Sunday, February 08, 2009
റോബര്‍ത്തോ ബൊളാന്യോ: കവി, നാടോടി പിന്നെ നോവലിസ്റ്റ്
2008-ല്‍ അമേരിക്കയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ സ്പാനിഷ് എഴുത്തുകാരനായിരുന്ന റോബര്‍ത്തോ ബൊളാന്യോയുടെ തികച്ചും അസാധാരണമായ ‘2666’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായിരുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന, 5 ഭാഗങ്ങളിലായി പരന്നുകിടക്കുന്ന, 900-ത്തോളം പേജുകളുള്ള ഈ നോവല്‍ 2008-ലെ ഏറ്റവും നല്ല പുസ്തകമായി ‘ടൈം മാഗസിന്‍’ തിരഞ്ഞെടുത്തിരുന്നു.
1953-ല്‍ തെക്കേ അമേരിക്കയിലെ ചിലെയിലാണ് റോബര്‍ത്തോ ബൊളാന്യോ ജനിച്ചത്. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മെക്സിക്കോയിലേക്ക് താമസം മാറ്റി. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കുന്നതിന്ന് മുമ്പ് തന്നെ അദ്ദേഹം കവിതയെഴുത്തില്‍ വ്യാപൃതനായി പഠനം അവസാനിപ്പിച്ചു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹം അതീവതല്പരനായിരുന്നു. ഒരു ട്രോട്‌സ്‌കിയിസ്റ്റായി മാറിയ റോബര്‍ത്തോ ആദ്യം എല്‍ സാല്‍വദോറിലേക്ക് പോയി അവിടത്തെ ഇടതുപക്ഷ വിപ്ലവകവികളുമായി ബന്ധം സ്ഥാപിച്ചു.
ചിലെയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സാല്‍വദോര്‍ അലന്‍ദേയുടെ സോഷ്യലിസ്റ്റ് ഭരണത്തിലും ഭാവിയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വിപ്ലവത്തിന്റെ സാധ്യതകളിലും ആകൃഷ്ടനായി റോബര്‍ത്തോ 1973-ല്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അധികം വൈകാതെ അലന്‍ദേയെ പുറത്താക്കി കേണല്‍ അഗസ്തോ പിനോഷേ അധികാരം പിടിച്ചെടുത്തു. റോബര്‍ത്തോ അവിടെ പട്ടാളഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുകയും ചെയ്തു. വിപ്ലവകാരികള്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതുപോലുള്ള വളരെ ചെറിയ പണികളേ അദ്ദേഹം ചെയ്തിരുന്നുള്ളൂ എങ്കിലും ഭീകരവാദി എന്ന കുറ്റമാരോപിക്കപ്പെട്ട് അദ്ദേഹം പിടിക്കപ്പെട്ടു. പക്ഷേ, ജയിലിലെ കാവല്‍ക്കാരനായിരുന്ന തന്റെ ഒരു പഴയ കൂട്ടുകാരന്റെ സഹായത്തോടെ അദ്ദേഹം അവിടന്ന് രക്ഷ പ്രാപിച്ചു. (അദ്ദേഹം ചിലെയിലെ പ്രതിരോധത്തില്‍ പങ്കെടുത്തതിനെപ്പറ്റി അടുത്തയിടെ വേറെ ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതേപ്പറ്റി പിന്നെ എഴുതാം.)
1974-ല്‍ മെക്സിക്കോ സിറ്റിയിലേക്ക് അദ്ദേഹം തിരിച്ചുവന്ന് ‘ഇന്‍ഫ്രാറിയലിസ്താസ്’ എന്ന ഒരു തരം സാഹിത്യഗറില്ലാ ഗ്രൂപ്പിന് രൂപം കൊടുത്തു. മുഖ്യധാരയിലെ സാഹിത്യ/സാംസ്ക്കാരിക എസ്റ്റാബ്ലിഷ്മെന്റിനെ തരംകിട്ടുമ്പോള്‍ പുച്ഛിക്കുകയും അത്യാധുനിക മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയുമൊക്കെ ആയിരുന്നു അവരുടെ പ്രധാന പരിപാടികള്‍. പ്രശസ്ത മെക്സിക്കന്‍ കവിയായ ഒക്ടാവിയോ പാസ് പോലുള്ളവര്‍ അവരുടെ കോപത്തിന് ഇരയായിട്ടുണ്ട്. പിന്നീട് റോബര്‍ത്തോ ബൊളാന്യോ സ്പാനിഷ് സാഹിത്യത്തിലെ അതികായനായി വളരുമെങ്കിലും മുഖ്യധാരസാഹിത്യകാരന്മാരോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് ഒട്ടും കുറഞ്ഞില്ല. മാര്‍കേസിനെ ‘വളരെയധികം പ്രസിഡന്റുമാരുടെയും ആര്‍ച്ച് ബിഷപ്പുമാരുമാരുടെയും തോളുരുമി നടന്നതില്‍ ആഹ്ലാദം കൊള്ളുന്ന മനുഷ്യന്‍’ എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. 1967-ലെ One Hundred Years of Solitude-ന്റെ പ്രസിദ്ധീകരണത്തോടെ മാര്‍കേസ് കൊണ്ടുവന്ന മാജിക്കല്‍ റിയലിസം, അതിന്റെ ആവര്‍ത്തനങ്ങള്‍കൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ നോവലിനെ ശ്വാസം മുട്ടിച്ചുതുടങ്ങിയ ഒരു ഘട്ടത്തിലാണ് റോബര്‍ത്തോ ബൊളാന്യോ പോലെയുള്ളവര്‍ നേരിട്ടും എഴുത്തിലൂടെയും ആ ജീര്‍ണതയെ എതിരിട്ടത്.
മെക്സിക്കോയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം 2 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1977-ല്‍ ഒരു പ്രണയനൈരാശ്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി അദ്ദേഹം നാടുവിട്ടു. യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും അലഞ്ഞുതിരിഞ്ഞ് പല ജോലികളും ചെയ്ത് ജീവിച്ചു. അതിന്നിടയില്‍ അദ്ദേഹം മയക്കുമരുന്നിന് അടിമയാകുകയും ചെയ്തു. 80-കളുടെ പകുതിയോടെ അദ്ദേഹം സ്പെയിനില്‍ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം വിവാഹിതനാവുകയും 2 കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു; മയക്കുമരുന്നുപയോഗം നിറുത്തുകയും ചെയ്തു. അതുവരെ അദ്ദേഹം തന്നെ ഒരു കവി മാത്രമായിട്ടാണ് കരുതിയിരുന്നത്. പക്ഷേ, കുടുംബ ചിലവുകള്‍ക്ക് വേണ്ടി, എഴുത്തില്‍ നിന്ന് എന്തെങ്കിലും വരുമാനം കണ്ടെത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനായി. കവിതയില്‍ കാശില്ലാതിരുന്നതുകൊണ്ട് കഥകള്‍ എഴുതാന്‍ തുടങ്ങി; സമ്മാനത്തുക മോഹിച്ച് കഥാമത്സരങ്ങളില്‍ പങ്കെടുത്താണ് തുടങ്ങിയത്. തന്റെ ആദ്യാനുരാഗമായ കവിതയെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തന്റെ കഥകളില്‍ മുഴുവന്‍ കവികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അദ്ദേഹം സംതൃപ്തിയടഞ്ഞു എന്നു തോന്നുന്നു.
38-ആമത്തെ വയസ്സില്‍ റോബര്‍ത്തോ ബൊളാന്യോ താന്‍ ഗുരുതരമായ കരള്‍രോഗബാധിതനാണെന്ന് മനസ്സിലാക്കി. സമയം അധികം കളയാനില്ലാത്തതുകൊണ്ട് വര്‍ദ്ധിച്ച തോതില്‍ അദ്ദേഹം എഴുതാന്‍ തുടങ്ങി. 1996-ല്‍ മുതല്‍, 2003-ല്‍ മരിക്കുന്നതുവരെ വര്‍ഷംതോറും ഒന്നോ അധിലധികമോ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചികിത്സ പോലും മുടക്കി, തളര്‍ന്നു വീഴുന്നതു വരെ മണിക്കൂറുകളോളം അദ്ദേഹം തുടര്‍ച്ചയായി എഴുതി.
റോബര്‍ത്തോ ബൊളാന്യോയുടെ ആദ്യത്തെ നോവലുകള്‍ വിമര്‍ശകര്‍ ശ്രദ്ധിച്ചെങ്കിലും വായനക്കാര്‍ അധികം ഉണ്ടായില്ല. എന്നാല്‍ 1998-ല്‍ പുറത്തുവന്ന The Savage Detectives വന്‍വിജയമായിരുന്നു. One Hundred Years of Solitude സ്പാനിഷ് സാഹിത്യലോകത്തുണ്ടാക്കിയതുപോലുള്ള കോളിളക്കമാണ് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം The Savage Detectives സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതിയും അതാണ്. മെക്സിക്കോ സിറ്റിക്കാരനായ ഹുവാന്‍ ഗാര്‍സിയ മഡേറോ എന്ന 17-കാരന്‍ കോളജ് പഠനം മതിയാക്കി, കവികളുടെ ഒരു തരം അധോലോകഗ്രൂപ്പില്‍ ചേരുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും പിന്നെ അതിന്റെ ചരിത്രമന്വേഷിച്ചു പോകുന്നതുമൊക്കെയാണ് ഈ നോവലിന്റെ കഥാതന്തു. നോവലിസ്റ്റിന്റെ ജീവിതവുമായി ആ കഥയ്ക്കുള്ള ബന്ധം വളരെ വ്യക്തം. പണ്ട് സൊനോറാ മരുഭൂമിയില്‍ വച്ച് കാണാതായ ഒരു കവയിത്രിയെ തേടി പോകുന്ന നോവലിന്റെ അവസാനത്തെ ഭാഗം അതിന്ന് ഒരു കുറ്റാന്വേഷണകഥയുടെ വശവും കൊടുക്കുന്നു. ഗാംഗ്‌സ്റ്റര്‍ ചിത്രങ്ങളിലെയും ഡിക്ടറ്റീവ് കഥകളിലെയും കഥാപാത്രങ്ങളെ കവിതയുടെ ലോകത്തേക്ക് പറിച്ചുനട്ടതു വഴി തികച്ചും നൂതനമായ ഒരു അന്തരീക്ഷമാണ് റോബര്‍ത്തോ ബൊളാന്യോ ഈ നോവലില്‍ സൃഷ്ടിക്കുന്നത്.
2000-ല്‍ പുറത്തിറങ്ങിയ By Night in Chile-യിലെ കഥ ചിലെയന്‍ ഏകാധിപതി അഗസ്തോ പിനോഷേയുടെ ഭരണകാലത്താണ് നടക്കുന്നത്. പ്രധാന കഥാപാത്രമായ ഒരു പുരോഹിതന്‍ ജനറല്‍ പിനോഷേയുടെ അധ്യാപകനാവുകയും, അദ്ദേഹത്തിന് പട്ടാളഭരണത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നു. തന്റെ ആ കൃത്യങ്ങളെ മരണക്കിടക്കയില്‍ കിടന്ന് പുരോഹിതന്‍ ഓര്‍മിക്കുന്നതും അവയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് അതിലെ കഥ. പതിവുപോലെ കവികള്‍ ഈ നോവലിലും കഥാപാത്രങ്ങളായുണ്ട്.
5 വര്‍ഷത്തോളമെടുത്തെഴുതിയ ‘2666’ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹത്തിന്റെ കരള്‍രോഗം മൂര്‍ച്ഛിച്ചിരുന്നു. ആ നോവല്‍ പൂര്‍ണ്ണമാക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കരള്‍മാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അന്തരിച്ചത്. അപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം മൂന്നാമതായിരുന്നു. നോവല്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണാനന്തരം 2004-ല്‍ ആണ്.
5 ഭാഗങ്ങളായി ‘2666’ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടത് ഓരോ ഭാഗവും ഒറ്റയ്ക്ക് വായിക്കപ്പെടാന്‍ പറ്റും എന്ന കാരണംകൊണ്ട് മാത്രമായിരുന്നില്ല. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാതെ 5 പുസ്തകങ്ങളുടെ സീരീസായി അത് പ്രസിദ്ധീകരിച്ചാല്‍ തന്റെ അവകാശികള്‍ക്ക് കൂടുതല്‍ പൈസ കിട്ടുമെന്നുള്ളതുകൊണ്ടാണ്. പക്ഷേ, റോബര്‍ത്തോ ബൊളാന്യോയുടെ അന്തിമാഭിലാഷത്തിന് വിരുദ്ധമായി ‘2666’ ഒറ്റ പുസ്തകമായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. (എന്നാലും ഇംഗ്ലീഷില്‍ അതിന്റെ ഹാര്‍ഡ്കവര്‍ ഞാന്‍ കണ്ടത് 5 പുസ്തകങ്ങളുടെ ഒരു സെറ്റ് ആയിട്ടാണ്.) പലമാനങ്ങളുള്ള, ലോകത്തിന്റെ പല കോണുകളില്‍ നടക്കുന്ന നിരവധി കഥകള്‍ അടങ്ങിയ, ഈ നോവലിലെ പ്രധാന കഥ നടക്കുന്നത് മെക്സിക്കോയിലെ സാന്താ തെരേസ എന്ന ഒരു കല്പിത നഗരത്തിലാണ്. പ്രധാനമായും അമേരിക്കയിലേക്ക് വേണ്ടി സാധനങ്ങള്‍ നിര്‍മിക്കുന്ന, കൂലികുറഞ്ഞ ഫാക്ടറികള്‍ ധാരാളമുള്ള കിയുദാദ് ഹുവാരെസ് എന്ന യഥാര്‍ഥ മെക്സിക്കന്‍ പട്ടണത്തില്‍ 1993-മുതല്‍ 400-ല്‍ അധികം യുവതികള്‍ കൊലചെയ്യപ്പെടുമെങ്കിലും ഒന്നും തെളിയിക്കപ്പെടാതെ പോയി. ആ നഗരമാണ് സാന്താ തെരേസയ്ക്ക് മാതൃകയായിട്ടുള്ളത്; അവിടെ നടന്ന കൊലപാതകങ്ങള്‍ പോലുള്ള കൊലപാതകങ്ങള്‍ നോവലിലും വളരെ സൂഷ്മതയോടെ വിവരിക്കപ്പെടുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പതിവുപോലെ സാഹിത്യകാരന്മാര്‍ തന്നെയാണ്. ബെന്നോ വോണ്‍ ആര്‍ക്കിംബോള്‍ഡി എന്ന ജര്‍മന്‍ നോവലിസ്റ്റിനെ തേടി 3 യൂറോപ്യന്‍ സാഹിത്യകാരന്മാര്‍ മെക്സിക്കോയിലേക്ക് നടത്തുന്ന യാത്രയാണ് അവരെ സാന്താ തെരേസയില്‍ എത്തിക്കുന്നതും, അവിടെ നടന്ന കൊലപാതകങ്ങളെപ്പറ്റി അവര്‍ അറിയാന്‍ ഇടവരുന്നതും. “The Part About the Critics”, “The Part About Amalfitano", “The Part About Fate”, “The Part About the Crimes”, “The Part About Archimboldi” എന്നിങ്ങനെ 5 ഭാഗങ്ങള്‍ ആണ് നോവലിലുള്ളത്.
ഹീറോയിന് അടിമയായിരുന്നെന്നതും ചിലെയില്‍ പീനോഷേ അധികാരം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്നതുമടക്കമുള്ള റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതചരിത്രത്തിലെ നിറമുള്ള പല സംഭവങ്ങളും എഴുത്തുകാരന്‍ സ്വയം നിര്‍മിച്ചെടുത്ത മിത്തുകളാണെന്ന് ഈയിടെ ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വാര്‍ത്ത വന്നിരുന്നു. പീഢിതനായ എഴുത്തുകാരനാണ് അദ്ദേഹം എന്ന് കാണിക്കാന്‍ വേണ്ടി ഏജന്റുമാരും അത്തരത്തില്‍ ചിലതൊക്കെ ചെയ്തിട്ടുണ്ടത്രേ. ആ വാര്‍ത്തകളുടെ സത്യാവസ്ഥ എന്തുതന്നെ ആയാലും, സ്പാനിഷ് സാഹിത്യലോകത്തു നിന്ന് അടുത്തകാലത്ത് ലോകത്തിന്റെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയ സാഹിത്യകാരന്‍ റോബര്‍ത്തോ ബൊളാന്യോ തന്നെയാണ്. ആധുനിക നോവലില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഭാവിയില്‍ ഉറപ്പാണ്; സ്പാനിഷ് ലോകത്തിന് പുറത്ത് അദ്ദേഹത്തെ വായിച്ചുതുടങ്ങുന്നതേയുള്ളൂ. മാര്‍കേസിനെപ്പോലെ ഒരു പ്രൊഫഷണല്‍ നോവലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള, ഒരു നോവല്‍ പോലെ അസാധാരണമായ റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതം, ഭാവിയിലെ നോവല്‍ എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിന് സാധ്യത കൂട്ടുകയേയുള്ളൂ.
കുറിപ്പുകള്‍:
1. ഈ പോസ്റ്റിന് പ്രധാന അവലംബം ‘ന്യൂ യോര്‍ക്കറി’ലെ ഈ മികച്ച ലേഖനമാണ്.
2. 'ന്യൂ യോര്‍ക്കറി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ട റോബര്‍ത്തോ ബൊളാന്യോയുടെ 4 കഥകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ കാണാം.
3. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ ‘2666’-ന്റെ ആദ്യത്തെ കുറെ ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം.
4. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘ദ സാവേജ് ഡിറ്റക്ടീവ്‌സി’ന്റെ റിവ്യൂ ഇവിടെ.
5. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘2666’ന്റെ റിവ്യൂ ഇവിടെ.
Subscribe to:
Post Comments (Atom)
5 comments:
പാശ്ചാത്യ നോവല്‍സാഹിത്യരംഗത്ത് മായാമുദ്രകള്‍ പതിച്ചുകൊണ്ട് കടന്നുപോയ സ്പാനിഷ് സാഹിത്യകാരന്‍ റോബര്‍ത്തോ ബൊള്യാനോയെപ്പറ്റി.
തൊമ്മേട്ടാ,
ബൊളാനോയുടെ സാവേജ് ഡിറ്റക്ടീവ്സ് ഒരു ക്ലാസ്സിക് അല്ലേ? ജീവിതം കൊണ്ട് പകരം വീട്ടിയ എഴുത്തുകാരിൽ ഒരാൾ കൂടി .... നല്ല പോസ്റ്റ്...നന്ദി...
വേറിട്ട ശബ്ദം,
ദസ്തയ്‌വ്സ്കിയെപ്പോലുള്ള സാഹിത്യകാരന്മാരെപ്പോലെ ജീവിതവും സാഹിത്യവും വേര്‍തിരിക്കാതെ ജീവിച്ച ഒരാളാണ് റോബര്‍ത്തോ ബൊളാന്യോ. ഏജന്റുമാര്‍ നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ എഴുത്തുകാരുടെ ഇക്കാലത്ത് അത്തരക്കാര്‍ ഉണ്ടാകാനൂള്ള സാധ്യതയും വളരെ കുറവാണ്.
അങ്ങനെയാനെങ്കില്‍ വായിക്കണമല്ലോ തൊമ്മാ...
ഗാംബ്ലര്‍ ഒക്കെ വായിക്കുമ്പോള്‍ പ്രത്യേക ഹരം വരുന്നത് അത് ദസ്തയേവസ്കി തന്നെയോ എന്നു സംശയ്ം തോന്നിപ്പോവുന്നതു കൊണ്ട് കൂടെയാണ്.
നന്ദി പരിചയപ്പെടുത്തലിന്
ശ്രീഹരി,
വായിച്ചതിന് നന്ദി. ബൊളാന്യോയെപ്പറ്റി ഇംഗ്ലീഷ് വായനക്കാരുടെ ഇടയില്‍ വലിയ താല്പര്യം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. ബാണ്‍സ് & നോബിളിലും സ്വതന്ത്ര പുസ്തകശാലകളുമൊക്കെ കാര്യമായി ‘2666’ പ്രമോട്ട് ചെയ്യുന്നുണ്ട്. ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള മാഗസിനുകളും പത്രങ്ങളും അദ്ദേഹത്തെ കവര്‍ ചെയ്യുന്നുമുണ്ട്.
അദ്ദേഹത്തിന്റെ നോവലുകള്‍ പ്രത്യേകയുള്ളതാവാന്‍ കാരണം അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതപരിചയം തന്നെയാണെന്നു തോന്നുന്നു.
Post a Comment