പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ അപ്‌ഡൈക്ക് ഇന്ന് രാവിലെ അന്തരിച്ചു. 50-ഓളം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് 76 വയസ്സുണ്ടായിരുന്നു. നോവല്‍, കവിത, വിമര്‍ശനം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സാഹിത്യശാഖകളിലും കൈവച്ച അദ്ദേഹത്തിന്, പുലിസ്റ്റര്‍ പ്രൈസ്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി അമേരിക്കയിലെ ഒട്ടുമിക്ക സാഹിത്യപുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.
1932-ല്‍ പെന്‍സില്‍വേനിയയില്‍ ആണ് അദ്ദേഹം ജനിച്ചത്. പിതാവ് ഹൈസ്കൂള്‍ അധ്യാപകനും; മാതാവ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ജോലിക്കാരിയും പാര്‍ട്ടൈം എഴുത്തുകാരിയുമൊക്കെയായിരുന്നു. ഹാര്‍വെഡ്, ഓക്സ്ഫഡ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ന്യൂ യോര്‍ക്കില്‍ താമസിച്ച് ജീവിതമാരംഭിച്ചെങ്കിലും തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ‘യഥാര്‍ഥ അമേരിക്ക‘യില്‍ ജീവിക്കാന്‍ ബോസ്റ്റണ്‍ നഗരത്തിനടുത്തേക്ക് അദ്ദേഹം പിന്നീട് താമസം മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ ജീവിതത്തെ, പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലെ (American suburbia) ജീവിതത്തെ, തന്റെ കൃതികളുടെ പശ്ചാത്തലവും വിഷയവുമാക്കുക വഴി, ആ കാലഘട്ടത്തിന്റെ ചരിത്രകാരനായിട്ടാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.
1950-കളുടെ അവസാനത്തോടെ അദ്ദേഹം എണ്ണപ്പെട്ട എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങി. ‘റാബിറ്റ്, റണ്‍’ എന്ന പുസ്തകത്തോടെ തുടങ്ങിയ, 30 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ 4 നോവലുകളും ഒരു നോവെലയും അടങ്ങിയ റാബിറ്റ് പരമ്പരയാണ് അദ്ദേഹത്തിന് പുലിസ്റ്റര്‍ പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ഏറെ പ്രസിദ്ധിയും നേടിക്കൊടുത്തത്. ഹാരി റാബിറ്റ് ആംഗ്‌സ്ട്രോം എന്നയാളുടെ ജീവിതകഥയാണ് ഈ നോവല്‍ പരമ്പരയുടെ വിഷയം.
എഴുതിത്തുടങ്ങുന്ന കാലത്ത് ‘ന്യൂ യോര്‍ക്കര്‍’ മാഗസിനിലെ ജോലിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചെറുകഥകള്‍ ആ മാഗസിനില്‍ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ധാരാളം ചെറുകഥകള്‍ അദ്ദേഹം എഴുതിയെങ്കിലും പിന്നീട് പുസ്തക/കലാ നിരൂപണങ്ങള്‍ക്കാണ് തന്റെ സമയം അധികവും വിനിയോഗിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വിചാരിച്ചതിനേക്കാള്‍ ഏറെ ഞാന്‍ ഒരു പുസ്തകനിരൂപകനും കലാനിരൂപകനും ആയിരിക്കുന്നു. അവ എഴുതാനിരിക്കുമ്പോള്‍, കുറഞ്ഞത് അവ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന്ന് പ്രതിഫലം കിട്ടുമെന്നുമുള്ള ഉറപ്പുണ്ട്. പക്ഷേ, ചെറുകഥയുടെ കാര്യം അതല്ല.”
Tuesday, January 27, 2009
Subscribe to:
Post Comments (Atom)
2 comments:
പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരന്‍ ജോണ്‍ അപ്‌ഡൈക്ക് ഇന്ന് രാവിലെ അന്തരിച്ചു.
എഴുതിയതിനു നന്ദി...
Post a Comment