Wednesday, February 25, 2009

ജിണ്ഡല്‍: ജീയോപ്പിയുടെ ചാവേര്‍?

തന്റെ നയപരിപാടികളെ, പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള തന്റെ സര്‍ക്കാറിന്റെ പരിശ്രമങ്ങളെപ്പറ്റി, ഒബാമ ഇന്നലെ വൈകുന്നേരം കോണ്‍‌ഗ്രസില്‍ ചെയ്ത പ്രസംഗത്തിന് മറുപടി കൊടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (GOP - Grand Old Party) ഇന്ത്യന്‍ വംശജനായ ലൂയിസിയാന ഗവര്‍ണര്‍ ബോബി ജിണ്ഡലിനെ ഏല്‍‌പ്പിച്ചത്, പൊതുവേ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഞായറാഴ്ച രാത്രി ഓസ്ക്കറില്‍ സ്ലം ഡോഗിന്റെ നേട്ടങ്ങളും ഇന്ത്യാക്കാരുടെ വിക്ടറിപരേഡുമൊക്കെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് അധികം വൈകാതെ ഒരിന്ത്യന്‍ മുഖത്തിന് ഈ പ്രൈം‌ ടൈം അവസരം കിട്ടുന്നത് എന്നുകൂടി ഓര്‍ക്കണം.

പക്ഷേ, കിട്ടിയ അവസരം അദ്ദേഹം ഒട്ടും ഫലപ്രദമാക്കിയില്ല. തന്നെയുമല്ല, തല്‍ക്കാലം താന്‍ പ്രസിഡന്റ് ആവാന്‍ കഴിവുള്ള രാഷ്ട്രീയക്കാരനൊന്നുമല്ല എന്ന് അദ്ദേഹം ആ ഒറ്റ പ്രകടനത്തിലൂടെ വെളിവാക്കുകയും ചെയ്തു. ഉള്‍‌പ്പാര്‍ട്ടി ജനാധിപത്യരീതികള്‍ മുമ്പില്‍ വയ്ക്കുന്ന, അതിദുര്‍ഘടങ്ങളായ പല കടമ്പകളും കടന്നാലേ, ഒരു രാഷ്ട്രീയക്കാരന് അമേരിക്കയില്‍ ദേശീയ തലത്തില്‍ (പ്രധാനമായും പ്രധാനപ്പെട്ട 2 പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍) ഉയരുവാന്‍ കഴിയുകയുള്ളൂ. വ്യക്തിപരമായ ഗുണങ്ങള്‍ക്കൊപ്പം സംഘടനാപാടവവും പണവും എല്ലാം വേണം. ജിണ്ഡലിന് ആദ്യത്തെ ഗുണങ്ങള്‍ ധാരാളമുണ്ട്. റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം; വെറും 25-ആമത്തെ വയസ്സില്‍ ലൂയിസിയാനയിലെ ഡെപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹോസ്‌പിറ്റത്സിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു; 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറല്‍ ഗവണ്‍‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി; വെറും 32-ആമത്തെ വയസ്സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു; അതിന്നുശേഷം 2 വട്ടം യു.എസ്സ്. കോണ്‍‌ഗ്രസിലേക്ക് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടു; അവസാനം 36-ആമത്തെ വയസ്സില്‍, കഴിഞ്ഞ കൊല്ലം ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ചെറുപ്രായത്തില്‍ ഇത്രയൊക്കെ നേട്ടങ്ങളുടെ ഉടമായാണെങ്കിലും, വളരെ വേഗതയില്‍ സംസാരിക്കുന്ന, സ്ഥിതിവിവരകണക്കുകള്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുന്ന ഒരു തരം നെര്‍ഡ് (കുത്ത്/പഠിപ്പിസ്റ്റ്) ആയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ എപ്പോഴും വിവരിക്കാറ്. ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കോ അധ്യാപകനോ ഒക്കെ ആ ഗുണങ്ങള്‍ തികച്ചും ഇണങ്ങുമെങ്കിലും ഒരു നേതാവിന് വേണ്ട ഒന്നുരണ്ടു ഗുണങ്ങള്‍ അദ്ദേഹത്തിന് തീരെ ഇല്ല എന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് ജനങ്ങളോട് സംവദിക്കുന്ന രീതിയാണ്. ഒരു വലിയ സ്റ്റേജ് കിട്ടിയാല്‍ ഒബാമയ്ക്കും മക്കെയിനും സേറാ പേലിനുമൊക്കെ അതെങ്ങനെ ചെയ്യണമെന്ന് അറിയാം. ജിണ്ഡലിന് ആ സ്റ്റൈല്‍ ഒട്ടും വശമില്ല; ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അദ്ദേഹം ഇന്നലെ പ്രസംഗിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

രണ്ടാമത്തേത്, ജനങ്ങളുടെ വികാരം അറിയാനുള്ള കഴിവും അത് ചൂഷണം ചെയ്യാനുള്ള മിടുക്കുമാണ്. ആ രംഗത്തും ജിണ്ഡല്‍ വട്ടപ്പൂജ്യമാണെന്ന് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും അതിന്ന് മുമ്പുള്ള അദ്ദേഹത്തിന്റെ ചില രാഷ്ട്രീയനീക്കങ്ങളും സൂചന തന്നു. റെയ്‌ഗന്‍ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാറുകളുടെ നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തിക രംഗത്തെ ഉദാരനയങ്ങളും ആണ് രാജ്യത്തെ ഇന്നത്തെ നിലയിലുള്ള ബജറ്റ് കമ്മിയിലും മാന്ദ്യത്തിലും എത്തിച്ചതെന്നാണ് പൊതുവേയുള്ള ജനവികാരം. കഴിഞ്ഞയാഴ്ച ന്യൂ യോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ഒരു സര്‍വേയില്‍ അത് വളരെ വ്യക്തമായിരുന്നു. അത്തരം ഒരു ജനവികാരത്തിന് എതിരായാണ് കോണ്‍‌ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ചില റിപ്പബ്ലീക്കന്‍ ഗവര്‍ണര്‍മാരും നിലപാടെടുത്തത്. അതിന്റെ മുന്നിരയില്‍ ജിണ്ഡല്‍ ഉണ്ടായിരുന്നു. നാഥനില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയത്തോടൊട്ടി നിന്ന് അതിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വളരെ വ്യക്തം. ആ ലക്ഷ്യം, ഒബാമയുടെ നയത്തിനെതിരെ പ്രസംഗിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ, മാന്ദ്യത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്ന പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളുമൊക്കെ ധൂര്‍ത്താണെന്നും, ഇനിയും നികുതി വെട്ടുക്കുറക്കയാണ് അതിന്നുപകരം വേണ്ടതെന്നുമൊക്കെയുള്ള പതിവ് റിപ്പബ്ലിക്കന്‍ ഫോര്‍മുലകള്‍ ജിണ്ഡല്‍ ആവര്‍ത്തിച്ചത് വോട്ടര്‍മാര്‍ നല്ല വെളിച്ചത്തില്‍ കാണുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ കഷ്ടപ്പാട് മാറ്റുന്നതിനേക്കാള്‍ വലതുപക്ഷ സൈദ്ധാന്തികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരാളാണ് ജിണ്ഡല്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെമേല്‍ പതിഞ്ഞു കഴിഞ്ഞു. അത്തരം ലേബലുകള്‍ ദേശീയതലത്തില്‍ പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ സഹായിക്കില്ല.

കറുത്ത ഒബാമയ്ക്ക് മറുപടി ആയാണ് മിക്കവാറും വെള്ളക്കാരുടെ മാത്രം പാര്‍ട്ടിയായ ജീയോപ്പി തവിട്ടുനിറക്കാനായ ജിണ്ഡലിനെ പൊക്കിപ്പിടിച്ചു നടക്കുന്നത്. 2012-ല്‍ അദ്ദേഹത്തിനെ മത്സരത്തില്‍ ഇറക്കാനും അവര്‍ക്ക് നല്ല താല്പര്യമുണ്ട്. ഒബാമ അടുത്ത 4 കൊല്ലത്തിനുള്ളില്‍ വലിയ മണ്ടത്തരങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അന്ന് ആര്‍ക്കെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് 2012-ല്‍ ഒബാമയ്ക്കെതിരെ നില്‍ക്കുന്ന ജീയോപ്പി സ്ഥാനാര്‍ഥി ഒരു ചാവേറായിരിക്കും. ആ ചാവേറിനെയാണ് ജീയോപ്പി ഇപ്പോല്‍ ജിണ്ഡലില്‍ കാണുന്നത്. ജിണ്ഡല്‍ തോറ്റമ്പിയാലും വെള്ളക്കാരനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥി ആക്കിയെന്ന രാഷ്ട്രീയലാഭം ജീയോപ്പിക്ക് കിട്ടും; 2016-ല്‍ അതവര്‍ക്ക് വിനിയോഗിക്കുകയും ചെയ്യാം.

ജിണ്ഡലിന് വെറും 37 വയസ്സേയുള്ളൂ. രാഷ്ട്രീയവൈരങ്ങള്‍ മറന്ന് അദ്ദേഹം ഒബാമയോടൊപ്പം പ്രവര്‍ത്തിച്ച് തികച്ചും തകര്‍ന്നുകിടക്കുന്ന സ്വന്തം സംസ്ഥാനമായ ലൂയിസിയാനയെ ആദ്യം അഭിവൃദ്ധിപ്പെടുത്തണം. ക്ഷമയോടെ കാത്തിരുന്ന ശേഷം, 2016-ല്‍ മത്സരത്തിനിറങ്ങുകയാണെങ്കില്‍ അത്തരം നേട്ടങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ വളരെ സഹായകരമാകും; അന്നും അദ്ദേഹത്തിന് വെറും 44 വയസ്സേ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ക്കുക.

ഇന്നലത്തെ പ്രസംഗം അദ്ദേഹം പ്രൈം ടൈമിന് ഒട്ടും തയ്യാറായിട്ടില്ല എന്ന സൂചനയാണ് തരുന്നത്. 2012-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള പാര്‍ട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയാല്‍ ഒരു ചാവേറാകുന്നതിന്റെ ഗുണമേ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് പ്രധാനം ചെയ്യുകയുള്ളൂ.

6 comments:

t.k. formerly known as thomman said...

ജീയോപ്പിയുടെ പ്രലോഭനങ്ങള്‍ക്കൊപ്പം തുള്ളിയാല്‍ 2012-ല്‍ ജിണ്ഡല്‍ അവരുടെ ചാവേര്‍ ആകാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രൈംടൈം പ്രഭാഷണവും അതിന്നുമുമ്പുള്ള രാഷ്ട്രീയനീക്കങ്ങളും 2012-ല്‍ അദ്ദേഹം സ്ഥാനാര്‍ഥി ആവുമെന്ന് തന്നെയാണ് സൂചന തരുന്നത്.

പ്രഭാഷണം തികച്ചും അമച്വര്‍ ആയിരുന്നു. 8 കൊല്ലം കാത്തിരിക്കുന്നത് അദ്ദേഹത്തിന് ശരിക്കും ഗുണം ചെയ്യും.

Manoj മനോജ് said...

പുള്ളിയുടെ പ്രകടനം ദാ ഇവിടെയുണ്ട് (http://www.youtube.com/watch?v=QFK8aTpYAmg).
ഒന്ന് കണ്ടിരിക്കേണ്ടത് തന്നെയാണ്!!!

മുക്കുവന്‍ said...

tomma, well said.

but, probably Jindal is right now looking to get the nomination. later he will change his position.

t.k. formerly known as thomman said...

മനോജ്,
ലിങ്കിന് നന്ദി!

മുക്കുവന്‍,
You are right, he might have to position himself as ultra-conservative to get the GOP nomination. But, I think, such posturing would hurt him in the general election. With a good track record on his current position, I think he would still be able to get the nomination come 2016. He is simply not ready for 2012, and would be vanquished by Obama.

Suraj said...

സ്റ്റിമുലസ് പാക്കേജിലെ കാശ് വേണ്ടാ എന്ന ലൈനില്‍ വാര്‍ത്ത കണ്ടപ്പോ കരുതി, ജിണ്ടാലു കൊള്ളാല്ലോ, ഇത്രേം ജാഡയോന്ന്. 5.38 ബില്യന്‍ കിട്ടിയതീന്ന് 98 മില്യനാണ് “വേണ്ടാന്ന് വച്ചത്” എന്ന് കണ്ടപ്പോള്‍ ചിരിച്ചു പോയി.ഇതിലും മൂത്ത ആര്യനാട് ശിവശങ്കരനെപ്പോലുള്ള റിപ്പബ്ലിക്കമ്മാര് കാശ് പൊന്നുപോലെ വാങ്ങിവയ്ക്കാന്‍ ഓടിനടക്കുമ്പഴാ അണ്ണന്‍ മൂന്നുവര്‍ഷം കഴിഞ്ഞ് വരാമ്പോണ ടാക്സിനെക്കുറിച്ച് ഗുണ്ടടിക്കുന്നത്.ഇത് DC നോക്കിയുള്ള ഒരു മുഴം മുന്‍പേ ഏറാണെന്ന് വ്യക്തം. കറുപ്പ് വേഴ്സസ് തവിട് കളിക്കാനാണെങ്കില്‍ ഇങ്ങേരട കാര്യം പോക്കാ ;))

t.k. formerly known as thomman said...

സൂരജ്,
ശിവശങ്കരന് ഡി.സി-യിലേക്ക് പോവാന്‍ പറ്റില്ല; ഗവര്‍‌ണര്‍ സ്ഥാനത്ത് തുടരാനും ആവില്ല. അതുകൊണ്ട് അണ്ണന്‍ ജനോപകാരപ്രദമായ രീതിയില്‍, പാര്‍ട്ടി നോക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നോക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് വഴിമുടക്കികള്‍.

ഫെഡറല്‍ സര്‍ക്കാറിന്റെ സഹായമില്ലാതെ ജിണ്ഡല്‍ സ്വന്തം സംസ്ഥാനത്ത് എന്തു ചെയ്യുമെന്നാണ് എനിക്ക് മനസ്സിലാകാത്തത്. അമേരിക്കയിലെ മൂന്നാം‌ലോകം പോലെയാണ് അവിടത്തെ കാര്യങ്ങള്‍.