Saturday, August 23, 2008

ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു - മഹ്‌മൂദ് ദര്‍വീഷ്

ഈയിടെ പരേതനായ പലസ്തീനിയന്‍ കവി മഹ്‌മൂദ് ദര്‍വീഷിനെക്കുറിച്ച് മലയാളികള്‍ക്ക് പൊതുവേ അറിയാമെന്നു തോന്നുന്നു. (ഞാന്‍ അദ്ദേഹത്തെ കുറിച്ചറിയുന്നത് മരണവാര്‍ത്തകളും അതിന്നുശേഷം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ കവിതകളുടെ മലയാള പരിഭാഷകളും വഴിയാണ്.) അക്കൂട്ടത്തിലേക്ക് ഈ ആഴ്ചത്തെ “ന്യൂ യോര്‍ക്കര്‍” വാരികയില്‍ വന്ന മഹ്‌മൂദ് ദര്‍വീഷിന്റെ ഒരു കവിത മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് കൊടുക്കുന്നു:


ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു

ഇവിടെ പക്ഷികളുടെ യാത്ര തീരുന്നു, നമ്മുടെ യാത്ര, വാക്കുകളുടെ യാത്ര;
നമുക്കു ശേഷം പുതിയ പക്ഷികള്‍ക്ക് ഒരു ചക്രവാളമുണ്ടായിരിക്കും.
ആകാശത്തിലെ ചെമ്പിന് രൂപമേകുന്നത് നമ്മളാണ്; നമുക്കു ശേഷം പാതകള്‍ കോറുന്ന,
വിദൂരതയിലെ മേഘങ്ങളിലെ ചരിവുകള്‍ക്കു മുകളില്‍ നമ്മുടെ പേരുകള്‍ക്ക് ഭേദഗതി വരുത്തുന്ന ആകാശം.
വിധവയുടെ ഓര്‍മയുടെ പാടങ്ങളിലെ അവരോഹണം നമ്മളും ഉടനെ തുടങ്ങും,
നമ്മുടെ കൂടാരങ്ങള്‍ അവസാനത്തെ കാറ്റുകള്‍ക്കെതിരെ ഉയര്‍ത്തും: കവിത ജീവിക്കാന്‍ വേണ്ടി അവ വീശട്ടേ,
കവിതയുടെ പാതയില്‍ തന്നെ വീശട്ടേ. നമുക്കു ശേഷം, ചെടികള്‍ വളര്‍ന്ന് വളര്‍ന്ന്
നമ്മള്‍ നടന്ന, നമ്മുടെ പിടി‍വാശിക്കാരായ ചവിട്ടടികള്‍ തുറന്ന, പാതകളില്‍ നിറയും,
പിന്നെ അവസാനത്തെ കല്ലുകളില്‍ നമ്മള്‍ മുദ്രണം ചെയ്യും, “ദീര്‍ഘായുസ്സായിരിക്കട്ടെ ജീവിതമേ, ദീര്‍ഘായുസ്സായിരിക്കട്ടെ ജീവിതമേ“,
എന്നിട്ട് നമ്മളിലേക്ക് തന്നെ വീഴും. നമുക്കു ശേഷം പുതിയ പക്ഷികള്‍ക്ക് ഒരു ചക്രവാളമുണ്ടായിരിക്കും.


“ന്യൂ യോര്‍ക്കറി”ല്‍ വന്ന കവിതയുടെ ലിങ്ക് ഇവിടെ. സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത കുറെ കവിതകളുടെ ഒരു പോസ്റ്റ് ബ്ലോഗില്‍ കണ്ടു; അതിന്റെ ലിങ്ക് ഇവിടെ.

4 comments:

t.k. formerly known as thomman said...

ഈ ആഴ്ചത്തെ “ന്യൂ യോര്‍ക്കര്‍” വാരികയില്‍ വന്ന മഹ്‌മൂദ് ദര്‍വീഷിന്റെ ഒരു കവിത മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് കൊടുക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

കവിത പരിഭാഷപ്പെടുത്താന്‍
തോന്നിയ മനസ്സിന്
അഭിനനന്ദനങ്ങള്‍

simy nazareth said...

നല്ല കവിതയും തര്‍ജ്ജിമയും!

മൂര്‍ത്തി said...

നന്ദി...കുറെ ദര്‍വീഷ് കവിതകളായി വായിക്കുന്നു. ചിന്ത പബ്ലിഷേര്‍സ് ദര്‍വീഷിന്റെ ഒരു കവിത പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.