Thursday, February 12, 2009

പൈജാമ മാറേണ്ട സമയം അഥവാ no money in blogging

പരസ്യം: വൈനിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ അതെക്കുറിച്ച് ഞാന്‍ ആരംഭിച്ചിരിക്കുന്ന ഈ പരമ്പര വായിക്കുക: മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും


പൈജാമയും ഇട്ട് വീട്ടിലിരുന്ന് ബ്ലോഗു ചെയ്ത് കാശുണ്ടാക്കാം എന്ന എന്തെങ്കിലും മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈയാഴ്ചത്തെ ന്യൂസ് വീക്കില്‍ വന്ന ഡാനിയല്‍ ലയോണ്‍‌സിന്റെ ഈ ലേഖനം.

ഡാനിയല്‍ ലയോണ്‍സ് ചില്ലറ ബ്ലോഗറൊന്നുമല്ല. ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സ് എന്ന പേരില്‍ ഒരു സറ്റയര്‍ ബ്ലോഗ് ചെയ്ത് ബ്ലോഗുലകത്തില്‍ വളരെ പ്രസിദ്ധനായ ഒരാളാണ്. സ്റ്റീവ് ജോബ്‌സ് ബ്ലോഗിന്റെ പിന്നില്‍ അദ്ദേഹമാണെന്ന കാര്യം ന്യൂ യോര്‍ക്ക് ടൈംസ് പുറത്താക്കിയ ദിവസം മാത്രം അദ്ദേഹത്തിന്റെ ബ്ലോഗ് 5 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു. ഗൂഗ്‌ള്‍ ആഡ്സെന്‍‌സില്‍ നിന്ന് അദ്ദേഹം അന്ന് ഉണ്ടാക്കിയത് വെറും 100 ഡോളര്‍! ആ മാസം ഏകദേശം 15 ലക്ഷം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ചു; മൊത്തം വരുമാനം $1,039.81. അതിന് അദ്ദേഹമെടുത്ത പണി ഒട്ടും മോശമല്ലായിരുന്നു; ഒരു ദിവസം 20 പോസ്റ്റുകള്‍ വരെ, ടാക്സിയിലിരുന്നും ബ്ലാക്ക് ബെറിയില്‍ നിന്നുമൊക്കെ അദ്ദേഹം ഇട്ടു.

മക്ഡോണള്‍ഡ്സില്‍ ബര്‍ഗര്‍ ഫ്ലിപ്പ് ചെയ്യാന്‍ പോയാല്‍ ഒന്നര ആഴ്ച കൊണ്ട് അത്രയും പൈസ ഉണ്ടാക്കാം; തല പുണ്ണാ‍ക്കേണ്ട; ഉറക്കമുളക്കേണ്ട എന്ന് തുടങ്ങിയ അധിക സൌകര്യങ്ങളുമുണ്ട് രണ്ടാമത്തെ പണിക്ക്. (I blog; therefore I am എന്ന വിഭാഗത്തിലുള്ള ബ്ലോഗര്‍മാരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.)

വളരെ പ്രസിദ്ധമായിട്ടുള്ള, മറ്റു എഴുത്തുകാരെ വച്ചു ചെയ്യുന്ന, ബ്ലോഗുകള്‍ പോലും 2-3 മില്യണ്‍ ഡോളറിന്നപ്പുറം വരുമാനം ഒരു വര്‍ഷം ഉണ്ടാക്കുന്നില്ല. ഇന്റര്‍‌നെറ്റ് പരസ്യത്തിന് അമേരിക്കയില്‍ മാത്രം 24 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും മൊത്തം ബൂലോകത്തിന് കിട്ടുന്നത് വെറും 500 മില്യണ്‍ മാത്രം. ഇന്റര്‍‌നെറ്റ് പരസ്യത്തിന് ചിലവഴിക്കപ്പെടുന്നതിന്റെ നല്ലൊരു പങ്ക് ഗൂഗ്‌ളിനെപ്പോലെയുള്ള വലിയ കോര്‍പ്പറേഷനുകളുടെ കൈകളിലാണ് എത്തിച്ചേരുന്നത്; അല്ലാതെ ചെറുകിട ബ്ലോഗര്‍മാരുടെ ബാങ്ക് അക്കൌണ്ടില്‍ അല്ല.

എഴുത്തുകൊണ്ട് മാത്രം ജീവിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ തരം കിട്ടുമ്പോഴൊക്കെ പുഛിക്കാറുള്ള മുഖ്യധാരമാധ്യമങ്ങളുടെ കുറ്റിയില്‍ തങ്ങളുടെ ബ്ലോഗിനെ കൊണ്ടുകെട്ടണമെന്ന് ലേഖകന്‍. ഒരു പക്ഷേ, ന്യൂസ് വീക്കില്‍ അദ്ദേഹത്തിന്റെ ഈ ലേഖനം വായിക്കേണ്ടി വന്നത് യാദൃശ്ചികമാവില്ല :-)

9 comments:

t.k. formerly known as thomman said...

ബ്ലോഗില്‍ നിന്ന് പൈസ ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെപ്പറ്റി പ്രസിദ്ധ ബ്ലോഗര്‍ ഡാനിയല്‍ ലയോണ്‍സ്.

Calvin H said...

15 ലക്ഷം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ചു; മൊത്തം വരുമാനം $1,039.81!!!!!

വളരെ കുറവാണല്ലോ അത്..... നമ്മുടെ മലയാളം ബ്ലോഗുകളില്‍ ഇതു വരെ മൊത്തത്തില്‍ പതിനഞ്ച് ലക്ഷം കിട്ടിയ ഏതെങ്കിലും ബ്ലോഗ് കാണുമോ എന്തോ... എന്തായാലും ബ്ലൊഗില്‍ പരസ്യമുള്ള ആരെങ്കിലും പ്രതികരിക്കുന്നതിനായി കാത്തിരിക്കുന്നു

t.k. formerly known as thomman said...

ശ്രീഹരി,
മലയാളം ബ്ലോഗുകളില്‍ ആഡ്‌സെന്‍സ് ശരിക്ക് പ്രവര്‍ത്തിക്കാത്ത പ്രശ്നവുമുണ്ട്. മിക്കവാറും സേവനപരസ്യങ്ങള്‍ ആണ് കാണുന്നത്.

മലയാളം ബ്ലോഗില്‍ ആര്‍ക്കെങ്കിലും കാര്യമായി പൈസ കിട്ടുന്നുണ്ടോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്.

പാഞ്ചാലി said...

പണ്ടാരൊക്കെയോ ഇവിടെ ചെക്കൊക്കെ കാണിച്ചിരുന്നല്ലോ (ബെര്‍ളിയല്ല...അതിനുമൊക്കെ മുന്‍പ്). അവര്‍ക്കൊക്കെ ഇപ്പോഴും വല്ലതും തടയുന്നുണ്ടോ ആവോ?

t.k. formerly known as thomman said...

പാഞ്ചാലി,
എനിക്കറിയാവുന്ന ഒരു കണക്കുവച്ച് 1000 പേജ് വ്യൂവിന് ഏകദേശം 30 സെന്റ് കിട്ടും ആഡ്സെന്‍സ് പരസ്യങ്ങളില്‍ നിന്ന്. അപ്പോള്‍ കണക്കുകൂട്ടി നോക്കൂ എത്രപേര്‍ ബ്ലോഗില്‍ വരണം ഒരു കാപ്പികുടിക്കാനുള്ള കാശ് കിട്ടാനെന്ന്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ അറിവുപങ്കിട്ടതിനു നന്ദി.

Anonymous said...

നല്ല ലേഖനം.......പുതിയ അറിവുകൾ.......

ഞാന്‍ ആചാര്യന്‍ said...

മലയാളം ബ്ലോഗില്‍ എത്ര പേരാന്നറിയാവോ, ആഡ് സെന്‍സും പൊക്കിപ്പിടിച്ചോടുന്നത്...എഴുത്ത് 'എറിക്കാ'ത്തതു കൊണ്ട് ക്ലിക്ക് കൊറവായതില്‍ മിക്കവരും ദുഖിതരും...പിന്നെ 'ബ്ലോഗറു'ണ്ടാക്കിത്തന്നേനു ഗൂഗിളിനു നമ്മടെ വക ഒരു പ്രത്യുപകാരം, ഇട്ടോട്ടെ 'പൊതു സേവന പരസ്യങ്ങള്‍', ഹാ...മഹാ മനസ്ക്കതയേ...

t.k. formerly known as thomman said...

പള്ളിക്കരയില്‍, വേറിട്ട ശബ്ദം:
പോസ്റ്റ് വായിക്കാനെത്തിയതിന് നന്ദി.

ആചാര്യന്‍,
മലയാളം ബ്ലോഗിംഗ് മിക്കവാറും പേര്‍ ചെയ്യുന്നത് വിനോദത്തിനുവേണ്ടിയാണ്. അതുകൊണ്ട് ആരും പൈസയൊന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തന്നെയുമല്ല പൈസ കിട്ടുവാന്‍ വേണ്ടി ബ്ലോഗണമെങ്കില്‍ എന്നും ഒന്നിലധികം പോസ്റ്റുകള്‍ ഇട്ട് സൈറ്റിലേക്കുള്ള ട്രാഫിക്ക് കൂട്ടണം. ഇന്ന് മലയാളത്തില്‍ എന്നും ഒരു പോസ്റ്റെങ്കിലും മുടങ്ങാതെ ഇടുന്ന എത്ര ബ്ലോഗുകള്‍ ഉണ്ട്? എന്റെ അറിവില്‍ ഒന്നുപോലുമില്ല. ചില കമന്റ് ഭരണികള്‍ അല്ലാതെ.