Tuesday, August 05, 2008

ഗുലാഗുകളുടെ ചരിത്രകാരന്‍, അലക്സാണ്ടര്‍ സോള്‍ഷനിറ്റ്സന്‍, മണ്‍‌മറഞ്ഞു



ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്ക് ടൈംസിലെ ഈ ലേഖനത്തില്‍ നിന്ന്. ഈ പോസ്റ്റും ആ ലേഖനത്തെ ആധാരമാക്കിയുള്ളതാണ്.


We shall be told: what can literature possibly do against the ruthless onslaught of open violence? But let us not forget that violence does not live alone and is not capable of living alone: it is necessarily interwoven with falsehood. Between them lies the most intimate, the deepest of natural bonds. Violence finds its only refuge in falsehood, falsehood its only support in violence. Any man who has once acclaimed violence as his METHOD must inexorably choose falsehood as his PRINCIPLE. At its birth violence acts openly and even with pride. But no sooner does it become strong, firmly established, than it senses the rarefaction of the air around it and it cannot continue to exist without descending into a fog of lies, clothing them in sweet talk. It does not always, not necessarily, openly throttle the throat, more often it demands from its subjects only an oath of allegiance to falsehood, only complicity in falsehood.

(From Alexandr Solzhenitsyn's Nobel lecture, 1970. നോബേല്‍ സമ്മാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് പോകാന്‍ ആയില്ല; ഈ പ്രസംഗം സോവിയറ്റ് യൂണിയന് പുറത്ത് ഒളിച്ചുകടത്തിയതാണ്.)


പ്രശസ്ത റഷന്‍ സാഹിത്യകാരനും സോവിയറ്റ് വിമതനുമായിരുന്ന അലക്സാണ്ടര്‍ സോള്‍‌ഷെനിറ്റ്സന്‍ മോസ്ക്കോയില്‍ അന്തരിച്ചു. ഉല്‍കൃഷ്ട സാഹിത്യത്തിന്റെ നിര്‍മ്മാതാവെന്നതിനെക്കാള്‍ സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലോകമനസാക്ഷിയുടെ പ്രതീകമായിട്ടായിരുന്നു അദ്ദേഹം ലോകമെങ്ങും അറിയപ്പെട്ടത്.

അതുവരെ ആരുമറിയാതിരുന്ന ഒരു ഹൈസ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം 1962-ല്‍ “A Day in the Life of Ivan Denisovich“ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് പൊടുന്നനെ ലോകമെങ്ങും അറിയപ്പെടുന്ന സാഹിത്യകാരനായി മാറുന്നത്. “The First Circle”, “The Cancer Ward“, “The Gulag Archipelago” എന്നീ കൃതികള്‍ അദ്ദേഹത്തെ റഷന്‍ സാഹിത്യത്തിലെ അതികായനാക്കി. 1970-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.

പുരോഗമനവാദിയായിരുന്ന സാക്ഷാല്‍ ക്രൂഷ്ചേവിന്റെ സഹായത്തോടെയാണ് “A Day in the Life of Ivan Denisovich“ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത്. സ്റ്റാലിന്റെ അധമകൃത്യങ്ങള്‍ ഒരളവുവരെ പുറത്തുകൊണ്ടുവരാന്‍ അത്തരം കൃതികള്‍ സഹായിക്കുമെന്ന് അദ്ദേഹം കരുതി. പക്ഷേ, അധികം വൈകാതെ സ്റ്റാലിനിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കുകയും സോവിയറ്റ് യൂണിയന്‍ ഇരുമ്പുമറയിലേക്ക് പിന്‍‌വാങ്ങുകയും ചെയ്തു.

പിന്നെ ഒളിച്ച്, വളരെ കഷ്ടപ്പെട്ട് രാജ്യത്തിന് പുറത്താണ് ബാക്കിയുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. അതില്‍ സോവിയറ്റ് വിമതരെ ഒതുക്കാന്‍ ഉപയോഗിച്ച ലേബര്‍ ക്യാമ്പുകളുടെ ചരിത്രം പറയുന്ന “The Gulag Archipelago” -യുടെ പ്രസിദ്ധീകരണം സോള്‍ഷെനിറ്റ്‌സനെ രാജ്യദ്രോഹിയായി മുദ്രകുത്താനും പൌരത്വം പിന്‍‌വലിച്ച് നാടുകടത്താനും കാരണമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സൈന്യത്തിലും അംഗമായിരുന്നെങ്കിലും ഒരു കത്തില്‍ സ്റ്റാലിനെ വിമര്‍‌ശിച്ചു എന്ന കുറ്റത്തിന് 1945-ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും 8 കൊല്ലത്തോളം അദ്ദേഹത്തിന് ഗുലാഗുകളില്‍ കഴിയേണ്ടി വന്നു. ആ അനുഭവങ്ങളുടെ ആധികാരികതയോടെയാണ്, സമത്വവും സ്വാതന്ത്ര്യവുമൊക്കെ വാഗ്ദാനം ചെയ്ത കമ്യൂണിസത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന ഗുലാഗുകളുടെ പരന്ന ചരിത്രം അദ്ദേഹം എഴുതുന്നത്. അത്തരം ക്യാമ്പുകളില്‍ ഏകദേശം 6 കോടി ജനങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി പലതരത്തിലുള്ള അടിമപ്പണികളില്‍ ഏര്‍പ്പെടുത്തി. ഓര്‍വെലിന്റെ “Animal Farm"-ലെ കെട്ടുകഥക്ക് അക്ഷരാര്‍‌ഥത്തില്‍ ജീവന്‍ കൊടുത്ത മറ്റൊരു കമ്യൂണിസ്റ്റ് പ്രകൃതിവിരുദ്ധ സാമൂഹികപരീക്ഷണം.

ഗുലാഗുകളിലെ തടവ് കഴിഞ്ഞ് അധ്യാപകനായി കഴിയുമ്പോഴാണ് തന്റെ 43-ആമത്തെ വയസ്സില്‍ “A Day in the Life of Ivan Denisovich“ പ്രസിദ്ധീകരിക്കുന്നതും പ്രശസ്തിയും പിന്നീട് അതുമൂലം പാര്‍ട്ടിയുടെ പീഡനവും സോള്‍ഷെനിറ്റ്സനെ തേടി ചെല്ലുന്നത്.

1974-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം 18 വര്‍ഷത്തോളം അദ്ദേഹം അമേരിക്കയില്‍ കഴിഞ്ഞു. അക്കാലത്ത് അമേരിക്കന്‍ മുതലാളിത്തത്തെയും സംസ്ക്കാരത്തെയുമൊക്കെ ചുരുങ്ങിയ തോതില്‍ വിമര്‍‌ശിച്ചത് അവിടെ അധികം സുഹൃത്തുക്കളെ ഉണ്ടാക്കിയില്ല. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1994-ല്‍ അദ്ദേഹം റഷക്ക് തിരിച്ചുപോയി മോസ്ക്കോയില്‍ താമസമുറപ്പിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന എതിരാളി അപ്രത്യക്ഷമായതോടുകൂടി റഷയില്‍ പോലും അദ്ദേഹത്തിന്റെ പ്രസക്തി ഇല്ലാതാവുന്നതായിട്ടാണ് അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ നാം കാണുന്നത്. പക്ഷേ, സ്റ്റാലിനിസ്റ്റുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനില്‍പ്പും; മനുഷ്യവര്‍ഗ്ഗത്തെ മൃഗക്കൂട്ടത്തെപ്പോലെ കരുതിയ ആ മര്‍ദ്ദകരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം കാണിച്ച ധീരതയും ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ എക്കാലവും ഓര്‍മിക്കും.

1 comment:

t.k. formerly known as thomman said...

പ്രശസ്ത റഷന്‍ സാഹിത്യകാരനും സോവിയറ്റ് വിമതനുമായിരുന്ന അലക്സാണ്ടര്‍ സോള്‍‌ഷെനിറ്റ്സന്‍ മോസ്ക്കോയില്‍ അന്തരിച്ചു. ഉല്‍കൃഷ്ട സാഹിത്യത്തിന്റെ നിര്‍മ്മാതാവെന്നതിനെക്കാള്‍ സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലോകമനസാക്ഷിയുടെ പ്രതീകമായിട്ടായിരുന്നു അദ്ദേഹം ലോകമെങ്ങും അറിയപ്പെട്ടത്.