cult of Personality എന്ന പുതിയ പുസ്തകം New York Times ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലെത്തി. ഒബാമയെ ഇടതുപക്ഷരാഷ്ട്രീയക്കാരനായി ചിത്രീകരിക്കുകയും അദ്ദേഹത്തിന്റെ മുസ്ലിം‌മതബന്ധങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയുമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ജോണ്‍ കെറിയുടെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിനെ തകര്‍ത്ത swift-boating ആക്രമണത്തിന് അടിസ്ഥാനമായ Unfit For Command എന്ന പുസ്തകം ജോണ്‍ ഒ’നീലുമായി ചേര്‍ന്നെഴുതിയത് ഇദ്ദേഹമാണ്. ഒബാമയെ തോല്‍പ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശം എന്ന് വളരെ വ്യക്തമായി പറയാനുള്ള ആര്‍ജ്ജവം ഗ്രന്ഥകാരനുണ്ട്.

1 comment:

t.k. formerly known as thomman said...

ഒബാമ ഈ ആഴ്ച തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.