ഡമോക്രാറ്റുകളുടെ ദേശീയ കണ്വെന്ഷന് തിങ്കളാഴ്ച ഡന്‍വറില്‍ ആരംഭിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും പ്രൈമറികാലത്തെ സ്പര്‍ദ്ധകള്‍ മറന്ന്, പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പിന്നില്‍ അണിനിരക്കുകയാണ് പാര്‍ട്ടി കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സന്ദേശം പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രധാന തിരഞ്ഞെടുപ്പ് സന്ദേശവുമായി ഏകോപിക്കുന്നതും പാര്‍ട്ടിയന്ത്രത്തെ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ക്യാംമ്പയിന് വിട്ടുകൊടുക്കുന്നതും കണ്വെന്ഷന് ശേഷമാണ്. അതിന്നു ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് പാര്‍ട്ടിയെ നയിക്കുക.
ജനാധിപത്യത്തിന്റെ, പ്രത്യേകിച്ച് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ, ആഘോഷമാണെന്നു പറയാം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് മുന്നോടിയായുള്ള രണ്ടു പാര്‍ട്ടിക്കാരുടെയും കണ്‍വെന്‍ഷനുകള്‍. വലിയ തീരുമാനങ്ങളൊന്നും എടുക്കുകയില്ലെങ്കിലും വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്ന ഒരു സംഭവമാണിത്. പ്രത്യേകിച്ചും പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന പ്രസംഗം. പൊതുവേ കണ്വെന്ഷന് കഴിഞ്ഞാല്‍ ഉടനെ സ്ഥാനാര്‍ഥിക്ക് നല്ലൊരു മുന്നേറ്റം പോളുകളില്‍ കിട്ടാറുണ്ട്.
തിങ്കളാഴ്ചത്തെ പ്രധാന പ്രഭാഷകര്‍ എഡ്വേര്‍ഡ് കെന്നഡിയും മിഷല്‍ ഒബാമയും ആയിരുന്നു. മസ്തിഷ്ക്കാര്‍ബുദ ബാധിതനായ എഡ്വേര്‍ഡ് കെന്നഡിയുടെ അവസാനത്തെ പ്രസംഗം ആയിരിക്കാം ഇത്. ലിബറല്‍ ഡമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ ഒരു തലമുറയുടെ അവസാനം കുറിക്കുന്നതുമായിരുന്നു ഡമോക്രാറ്റുകളെ ആവേശഭരിതരാക്കിയ ടെഡ് കെന്നഡിയുടെ ആ പ്രസംഗം. ജനുവരിയില്‍ ഒബാമയുടെ സത്യപ്രതിജ്ഞക്ക് താന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പ്രൈമറി കാലത്ത് അദ്ദേഹവും ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കാരളിന് കെന്നഡിയും ഒബാമയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നല്ലോ. ജോണ്‍ എഫ്. കെന്നഡിയുടെ രാഷ്ട്രീയപിന്ഗാമിയായിട്ട് അവര്‍ കാണുന്നത് ഒബാമയെ ആണ്.
മിഷല്‍ ഒബാമയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള ചില സംശയങ്ങളെ ദൂരീകരിക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രസംഗം. രാജ്യസ്നേഹം കുറവാണെന്നും തന്റേടിയാണെന്നും മറ്റുമുള്ള മാധ്യമങ്ങളുടെയും റിപ്പബ്ലിക്കന്മാരുടെയും ആരോപണങ്ങള്‍ക്ക് മറുപടിയായി, ഒബാമയ്ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന ഒരു കുടുംബിനിയുടെ ചിത്രമാണ് മിഷല്‍ വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. ഒപ്പം അവരുടെ തൊഴിലാളി കുടുംബ പശ്ചാത്തലത്തെ ഉയര്‍ത്തിക്കാണിക്കാനും.
ഹിലരിയെ പിന്തുണക്കുന്നവര്‍ ചെറിയ ഒച്ചപ്പാടൊക്കെ ഉണ്ടാക്കുന്നുണ്ട്. അവര്‍ മൊത്തം ഒബാമയെ പിന്തുണക്കുമെന്ന് തോന്നുന്ന മട്ടില്ല. ഹിലരി ഒബാമയ്ക്ക് വേണ്ടി തന്റെ ഡലിഗേറ്റുകളെ വിട്ടുകൊടുക്കും; അവര്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്‍വെന്‍ഷനില്‍ പ്രചരണം ചെയ്യുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ബില്ലാരിമാര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയും ചെയ്യും. അവരെ സന്തോഷിപ്പിച്ച് പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ഒബാമ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. ഹിലരിയെക്കാള്‍ ഒബാമയോട് കെറുവ് അവരുടെ ചില അനുയായികള്‍ക്ക് ആണ്.
ചൊവ്വാഴ്ച ഹിലരിയും ബുധനാഴ്ച ജോ ബൈഡനും വ്യാഴാഴ്ച നോമിനേഷന് സ്വീകരിച്ചുകൊണ്ട് ഒബാമയും കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. മാര്ട്ടിന് ലൂതര്‍ കിംഗിന്റെ പ്രസിദ്ധമായ ‘I have a dream' പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികമാണ് അന്ന്.
അതിനിടെ ഒബാമയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തെന്ന് ആരോപിച്ച് രണ്ടു പേരെ ഡന്‍വറില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Subscribe to:
Post Comments (Atom)
8 comments:
good information.
thank you..
തൊമ്മ ട്രന്റ് എങ്ങനെയാണ് ജോണ്‍ മക്കെയിന് ശക്തനായ സ്ഥാനാര്‍ത്ഥിയാണ് എന്നാണല്ലോ കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നത്. മത്സരം ശക്തമാറ്റിരിക്കുമോ?
കിരണ്‍,
പോളുകളെ വിശ്വസിക്കാമെങ്കില്‍ മത്സരം ഒബാമയ്ക്ക് കഠിനമായി തീര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ രണ്ടുപേരും ഏതാണ്ട് തുല്യനിലയിലാണ് ഉള്ളത്. 80% ശതമാനം അമേരിക്കക്കാരും രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്ക് ശരിയല്ല എന്ന് പറയുന്ന ഒരു സന്ദര്‍ഭത്തിലാണ് ഇത്തരം ഒരു അവസ്ഥയെന്ന് ഓര്‍ക്കണം. പാവപ്പെട്ടവരും ഇടത്തരക്കാരുമായ നല്ലൊരു പങ്ക് വെള്ളക്കാരായ ഡമോക്രാറ്റുകളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഒബാമയ്ക്ക് കഴിയാത്തതാണ് ഈ അവസ്ഥ സംജാതമാകാനുള്ള കാരണം. വര്‍ണവെറി, ജോര്‍ജിയയിലെ റഷ്യയുടെ കടന്നുകയറ്റം, ഇറാക്കില്‍ അമേരിക്ക അടുത്തകാലത്ത് കൈവരിച്ചിട്ടുള്ള ചില്ലറ നേട്ടങ്ങള്‍, അമേരിക്കയില്‍ എണ്ണഖനനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ബുഷ് എണ്ണയുടെ വില കുറപ്പിച്ചത് തുടങ്ങിയവയൊക്കെ മക്കെയിന് സഹായിക്കുന്നുണ്ട്. ജോ ബൈഡന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയശേഷം കാര്യമായ പോളുകളുടെ ഫലങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനും ഒബാമയെ എത്രത്തോളം സഹായിക്കും എന്ന് അറിയുന്നതിന് അടുത്ത ആഴ്ച വരെ കാത്തിരിക്കണം. ബുദ്ധിമുട്ടിയിട്ടെങ്കിലും ഒബാമ തന്നെ ജയിക്കാനാണ് ഇപ്പോഴും സാധ്യത കാണുന്നത്.
ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഇന്ന് മുന്‍ വിര്‍ജീനിയ ഗവര്‍ണര്‍ മാര്‍ക്ക് വാര്‍ണറിന്റെ കീ നോട്ട് പ്രസംഗവും (കഴിഞ്ഞ തവണ അത് ചെയ്താണ് ഒബാമ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്) ഹിലരിയുടെ പ്രഭാഷണവുമായിരുന്നു പ്രധാന ഇനങ്ങള്‍. കീ നോട്ട് പ്രസംഗം അത്ര മികച്ചതായി തോന്നിയില്ല. പക്ഷേ, ഒബാമയുടെ പിന്നില്‍ അണിനിരന്ന് പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹിലരിയുടെ പ്രസംഗം നന്നായിരുന്നു. ക്ലിന്റന് കുടുംബത്തിന്റെ രാത്രിയായിരുന്നു ഇന്ന്. അവരെ ബഹുമാനിക്കാന്‍ കണ്വെഷന് സംഘാടകര്‍ ശ്രദ്ധിച്ചിട്ടുണ്ട്; അതുവഴി പാര്‍ട്ടിയുടെ ഐക്യം ഉറപ്പിക്കാനും. നാളെ ബില്‍ ക്ലിന്റന് പ്രസംഗിക്കുന്നുണ്ട്.
TK, after watching Clinton and Biden today (CNN video), I get the feeling that Barak Obama is going to win. Both of them are great experienced speakers (& experienced in foreign policy). I f they can keep up the attack against John McCain and Obama can mange all the dabates this is going to be Democrats!! Go Obama!!!
Anony,
Democrats officially lined up 2 really talented people in their ticket and I hope they will take the White House come November.
ഒബാമയുടെ പ്രസംഗത്തിന്റെ സമയം കൊടുത്തത് തെറ്റിപ്പോയി. ക്ഷമിക്കണം. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങാന്‍ പോകുന്നതേയുള്ളൂ.
ഇല്ലിനോയിയുടെ സീനിയര്‍ സെനറ്റര്‍ ഒബാമയെ അവതരിപ്പിക്കുകയാണ് ഇപ്പോള്‍.
ഒബാമ ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു. പ്രസംഗം തുടരുകയാണ്...
Post a Comment