ആല് ഗോറിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി തിരഞ്ഞെടുത്ത, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 2000-ലെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍, ഇല്ലിനോയി സംസ്ഥാനത്തെ സ്റ്റേറ്റ് സെനറ്ററായ ഒരു ചെറുപ്പക്കാരന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിലെത്തി. വിമാനത്താവളത്തില്‍ വച്ച് കാറ് വാടകക്ക് എടുക്കാന്‍ വേണ്ടി അദ്ദേഹം തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ നിന്ന് കിട്ടാവുന്ന കടമെല്ലാം ഉപയോഗിച്ചു തീര്‍ന്നതിനാല്‍ ആ കാര്‍ഡ് നിരസിക്കപ്പെട്ടു. സമ്മേളന സ്ഥലത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ തീരെ അറിയപ്പെടാത്ത ഒരാളായതുകൊണ്ട് അദ്ദേഹത്തിന് പ്രധാനപ്പെട്ട യോഗങ്ങളിലേക്കൊന്നും പ്രവേശനം ലഭിച്ചില്ല. അങ്ങനെ നിരാശനായി പാര്‍ട്ടി സമ്മേളനം തീരുന്നതിനു മുമ്പ് തന്നെ അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.
4 വര്‍ഷങ്ങള്‍ക്കു ശേഷം ജോണ്‍ കെറിയെ തിരഞ്ഞെടുത്ത, ബോസ്റ്റണില്‍ നടന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ കീ നോട്ട് പ്രസംഗം ചെയ്തത് ഈ ചെറുപ്പക്കാരന് ആയിരുന്നു. അരങ്ങില്‍ ജോണ്‍ കെറിയെപ്പോലും നിഷ്പ്രഭമാക്കിക്കളഞ്ഞ ആ പ്രസംഗം, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒരു പുതിയ താരോദയത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ വെറും നാലു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍ട്ടിയിലെ ഭാവി വാഗ്ദാനമായി ഉയരാന്‍ സാധിച്ചത്, ആ ചെറുപ്പക്കാരന്റെ തികച്ചും വിസ്മയാവഹമായ രാഷ്ട്രീയ വളര്‍ച്ചയായിരുന്നു. ഒബാമയായിരുന്നു ആ ഉദയതാരം എന്ന് ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇല്ലിനോയി സംസ്ഥാനത്തിന് പുറത്ത് ഒബാമ അറിയപ്പെടുന്നത് 2004-ല്‍ അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ചെയ്ത പ്രസംഗത്തിനു ശേഷമാണ്. പിന്നീട് അദ്ദേഹം ഇല്ലിനോയി സംസ്ഥാനത്തു നിന്നു തന്നെ യു.എസ്സ്. സെനറ്റിലേക്ക് മത്സരിച്ചപ്പോള്‍ ധാരാളം വാര്‍ത്തകള്‍ ആ മത്സരത്തെക്കുറിച്ച് പുറത്തുവന്നു; പ്രത്യേകിച്ചും അതുമായി ബന്ധപ്പെട്ട വിചിത്രവും നാടകീയവുമായ ചില സംഭവവികാസങ്ങളെപ്പറ്റി. ആ മത്സരം വിജയിച്ച് യു.എസ്സ്. സെനറ്റിലെത്തിയ ഒബാമ, സെനറ്റര്‍ ആകാന്‍ കഴിഞ്ഞ അപൂര്‍വ്വം കറുത്തവര്‍ഗ്ഗക്കാരില്‍ ഒരാളായി.
2004-ലെ പ്രസംഗം മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹം ഭാവിയില്‍ പ്രസിഡന്റാവാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. പക്ഷേ, നല്ല വിദ്യാഭ്യാസവും വാഗ്മിത്വവും കൈമുതലായുണ്ടെങ്കിലും ദേശീയതലത്തിലുള്ള രാഷ്ട്രീയ/ഭരണ പരിചയക്കുറവുകൊണ്ട് 2008-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുറച്ച കടന്ന കൈയായിട്ടാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, തന്റെ രാഷ്ട്രീയ നൈപുണ്യം കൊണ്ട് അതിശക്തമായ ക്ലിന്റന് പ്രചരണയന്ത്രത്തെ തകര്‍ത്ത് അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുന്നതാണ് നാം ഇക്കൊല്ലം കാണുന്നത്.
പേരും പ്രശസ്തിയും ഉണ്ടെങ്കിലും അദ്ദേഹം ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുമെന്ന് ആരും കരുതിയില്ല. ഏറ്റവും കൂടിയാല്‍ ഹിലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുക; ഹിലരിയുടെ കാലശേഷം പ്രസിഡന്റ് സ്ഥാനത്തിന്ന് പരിശ്രമിക്കുക. അതൊക്കെ ആയിരുന്നു പ്രൈമറി തുടങ്ങുന്നതിന് മുമ്പ് രാഷ്ട്രീയപണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാധ്യതകളായി പറഞ്ഞിരുന്നത്. ദേശീയതലത്തില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ എളുപ്പമുള്ള പശ്ചാത്തലമല്ല ഒബാമയുടേത്: കറുത്തവര്‍ പോയിട്ട് ഒരു സ്ത്രീയെപ്പോലും അമേരിക്കക്കാര്‍ ഇതുവരെ പ്രസിഡന്റ് ആക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അപരിചിതമായ പേര്, ഭരണതലത്തില്‍ പരിചയം കുറവ് തുടങ്ങിയ കാര്യങ്ങളും അദ്ദേഹത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നവയായിരുന്നു.
പക്ഷേ, അദ്ദേഹത്തിന്റെ കഥ തികച്ചും പരിചിതമായ ഒരു അമേരിക്കന്‍ വിജയഗാഥയാണ്. രാഷ്ട്രീയത്തിലായതുകൊണ്ട് നമുക്ക് ഒരു പ്രത്യേകത തോന്നുന്നു എന്നു മാത്രം. വെളുത്തവരും മറ്റുള്ളവരും എന്ന വലിയ ഒരു വിഭാഗീയത ഒഴിച്ചാല്‍ അമേരിക്കന്‍ സമൂഹത്തില്‍ തട്ടുകള്‍ ഇല്ല എന്നു തന്നെ പറയാം. വിദ്യാഭ്യാസം ഉള്ളവര്‍ക്കും കഠിനാദ്ധ്വാനികള്ക്കും അമേരിക്ക ഇന്നും അവസരങ്ങളുടെ നാടാണ്. തന്റെ മുമ്പില്‍ തുറന്നു കിടക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് നേട്ടങ്ങളുടെ ഓരോ പടിയും ഒബാമ കയറുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുമ്പോള്‍ നാം കാണുന്നത്.
1961 ആഗസ്റ്റ് 4-നാണ് യൂണിവേഴ്സിറ്റി ഓഫ് ഹവായിയിലെ വിദ്യാര്‍ത്ഥികളായിരുന്ന ബറാക്ക് ഹുസൈന് ഒബാമക്കും ആന്‍ ഡണ്ഹമിനും ബറാക്ക് ഹുസൈന് ഒബാമ ജൂനിയര്‍ ഉണ്ടാവുന്നത്. ആന്‍ വെള്ളക്കാരിയും ബറാക്ക് ഒബാമ കെനിയക്കാരനുമായിരുന്നു. അന്ന് ഏകദേശം 23-ഉം 19-ഉം വയസ്സുള്ള ഒബാമ ജൂനിയറിന്റെ മാതാപിതാക്കള്‍ വിവാഹം തന്നെ ചെയ്തിരുന്നോ എന്നതിന്ന് വ്യക്തമായ രേഖകള്‍ ഒന്നുമില്ല.
അക്കാലത്ത് മിശ്രവിവാഹങ്ങള്‍ വളരെ കുറവായിരുന്നു; തന്നെയുമല്ല പല സംസ്ഥാനങ്ങളിലും അതിന്ന് നിയമപരമായി വിലക്കും ഉണ്ടായിരുന്നു. പക്ഷേ, വളരെ പുരോഗമന ചിന്താഗതിക്കാരിയായിരുന്ന ഒബാമയുടെ അമ്മ അത്തരമൊരു ബന്ധത്തില്‍ ചെന്നുപെട്ടത് സ്വാഭാവികവുമായിരുന്നു. അവരുടെ ഭാവിയിലെ ബന്ധങ്ങളും ജോലികളുമെല്ലാം അവരുടെ സ്വതന്ത്രചിന്താഗതിക്ക് അടിവരയിടുന്നതാണ്.
ഒബാമയുടെ പിതാവ് കെനിയയില്‍ നിന്നും തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന് വന്നയാളായിരുന്നു. ഒഴിവു സമയങ്ങളില്‍ ആടിനെ മേയ്ക്കലുമൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. ഗര്‍ഭിണിയായ ഭാര്യയെയും ഒരു കുട്ടിയെയും നാട്ടില്‍ വിട്ടിട്ടാണ് ഒബാമ സീനിയര്‍ ഒരു സ്കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പഠിക്കാന്‍ വേണ്ടി വരുന്നത്. ഒബാമയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഒബാമ സീനിയര്‍ ഹാര്‍വെഡില്‍ ചേര്‍ന്ന് പഠിക്കുവാന്‍ വേണ്ടി ബോസ്റ്റണിലേക്ക് താമസം മാറി; പൈസയില്ലാത്തതുകൊണ്ട് കുടുംബത്തെ കൂടെ കൂട്ടിയില്ല. പക്ഷേ, ഒബാമ സീനിയര്‍ തന്റെ അമേരിക്കന്‍ കുടുംബത്തെ പിന്നീട് ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. പിന്നീട് മറ്റൊരു അമേരിക്കന്‍ സ്ത്രീയെയും കൂട്ടി അദ്ദേഹം കെനിയയ്ക്കു തിരിച്ചു പോയി, അവിടെ ഉന്നത ഉദ്യോഗങ്ങളില്‍ ചേര്‍ന്നെങ്കിലും മദ്യത്തിന് അടിമപ്പെട്ട് ഒരു കാര്‍ അപകടത്തില്‍ മരണമടഞ്ഞു.
ഒബാമ സീനിയറുമായി വിവാഹമോചനം നേടി ഒബാമയുടെ അമ്മ ആന്‍ മറ്റൊരു യൂണിവേഴ്സിറ്റി ഓഫ് ഹവായി വിദ്യാര്‍ത്ഥിയും ഇന്തോനേഷ്യക്കാരനുമായ ലോലോ സോട്ടോറോയെ വിവാഹം ചെയ്തു. ആറു വയസ്സുള്ളപ്പോള്‍ അമ്മയുടെയും രണ്ടാനപ്പന്റെയും ഒപ്പം ഒബാമ ഇന്തോനേഷ്യക്ക് താമസം മാറ്റി. ഒബാമയുടെ സഹോദരി മായ അവിടെവച്ചാണ് ഉണ്ടാകുന്നത്. ഒബാമക്ക് 10 വയസ്സുള്ളപ്പോള്‍, അവന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ ഇന്തോനേഷ്യയില്‍ ആവില്ല എന്ന് മനസ്സിലായപ്പോള്‍, ഒബാമയെ ഹവായിയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കാന്‍ ആന്‍ തീരുമാനിച്ചു. അങ്ങനെ ഹോണോലുലുവിലെ പ്രസിദ്ധമായ പൂനാഹൂ എന്ന പ്രൈവറ്റ് സ്കൂളില്‍ ഒബാമ പഠനം തുടങ്ങി.
1972-ല്‍ ഒബാമ ഹൈസ്ക്കൂളില്‍ എത്തിയപ്പോഴേക്കും ലോലോയുമായി ബന്ധം വേര്‍പെടുത്തി ആന്‍ മായയുമൊത്ത് ഹവായിയില്‍ തിരിച്ചെത്തി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1995-ല്‍ ഒവേറിയന്‍ കാന്‍സര്‍ മൂലം അവര്‍ മരണമടഞ്ഞു.
1979-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഒബാമ അമേരിക്കന്‍ വന്‍കരയിലേക്ക് വരുന്നത്, ലോസ് അഞ്ചലസിലെ ഓക്സിഡന്റല്‍ കോളജില്‍ പഠിക്കാന്‍. രണ്ടു വര്‍ഷത്തിനു ശേഷം ന്യൂ യോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റം വാങ്ങി പോയി. 1983-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ന്യൂ യോര്‍ക്ക് നഗരത്തില്‍ തന്നെ ഒരു ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി പൊതുജനസേവനവുമായി ബന്ധപ്പെട്ട ജോലി ചെയ്യാനായിരുന്നു ഒബാമയ്ക്ക് താല്പര്യം. അത്തരമൊരു ജോലി സമ്പാദിച്ച് അദ്ദേഹം 1985-ല്‍ തന്റെ തട്ടകമാക്കുന്ന ഷിക്കാഗോ നഗരത്തിലെത്തി.
പ്രധാനമായും പാവപ്പെട്ട കറുത്തവര്‍ താമസിക്കുന്ന നഗരത്തിന്റെ ഒരു ഭാഗത്ത്, അവകാശങ്ങള്‍ നേടിയെടുക്കാനും അവ സംരക്ഷിക്കാനും ജനങ്ങളെ സംഘടിതരാവുകാന് പ്രാപ്തരാക്കലായിരുന്നു ഒബാമയുടെ പ്രധാന ജോലി. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു കാണാനും അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും ജനപ്രതിനിധികളുടെ അധികാരത്തെപ്പറ്റി മനസ്സിലാക്കാനുമൊക്കെ അത്തരത്തിലുള്ള സമ്പര്‍ക്കങ്ങള്‍ ഒബാമയെ സഹായിച്ചു.
1988-ല്‍ തന്റെ 27-ആമത്തെ വയസ്സില്‍ ഉപരിപഠനത്തിനു വേണ്ടി അദ്ദേഹം ഹാര്‍വെഡ് ലോ സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ച് “ഹാര്‍വെഡ് ലോ റിവ്യൂ”വിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്ത വര്ഗ്ഗക്കാരന് എന്ന നിലയിലാണ് ഒബാമ പരിമിതമായ വൃത്തങ്ങളിലെങ്കിലും അമേരിക്കയിലെങ്ങും പ്രശസ്തനാകുന്നത് . അവധിക്കാലത്ത്, ഷിക്കാഗൊയില്‍ ഒരു നിയമ സ്ഥാപനത്തില്‍ ഇന്റേണ്‍ ആയിരിക്കുമ്പോള്‍ ഒബാമ ഭാവിയില്‍ തന്റെ ഭാര്യയാകുന്ന മിഷലിനെ പരിചയപ്പെട്ടു. മിഷല്‍ യഥാര്‍ഥത്തില്‍ ഒബാമയുടെ മേല്‍നോട്ടക്കാരി ആയിരുന്നു അവിടെ! 1990-ല്‍ ഒബാമ മിഷലിനെ വിവാഹം ചെയ്തു.
1991-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഒബാമ ഷിക്കാഗോയില്‍ തിരിച്ചെത്തി. ഷിക്കാഗോയില്‍ തിരിച്ചെത്തിയ ഉടനെ പ്രശസ്ത നിയമസ്ഥാപനങ്ങളില്‍ മികച്ച ജോലികളില്‍ പ്രവേശിക്കാമായിരുന്നെങ്കിലും ഒബാമ നഗരത്തിലെ ഡമോക്രാറ്റിക് പാര്‍ട്ടിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം പാവപ്പെട്ട കറുത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഒരു പ്രൊജക്ടില്‍ അദ്ദേഹം പങ്കാളി ആവുകയും, ആ പരിശ്രമം 1992-ല്‍ ബില്‍ ക്ലിന്റന് ഇല്ലിനോയി സംസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജയിക്കാനും കാരള്‍ മോസ്ലി ബ്രൌണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരി അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു.
“ഹാര്‍വെഡ് ലോ റിവ്യൂ”വിന്റെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് എന്ന നിലയില്‍ കിട്ടിയ പ്രശസ്തി അദ്ദേഹത്തിന് തന്റെ ആദ്യത്തെ പുസ്തകമെഴുതാനുള്ള കരാറ് കിട്ടുവാന്‍ സഹായിച്ചു. ഷിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂള്‍ ആ പുസ്തകമെഴുതാനുള്ള സൌകര്യത്തിന് ഒരു ഫെലോഷിപ്പും കൊടുത്തു. അങ്ങനെയാണ് 1995-ല്‍ "Dreams from My Father" എന്ന തന്റെ ആദ്യത്തെ പുസ്തകം ഒബാമ പ്രസിദ്ധീകരിക്കുന്നത്. 1992 മുതല്‍ ഒബാമ ഷിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂളില്‍ പഠിപ്പിക്കുവാനും ആരംഭിച്ചു; 12 വര്‍ഷത്തോളം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു. അതിന്നോടൊപ്പം 1993 മുതല്‍ ഷിക്കാഗോയിലെ ഒരു നിയമസ്ഥാപനത്തിലും അദ്ദേഹം ജോലി നോക്കി.
ഷിക്കാഗോ നഗരത്തിന്റെ മേയറാവുക എന്നതായിരുന്നു ഒബാമയുടെ അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയാഭിലാഷം. പക്ഷേ, 1995-ല്‍ ഇല്ലിനോയി സെനറ്റിലേക്ക് മത്സരിക്കുവാനുള്ള ഒരു അവസരമാണ് ഒബാമയ്ക്ക് ആദ്യം ലഭിക്കുന്നത്. വിവാദപരമായ ഒരു ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിലൂടെ കടന്നുകയറി 1997-ല്‍ അദ്ദേഹം സംസ്ഥാനത്തെ സെനറ്റര്‍ ആയി. ഏകദേശം 8 വര്‍ഷങ്ങളോളം ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. അതിന്നിടയില്‍ 2000-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് നടന്ന ഒരു തിരഞ്ഞെടുപ്പിലെ പ്രൈമറിയില്‍, ഷിക്കാഗോ നഗരത്തിലെ ഡമോക്രാറ്റിക് രാഷ്ട്രീയ കുത്തകക്കാരോട് പോരിനിറങ്ങി, ഒബാമ ദയനീയമായി പരാജയപ്പെടുന്നുണ്ട്. ആ തോല്‍വിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വന്നുപെട്ട സാമ്പത്തികപരാധീനതയുടെ പശ്ചാത്തലത്തിലാണ് തികച്ചും തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ ചിത്രം നാം ആദ്യം കണ്ടത്.
അവസാനത്തെ തിരഞ്ഞെടുപ്പില്‍ ഭീമമായ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഒബാമ തന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ ഒട്ടുംതന്നെ താഴ്ത്തികെട്ടിയില്ല. 2004-ല്‍ നടക്കുവാന്‍ പോകുന്ന അമേരിക്കന്‍ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വേണ്ടി 2001-ല്‍ തന്നെ അദ്ദേഹം തയ്യാറെടുപ്പു തുടങ്ങി. ഭാര്യ മിഷല്‍ മുതല്‍, അദ്ദേഹത്തെ പിന്തുണച്ചിരുന്നവര്‍ വളരെ സംശയത്തോടെയാണ് ആ നീക്കത്തെ നിരീക്ഷിച്ചത്. ഡേവിഡ് അക്സല്റോഡ് എന്ന രാഷ്ട്രീയ ഉപദേഷ്ടാവ് ഒബാമക്ക് വേണ്ടി ജോലി ചെയ്യാന്‍ ആരംഭിക്കുന്നത് ആ തിരഞ്ഞെടുപ്പ് മുതലാണ്. പക്ഷേ, ഒബാമയുടെ രാഷ്ട്രീയഭാവി ശോഭനമാകുന്നത് 2002-ല്‍ അദ്ദേഹം ഇറാക്ക് അധിനിവേശത്തിനെതിരെ ചെയ്ത പ്രസംഗത്തോടെയാണ്. അമേരിക്ക സൈനീകനീക്കം തുടങ്ങുന്നതിന്ന് മുമ്പ്, സെപ്തംബര്‍ 11 ആക്രമണത്തിന് വെറും ഒരു കൊല്ലത്തിനുശേഷം ജോര്‍ജ്ജ് ബുഷിന്റെ ജനപ്രീതി കൊടുമുടിയില്‍ നില്ക്കുമ്പോള്, അത്തരമൊരു രാഷ്ട്രീയനീക്കം ഡമോക്രാറ്റുകള്ക്കുപോലും ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു. ഇറാക്ക് അധിനിവേശത്തെ എതിര്‍ത്തുപോന്ന ലിബറല്‍ ഡമോക്രാറ്റുകളുടെ പിന്തുണ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് അങ്ങനെ സാധിച്ചു.
ഒബാമ പ്രവചിച്ചതുപോലെ 2003-ഓടു കൂടി ഇറാക്കില്‍ ഷിയ-സുന്നി ഏറ്റുമുട്ടലുകള്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ദൂഷ്യവശങ്ങള്‍ പുറത്തുകൊണ്ടു വരികയും അമേരിക്കന്‍ രാഷ്ട്രീയക്കാരുടെ കണ്ണുതുറപ്പിക്കുകയും ചെയ്തു. 2004-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ തുടക്കം മുതലേ യുദ്ധത്തിനെ എതിര്‍ത്ത ഏക സ്ഥാനാര്‍ഥി ഒബാമ ആയിരുന്നു. യുദ്ധത്തിനെതിരെ രാജ്യമെങ്ങും അഭിപ്രായരൂപീകരണമുണ്ടായ ആ കാലത്ത് ഒബാമയുടെ സ്ഥാനാര്‍ഥിത്വത്തിന് ഇല്ലിനോയിക്ക് പുറത്തും ശ്രദ്ധ ലഭിച്ചു. അങ്ങനെയാണ് 2004-ലെ ബോസ്റ്റണില്‍ നടന്ന ഡമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ ഒബാമക്ക് കീനോട്ട് പ്രസംഗം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. പ്രശസ്തമായ ആ പ്രഭാഷണത്തിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവി താരം താനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇല്ലിനോയിയില്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ കണ്ട വര്‍ദ്ധിച്ച ജനസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. സംസ്ഥാനതലത്തില്‍ പോലും ഒരു തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് മുമ്പ്, ഒരു ദേശീയ നേതാവിന്റെ പരിവേഷം അദ്ദേഹത്തിനുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒബാമ എന്ന് മത്സരിക്കും എന്ന ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. 40% വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒബാമ സെനറ്റ് തിരഞ്ഞെടുപ്പ് ജയിച്ച് വാഷിംഗ്ടണിലേക്ക് പോകുന്നത്.
2006-ല്‍ ദക്ഷിണാഫ്രിക്കയും തന്റെ പിതാവിന്റെ നാടായ കെനിയയും സന്ദര്‍ശിച്ച് തിരിച്ചെത്തിയതിനു ശേഷമാണ് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനേക്കുറിച്ചുള്ള ഗൌരവമായ നീക്കങ്ങള്‍ ഒബാമ ആരംഭിക്കുന്നത്. പ്രവൃത്തിപരിചയം കുറവാണെങ്കിലും ലിബറലുകളുടെ പിന്തുണയും മാധ്യമങ്ങളുടെ കണ്ണിലുണ്ണി ആയതും സര്‍വ്വോപരി ജനങ്ങളുടെ അതിശക്തമായ പിന്തുണയും അദ്ദേഹത്തെ 2012-ലേക്ക് കാത്തിരിക്കാതെ ഉടനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം. തന്നെയുമല്ല ഒബാമയെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധനിലപാട് രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാന്‍ പറ്റുന്നത് ഈ തിരഞ്ഞെടുപ്പിലുമാണ്. 2006 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഒബാമയുടെ രണ്ടാമത്തെ പുസ്തകം, The Audacity of Hope: Thoughts on Reclaiming the American Dream, ഒരു കൂറ്റന്‍ ബെസ്റ്റ് സെല്ലറും അദ്ദേഹത്തിന്റെ പ്രകടനപത്രികയുമായിരുന്നു. ആ പുസ്തകത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് അവസാനം ഒബാമ സാമ്പത്തികഭദ്രത കൈവരിക്കുകയും ചെയ്തു.
2007 ഫെബ്രുവരിയില്‍ ഇല്ലിനോയിയുടെ തലസ്ഥാനമായ സ്പ്രിംഗ്ഫീല്‍ഡില്‍ വച്ച് ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു, (പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഏബ്രഹാം ലിങ്കന്റെ തട്ടകം ഈ പട്ടണമായിരുന്നു.) അന്നുമുതല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ഞാന്‍ എന്റെ ബ്ലോഗിലൂടെ പിന്തുടരുകയായിരുന്നു. പരിശ്രമിച്ചാല്‍ ഏതു സ്വപ്നവും സാക്ഷാല്‍ക്കരിക്കാം എന്ന ഉദാത്തമായ അമേരിക്കന്‍ വാഗ്ദാനത്തിന് അദ്ദേഹം മറ്റൊരു ഉദാഹരണം ആവുന്നതും അദ്ദേഹത്തിന്റെ ജീവിതവിജയത്തിലൂടെ നമുക്ക് ഇവിടെ കാണാം.
ഇന്നലെ, ഡന്‍വറില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ച്, ഔദ്യോഗികമായി, ബറാക്ക് ഒബാമയെ ഈ നവമ്പറില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രതിനിധികള്‍ തിരഞ്ഞെടുത്തു. ഇന്ന് മുക്കാല്‍ ലക്ഷത്തിലധികം അനുയായികളെ മുന്‍നിറുത്തിക്കൊണ്ട് ആ സ്ഥാനാര്‍ഥിത്വം സ്വീകരിച്ച്, മാര്ട്ടിന് ലൂതര്‍ കിംഗിന്റെ “I have a dream" പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനത്തില്‍ തന്നെ അദ്ദേഹം സംസാരിക്കുമ്പോള്‍, ഒബാമ അനുഷ്ഠിക്കുന്നത് ചരിത്രമേല്പ്പിച്ചു കൊടുത്ത ഒരു നിയോഗം കൂടിയാണ്.
Thursday, August 28, 2008
ബറാക്ക് ഹുസൈന് ഒബാമ: ഒരമേരിക്കന്‍ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
Labels:
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്,
ഒബാമ
Subscribe to:
Post Comments (Atom)
6 comments:
അദ്ദേഹത്തിന്റെ കഥ തികച്ചും പരിചിതമായ ഒരു അമേരിക്കന്‍ വിജയഗാഥയാണ്. രാഷ്ട്രീയത്തിലായതുകൊണ്ട് നമുക്ക് ഒരു പ്രത്യേകത തോന്നുന്നു എന്നു മാത്രം.
നല്ല പോസ്റ്റ് !!
ഒബാമയെപ്പറ്റി ഒത്തിരി വിവരങ്ങള്‍ തന്നു .. നന്ദി
അറിയാന്‍ ആഗ്രഹിച്ചിരുന്ന അറിവ് വിശദമായി തന്നെ തന്നതിന് നന്ദി
Be it done flat or rousing; whether or not you are supporting Obama; you must listen to his history making speech to be delivered tonight in Denver accepting the Democratic party nomination, if you have some interest in the U.S. politics. It will be at 8.30pm EST (New York Time); 6.00 am IST. Most of the networks and radio stations will carry it in the U.S., and channels like CNN might carry it globally.
t.k.
ഒബാമ വീരോചിതമായി തന്നെയാണ് ഇതുവരെ എത്തുന്നത്. കറുത്തവന്റെ ഉള്ക്കരുത്തിന് അമേരിക്കയുടെയും ലോകത്തിന്റെയും മനസ്സില്‍ എക്കാലത്തേക്കും ഇടം പിടിക്കാനാവുമോ എന്ന് കണ്ടറിയണം.
പാര്‍ട്ടിയുടെ ഓരോ പ്രൈമറി തെരഞ്ഞെടുപ്പുകള്‍ കഴിയുന്തോറും ആകാംക്ഷയോടെയാണ് ലോകം ഒബാമക്കു വേണ്ടിയെന്നോണം കാത്തിരുന്നത്. ഏതു കാലത്തും അടിച്ചമര്‍ത്തപ്പെടുന്ന കറുത്ത സ്വത്വത്തോടുള്ള ഐക്യപ്പെടലായിരുന്നു അത്. ഇനി അറിയണം. രാഷ്ട്രീയത്തിനപ്പുറം മനുഷ്യപക്ഷത്ത് നില്ക്കാന് ബരക് ഹുസൈന് ഒബാമക്ക് കഴിയുമോ എന്ന്.
പോസ്റ്റിനു നന്ദി ടി.കെ,
കേട്ടു, ചരിത്രം കുറിക്കാൻ പോകുന്ന വാക്കുകൾ.
അമേരിക്കയുടേത് മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകൾക്കൊത്തുയരാൻ അദ്ദേഹത്തിനാവട്ടെ. ഇന്നദ്ദേഹത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന യുവതലമുറയ്ക്ക് നാളെ അതൊരഭിമാനമായി പറയാനിടവരട്ടെ.
Post a Comment