Wednesday, August 27, 2008

ബില്‍ ക്ലിന്റന്‍ പ്രസംഗിക്കുമ്പോള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം കുഞ്ഞുങ്ങള്‍ക്കുപോലും അറിയാം- ജോര്‍ജ്ജ് ഡബിള്യു. ബുഷ്. ഏറ്റവും ജനപ്രീതിയുള്ളതാര്‍ക്കാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഡന്‍‌വറിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ ഹാളില്‍ ഇന്ന് വീണ്ടും മുഴങ്ങിക്കേട്ടു- ബില്‍ ക്ലിന്റന്‍. വെറും 45-ആമത്തെ വയസ്സില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ആ രാഷ്ട്രീയചാണക്യന്റെ വാക്‍ചാതുര്യത്തെയും ധിക്ഷണയെയും മറികടക്കാന്‍ പറ്റിയ ഒരാള്‍ ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല; ഒബാമയടക്കം. ഒബാമയ്ക്ക് ഒരു സ്റ്റേഡിയം നിറക്കാ‍നും അങ്ങനെ വരുന്നവരെ ആവേശം കൊള്ളിക്കാനും സാധിക്കും. പക്ഷേ, ബില്‍ ക്ലിന്റന്‍ കാര്യങ്ങള്‍ പറയുന്നത് കാച്ചിക്കുറുക്കിയാണ്- “how to rebuild the American dream and how to restore America's leadership in the world“ എന്ന് ചോദിച്ചുകൊണ്ട് അമേരിക്കയുടെ ഇപ്പോഴത്തെ ദുരവസ്ഥയെപ്പറ്റി ഇന്നത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, വളരെ ചുരുങ്ങിയ,ലളിതമായ വാക്കുകളിലൂടെ അദ്ദേഹം നയപരമായ പ്രശ്നങ്ങള്‍ സാധാരണ ജനങ്ങളുടെ മുമ്പിലേക്ക് എടുത്തുവയ്ക്കാറുണ്ട്. അത്തരം സ്പഷ്ടതയാണ് ഹിലരിയുടെയും ഒബാമയുടെയുമൊക്കെ പ്രസംഗങ്ങളില്‍ ഒരിക്കലും കാണാനാവാത്തത്.

ക്ലിന്റന്റെ ഇന്നത്തെ പ്രസംഗത്തിലൂടെ ഒബാമയെ ക്ലിന്റന്‍‌മാര്‍ ശരിക്കും പിന്തുണക്കുന്നില്ല എന്ന ആരോപണങ്ങള്‍ക്ക് അറുതി വന്നു. ഇനിയും ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റാകുന്നത് ക്ലിന്റന് സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 8 വര്‍ഷക്കാലത്തെ തന്റെ ഭരണകാലത്ത് അമേരിക്ക കൈവരിച്ച സാമ്പത്തിക-സാമൂഹിക പുരോഗതികള്‍ ഒന്നൊന്നായി ബുഷിന്റെ കാലത്ത് ഇല്ലാതാകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു. സുപ്രീം കോടതിയില്‍ യാഥാസ്ഥികരായ ജഡ്ജിമാരെ കുത്തിനിറച്ച് റിപ്പബ്ലിക്കന്മാര്‍ക്ക് ഭരണഘടനയുടെ വ്യാഖ്യാനത്തെപ്പോലും സ്വാധീനിക്കാമെന്ന നില വന്നിട്ടുണ്ട്; അടുത്ത 4 കൊല്ലം കൊണ്ട് അവര്‍ക്ക് കൂടുതല്‍ ജഡ്ജിമാരെ അങ്ങനെ തിരുകിക്കയറ്റാനും ദീര്‍ഘകാലത്തോളം സുപ്രീംകോടതി കൃസ്ത്യന്‍ യാഥാസ്ഥികത്വത്തിന്റെ കൊത്തളമാക്കാനും പറ്റും. (ജഡ്ജിമാരുടെ നിയമനം ജീവിതാന്ത്യം വരെ ആണ്.) അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തുടക്കം തന്നെ ഒബാമയ്ക്കുള്ള പിന്തുണ അസന്ധിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

ഒരു പക്ഷേ, ഹിലരി പ്രൈമറിയില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒബാമയെ സ്വാഭാവികമായി പിന്തുണക്കേണ്ടിയിരുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ തലതൊട്ടപ്പനാകേണ്ടിയിരുന്നതും ക്ലിന്റനായിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും പല കാര്യങ്ങളിലും വളരെ സാമ്യമുണ്ട്- സ്വന്തം പിതാവിനെ അധികമൊന്നും അറിയാത്തവര്‍; സാധാരണ ചുറ്റുപാടുകളില്‍ വളര്‍ന്നവരെങ്കിലും ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവര്‍; സ്വപ്രയത്നവും ധിഷണയുംകൊണ്ട് വളരെ ചെറുപ്പത്തിലേ രാഷ്ട്രീയ വിജയങ്ങള്‍ കൊയ്തവര്‍‍; ഉജ്ജ്വല വാഗ്മികള്‍; അതിബുദ്ധിശാലികളും അവരുടേതായ നിലയില്‍ തന്നെ ജീവിതവിജയം നേടിയതുമായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍. 1992-ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ “I still believe in a place called Hope" (അര്‍ക്കന്‍സായിലെ Hope എന്ന ചെറിയ പട്ടണത്തിലാണ് അദ്ദേഹം വളര്‍ന്നത്; കഴിഞ്ഞമാസം ആ സ്ഥലം സന്ദര്‍ശിക്കാനും ക്ലിന്റന്റെ പഴയ വീടുകാണാനുമൊക്കെ എനിക്ക് ഭാഗ്യമുണ്ടായി) എന്ന്‌ അദ്ദേഹം പറഞ്ഞ പ്രസിദ്ധമായ വാചകവും ഒബാമയുടെ പ്രതീക്ഷയിലൂന്നിയുള്ള ക്യാം‌മ്പയിനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.

മറ്റൊന്ന് ക്ലിന്റന്‍ 1992-ല്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് പക്വത പോര; പ്രവര്‍ത്തിപരിചയമില്ല എന്നൊക്കെയുള്ള റിപ്പബ്ലിക്കന്മാരുടെ പ്രചരണം ആയിരുന്നു. അതേ കാര്യം തന്നെ ഒബാമയ്ക്കെതിരെ ഉപയോഗിക്കുന്നത് ക്ലിന്റന്‍ എടുത്തുപറയാന്‍ മറന്നില്ല. ക്ലിന്റന്റെ പ്രസംഗത്തിന്റെ transcript ഇവിടെ ഉണ്ട്.

ബില്‍ ക്ലിന്റനും ബറാക്ക് ഒബാമയും “American dream“-ന്റെ വ്യത്യസ്ഥ കാലഘട്ടങ്ങളിലെ അവതാരങ്ങള്‍ ആണ്. കഴിവും കഠിനാദ്ധ്വാനം ചെയ്യാന്‍ മനസ്സും ഉള്ളവര്‍ക്ക് അമേരിക്കയില്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ പറ്റാത്തതൊന്നും ഇല്ല എന്ന് അവരുടെ ജീവിതകഥകള്‍ തെളിവാണ്.

ഒബാമയെയും ജോ ബൈഡനെയും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി ഇന്ന് തിരഞ്ഞെടുത്തു. വെറും 29-ആമത്തെ വയസ്സിലാണ് ജോ ബൈഡന്‍ ഡെലവേറിന്റെ ഒരു സെനറ്ററായി 1972-ല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. (സത്യപ്രതിജ്ഞ ചെയ്യാന്‍ 30 വയസ്സ് ആകണമായിരുന്നു.) വാഷിംഗ്‌ടണില്‍ താമസസൌകര്യം നോക്കാനായി എല്ലാവരും കൂടിപോയി തിരിച്ചുവരുന്ന വഴി കാര്‍ അപകടത്തില്‍ പെടുകയും ജോ ബൈഡന്റെ ഭാര്യയും ഒരു മകനും കൊല്ലപ്പെടുകയും ചെയ്തു. പിന്നെ വളരെ നിര്‍ബന്ധങ്ങള്‍ക്ക് ശേഷമാണ് സെനറ്ററാകാന്‍ ജോ ബൈഡന്‍ സമ്മതിച്ചത്. പക്ഷേ, അദ്ദേഹം ഒരിക്കലും വാഷിംഗ്ടണിലേക്ക് താമസം മാറ്റിയില്ല; കഴിഞ്ഞ 36 കൊല്ലം അദ്ദേഹം വീട്ടില്‍ നിന്ന് ട്രെയിനില്‍ പോയിവന്നു. ആ കഥ, അന്ന് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ജോ ബൈഡന്റെ മറ്റൊരു മകന്‍ ബൌ ബൈഡന്‍ തന്റെ പിതാവിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ പലരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

ജോ ബൈഡന്‍ താന്‍ ഒബാമയുടെ മുന്നണിപ്പോരാളിയായിരിക്കുമെന്ന് കാണിച്ചുകൊടുത്തുകൊണ്ട് ഇന്നും മക്കെയിനെ കടിച്ചുകുടഞ്ഞു. ബൈഡനെതിരെ നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരാളെ റിപ്പബ്ലിക്കന്മാര്‍ക്ക് കണ്ടെത്തുക വിഷമകരമായിരിക്കും. മിക്കവാറും അവരുടെ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച റിപ്പബ്ലിക്കന്മാരുടെ കണ്‍‌വെന്‍ഷന്‍ മിന്യസോട്ടയിലെ സെന്റ് പോളില്‍ ആരംഭിക്കും.

സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് ഒബാമ നാളെ ഏതാണ്ട് 76000 പേരെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രസംഗിക്കും. ഇങ്ങനെ സ്റ്റേഡിയത്തില്‍ വച്ചുള്ള പ്രസംഗം അവസാനം ചെയ്തത് ജോണ്‍ എഫ്. കെന്നഡിയാണ്.

ഇതിന്ന് മുമ്പ് പല പോസ്റ്റുകളിലും സൂചിപ്പിച്ചിട്ടുള്ളതുപോലെ ഒബാമയുടെ ഈ സ്ഥാനാര്‍ഥിത്വം അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്; നവംബറിലെ പൊതിതിരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇല്ലെങ്കിലും. നാളെ, ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ “I have a dream" പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനത്തില്‍, ചരിത്രം നീട്ടിക്കൊടുത്ത ആ അവസരം സ്വീകരിച്ചുകൊണ്ട് ഒബാമ അടുത്ത പടവുകള്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍, ഒരു അമേരിക്കന്‍ പൌരനെന്ന നിലയില്‍ എനിക്കും അഭിമാനിക്കാന്‍ വകയുണ്ട്.

4 comments:

t.k. formerly known as thomman said...

ബില്‍ ക്ലിന്റന്‍ പ്രസംഗിക്കുമ്പോള്‍; ഡന്‍‌വര്‍ കണ്‍‌വെന്‍ഷന്‍ മൂന്നാം ദിവസം.

വിന്‍സ് said...

ഒബാമ ജയിക്കും എന്നു എനിക്കു തോന്നുന്നില്ല.

Anonymous said...

Be it done flat or rousing; whether or not you are supporting Obama; you must listen to his history making speech to be delivered tonight in Denver accepting the Democratic party nomination, if you have some interest in the U.S. politics. It will be at 8.30pm EST (New York Time); 6.00 am IST. Most of the networks and radio stations will carry it in the U.S., and channels like CNN might carry it globally.

t.k.

രാവുണ്ണി said...

കറുത്ത വര്‍ഗക്കാരനായതുകൊണ്ട് മാത്രം ഒബാമയെ അമേരിക്കയിലെ കപടസമൂഹം തോല്‍പ്പിക്കുമെന്നാണെന്റെ പേടി.