Thursday, February 26, 2009

(അച്ചടിച്ച) പത്രങ്ങളുടെ മരണംഈ വിഷയത്തെക്കുറിച്ച് കുറെ നാളായി എഴുതണമെന്ന് വിചാരിക്കുന്നു. ദിനപത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്നത് വളരെ സാധാരണമായിട്ടുണ്ട്. വാര്‍ത്ത പ്രധാനമായും ഇന്റര്‍നെറ്റിലൂടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വായിക്കപ്പെടുന്നതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും അച്ചടിച്ച പത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, വെബ്ബിലേക്ക് മാത്രമായി ചുരുങ്ങുകയോ ചെയ്യുന്നതുകൊണ്ടാണിത്. പത്രങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സുദീര്‍ഘമായ ലേഖനമാണ് എന്റെ മനസ്സിലുണ്ടായിരുന്നതെങ്കിലും, ഇന്ന് ജോലിക്ക് പോകുന്ന വഴി റേഡിയോയില്‍ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ പ്രധാനപ്പെട്ട പത്രമായ സാന്‍ ഫ്രാന്‍സിസ്ക്കോ ക്രോണിക്കിള്‍ മരണാസന്നമായിരിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച കേട്ടതുകൊണ്ട്, ഇനി അധികം വൈകിക്കാതെ, എനിക്കുള്ള ഒരു പ്രധാനപ്പെട്ട സംശയം ഇവിടെ അവതരപ്പിച്ചുകൊണ്ട് പോസ്റ്റ് ഇടാമെന്നു കരുതി.

റേഡിയോയില്‍ നിന്നറിഞ്ഞ പ്രധാന വിവരം ഇതാണ്: സാന്‍ ഫ്രാന്‍സിസ്ക്കോ ക്രൊണിക്കിളിന്റെ ഓണ്‍‌ലൈന്‍ എഡീഷന്‍ ആയ sfgate.com-ല്‍ നിന്ന് കിട്ടുന്ന വരുമാനം മൊത്തം വിറ്റുവരവിന്റെ വെറും 5% മാത്രമാണ്. sfgate.com വളരെ ജനപ്രീതിയും ട്രാഫിക്കുമുള്ള സൈറ്റ് ആണെന്ന് ഓര്‍ക്കണം. ഏതുവിഭാഗത്തില്‍ ആണെന്ന് അറിയില്ല, അമേരിക്കയിലെ പത്രങ്ങളുടെ സൈറ്റുകളുടെ ലിസ്റ്റ് ആണെന്ന് തോന്നുന്നു, അതില്‍ ആദ്യത്തെ 10-ല്‍ തന്നെ ആ സൈറ്റ് ഉണ്ട്. എന്നിട്ടും വളരെ ചെറിയ വരുമാനമേ അതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നുള്ളൂ. 30 വയസ്സിന് താഴെയുള്ളവര്‍ പത്രം തുറന്നു നോക്കാറില്ലത്രേ; വളരെ ആകര്‍ഷകമായ ഒരു വിഭാഗം ആള്‍ക്കാരെയാണ് പത്രങ്ങള്‍ക്ക് അങ്ങനെ പരസ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ പോകുന്നത്.

അതുകൊണ്ട് പ്രിന്റ് എഡീഷന്‍ നിറുത്തിയാല്‍ പത്രത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലക്കും. പത്രത്തിന് അധികം പത്രലേഖകരെ ജോലിക്കു വയ്ക്കാന്‍ പറ്റാതെയാകും. വാര്‍ത്തയുടെ അളവും ഗുണവും ഒപ്പം കുറയുകയും ചെയ്യും. പ്രധാനപ്പെട്ട പത്രങ്ങളുടെ വിദേശബ്യൂറോകള്‍ക്കും അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കും ഒക്കെ ചിലവാക്കുന്ന പൈസയെപ്പറ്റി ഓര്‍ത്തുനോക്കൂ. അവയൊന്നും ഓണ്‍ലൈനില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പത്രങ്ങള്‍ ആദ്യകാലത്ത് ഓണ്‍‌ലൈന്‍ സബ്‌സ്ക്രിപ്‌ഷന്‍ മോഡലിന് ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടു.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ മാത്രം വായിക്കുന്നവരുടെ നിലപാട്, വാര്‍ത്ത യാഹൂ ന്യൂസിലോ ഗൂഗിള്‍ ന്യൂസിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള പത്രത്തിന്റെ സൈറ്റിലോ പോയി സൌജന്യമായി വായിക്കാമെന്നാണ്. അത് ഇപ്പോള്‍ സാധിക്കുകയും ചെയ്യും. പക്ഷേ, നല്ല വാര്‍ത്ത, കഥയോ കവിതയോ വാര്‍ത്താവിശകലനമോ പോലെ സൃഷ്ടിക്കപ്പെടുന്നതല്ല; വളരെ പൈസ ചിലവു ചെയ്ത് ശേഖരിക്കുന്നതാണ്. സാധാരണ പത്രങ്ങള്‍ മരിച്ചാല്‍, ഭാവിയില്‍ ഇന്റര്‍നെറ്റില്‍ എങ്ങനെ നല്ല വാര്‍ത്ത വരും എന്നാണ് എന്റെ പ്രധാന സംശയം.

ഒരു ജനാധിപത്യക്രമത്തില്‍ സ്ഥിരപ്രതിപക്ഷമാണ് പത്രങ്ങള്‍. അവ ദുര്‍ബലപ്പെടുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കില്ലേ? എനിക്ക് ഈ സംശയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പോലുമില്ല. ധാരാളം മാഗസിനുകളും പത്രവും ഞാന്‍ വരുത്തുന്നുണ്ടെങ്കിലും, എനിക്ക് അച്ചടിച്ച പത്രങ്ങളോട് പ്രത്യേക മമതയൊന്നുമില്ല. കാലത്ത് അത് കൈയിലെത്തുമ്പോഴും മിക്കവാറും അതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഞാന്‍ ഇന്റര്‍നെറ്റിലൂടെയോ റേഡിയോയിലൂടെയോ അറിഞ്ഞിട്ടുണ്ടാവും. ചില സിന്‍‌ഡിക്കേറ്റ് ചെയ്ത കോളങ്ങള്‍ ഒരാഴ്ചയൊക്കെ വൈകിയാണ് ചിലപ്പോള്‍ പത്രത്തില്‍ വരിക. പക്ഷേ, ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകളുടെ ഗുണനിലവാരത്തിന് പ്രധാന കാരണം അച്ചടിച്ച പത്രത്തിലൂടെ വരുന്ന പണവും, അത് നിയന്ത്രിക്കുന്ന ടാലന്റും ആണെന്ന് ഓര്‍ക്കണം.

നോണ്‍-പ്രൊഫിറ്റ് പത്രമായിരുന്ന ക്രിസ്റ്റ്യന്‍ സയന്‍സ് മോണിറ്റര്‍ ഓണ്‍ലൈനില്‍ മാത്രമായി. ന്യൂ യോര്‍ക്ക് ടൈംസും ചിക്കാഗോ ട്രിബ്യൂണുമടക്കമുള്ള മിക്കവാറും എല്ലാ പത്രങ്ങള്‍ക്കും പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍. 150 കൊല്ലം പഴക്കമുള്ള ഡെന്‍‌വറിലെ റോക്കി മൌണ്ടന്‍ ന്യൂസ് ഈ വെള്ളിയാഴ്ച അടക്കും. അതുപോലെ തന്നെ പഴക്കമുള്ള Seattle Post-Intelligencer മരണക്കിടക്കയിലാണ്. ഇവയൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്; പത്രവ്യവസായത്തില്‍ നിന്ന് വരുന്നത് മൊത്തം ഇത്തരത്തിലുള്ള നിരാശാജനകമായ വാര്‍ത്തകള്‍ മാത്രം.

ഇന്ത്യയില്‍ ഉടനെ ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷേ, ടിവിയും ഇന്റര്‍നെറ്റും ലഭ്യമായിട്ടുള്ളവരുടെ ഇടയില്‍ പത്രവായന കുറയുന്നുണ്ടെന്ന് 2008-ലെ ഇഡ്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. പ്രാദേശികപത്രങ്ങളുടെ പ്രചാരം കൂടിയിട്ടുണ്ടെങ്കിലും മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ പ്രചാരം കുറഞ്ഞത് ഒട്ടും യാദൃശ്ചികമല്ല. പ്രധാനപ്പെട്ട എല്ലാ ഇംഗ്ലീഷ് പത്രങ്ങളുടെയും പ്രചാരം കുറഞ്ഞുവരികയാണ്. സര്‍വേയില്‍ നിന്നുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഈ വിഷയത്തെക്കുറിച്ച് വളരെ നല്ല ലേഖനങ്ങള്‍ ഞാന്‍ ദ അറ്റ്‌ലാന്റിക്കിലും ന്യൂ യോര്‍ക്കറിലും വായിച്ചിരുന്നു. പത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും പൊതുവേ മാധ്യമങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ വായിച്ചിരിക്കേണ്ടവയാണ്. ലിങ്കുകള്‍ ഇവിടെ: 1. Out of Print by Eric Alterman in New Yorker. 2. End Times by Michael Hirschorn in The Atlantic. ഈ പോസ്റ്റിലെ ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്കറിലെ ലേഖനത്തില്‍ നിന്ന്. അതില്‍ ചിത്രീകരിച്ചിട്ടുള്ളത് huffingtonpost.com എന്ന വാര്‍ത്ത സൈറ്റിന്റെ സ്ഥാപകയായ അരിയാന ഹഫിംഗ്‌ടനെയാണ്.

9 comments:

t.k. formerly known as തൊമ്മന്‍ said...

പത്രങ്ങളുടെ, പ്രത്യേകിച്ച് അവയുടെ പ്രിന്റ് എഡീഷനുകളുടെ, അനിവാര്യമായ മരണത്തെപ്പറ്റി.

മീഡിയ ലെന്‍സ് said...

Why should there be these big news papers at all? Most of the time they are airing the government propaganda. Take the case of Gaza or Iraq ! What were they telling you all the while? Were they telling the truth or just misleading you with half truths or at times outright lies? In both times we had independent journalists like Dahr Jamail in Iraq or Jonathan Cook in Gaza who were reporting the peoples' side of the story. And also tehre were hundreds of Bloggers and Alternative websites who were doing an impeccable job. Isn't it true that many people are just ditching the mainstream and going for these alternative sources? Mainstream medias' death would be a blessing in disguise

Anonymous said...

പത്രങ്ങൾ മരിക്കുകയോ/ചിന്തിക്കാൻ കഴിയുന്നേയില്ല അത്‌.......ഒരു കമ്പ്യൂട്ടറിന്‌ എത്ര പരിമിതികൾ ഉണ്ട്‌.....ഒരു പുസ്തകം
വാഗ്ദാനം ചെയ്യുന്ന വല്ലതും അതിനു തരാനാകുമോ?വെറുതെയല്ല നോബൽ സമ്മാനം നേടിയ സാരമാഗു ഇങ്ങിനെ പറഞ്ഞത്‌-"
"an email cannot be stained by tears!!!"

t.k. formerly known as തൊമ്മന്‍ said...

Media lense,
I don't agree that all newspapers try to appease govts; there are several newspapers in the US and few in India, that have been consistently doing the job of opposition, at a time when many political parties are crippled to do that work, either due to corruption (mainly in India) or influenced by lobbies and unions (mainly in the US). That is the case in most of the democracies where there are some amount of freedom of press.

Blogging is another medium, which is very effective in forming opinions, but may not be that effective in collecting high quality news, due to personal constraints, ill/no training and funds requirement. Bloggers might be able to collect local news (as it happened during Mumbai terrorist attacks and floods), but getting news from sources like war zones and high level political circles could be possible only with the support of a established media outlet like newspaper. Also, in the area of investigative journalism. I don't think a solitary blogger, or even a band of them, could bring out anything like those published by the likes of New Yorker or New York Times,that usually provides a panoramic view of a current issue or an ongoing controvercy.

Bloggers are good in bringing out the peoples' side of the story. I agree. But, such reporting will be highly influenced by the personal beliefs of the blogger also. Also, not every place on earth, at least for now, have bloggers ready with broad-band connection and digital cameras (like Darfur).

വേറിട്ട ശബ്ദം,
പത്രങ്ങള്‍ നശിച്ചില്ലെങ്കിലും അവയുടെ പ്രസക്തി നഷ്ടപ്പെടുന്ന് ഉറപ്പാണ്.

മീഡിയ ലെന്‍സ് said...

Dear TK,
I hope you are aware, with all their news gathering capabilities, how New York Times covered the recent Gaza 'war'!

t.k. formerly known as തൊമ്മന്‍ said...

മീഡിയ ലെന്‍സ്,
I don't know the specifics of NYT's coverage of war in Gaza. In general, I found their coverage to be exhaustive, and fact checked. I mainly rely on NYT for national news and liberal commentary on issues.

വി. കെ ആദര്‍ശ് said...

നല്ല ലേഖനം.ഞാനിത് ഒരു ഇമെയില്‍ ഗ്രൂപ്പില്‍ താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് ഉള്‍പ്പടെ ഇട്ടോട്ടെ

അജീഷ് മാത്യു കറുകയില്‍ said...

നല്ല ലേഖനം

t.k. formerly known as തൊമ്മന്‍ said...

വി.കെ.ആദര്‍ശ്, പോസ്റ്റ് ഏതുവിധത്തിലും ഉപയോഗിച്ചുകൊള്ളൂ; അത് കൂടുതല്‍ വായിക്കപ്പെടുന്നത് സന്തോഷകരമായ കാര്യമല്ലേ :-)

അജീഷ്, നന്ദി!