Sunday, January 27, 2008

ഇനി കണ്ണുകള്‍ ഫ്ലോറിഡയിലേക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമ സൌത്ത് കാരളിനയിലെ ഡമോക്രാറ്റുകളുടെ പ്രൈമറി വിജയിച്ചു; അദ്ദേഹം 55% വോട്ടുപിടിച്ചപ്പോള്‍ ഹിലരിക്ക് വെറും 27% മാത്രമേയുള്ളൂ. പ്രതീക്ഷിച്ച അത്ര ‘വെളുത്ത‘ വോട്ടുകള്‍ ചോര്‍ന്നുപോകാതിരുന്നതാണ് ഒബാമക്ക് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്; ഭൂരിപക്ഷത്തിന്റെ തോതിനേക്കാള്‍. ‘ബില്ലാരി’യുടെ ആക്രമണ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നു തോന്നുന്നു ഒബാമക്ക് വൈകി കിട്ടിയ വെള്ളക്കാരുടെ പിന്തുണ. (ന്യൂ യോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ഫ്രാങ്ക് റിച്ചിന്റെ പ്രയോഗമാണ് ‘ബില്ലാരി’; അദ്ദേഹത്തിന്റെ ഒന്നാന്തരം വിശകലനം ഇവിടെ വായിക്കുക.)

സൌത്ത് കാരളീനയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. ജോണ്‍ മക്കെയിനാണ് അതില്‍ വിജയിച്ചത്. ആ വിജയം അദ്ദേഹത്തിന് ദേശീയതലത്തില്‍ മുന്നേറ്റം ഉണ്ടാക്കിക്കൊടുത്തു. ചൊവ്വാഴ്ച (ജനുവരി 29) പ്രൈമറി നടക്കുന്ന ഫ്ലോറിഡയിലും പല പോളുകളിലും അദ്ദേഹമാണ് മുന്നില്‍. ജൂലിയാനിയുടെ കാര്യമാണ് കഷ്ടം. ദേശീയതലത്തില്‍ വളരെക്കാലം പോളുകളില്‍ മുന്നിട്ടു നിന്നെങ്കിലും അദ്ദേഹം എന്തോ കാരണത്താല്‍ ആദ്യത്തെ പ്രൈമറികളിലൊന്നും കാര്യമായി പങ്കെടുത്തില്ല. മൊത്തം ശ്രദ്ധയും ഫ്ലോറിഡയിലെ പ്രൈമറിയിലാണ് കൊടുത്തത്; ഇപ്പോള്‍ അവിടെ മറ്റുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പിന്നിലുമായി. മാധ്യമങ്ങള്‍ക്ക് വളരെ അനഭിമതനായ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് വന്‍‌തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഫ്ലോറിഡയില്‍ കുറഞ്ഞത് രണ്ടാം സ്ഥാനത്തെങ്കിലും വന്നില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകും.

ഔധ്യോഗികമായി ഫ്ലോറിഡയില്‍ നിന്നുള്ള ഡമോക്രാറ്റുകളുടെ ഡലിഗേറ്റുകള്‍ക്ക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ വോട്ടുചെയ്യാന്‍ പറ്റില്ല. ദേശീയനേതൃത്വവുമായി സംസ്ഥാനത്തെ പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ തീയതിയെപ്പറ്റി ഇടഞ്ഞതാണ് കാരണം. (മിഷിഗണിലും അതു തന്നെയായിരുന്നു സ്ഥിതി.) പക്ഷേ, തനിക്ക് പോളുകളില്‍ മുന്തൂക്കമുണ്ടെന്ന് കണ്ട് ഹിലരി പ്രൈമറി ജയിക്കുന്നതില്‍ നിന്നു കിട്ടുന്ന പരസ്യം മുതലാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൌത്ത് കാരളീനയിലെ ഭീമമായ പരാജയത്തിന് ഒരു മരുന്നാവും ഫ്ലോറിഡയിലെ നാമമാത്രമായ വിജയം എന്ന് അവര്‍ കരുതുന്നുണ്ടാവും. എല്ലാ ഡമോക്രാറ്റ് പ്രൈമറികളിലും കണ്ടതുപോലെ വന്‍‌തോതില്‍ അവിടെ പോളിംഗ് ഉണ്ടാവുന്നുണ്ട്. (അവിടെ തിരഞ്ഞെടുപ്പ് തീയതിക്കു മുന്‍പ് തന്നെ വോട്ടുചെയ്തു തുടങ്ങാം.) ചെറുപ്പക്കാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്; അതുവഴി പൊതുവെ വളരെ പോളിംഗ് കുറവായ പ്രൈമറികളില്‍ ഇത്തവണ വന്‍‌തോതില്‍ വോട്ടര്‍‌മാര്‍ പങ്കെടുക്കുന്നതും.

സൌത്ത് കാരളോനിയയിലെ വിജയത്തിന്‍ തൊട്ടുപിന്നില്‍ ഒബാമ വളരെ പ്രധാനപ്പെട്ട രണ്ടു എന്‍ഡോഴ്മെന്റുകള്‍ നേടിയെടുത്തു; സാക്ഷാല്‍ കെന്നഡി കുടുംബത്തില്‍ നിന്നു തന്നെ. ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കാരളിന്‍ കെന്നഡിയുടെയും, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും വലിയ പേരിലൊന്നായ എഡ്വേര്‍‌ഡ് കെന്നഡിയുടെയും. ഒബാമയുടെ ചെറുപ്പവും പ്രതീക്ഷയെ മുന്നിറുത്തിയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങളും മറ്റും കെന്നഡിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്. കാരളിന്‍ കെന്നഡിയുടെ പിന്തുണ അത്തരം ചിന്തകള്‍ക്ക് ഇപ്പോള്‍ ആധികാരികതയും കൊടുത്തു.

29-ന് ഫ്ലോറിഡയില്‍ നടക്കുന്ന പ്രൈമറിയും പിന്നെ ഫെബ്രുവരി 5-ന് 20-ല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുമാണ് ഈ തിരഞ്ഞെടുപ്പിന്റെ അടുത്ത പ്രധാന ഇനങ്ങള്‍. പക്ഷേ, അതിനിടയിലുള്ള സ്ഥാനാ‍ര്‍ഥികള്‍ തമ്മിലുള്ള പോരും പക്ഷം ചേരലുകളും ഒക്കെയായിരിക്കും നമുക്ക് രസകരമായ കാര്യങ്ങള്‍.

1 comment:

കാപ്പിലാന്‍ said...

Inquilaab sindhabad
Obama Zindhabaad
Long Live Obaama