Thursday, August 28, 2008

ഇനി ഒരാഴ്ച മക്കെയിന് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് കുറച്ച് മുമ്പ് ഒബാമ ചെയ്ത ഗംഭീരപ്രസംഗത്തോടുകൂടി ഡന്‍‌വറില്‍ നടന്നു വന്നിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ സമാപിച്ചു. ഇനി പാര്‍ട്ടിയെ പൊതുതിരഞ്ഞെടുപ്പില്‍ (പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കും പല സീറ്റുകളില്‍ മത്സരം നടക്കുന്നുണ്ട്) വിജയത്തിലേക്ക് നയിക്കേണ്ടത് ഒബാമയുടെ ചുമതലയാണ്.

ഇന്നത്തെ പ്രസംഗത്തില്‍ കഴിഞ്ഞ 8 കൊല്ലത്തെ റിപ്പബ്ലിക്കന്‍ ഭരണത്തെയും അതിനെ അനുകൂലിച്ചുവന്ന മക്കെയിനെയും ആക്രമിച്ചുകൊണ്ട്, വരുന്ന ദിവസങ്ങളില്‍ ചുരുളഴിയാന്‍ പോകുന്ന പ്രചരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒബാമ ചെറിയ സൂചനകള്‍ നല്‍കി. റിപ്പബ്ലിക്കന്മാരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്ന പ്രചരണത്തിന് മറുപടിയാണെന്ന് തോന്നുന്നു അത്. ജോ ബൈഡന്‍ ടിക്കറ്റിലുള്ളത് ഡമോക്രാറ്റുകളുടെ ആക്രമണത്തിന്റെ വ്യാപ്തിയും ശക്തിയും വരുന്ന ദിവസങ്ങളില്‍ കൂടാനേ കാരണമാകൂ. പ്രസിഡന്റ് ആയാല്‍ താന്‍ വരുത്താന്‍ പോകുന്ന പരിഷ്ക്കാരങ്ങളെപ്പറ്റിയും ഒബാമ വിശദമായി സംസാരിച്ചു. 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ അറബ് ഓയിലിനെ ആശ്രയിക്കാതെ അമേരിക്കയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും എന്ന് പ്രഖ്യാപിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു; അത് പ്രായോഗികമാണോ എന്ന്‌ ഉറപ്പില്ലെങ്കിലും.

മക്കെയിന്‍ ഇന്ന് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് പ്രഖ്യാപനവും ഇറക്കി. ഒബാമയുടെ പ്രഭാഷണത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ ശകലം തിരിക്കാന്‍ ആ പ്രഖ്യാപനം ഈ ദിവസം തന്നെ ചെയ്യുക വഴി മക്കെയിന് സാധിക്കുകയും ചെയ്തു. ഒരു പരസ്യത്തിലൂടെ ഒബാമയെ അഭിനന്ദിക്കാ‍നും അദ്ദേഹം മറന്നില്ല.

റ്റിം പോളന്റി, ജോസഫ് ലീബര്‍മന്‍, റ്റോം റിഡ്ജ്, മിറ്റ് റോംനി എന്നിവര്‍ക്കാണ് മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയുള്ളത്. അതിന്നിടയില്‍ ഡന്‍‌വറില്‍ ഡമോക്രാറ്റുകള്‍ക്കെതിരെയുള്ള പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന റ്റിം പോളന്റി തന്റെ അവിടത്തെ ചുമതലകള്‍ അവസാനിപ്പിച്ച് തിരിച്ചുപോയത്, അദ്ദേഹത്തെ തിരഞ്ഞെടുത്തതുമൂലമാകാം എന്ന് ഒരു ശ്രുതി പരത്തിയിട്ടുണ്ട്. മിന്യാസോട്ടയിലെ ഗവര്‍ണറാണ് അദ്ദേഹം ഇപ്പോള്‍. പൊതുവേ ഡമോക്രാറ്റുകളെ വിജയിപ്പിക്കുന്ന ഈ സംസ്ഥാനത്ത് മക്കെയിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ പോളന്റി മക്കെയിന്‍ ടിക്കറ്റില്‍ വരുന്നത് ഗുണം ചെയ്തേക്കും.

നാളെ മുതല്‍ ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ കഴിയുന്നതുവരെയുള്ള ഒരാഴ്ച മക്കെയിന്റേതാണ്. തിങ്കളാഴ്ച ആരംഭ്ക്കുന്ന കണ്‍‌വെന്‍ഷന് മിന്യാസോട്ടയിലെ ഇരട്ട നഗരങ്ങളായ മിന്യാപോളിസ്-സെന്റ് പോളിലാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്.

4 comments:

t.k. formerly known as തൊമ്മന്‍ said...

ജോണ്‍ മക്കെയിന്‍ നാളെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ തിങ്കളാഴ്ച തുടങ്ങും.

കിരണ്‍ തോമസ് തോമ്പില്‍ said...

T.K. ഒബാമയുടെ പ്രസംഗത്തില്‍ ഔട്ട്‌സോഷിങ്ങിനെതിരെ ഉള്ള പരാമര്‍ശത്തെ താങ്കള്‍ എങ്ങനെ കാണുന്നു. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും അത്‌ ഉയര്‍ത്തിക്കാണിച്ച്‌ ആശങ്ക സൃഷ്ടിച്ചു കഴിഞ്ഞു

t.k. formerly known as തൊമ്മന്‍ said...

കിരണ്‍,
outsourcing-നെതിരെ ഒബാമ സംസാരിക്കുന്നത് തൊഴിലാളികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്. ഇലക്ഷന്‍ സമയത്ത് യൂണിയനുകളുടെ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍‌ഥിക്കും മറ്റൊരു നിലപാട് എടുക്കാന്‍ കഴിയില്ല. പക്ഷേ, പ്രായോഗിക തലത്തില്‍ ബിസിനസ്സുകളെ outsourcing-ല്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പൊതുവേ, ഒരു election rhetoric ആയി ഒബാമയുടെ പ്രസ്താവനകളെ കരുതിയാല്‍ മതിയെന്നു തോന്നുന്നു.

t.k. formerly known as തൊമ്മന്‍ said...

ലൂയിസിയാന തീരത്ത് ഗുസ്താവ് എന്ന കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ ഇന്ന ആരംഭിക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ മാറിപ്പോയി. ഇത് മക്കെയിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്: ബുഷിന്റെ ഒപ്പം അദ്ദേഹത്തിന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ട; ഗുസ്താവിനെതിരെ നടത്തുന്ന പ്രതിരോധങ്ങളില്‍ സ്ഥാനാര്‍‌ഥികള്‍ കണ്‍‌വെന്‍ഷന്‍ പോലും മാറ്റിവച്ച് ഇടപെടുന്നു എന്ന് വരുത്തിതീര്‍ക്കാം.

എന്തായാലും കഴിഞ്ഞ വ്യാഴാഴ്ച ഡമോക്രാറ്റിക് പാര്‍ട്ടിയും ഒബാ‍മയും കൂടിച്ചേര്‍ന്ന് കാഴ്ചവെച്ച ഉജ്ജ്വലപ്രകടനത്തിന്റെ പ്രകമ്പനം സാറാ പേലിനും ഗുസ്താവും കുറെ ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്.