Friday, August 22, 2008

അമേരിക്ക ഒബാമയുടെ SMS കാത്തിരിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഒബാമ പ്രഖ്യാപിക്കുന്നത് SMS അയച്ചുകൊണ്ടായിരിക്കും. അമേരിക്ക മുഴുവനും ആ സന്ദേശത്തിന് കാത്തിരിക്കുകയാണ്.

അതിന്നിടയില്‍ റ്റോം കെയ്‌നോ ഇവാന്‍ ബേയോ അല്ല സ്ഥാനാര്‍‌ഥി എന്ന് ഉറപ്പായി. അവരെ അക്കാര്യം ഔദ്യോഗികമായി അറിയിച്ചത്രേ. ഹിലരിയുടെ സാധ്യതയും കുറവാണ്. സ്ഥാനാര്‍ഥി ആകാന്‍ വേണ്ടി കടന്നുപോകേണ്ട അന്വേഷണങ്ങള്‍ക്കോന്നും അവര്‍ വിധേയരായിട്ടില്ല എന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

അതിന്നിടയില്‍ ടെക്സസില്‍ നിന്ന് ചെറ്റ് എഡ്വേര്‍‌ഡ്‌സിന്റെ പേര് പറഞ്ഞുകേട്ടു. അദ്ദേഹമായിരിക്കും കറുത്തകുതിര എന്നൊക്കെ സംസാരമുണ്ടായിരുന്നു ഇന്ന് കാലത്ത് മാധ്യമങ്ങളില്‍.

ജോ ബിഡനെ തന്നെയാണ് ഒബാമ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒബാ‍മയുടെ ആള്‍ക്കാര്‍ വാര്‍ത്ത പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്.

എന്തായാലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം വഴി ഒളിമ്പിക്സ് കണ്ടിരിക്കുന്ന അമേരിക്കക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ (അമേരിക്കയില്‍ ശനിയാഴ്ച രാവിലെ) സ്പ്രിംഗ്‌ഫീല്‍ഡില്‍ രണ്ടുപേരും ഒരുമിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യും.

3 comments:

Anonymous said...

Biden thannaello :)

t.k. formerly known as thomman said...

ജോസഫ് ബൈഡന്‍ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ആ വിവരമറിയിച്ചുകൊണ്ട് പാതിര ഒരു മണിക്ക് ഒബാമയുടെ SMS വന്നിരുന്നു; ഞാന്‍ ഉറങ്ങിപ്പോയതുകൊണ്ട് ഉടനെ കാണാനൊത്തില്ല :)
ജോ ബൈഡന്‍ പോലും വിവരം വ്യാഴാഴ്ച ആണത്രേ അറിഞ്ഞത്!

ഒബാമയുടെ പരിചയക്കുറവും പ്രായക്കുറവും സൃഷ്ടിക്കുന്ന സന്ദേഹങ്ങള്‍ക്ക് ഒരളവുവരെ ജോ ബൈഡന്‍ തടയാകും. കാര്യങ്ങള്‍ നേരെ പറയുന്നതില്‍ മക്കെയിനെപ്പോലെ പ്രസിദ്ധനാണ് ഇദ്ദേഹവും; അതുകൊണ്ട് അനാവശ്യ വിവാദങ്ങള്‍ ധാരാളം ഉണ്ടാക്കിയിട്ടുണ്ട്. പ്രൈമറികാലത്ത് (അദ്ദേഹം ഇത്തവണ സ്ഥാനാര്‍ഥി ആയിരുന്നു) ഒബാമയെയും അദ്ദേഹം വെറുതെ വിട്ടിരുന്നില്ല.

കഴിഞ്ഞ 36 വര്‍ഷങ്ങളായി ഡിലവേര്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജോ ബൈഡന്‍ സെനറ്റില്‍ അംഗമാണ്. ഇപ്പോള്‍ സെനറ്റിന്റെ വിദേശകാര്യ ബന്ധങ്ങള്‍ക്കുള്ള കമ്മറ്റിയുടെ ചെയര്‍മാനാണ്. സെനറ്റര്‍മാരുടെ ഇടയില്‍ വിദേശകാര്യനയത്തില്‍ വിദഗ്ദനായാണ് അദ്ദേഹം അറിയപ്പെടുന്നത്; ഒബാമ മക്കെയിനുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ വളരെ പിന്നിലാകുന്ന ഒരു മേഖലയാണ്.

മറ്റൊന്ന് ജോ ബൈഡന്‍ കത്തോലിക്കന്‍ ആണെന്നുള്ളതാണ്. അതുപോലെ തൊഴിലാളി കുടുംബപശ്ചാത്തലത്തില്‍ നിന്ന് വരുന്നയാളുമാണ്. (വെള്ളക്കാരായ) ഈ രണ്ടുവിഭാഗക്കാരുടെ ഇടയില്‍ ഒബാമയ്ക്ക് പിന്തുണ കുറവാണ്. പ്രത്യേകിച്ചും സാധാരണക്കാരന്റെ സ്ഥാനാര്‍ഥിയല്ല ഒബാമ എന്ന ഹിലരിയുടെ അതിശക്തമായ പ്രൈമറികാലത്തെ പ്രചരണത്തിനു ശേഷം. മക്കെയിന്‍ അതുതന്നെ ഏറ്റുപിടിച്ച് പാടാന്‍ തുടങ്ങിയിട്ടുണ്ട്.

ഒബാമയും ജോ ബൈഡനും ഇവിടത്തെ സമയം ഉച്ചയ്ക്ക് രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കും. താല്പര്യജനകമായി എന്തെങ്കിലും കേട്ടാല്‍ കമന്റിടാം.

t.k. formerly known as thomman said...

ഒബാമയും ജോ ബൈഡനും സ്പ്രിംഗ്‌ഫീല്‍ഡില്‍ ചെയ്ത പ്രസംഗങ്ങള്‍ കേട്ടു. attack dog എന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ റോള്‍ ആദ്യദിനം മുതല്‍ തന്നെ ജോ ബൈഡന്‍ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളില്‍ ഡമോക്രാറ്റുകള്‍ക്ക് ഇല്ലാതിരുന്ന ഒന്നായിരുന്നു ഫലപ്രദമായി എതിര്‍ ടിക്കറ്റിനെ ആക്രമിക്കാന്‍ കഴിവുള്ള ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ബുഷിനു വേണ്ടി ഡിക്ക് ചെയ്നി ആ കാര്യം കൃത്യമായി ചെയ്തപ്പോള്‍ ജോ ലീബര്‍മാനും ജോണ്‍ എഡ്വേര്‍‌ഡ്സും ആ രംഗത്ത് തിളങ്ങിയിരുന്നില്ല.