Saturday, August 16, 2008

നെഗേവ് മരുഭൂമിയില്‍ റോസാപ്പൂക്കള്‍ വിടര്‍ത്തിയതാര്?

ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളതാണ്. ലോകത്തെമ്പാടും അവര്‍ പീഢിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, അവര്‍ പലവിധ ആനുകൂല്യങ്ങളും നേടി മികച്ച രീതിയില്‍ ജീവിച്ചിരുന്നുവെന്ന് പൊതുവേ അറിവുള്ള കാര്യമാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും നിന്നുള്ളവര്‍ ‘കൊച്ചിനി’കളും മഹാരാഷ്ട്രയിലെ ബോംബെയടക്കമുള്ള കൊങ്കണ്‍ തീരത്ത് നിന്നുള്ളവര്‍ ‘ബെനി ഇസ്രായേലി’കളുമെന്നുമൊക്കെ കേട്ടിട്ടുണ്ട്.യഹൂദരുടെ നഷ്ടപ്പെട്ട ഗോത്രങ്ങളില്‍ ഒന്ന് എന്ന് ഇപ്പോള്‍ കരുതപ്പെടുന്ന മിസ്സോറമിലെ ജൂതരുടേതാണ് ഇവയില്‍ ഏറ്റവും വിചിത്രമായ കഥ. അറബി സംസാരിച്ചിരുന്ന ബാഗ്ദാദി ജൂതന്മാരാണ് മറ്റൊരു വിഭാഗം. ഇവരില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബെനി ഇസ്രായേലികളുടേതായിരുന്നു ഇവയില്‍ ഏറ്റവും വലിയ സമൂഹം. മഹാരാഷ്ട്രയിലെ സാഹിത്യ/സാംസ്ക്കാരിക രംഗങ്ങളില്‍ അവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

ഇസ്രയേലിലേക്ക് ജൂതന്മാര്‍ കുടിയേറാന്‍ തുടങ്ങിയതോടുകൂടി കൊച്ചി,ബോംബെ,അലിബാഗ് തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രമാക്കി ജീവിച്ചിരുന്ന ഇന്ത്യയിലെ യഹൂദസമൂഹം കാലക്രമേണ ഇല്ലാതായി. പേരിന് ഇപ്പോഴും അവര്‍ നാട്ടില്‍ ഉണ്ടെങ്കിലും അനുദിന ജീവിതത്തില്‍ ഒരു നാടന്‍ ജൂതനെ പരിചയപ്പെടുന്നതിനേക്കാള്‍ സാധ്യത ഇസ്രയേലില്‍ നിന്നുള്ള ഒരു ജൂതനായ വിനോദസഞ്ചാരിയെ കണ്ടുമുട്ടാനാണ് :) കൊച്ചിയില്‍ ഇനി 40 ജൂതന്മാര്‍ മാത്രമേ ബാക്കിയുള്ളൂവത്രേ.

ഒരു തലമുറയ്ക്ക് മുമ്പ് ജൂതന്മാര്‍ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമൊക്കെ സമൂഹത്തിന്റെ, പ്രത്യേകിച്ച് വ്യാപാരവുമായി ബന്ധപ്പെട്ട കാരങ്ങളില്‍ സാധാരണമായിരുന്നു എന്നു തോന്നുന്നു. കറുത്ത ജൂതനെന്നും വെളുത്ത ജൂതനെന്നുമൊക്കെ അപ്പന്‍ പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്. കറുത്ത ജൂതര്‍ വെളുത്തവരുടെ വേലക്കാരായിരുന്നെന്നും അങ്ങനെ അവര്‍ “മാര്‍ഗം” കൂടിയതായിരിക്കുമെന്നുമൊക്കെയാണ് അവരെപ്പറ്റി അന്ന് ഞാന്‍ കേട്ടിട്ടുള്ളത്.

പക്ഷേ, അവരുടെ ചരിത്രം കൃത്യമായി ‘ഇക്കണോമിസ്റ്റ്’ വാരികയുടെ ഈ ലക്കത്തില്‍ വംശമറ്റുപോകുന്ന കേരളത്തിലെ ജൂതന്മാ‍രെപ്പറ്റി എഡ്ന ഫെര്‍ണാണ്ടസ് എഴുതിയ ഒരു പുതിയ പുസ്തകത്തിന്റെ റിവ്യൂവില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ കറുത്ത ജൂതരാണ് പുരാതനകാലത്ത് കേരളത്തില്‍ എത്തിയത്. (തോമാശ്ലീഹ തന്നെ ഒരു ജൂതനല്ലേ.) വെളുത്ത ജൂതര്‍ 16-ആം
നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്ന് എത്തിയവരാണ്. മറ്റു യൂറോപ്യന്മാര്‍ തദ്ദേശിയരെ അടിച്ചമര്‍ത്തിയതുപോലെ വെളുത്ത ജൂതരും കറുത്ത ജൂതരെ പാര്‍‌ശ്വവല്‍ക്കരിച്ചു. ഒരളവുവരെ ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം തട്ടിയെടുക്കുകയും ചെയ്തു. അന്ന് കേരളത്തില്‍ നിലനിന്നിരുന്ന അയിത്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അത് കൂട്ടിവായിക്കുമ്പോള്‍ വെളുത്ത ജൂതര്‍ ചെയ്തതതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. തദ്ദേശീയരായ കൃസ്ത്യാനികളെ പോര്‍ച്ചുഗീസുകാര്‍ അടിച്ചമര്‍ത്തി, അവരുടെ ചരിത്രവും പാരമ്പര്യവും ഇല്ലാതാക്കി, ബഹുഭൂരിപക്ഷത്തിനെയും റോമിന്റെ കീഴിലാക്കിയതും ആ സമയത്ത് നടന്ന കാര്യമാണല്ലോ.

വ്യത്യസ്തമായ ഭാഷയും വര്‍ണവും ഉള്ളവരോട് വിവേചനം ചെയ്യാന്‍ മനുഷ്യന് നൈസര്‍ഗ്ഗിക വാസനയുണ്ടെന്നു തോന്നുന്നു.

എന്തായാലും, കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ജൂതന്മാരാണത്രേ നെഗേവ് മരുഭൂമിയില്‍ ആദ്യമായി റോസ് നട്ടുപിടിപ്പിച്ചതും പൂക്കള്‍ വിരിയിച്ചതും.

ഈ പുസ്തകം അമേരിക്കയില്‍ വാങ്ങാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ലണ്ടനിലെ Portobello Books ആണ് പ്രസാധകര്‍. വാങ്ങുവാന്‍ ആരെങ്കിലും സഹായിക്കുമെങ്കില്‍ ഉപകാരമായേനെ. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണെന്നു തോന്നുന്നു.

4 comments:

t.k. formerly known as thomman said...

വംശമറ്റുപോകുന്ന ഇന്ത്യയിലെ ജൂതന്മാരെപ്പറ്റി ഒരു പുതിയ പുസ്തകം.

Anonymous said...

http://www.amazon.com/exec/obidos/ASIN/1602392676/theeconomists-20

t.k. formerly known as thomman said...

നന്ദി അനോനി. ഞാന്‍ ഇത് കുറെ തപ്പിയിട്ട് ആമസോണില്‍ കണ്ടില്ല. പുസ്തകത്തിന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

t.k. formerly known as thomman said...

"The Last Jews of Kerala" വായിച്ചുകഴിഞ്ഞു. പകുതി ചരിത്രവും പകുതി യാത്രാവിവരണവുമായ ഈ പുസ്തകം ഒരു നല്ല വായനയായിരുന്നു. കറുത്ത ജൂതന്മാരുടെയും വെളുത്ത ജൂതന്മാരുടെയും ചരിത്രവും അവര്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെ പശ്ചാത്തലവും അന്വേഷിച്ച് അവര്‍ കൊച്ചിയില്‍ താമസിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. അവരുടെ ആ അനുഭവങ്ങളാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. പുസ്തകത്തിന്റെ അവസാനഭാഗത്ത് അവര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച്, കൊച്ചിയില്‍ നിന്നു കുടിയേറിയ ജൂതന്മാരെ കണ്ടുമുട്ടുന്നതിനെ പറ്റിയാണ്. മലയാളി ജൂതന്മാരാണ് ഇസ്രയേലിന് അന്താരാഷ്ട്ര പുഷ്പവിപണിയില്‍ വിലാസമുണ്ടാക്കിക്കൊടുത്തത്; നെഗേവ് പോലുള്ള തരിശുഭുമിയില്‍ അവ വിജയകരമായി അവര്‍ കൃഷി ചെയ്യുക വഴി.

ഈ പുസ്തകം ഇന്ത്യയില്‍ പെന്‍‌ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് എഡ്ന ഫെര്‍ണാണ്ടസിന്റെ വെബ്ബ് സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയാന്‍ കഴിഞ്ഞത്. കൊച്ചിക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.