അയോവയില്‍ കിട്ടിയ ഗംഭീരവിജയം അഭിപ്രായവോട്ടുകളില്‍ ന്യൂഹാമ്പ്ഷയറില്‍ ഒബാമയെ ഹിലരിയെക്കാള്‍ 10 പോയന്റ് മുന്നില്‍ എത്തിച്ചിരിക്കുന്നു. മക്കെയിനാണ് റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്നില്‍. ഹിലരിയും മിറ്റ് റോംനിയും ആയിരുന്നു വളരെക്കാലം ഈ സംസ്ഥാനങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. അഭിപ്രായവോട്ടെടുപ്പുകളുടെ കൃത്യത വച്ചു നോക്കുകയാണെങ്കില്‍ ഒബാമയും മക്കെയിനും ഇവിടെ ജയിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ ഒന്നും ഇല്ല.
മക്കെയിന് ഇവിടെ 2000-ല്‍ ജോര്‍ജ്ജ് ബുഷിനെ തോല്പിച്ചതാണ്. പക്ഷേ, സൌത്ത് കാരളിന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെ പിന്തുണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിത്വം പിന്നീട് ബുഷ് പിടിച്ചെടുക്കുകയും അല്‍ ഗോറില് നിന്ന് സുപ്രീം കോര്‍ട്ടിന്റെ സഹായത്തോടെ പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ച് എടുക്കുകയും ആയിരുന്നു. (ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് ഗോറിനായിരുന്നു. അമേരിക്കയില്‍ ഇലക്ടറല്‍ കോളേജ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ തന്നെ തിരഞ്ഞെടുപ്പില്‍ വിജയിയായിക്കൊള്ളണമെന്നില്ല. ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ് തര്‍ക്കമുണ്ടായതും; സുപ്രീംകോടതി വിജയം ബുഷിന് സമ്മാനിച്ചതും.)
മക്കെയിന്റെ പ്രചരണം ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇങ്ങനെയൊരു വിജയം അദ്ദേഹത്തിന്റെ സാധ്യത നിലനിര്‍ത്താന്‍ വളരെ ആവശ്യമാണ്. ജൂലിയാനിക്കെതിരെ പൊതുവെ പത്രക്കാര് തിരിഞ്ഞിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. തന്നെയുമല്ല അയോവയിലും ന്യൂഹാമ്പ്ഷയറിലും അദ്ദേഹം കാര്യമായി മത്സരിക്കുന്നുമില്ല. അത് നല്ല ദോഷം ചെയ്യുന്നുണ്ടെന്ന് ഉറപ്പായിരിക്കുന്നു. അയോവയില്‍ ഹക്കബിയുടെ വിജയം റിപ്പബ്ലിക്കന്മാരിലെ ആഡ്യന്മാര് മക്കെയിന്റെ ഭാഗത്തേക്ക് മാറാന്‍ കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ,തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹക്കബി ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ് സാധ്യത. (ഹക്കബി അര്‍ക്കന്‍സായില്‍ 10 കൊല്ലം ഗവര്‍ണര്‍ ആയിരുന്നു. ബില്‍ ക്ലിന്റണും അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു.അവര്‍ രണ്ടു പേരും ഹോപ്പ് എന്ന ഒരു ചെറിയ നഗരത്തില്‍ നിന്നുള്ളവരാണ്. രണ്ടു പാര്‍ട്ടിക്കാരാണെങ്കിലും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നു വരുന്നവരും ഒന്നാന്തരം പ്രാസംഗികര്‍ എന്ന സാമ്യവും ഉണ്ട്.)
നിരാശയില്‍ ഹിലരി പരസ്യമായി വിങ്ങിപ്പൊട്ടിയതാണ് ഇന്നത്തെ ഏറ്റവും വലിയ വാര്‍ത്ത. അതിശക്തമായ ഒബാമ തരംഗത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പ്രചരണരംഗത്ത് അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. ഒരവസരത്തില്‍ പാര്‍ട്ടി നോമിനിയെപ്പോലെ അവര്‍ പെരുമാറിയിരുന്നതാണ്. പക്ഷേ, അവരെ എഴുതിത്തള്ളുവാന്‍ ആയിട്ടില്ല; ന്യൂ യോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ വലിയ സംസ്ഥാനങ്ങളാണ് നോമിനിയെ അന്തിമമായി തീരുമാനിക്കുക. അവിടങ്ങളിലെ തിരഞ്ഞെടുപ്പിന് ഇനിയുമുണ്ട് ഏകദേശം ഒരു മാസം.
ഒബാമ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി ഇറങ്ങാന്‍ കച്ചകെട്ടിയിരുക്കുന്ന ഒരാളുണ്ട്- മൈക്കേല്‍ ബ്ലൂംബെര്‍ഗ്; ഇപ്പോഴത്തെ ന്യൂ യോര്‍ക്ക് സിറ്റി മേയര്‍. വ്യവസായിയും ബില്യണറുമായ ബ്ലൂംബര്‍ഗിന് ധാരാളം കാശുണ്ട് സ്വന്തമായി മുടക്കി ഒരു കൈ നോക്കാന്‍. ഒബാമയാണ് സ്ഥാനാര്ഥിയെങ്കില് കറമ്പന് വോട്ടുചെയ്യാന്‍ താല്പര്യമില്ലാത്ത വെള്ള ഡമോക്രാറ്റുകളും സ്വതന്ത്രരും ബ്ലുംബര്‍ഗിന്റെ പാളയത്തിലേക്ക് പോയേക്കാം. ഹക്കബിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥിയെങ്കില് ഇപ്പോള്‍ മക്കെയിന്റെ കൂടെയുള്ളവരും ആ പാളയത്തിലെത്തും; ബ്ലൂംബര്‍ഗ് നല്ലൊരും മത്സരം കാഴ്ചവക്കുകയും ചെയ്യും.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ഹക്കബിയോ മക്കെയിനോ സ്ഥാനാര്‍ഥി ആവുമെന്നത് ഉറപ്പാണ്. ന്യൂ ഹാമ്പ്ഷയറു പോലെ തനിക്ക് ഏറ്റവും പിടിയുള്ള സംസ്ഥാനത്ത് മിറ്റ് റോംനി തോറ്റാല്‍ പിന്നെ അദ്ദേഹത്തെ ജനം കൈവിട്ടു എന്നുതന്നെയാണ് അര്‍ത്ഥം. അതുപോലെ ഡമോക്രാറ്റ് ഭാഗത്ത് ജോണ്‍ എഡ്വേര്‍ഡ്സിന്റെ കാര്യവും പോക്കാണ്. രണ്ടു ഭാഗത്തും ഫെബ്രുവരി 5-ലെ പ്രധാന പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വരെ തീരുമാനങ്ങള്‍ നീണ്ടുപോകുമെന്ന് ഉറപ്പ്.
ഞാന്‍ പ്രതീക്ഷിക്കാതിരുന്ന ഒബാമയുടെ മുന്നേറ്റമാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.
Subscribe to:
Post Comments (Atom)
5 comments:
"ഒബാമയുടെ മുന്നേറ്റമാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്."
എന്നേയും, എന്നാലും ഒബാമ എവിടംവരെയെത്തും എന്നതില്‍ ആശങ്കയും ഉണ്ട്.
അഭിപ്രായവോട്ടെടുപ്പുകളില് നിന്ന് വ്യത്യസ്തമായി ന്യൂ ഹാമ്പ്ഷയര്‍ ഹിലരി കാഴ്ചവയ്ക്കുന്ന പ്രകടനം ഒബാമയുടെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. 52% വോട്ടുകള്‍ എണ്ണിയപ്പോള്‍ ഹിലരി 3% വോട്ടുകള്‍ക്ക് മുമ്പിലാണ് ഇപ്പോള്‍.
മക്കെയിന് പ്രതീക്ഷിച്ചതുപോലെ തന്നെ വിജയിച്ചു. മിറ്റ് റോംനിയെ എഴുതിത്തള്ളാം ഇനി. മത്സരം ഇനി മക്കെയിനും ഹക്കബിയും ജൂലിയാനിയും തമ്മിലായിരിക്കും ഇനി റിപ്പബ്ലിക്കന്‍ ഭാഗത്ത്.
ഹക്കബി ദേശീയ തലത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പുകളില് ജൂലിയാനിയെ പിന്തള്ളി മുന്നിലായിക്കഴിഞ്ഞു.
CBS ഹിലരിയെ വിജയിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാലും മൊത്തം വോട്ടുകള്‍ എണ്ണിക്കഴിയുന്നതുവരെ എനിക്കൊരു പ്രതീക്ഷയുണ്ട് ഒബാമ വിജയിക്കുമെന്നതിന്.
ഹിലരിയുടെയും ഒബാമയുടെയും മാറിമറിയുന്ന സാധ്യതകളെപ്പറ്റി ഈ ന്യൂ യോര്‍ക്ക് ടൈംസ് വാര്‍ത്ത വായിക്കുക:
http://www.nytimes.com/2008/01/09/us/politics/09assess.html
അമേരിക്കന്‍ ബ്ലോഗര്‍മാര്‍ ആരുമില്ലേ ബൂലോകത്ത്?
സ്വല്പം മുമ്പ് ഒബാമ തോല്‍വി സമ്മതിച്ചു. ന്യൂ ഹാമ്പ്ഷയറിലെ വിജയി ഹിലരി.
Clinton wins (39% to Obama 36%); good comeback.
Post a Comment