Thursday, February 26, 2009

ജനാധിപത്യം - കുതറി മാറിയ കുറെ ചോദ്യങ്ങള്‍

മറ്റു മലയാളം ബ്ലോഗുകളെപ്പറ്റി ഞാന്‍ സാധാരണ ഇവിടെ എഴുതാറില്ല. കാരണം ഈ ബ്ലോഗിന്റെ ഒരു പ്രധാന ഉദ്ദേശം മലയാളം ബ്ലോഗിന്ന് പുറത്തുള്ള എന്റെ വായനയെ പരിചയപ്പെടുത്തുകയാണ്. ആ കീഴ്വഴക്കത്തിന് ഒരു വ്യത്യാസം വരുത്തേണ്ടി വന്നു ഇപ്പോള്‍.

ജനാധിപത്യക്രമത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍ എന്ന പോസ്റ്റില്‍ എഴുതിക്കണ്ട ചില കാര്യങ്ങളെപ്പറ്റി ഞാന്‍ അവിടെ കമന്റിട്ടു. ന്യായമായും അതിന്ന് മറുപടിയും പ്രതീക്ഷിച്ചു. പക്ഷേ, ബ്ലോഗര്‍ അത് ഡിലീറ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. സ്വന്തം ബ്ലോഗില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കേ ബ്ലോഗര്‍ ചെയ്തതില്‍ തെറ്റുപറയാനും പറ്റില്ല.

തികച്ചും incoherent ആയി എഴുതിയിട്ടുള്ള ആ പോസ്റ്റ് പലവട്ടം വായിക്കാനും കമന്റിടാനും ഞാന്‍ കുറച്ച് സമയം ചിലവാക്കിയതുകൊണ്ട്, ആ കമന്റിനെ ഇവിടെ പോ‍സ്റ്റാക്കി സ്ഥാനക്കയറ്റം കൊടുക്കാന്‍ തീരുമാനിച്ചു. പോസ്റ്റും കമന്റും വായിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്.

ഗുണപാഠം: ജല്പനങ്ങള്‍ ജല്പനങ്ങളായി കരുതി സംയമനം പാലിക്കുക. എന്തെങ്കിലും തിരിച്ചു പറഞ്ഞുപോയാല്‍ അത് നിങ്ങളുടെ ഇ-മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാന്‍ മറക്കാതിരിക്കുക :-)

താഴെ കമന്റ്റ് കട്ട്-പേസ്റ്റ് ചെയ്തിരിക്കുന്നു:


പൊതുവേ: ജനാധിപത്യത്തിന് പകരം എന്താണ് താങ്കളുടെ മനസ്സിലുള്ളതെന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു.

1. ഒന്നുകൂടി മാറ്റിയെഴുതാമോ? മനസ്സിലാക്കാന്‍ താല്പര്യമുണ്ട്.
2. പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ അതും മിക്കവാറും അക്കാലത്തെ ഫാഡ് ആയിരുന്നിരിക്കും:-)
3. ഭാവന കുത്തിയൊലിച്ചിരുന്നത് രാജാക്കന്മാരുടെയും ഏകാധിപത്യങ്ങളുടെയും തണലില്‍ ആണെന്നാണോ?
4. പാസ് :-)
5. അര്‍ഥഗര്‍ഭമായ മൌനമാണോ? :) (കാണുന്നീല്ല)
6. പഠിപ്പും വിവരവുമില്ലാത്ത തൊഴിലാളികള്‍ക്ക് തന്നെ ഭരിക്കാനുള്ള ത്രാണിയില്ലെന്നും നമ്മള്‍ അത് നോക്കിനടത്തണമെന്നും ലെനിന്‍ കുപ്രസിദ്ധമായി പറഞ്ഞുവച്ചിട്ടുള്ളതും ഓര്‍മ വരുന്നു.
7. പാസ് :)
8. മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ അപ്രായോഗികമായ ഉട്ടോപ്പിയകള്‍ വാഗ്ദാനം ചെയ്തത് കമ്യൂണിസമല്ലേ? അന്വേഷണത്വര മരവിപ്പിക്കാത്ത (മുതലാളിത്ത ലിബറല്‍ ജനാധിപത്യത്തിന് പുറത്തുള്ള) എന്ത് വ്യവസ്ഥിതിയാണ് താങ്കളുടെ മനസ്സിലുള്ളത്?
9. ആര്‍ക്കാണ് നീതി പിന്നെ കൊടുക്കാ‍ന്‍ പറ്റുക? താങ്കള്‍ വീണ്ടും കാര്യങ്ങള്‍ തുറന്നു പറയാനുള്ള ബൌദ്ധീകാര്‍ജ്ജവം കാണിക്കുന്നില്ല.
10. പാസ് :)
11. അതിനാണല്ലോ ലല്ലുവിനെപ്പോലെയുള്ളവരെ മണ്ടന്മാരായ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തുവിടുന്നത് :-)
12.പൊട്ടത്തെറ്റ്; ജനാധിപത്യം ജനങ്ങളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. മനുഷ്യന്‍ വിവിധ നിറങ്ങളുള്ളവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നിടത്തോളം കാലം രാഷ്ട്രം എന്ന ആശയം നിലകൊള്ളും.
13. കമ്യൂണിസ്റ്റ് സാമൂഹികപരീക്ഷണങ്ങളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, 100% ശരി.
14. സമത്വം എന്നത് തികച്ചും കൃത്രിമമായ ഒരു ആശയമാണ്. അതിന്നെ മുന്‍‌നിര്‍ത്തി ചെയ്യുന്ന എല്ലാ സാമൂഹികപരീക്ഷണങ്ങളും പ്രകൃതിവിരുദ്ധമായതിനാല്‍ പരാജയപ്പെടും. ഒഴിവാക്കേണ്ടത് സമൂഹത്തിലെ ചൂഷണമാ‍ണ്; അതുപോലെ ഉണ്ടാകേണ്ട സാഹചര്യം ഒരാള്‍ക്ക് തന്റെ മുഴുവന്‍ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുമുള്ള അവസരമാണ്.ചരിത്രത്തില്‍ നിന്ന് തെളിവുകള്‍ എടുക്കുകയാണെങ്കില്‍, പോരായ്മകള്‍ ധാരാളം ഉണ്ടെങ്കിലും, അത് സാധ്യമാകുന്നത് ലിബറല്‍ ഡമോക്രസിയില്‍ മാത്രമാണ്.

ഇവിടെ കൊടുത്തിട്ടുള്ള മിക്കവാറും ആശയങ്ങള്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുള്ളതാണെന്ന് തോന്നുന്നു. (2) സൂചിപ്പിക്കുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ടെങ്കിലും, അത് വെറും പാരമ്പര്യവാദമാണെന്ന് തോന്നുന്നു. അല്ലാതെ ധിക്ഷണയില്‍ നിന്ന് വരുന്ന വെളിപാടൊന്നുമല്ല. മുന്നോട്ട് നോക്കാത്ത ചിന്ത ലക്ഷ്യത്തിലെത്താതെ വെറുതേ കിടന്ന് കറങ്ങുകയേയുള്ളൂ.

(അച്ചടിച്ച) പത്രങ്ങളുടെ മരണം



ഈ വിഷയത്തെക്കുറിച്ച് കുറെ നാളായി എഴുതണമെന്ന് വിചാരിക്കുന്നു. ദിനപത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്നത് വളരെ സാധാരണമായിട്ടുണ്ട്. വാര്‍ത്ത പ്രധാനമായും ഇന്റര്‍നെറ്റിലൂടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വായിക്കപ്പെടുന്നതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും അച്ചടിച്ച പത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, വെബ്ബിലേക്ക് മാത്രമായി ചുരുങ്ങുകയോ ചെയ്യുന്നതുകൊണ്ടാണിത്. പത്രങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സുദീര്‍ഘമായ ലേഖനമാണ് എന്റെ മനസ്സിലുണ്ടായിരുന്നതെങ്കിലും, ഇന്ന് ജോലിക്ക് പോകുന്ന വഴി റേഡിയോയില്‍ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ പ്രധാനപ്പെട്ട പത്രമായ സാന്‍ ഫ്രാന്‍സിസ്ക്കോ ക്രോണിക്കിള്‍ മരണാസന്നമായിരിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച കേട്ടതുകൊണ്ട്, ഇനി അധികം വൈകിക്കാതെ, എനിക്കുള്ള ഒരു പ്രധാനപ്പെട്ട സംശയം ഇവിടെ അവതരപ്പിച്ചുകൊണ്ട് പോസ്റ്റ് ഇടാമെന്നു കരുതി.

റേഡിയോയില്‍ നിന്നറിഞ്ഞ പ്രധാന വിവരം ഇതാണ്: സാന്‍ ഫ്രാന്‍സിസ്ക്കോ ക്രൊണിക്കിളിന്റെ ഓണ്‍‌ലൈന്‍ എഡീഷന്‍ ആയ sfgate.com-ല്‍ നിന്ന് കിട്ടുന്ന വരുമാനം മൊത്തം വിറ്റുവരവിന്റെ വെറും 5% മാത്രമാണ്. sfgate.com വളരെ ജനപ്രീതിയും ട്രാഫിക്കുമുള്ള സൈറ്റ് ആണെന്ന് ഓര്‍ക്കണം. ഏതുവിഭാഗത്തില്‍ ആണെന്ന് അറിയില്ല, അമേരിക്കയിലെ പത്രങ്ങളുടെ സൈറ്റുകളുടെ ലിസ്റ്റ് ആണെന്ന് തോന്നുന്നു, അതില്‍ ആദ്യത്തെ 10-ല്‍ തന്നെ ആ സൈറ്റ് ഉണ്ട്. എന്നിട്ടും വളരെ ചെറിയ വരുമാനമേ അതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നുള്ളൂ. 30 വയസ്സിന് താഴെയുള്ളവര്‍ പത്രം തുറന്നു നോക്കാറില്ലത്രേ; വളരെ ആകര്‍ഷകമായ ഒരു വിഭാഗം ആള്‍ക്കാരെയാണ് പത്രങ്ങള്‍ക്ക് അങ്ങനെ പരസ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ പോകുന്നത്.

അതുകൊണ്ട് പ്രിന്റ് എഡീഷന്‍ നിറുത്തിയാല്‍ പത്രത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലക്കും. പത്രത്തിന് അധികം പത്രലേഖകരെ ജോലിക്കു വയ്ക്കാന്‍ പറ്റാതെയാകും. വാര്‍ത്തയുടെ അളവും ഗുണവും ഒപ്പം കുറയുകയും ചെയ്യും. പ്രധാനപ്പെട്ട പത്രങ്ങളുടെ വിദേശബ്യൂറോകള്‍ക്കും അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കും ഒക്കെ ചിലവാക്കുന്ന പൈസയെപ്പറ്റി ഓര്‍ത്തുനോക്കൂ. അവയൊന്നും ഓണ്‍ലൈനില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പത്രങ്ങള്‍ ആദ്യകാലത്ത് ഓണ്‍‌ലൈന്‍ സബ്‌സ്ക്രിപ്‌ഷന്‍ മോഡലിന് ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടു.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ മാത്രം വായിക്കുന്നവരുടെ നിലപാട്, വാര്‍ത്ത യാഹൂ ന്യൂസിലോ ഗൂഗിള്‍ ന്യൂസിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള പത്രത്തിന്റെ സൈറ്റിലോ പോയി സൌജന്യമായി വായിക്കാമെന്നാണ്. അത് ഇപ്പോള്‍ സാധിക്കുകയും ചെയ്യും. പക്ഷേ, നല്ല വാര്‍ത്ത, കഥയോ കവിതയോ വാര്‍ത്താവിശകലനമോ പോലെ സൃഷ്ടിക്കപ്പെടുന്നതല്ല; വളരെ പൈസ ചിലവു ചെയ്ത് ശേഖരിക്കുന്നതാണ്. സാധാരണ പത്രങ്ങള്‍ മരിച്ചാല്‍, ഭാവിയില്‍ ഇന്റര്‍നെറ്റില്‍ എങ്ങനെ നല്ല വാര്‍ത്ത വരും എന്നാണ് എന്റെ പ്രധാന സംശയം.

ഒരു ജനാധിപത്യക്രമത്തില്‍ സ്ഥിരപ്രതിപക്ഷമാണ് പത്രങ്ങള്‍. അവ ദുര്‍ബലപ്പെടുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കില്ലേ? എനിക്ക് ഈ സംശയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പോലുമില്ല. ധാരാളം മാഗസിനുകളും പത്രവും ഞാന്‍ വരുത്തുന്നുണ്ടെങ്കിലും, എനിക്ക് അച്ചടിച്ച പത്രങ്ങളോട് പ്രത്യേക മമതയൊന്നുമില്ല. കാലത്ത് അത് കൈയിലെത്തുമ്പോഴും മിക്കവാറും അതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഞാന്‍ ഇന്റര്‍നെറ്റിലൂടെയോ റേഡിയോയിലൂടെയോ അറിഞ്ഞിട്ടുണ്ടാവും. ചില സിന്‍‌ഡിക്കേറ്റ് ചെയ്ത കോളങ്ങള്‍ ഒരാഴ്ചയൊക്കെ വൈകിയാണ് ചിലപ്പോള്‍ പത്രത്തില്‍ വരിക. പക്ഷേ, ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകളുടെ ഗുണനിലവാരത്തിന് പ്രധാന കാരണം അച്ചടിച്ച പത്രത്തിലൂടെ വരുന്ന പണവും, അത് നിയന്ത്രിക്കുന്ന ടാലന്റും ആണെന്ന് ഓര്‍ക്കണം.

നോണ്‍-പ്രൊഫിറ്റ് പത്രമായിരുന്ന ക്രിസ്റ്റ്യന്‍ സയന്‍സ് മോണിറ്റര്‍ ഓണ്‍ലൈനില്‍ മാത്രമായി. ന്യൂ യോര്‍ക്ക് ടൈംസും ചിക്കാഗോ ട്രിബ്യൂണുമടക്കമുള്ള മിക്കവാറും എല്ലാ പത്രങ്ങള്‍ക്കും പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍. 150 കൊല്ലം പഴക്കമുള്ള ഡെന്‍‌വറിലെ റോക്കി മൌണ്ടന്‍ ന്യൂസ് ഈ വെള്ളിയാഴ്ച അടക്കും. അതുപോലെ തന്നെ പഴക്കമുള്ള Seattle Post-Intelligencer മരണക്കിടക്കയിലാണ്. ഇവയൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്; പത്രവ്യവസായത്തില്‍ നിന്ന് വരുന്നത് മൊത്തം ഇത്തരത്തിലുള്ള നിരാശാജനകമായ വാര്‍ത്തകള്‍ മാത്രം.

ഇന്ത്യയില്‍ ഉടനെ ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷേ, ടിവിയും ഇന്റര്‍നെറ്റും ലഭ്യമായിട്ടുള്ളവരുടെ ഇടയില്‍ പത്രവായന കുറയുന്നുണ്ടെന്ന് 2008-ലെ ഇഡ്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. പ്രാദേശികപത്രങ്ങളുടെ പ്രചാരം കൂടിയിട്ടുണ്ടെങ്കിലും മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ പ്രചാരം കുറഞ്ഞത് ഒട്ടും യാദൃശ്ചികമല്ല. പ്രധാനപ്പെട്ട എല്ലാ ഇംഗ്ലീഷ് പത്രങ്ങളുടെയും പ്രചാരം കുറഞ്ഞുവരികയാണ്. സര്‍വേയില്‍ നിന്നുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഈ വിഷയത്തെക്കുറിച്ച് വളരെ നല്ല ലേഖനങ്ങള്‍ ഞാന്‍ ദ അറ്റ്‌ലാന്റിക്കിലും ന്യൂ യോര്‍ക്കറിലും വായിച്ചിരുന്നു. പത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും പൊതുവേ മാധ്യമങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ വായിച്ചിരിക്കേണ്ടവയാണ്. ലിങ്കുകള്‍ ഇവിടെ: 1. Out of Print by Eric Alterman in New Yorker. 2. End Times by Michael Hirschorn in The Atlantic. ഈ പോസ്റ്റിലെ ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്കറിലെ ലേഖനത്തില്‍ നിന്ന്. അതില്‍ ചിത്രീകരിച്ചിട്ടുള്ളത് huffingtonpost.com എന്ന വാര്‍ത്ത സൈറ്റിന്റെ സ്ഥാപകയായ അരിയാന ഹഫിംഗ്‌ടനെയാണ്.

Wednesday, February 25, 2009

ജിണ്ഡല്‍: ജീയോപ്പിയുടെ ചാവേര്‍?

തന്റെ നയപരിപാടികളെ, പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള തന്റെ സര്‍ക്കാറിന്റെ പരിശ്രമങ്ങളെപ്പറ്റി, ഒബാമ ഇന്നലെ വൈകുന്നേരം കോണ്‍‌ഗ്രസില്‍ ചെയ്ത പ്രസംഗത്തിന് മറുപടി കൊടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (GOP - Grand Old Party) ഇന്ത്യന്‍ വംശജനായ ലൂയിസിയാന ഗവര്‍ണര്‍ ബോബി ജിണ്ഡലിനെ ഏല്‍‌പ്പിച്ചത്, പൊതുവേ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഞായറാഴ്ച രാത്രി ഓസ്ക്കറില്‍ സ്ലം ഡോഗിന്റെ നേട്ടങ്ങളും ഇന്ത്യാക്കാരുടെ വിക്ടറിപരേഡുമൊക്കെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് അധികം വൈകാതെ ഒരിന്ത്യന്‍ മുഖത്തിന് ഈ പ്രൈം‌ ടൈം അവസരം കിട്ടുന്നത് എന്നുകൂടി ഓര്‍ക്കണം.

പക്ഷേ, കിട്ടിയ അവസരം അദ്ദേഹം ഒട്ടും ഫലപ്രദമാക്കിയില്ല. തന്നെയുമല്ല, തല്‍ക്കാലം താന്‍ പ്രസിഡന്റ് ആവാന്‍ കഴിവുള്ള രാഷ്ട്രീയക്കാരനൊന്നുമല്ല എന്ന് അദ്ദേഹം ആ ഒറ്റ പ്രകടനത്തിലൂടെ വെളിവാക്കുകയും ചെയ്തു. ഉള്‍‌പ്പാര്‍ട്ടി ജനാധിപത്യരീതികള്‍ മുമ്പില്‍ വയ്ക്കുന്ന, അതിദുര്‍ഘടങ്ങളായ പല കടമ്പകളും കടന്നാലേ, ഒരു രാഷ്ട്രീയക്കാരന് അമേരിക്കയില്‍ ദേശീയ തലത്തില്‍ (പ്രധാനമായും പ്രധാനപ്പെട്ട 2 പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍) ഉയരുവാന്‍ കഴിയുകയുള്ളൂ. വ്യക്തിപരമായ ഗുണങ്ങള്‍ക്കൊപ്പം സംഘടനാപാടവവും പണവും എല്ലാം വേണം. ജിണ്ഡലിന് ആദ്യത്തെ ഗുണങ്ങള്‍ ധാരാളമുണ്ട്. റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം; വെറും 25-ആമത്തെ വയസ്സില്‍ ലൂയിസിയാനയിലെ ഡെപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹോസ്‌പിറ്റത്സിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു; 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറല്‍ ഗവണ്‍‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി; വെറും 32-ആമത്തെ വയസ്സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു; അതിന്നുശേഷം 2 വട്ടം യു.എസ്സ്. കോണ്‍‌ഗ്രസിലേക്ക് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടു; അവസാനം 36-ആമത്തെ വയസ്സില്‍, കഴിഞ്ഞ കൊല്ലം ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ചെറുപ്രായത്തില്‍ ഇത്രയൊക്കെ നേട്ടങ്ങളുടെ ഉടമായാണെങ്കിലും, വളരെ വേഗതയില്‍ സംസാരിക്കുന്ന, സ്ഥിതിവിവരകണക്കുകള്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുന്ന ഒരു തരം നെര്‍ഡ് (കുത്ത്/പഠിപ്പിസ്റ്റ്) ആയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ എപ്പോഴും വിവരിക്കാറ്. ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കോ അധ്യാപകനോ ഒക്കെ ആ ഗുണങ്ങള്‍ തികച്ചും ഇണങ്ങുമെങ്കിലും ഒരു നേതാവിന് വേണ്ട ഒന്നുരണ്ടു ഗുണങ്ങള്‍ അദ്ദേഹത്തിന് തീരെ ഇല്ല എന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് ജനങ്ങളോട് സംവദിക്കുന്ന രീതിയാണ്. ഒരു വലിയ സ്റ്റേജ് കിട്ടിയാല്‍ ഒബാമയ്ക്കും മക്കെയിനും സേറാ പേലിനുമൊക്കെ അതെങ്ങനെ ചെയ്യണമെന്ന് അറിയാം. ജിണ്ഡലിന് ആ സ്റ്റൈല്‍ ഒട്ടും വശമില്ല; ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അദ്ദേഹം ഇന്നലെ പ്രസംഗിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

രണ്ടാമത്തേത്, ജനങ്ങളുടെ വികാരം അറിയാനുള്ള കഴിവും അത് ചൂഷണം ചെയ്യാനുള്ള മിടുക്കുമാണ്. ആ രംഗത്തും ജിണ്ഡല്‍ വട്ടപ്പൂജ്യമാണെന്ന് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും അതിന്ന് മുമ്പുള്ള അദ്ദേഹത്തിന്റെ ചില രാഷ്ട്രീയനീക്കങ്ങളും സൂചന തന്നു. റെയ്‌ഗന്‍ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാറുകളുടെ നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തിക രംഗത്തെ ഉദാരനയങ്ങളും ആണ് രാജ്യത്തെ ഇന്നത്തെ നിലയിലുള്ള ബജറ്റ് കമ്മിയിലും മാന്ദ്യത്തിലും എത്തിച്ചതെന്നാണ് പൊതുവേയുള്ള ജനവികാരം. കഴിഞ്ഞയാഴ്ച ന്യൂ യോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ഒരു സര്‍വേയില്‍ അത് വളരെ വ്യക്തമായിരുന്നു. അത്തരം ഒരു ജനവികാരത്തിന് എതിരായാണ് കോണ്‍‌ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ചില റിപ്പബ്ലീക്കന്‍ ഗവര്‍ണര്‍മാരും നിലപാടെടുത്തത്. അതിന്റെ മുന്നിരയില്‍ ജിണ്ഡല്‍ ഉണ്ടായിരുന്നു. നാഥനില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയത്തോടൊട്ടി നിന്ന് അതിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വളരെ വ്യക്തം. ആ ലക്ഷ്യം, ഒബാമയുടെ നയത്തിനെതിരെ പ്രസംഗിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ, മാന്ദ്യത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്ന പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളുമൊക്കെ ധൂര്‍ത്താണെന്നും, ഇനിയും നികുതി വെട്ടുക്കുറക്കയാണ് അതിന്നുപകരം വേണ്ടതെന്നുമൊക്കെയുള്ള പതിവ് റിപ്പബ്ലിക്കന്‍ ഫോര്‍മുലകള്‍ ജിണ്ഡല്‍ ആവര്‍ത്തിച്ചത് വോട്ടര്‍മാര്‍ നല്ല വെളിച്ചത്തില്‍ കാണുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ കഷ്ടപ്പാട് മാറ്റുന്നതിനേക്കാള്‍ വലതുപക്ഷ സൈദ്ധാന്തികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരാളാണ് ജിണ്ഡല്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെമേല്‍ പതിഞ്ഞു കഴിഞ്ഞു. അത്തരം ലേബലുകള്‍ ദേശീയതലത്തില്‍ പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ സഹായിക്കില്ല.

കറുത്ത ഒബാമയ്ക്ക് മറുപടി ആയാണ് മിക്കവാറും വെള്ളക്കാരുടെ മാത്രം പാര്‍ട്ടിയായ ജീയോപ്പി തവിട്ടുനിറക്കാനായ ജിണ്ഡലിനെ പൊക്കിപ്പിടിച്ചു നടക്കുന്നത്. 2012-ല്‍ അദ്ദേഹത്തിനെ മത്സരത്തില്‍ ഇറക്കാനും അവര്‍ക്ക് നല്ല താല്പര്യമുണ്ട്. ഒബാമ അടുത്ത 4 കൊല്ലത്തിനുള്ളില്‍ വലിയ മണ്ടത്തരങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അന്ന് ആര്‍ക്കെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് 2012-ല്‍ ഒബാമയ്ക്കെതിരെ നില്‍ക്കുന്ന ജീയോപ്പി സ്ഥാനാര്‍ഥി ഒരു ചാവേറായിരിക്കും. ആ ചാവേറിനെയാണ് ജീയോപ്പി ഇപ്പോല്‍ ജിണ്ഡലില്‍ കാണുന്നത്. ജിണ്ഡല്‍ തോറ്റമ്പിയാലും വെള്ളക്കാരനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥി ആക്കിയെന്ന രാഷ്ട്രീയലാഭം ജീയോപ്പിക്ക് കിട്ടും; 2016-ല്‍ അതവര്‍ക്ക് വിനിയോഗിക്കുകയും ചെയ്യാം.

ജിണ്ഡലിന് വെറും 37 വയസ്സേയുള്ളൂ. രാഷ്ട്രീയവൈരങ്ങള്‍ മറന്ന് അദ്ദേഹം ഒബാമയോടൊപ്പം പ്രവര്‍ത്തിച്ച് തികച്ചും തകര്‍ന്നുകിടക്കുന്ന സ്വന്തം സംസ്ഥാനമായ ലൂയിസിയാനയെ ആദ്യം അഭിവൃദ്ധിപ്പെടുത്തണം. ക്ഷമയോടെ കാത്തിരുന്ന ശേഷം, 2016-ല്‍ മത്സരത്തിനിറങ്ങുകയാണെങ്കില്‍ അത്തരം നേട്ടങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ വളരെ സഹായകരമാകും; അന്നും അദ്ദേഹത്തിന് വെറും 44 വയസ്സേ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ക്കുക.

ഇന്നലത്തെ പ്രസംഗം അദ്ദേഹം പ്രൈം ടൈമിന് ഒട്ടും തയ്യാറായിട്ടില്ല എന്ന സൂചനയാണ് തരുന്നത്. 2012-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള പാര്‍ട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയാല്‍ ഒരു ചാവേറാകുന്നതിന്റെ ഗുണമേ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് പ്രധാനം ചെയ്യുകയുള്ളൂ.

Sunday, February 22, 2009

ഓസ്‌ക്കറില്‍ സ്ലംഡോഗ് തരംഗം

ഇതുവരെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ സ്ലംഡോ‍ഗ് നേടിക്കഴിഞ്ഞു. തമീഴനായ എ.ആര്‍.റെഹ്‌മാനും മലയാളിയായ റസൂല്‍ പൂക്കുട്ടിക്കുമുണ്ട് അവാര്‍ഡുകള്‍.

അവാര്‍ഡ് ഇവിടെ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്.

പിന്നീട് അപ്‌ഡേറ്റ് ചെയ്തത്:

നോമിനേറ്റ് ചെയ്യപ്പെട്ട മിക്കവാറും വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിക്കൊണ്ട് (ആകെ 8 എണ്ണം) സ്ലം ഡോഗ് മില്യണയര്‍ ഓസ്ക്കര്‍ അവാര്‍ഡുകള്‍ തൂത്തുവാരി. രണ്ട് സംഗീത അവാര്‍ഡുകള്‍ നേടിയ റഹ്മാനാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ പതാക വഹിച്ചത്. ബോളിവുഡ് ഡാന്‍സും സാരിക്കാരുമൊക്കെയുമായിട്ട് ഇന്ന് ഹോളിവുഡ് അക്ഷരാര്‍‌ത്ഥത്തില്‍ ഇന്ത്യാക്കാര്‍ ഏറ്റെടുത്തു. India is clearly spreading its soft power, though little bit awkardly!

അനില്‍ കപൂറും എ.ആര്‍. റെഹ്മാനും കയറി നിന്ന, കൊഡാക്ക് തിയേറ്ററിലെ പ്രമാദമായ ആ സ്റ്റേജ്, ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് രംഗം പോലെ ഒരു നിമിഷം എന്നെ തോന്നിപ്പിച്ചത് തികച്ചും ഹൃദയസ്പര്‍‌ശിയായിരുന്നു. എവിടെ താ‍മസിച്ചാലും, എന്തു തിന്നാലും കുടിച്ചാലും, എന്തു വായിച്ചാലും പഠിച്ചാലും, ജനിച്ചുവളര്‍ന്ന രാജ്യത്തോടുള്ള സ്നേഹം മിക്കവാറും മന്നുഷ്യരുടെ ഒരു സ്ഥിരസ്വഭാവമാണെന്ന് തോന്നുന്നു.

സ്ലം ഡോഗ് ഒരു ചലച്ചിത്രം എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. പക്ഷേ, വളരുന്ന ഇന്ത്യയുടെ പ്രതീകമാകുന്ന അതിന്റെ രാഷ്ട്രീയവും മൃദുലശക്തിയും വളരെ പെട്ടന്ന് തിരിച്ചറിയാനാകുന്നുണ്ട്. ഭീകരന്മാരുടെ കൈകളില്‍ പിച്ചിചീന്തപ്പെട്ട മുംബൈയുടെ നിഷ്ക്കളങ്കതയുടെ അവസാനത്തെ ആഘോഷവുമാണ് ആ ചിത്രം. പലപ്പോഴും ഇന്ത്യാക്കാരേക്കാള്‍ ഏറെ അത് തിരിച്ചറിഞ്ഞിട്ടുള്ളത് പാശ്ച്യാത്യലോകത്തെ കലാകാരാണ്. അവരുടെ ഒരു സ്വാന്തനവും കൂടിയാണ് ഈ അവാര്‍ഡുകള്‍.

ഈ വിഭാഗങ്ങളിലാണ് സ്ലം ഡോഗിന് അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍ - ഡാനി ബോയില്‍
3.പശ്ചാത്തല സംഗീതം - എ.ആര്‍.റെഹ്മാന്‍
4.പാട്ട് - എ.ആര്‍.റെഹ്മാന്‍
5.സൌണ്ട് മിക്സിംഗ് - റസൂല്‍ പൂക്കുട്ടിയടക്കമുള്ള ടീം
6.അഡാപ്റ്റഡ് സ്ക്രീപ് പ്ലേ - സൈമണ്‍ ബ്യൂഫോയ്
7.എഡിറ്റിംഗ് - ക്രിസ് ഡിക്കെന്‍സ്
8.സിനിമാട്ടോഗ്രഫി - ആന്റണി മാന്റെല്‍

സാന്‍ ഫ്രാന്‍സിസ്ക്കോ സിറ്റി കൌണ്‍‌സിലറും ഗേ റൈറ്റ്സ് ആക്ടിവിസ്റ്റും ആയിരുന്ന ഹാര്‍വി മില്‍‌ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാകിയുള്ള മില്‍ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഷോണ്‍ പെനിന് ലഭിച്ചതും സന്തോഷകരമായി.

അവാര്‍ഡ് ലഭിച്ച സ്മൈല്‍ പിങ്കി എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി മുറിച്ചുണ്ടിയായ ഒരു ഇന്ത്യാക്കാരി പെണ്‍‌കുട്ടിയുടെ കഥയാണ്.

Thursday, February 12, 2009

പൈജാമ മാറേണ്ട സമയം അഥവാ no money in blogging

പരസ്യം: വൈനിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ അതെക്കുറിച്ച് ഞാന്‍ ആരംഭിച്ചിരിക്കുന്ന ഈ പരമ്പര വായിക്കുക: മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും


പൈജാമയും ഇട്ട് വീട്ടിലിരുന്ന് ബ്ലോഗു ചെയ്ത് കാശുണ്ടാക്കാം എന്ന എന്തെങ്കിലും മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈയാഴ്ചത്തെ ന്യൂസ് വീക്കില്‍ വന്ന ഡാനിയല്‍ ലയോണ്‍‌സിന്റെ ഈ ലേഖനം.

ഡാനിയല്‍ ലയോണ്‍സ് ചില്ലറ ബ്ലോഗറൊന്നുമല്ല. ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സ് എന്ന പേരില്‍ ഒരു സറ്റയര്‍ ബ്ലോഗ് ചെയ്ത് ബ്ലോഗുലകത്തില്‍ വളരെ പ്രസിദ്ധനായ ഒരാളാണ്. സ്റ്റീവ് ജോബ്‌സ് ബ്ലോഗിന്റെ പിന്നില്‍ അദ്ദേഹമാണെന്ന കാര്യം ന്യൂ യോര്‍ക്ക് ടൈംസ് പുറത്താക്കിയ ദിവസം മാത്രം അദ്ദേഹത്തിന്റെ ബ്ലോഗ് 5 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു. ഗൂഗ്‌ള്‍ ആഡ്സെന്‍‌സില്‍ നിന്ന് അദ്ദേഹം അന്ന് ഉണ്ടാക്കിയത് വെറും 100 ഡോളര്‍! ആ മാസം ഏകദേശം 15 ലക്ഷം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ചു; മൊത്തം വരുമാനം $1,039.81. അതിന് അദ്ദേഹമെടുത്ത പണി ഒട്ടും മോശമല്ലായിരുന്നു; ഒരു ദിവസം 20 പോസ്റ്റുകള്‍ വരെ, ടാക്സിയിലിരുന്നും ബ്ലാക്ക് ബെറിയില്‍ നിന്നുമൊക്കെ അദ്ദേഹം ഇട്ടു.

മക്ഡോണള്‍ഡ്സില്‍ ബര്‍ഗര്‍ ഫ്ലിപ്പ് ചെയ്യാന്‍ പോയാല്‍ ഒന്നര ആഴ്ച കൊണ്ട് അത്രയും പൈസ ഉണ്ടാക്കാം; തല പുണ്ണാ‍ക്കേണ്ട; ഉറക്കമുളക്കേണ്ട എന്ന് തുടങ്ങിയ അധിക സൌകര്യങ്ങളുമുണ്ട് രണ്ടാമത്തെ പണിക്ക്. (I blog; therefore I am എന്ന വിഭാഗത്തിലുള്ള ബ്ലോഗര്‍മാരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.)

വളരെ പ്രസിദ്ധമായിട്ടുള്ള, മറ്റു എഴുത്തുകാരെ വച്ചു ചെയ്യുന്ന, ബ്ലോഗുകള്‍ പോലും 2-3 മില്യണ്‍ ഡോളറിന്നപ്പുറം വരുമാനം ഒരു വര്‍ഷം ഉണ്ടാക്കുന്നില്ല. ഇന്റര്‍‌നെറ്റ് പരസ്യത്തിന് അമേരിക്കയില്‍ മാത്രം 24 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും മൊത്തം ബൂലോകത്തിന് കിട്ടുന്നത് വെറും 500 മില്യണ്‍ മാത്രം. ഇന്റര്‍‌നെറ്റ് പരസ്യത്തിന് ചിലവഴിക്കപ്പെടുന്നതിന്റെ നല്ലൊരു പങ്ക് ഗൂഗ്‌ളിനെപ്പോലെയുള്ള വലിയ കോര്‍പ്പറേഷനുകളുടെ കൈകളിലാണ് എത്തിച്ചേരുന്നത്; അല്ലാതെ ചെറുകിട ബ്ലോഗര്‍മാരുടെ ബാങ്ക് അക്കൌണ്ടില്‍ അല്ല.

എഴുത്തുകൊണ്ട് മാത്രം ജീവിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ തരം കിട്ടുമ്പോഴൊക്കെ പുഛിക്കാറുള്ള മുഖ്യധാരമാധ്യമങ്ങളുടെ കുറ്റിയില്‍ തങ്ങളുടെ ബ്ലോഗിനെ കൊണ്ടുകെട്ടണമെന്ന് ലേഖകന്‍. ഒരു പക്ഷേ, ന്യൂസ് വീക്കില്‍ അദ്ദേഹത്തിന്റെ ഈ ലേഖനം വായിക്കേണ്ടി വന്നത് യാദൃശ്ചികമാവില്ല :-)

Sunday, February 08, 2009

റോബര്‍ത്തോ ബൊളാന്യോ: കവി, നാടോടി പിന്നെ നോവലിസ്റ്റ്


2008-ല്‍ അമേരിക്കയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ സ്പാനിഷ് എഴുത്തുകാരനായിരുന്ന റോബര്‍ത്തോ ബൊളാന്യോയുടെ തികച്ചും അസാധാരണമായ ‘2666’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായിരുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന, 5 ഭാഗങ്ങളിലായി പരന്നുകിടക്കുന്ന, 900-ത്തോളം പേജുകളുള്ള ഈ നോവല്‍ 2008-ലെ ഏറ്റവും നല്ല പുസ്തകമായി ‘ടൈം മാഗസിന്‍’ തിരഞ്ഞെടുത്തിരുന്നു.

1953-ല്‍ തെക്കേ അമേരിക്കയിലെ ചിലെയിലാണ് റോബര്‍ത്തോ ബൊളാന്യോ ജനിച്ചത്. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മെക്സിക്കോയിലേക്ക് താമസം മാറ്റി. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കുന്നതിന്ന് മുമ്പ് തന്നെ അദ്ദേഹം കവിതയെഴുത്തില്‍ വ്യാപൃതനായി പഠനം അവസാനിപ്പിച്ചു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹം അതീവതല്പരനായിരുന്നു. ഒരു ട്രോട്‌സ്‌കിയിസ്റ്റായി മാറിയ റോബര്‍‌ത്തോ ആദ്യം എല്‍ സാല്‍‌വദോറിലേക്ക് പോയി അവിടത്തെ ഇടതുപക്ഷ വിപ്ലവകവികളുമായി ബന്ധം സ്ഥാപിച്ചു.

ചിലെയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സാല്‍‌വദോര്‍ അലന്‍‌ദേയുടെ സോഷ്യലിസ്റ്റ് ഭരണത്തിലും ഭാവിയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വിപ്ലവത്തിന്റെ സാധ്യതകളിലും ആകൃഷ്ടനായി റോബര്‍‌ത്തോ 1973-ല്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അധികം വൈകാതെ അലന്‍‌ദേയെ പുറത്താക്കി കേണല്‍ അഗസ്തോ പിനോഷേ അധികാരം പിടിച്ചെടുത്തു. റോബര്‍ത്തോ അവിടെ പട്ടാളഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍‌പ്പിന്റെ ഭാഗമാവുകയും ചെയ്തു. വിപ്ലവകാരികള്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതുപോലുള്ള വളരെ ചെറിയ പണികളേ അദ്ദേഹം ചെയ്തിരുന്നുള്ളൂ എങ്കിലും ഭീകരവാദി എന്ന കുറ്റമാരോപിക്കപ്പെട്ട് അദ്ദേഹം പിടിക്കപ്പെട്ടു. പക്ഷേ, ജയിലിലെ കാവല്‍‌ക്കാരനായിരുന്ന തന്റെ ഒരു പഴയ കൂട്ടുകാരന്റെ സഹായത്തോടെ അദ്ദേഹം അവിടന്ന് രക്ഷ പ്രാപിച്ചു. (അദ്ദേഹം ചിലെയിലെ പ്രതിരോധത്തില്‍ പങ്കെടുത്തതിനെപ്പറ്റി അടുത്തയിടെ വേറെ ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതേപ്പറ്റി പിന്നെ എഴുതാം.)

1974-ല്‍ മെക്സിക്കോ സിറ്റിയിലേക്ക് അദ്ദേഹം തിരിച്ചുവന്ന് ‘ഇന്‍ഫ്രാ‌റിയലിസ്താസ്’ എന്ന ഒരു തരം സാഹിത്യഗറില്ലാ ഗ്രൂപ്പിന് രൂപം കൊടുത്തു. മുഖ്യധാരയിലെ സാഹിത്യ/സാംസ്ക്കാരിക എസ്റ്റാബ്ലിഷ്മെന്റിനെ തരംകിട്ടുമ്പോള്‍ പുച്ഛിക്കുകയും അത്യാധുനിക മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയുമൊക്കെ ആയിരുന്നു അവരുടെ പ്രധാന പരിപാടികള്‍. പ്രശസ്ത മെക്സിക്കന്‍ കവിയായ ഒക്ടാവിയോ പാസ് പോലുള്ളവര്‍ അവരുടെ കോപത്തിന് ഇരയായിട്ടുണ്ട്. പിന്നീട് റോബര്‍ത്തോ ബൊളാന്യോ സ്പാനിഷ് സാഹിത്യത്തിലെ അതികായനായി വളരുമെങ്കിലും മുഖ്യധാരസാഹിത്യകാരന്മാരോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് ഒട്ടും കുറഞ്ഞില്ല. മാര്‍കേസിനെ ‘വളരെയധികം പ്രസിഡന്റുമാരുടെയും ആര്‍ച്ച് ബിഷപ്പുമാരുമാരുടെയും തോളുരുമി നടന്നതില്‍ ആഹ്ലാദം കൊള്ളുന്ന മനുഷ്യന്‍’ എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. 1967-ലെ One Hundred Years of Solitude-ന്റെ പ്രസിദ്ധീകരണത്തോടെ മാര്‍കേസ് കൊണ്ടുവന്ന മാജിക്കല്‍ റിയലിസം, അതിന്റെ ആവര്‍ത്തനങ്ങള്‍കൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ നോവലിനെ ശ്വാസം മുട്ടിച്ചുതുടങ്ങിയ ഒരു ഘട്ടത്തിലാണ് റോബര്‍ത്തോ ബൊളാന്യോ പോലെയുള്ളവര്‍ നേരിട്ടും എഴുത്തിലൂടെയും ആ ജീര്‍ണതയെ എതിരിട്ടത്.

മെക്സിക്കോയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം 2 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1977-ല്‍ ഒരു പ്രണയനൈരാശ്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി അദ്ദേഹം നാടുവിട്ടു. യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും അലഞ്ഞുതിരിഞ്ഞ് പല ജോലികളും ചെയ്ത് ജീവിച്ചു. അതിന്നിടയില്‍ അദ്ദേഹം മയക്കുമരുന്നിന് അടിമയാകുകയും ചെയ്തു. 80-കളുടെ പകുതിയോടെ അദ്ദേഹം സ്പെയിനില്‍ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം വിവാഹിതനാവുകയും 2 കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു; മയക്കുമരുന്നുപയോഗം നിറുത്തുകയും ചെയ്തു. അതുവരെ അദ്ദേഹം തന്നെ ഒരു കവി മാത്രമായിട്ടാണ് കരുതിയിരുന്നത്. പക്ഷേ, കുടുംബ ചിലവുകള്‍ക്ക് വേണ്ടി, എഴുത്തില്‍ നിന്ന് എന്തെങ്കിലും വരുമാനം കണ്ടെത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനായി. കവിതയില്‍ കാശില്ലാതിരുന്നതുകൊണ്ട് കഥകള്‍ എഴുതാന്‍ തുടങ്ങി; സമ്മാനത്തുക മോഹിച്ച് കഥാമത്സരങ്ങളില്‍ പങ്കെടുത്താണ് തുടങ്ങിയത്. തന്റെ ആദ്യാനുരാഗമായ കവിതയെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തന്റെ കഥകളില്‍ മുഴുവന്‍ കവികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അദ്ദേഹം സംതൃപ്തിയടഞ്ഞു എന്നു തോന്നുന്നു.

38-ആമത്തെ വയസ്സില്‍ റോബര്‍ത്തോ ബൊളാന്യോ താന്‍ ഗുരുതരമായ കരള്‍‌രോഗബാധിതനാണെന്ന് മനസ്സിലാക്കി. സമയം അധികം കളയാനില്ലാത്തതുകൊണ്ട് വര്‍ദ്ധിച്ച തോതില്‍ അദ്ദേഹം എഴുതാന്‍ തുടങ്ങി. 1996-ല്‍ മുതല്‍, 2003-ല്‍ മരിക്കുന്നതുവരെ വര്‍ഷംതോറും ഒന്നോ അധിലധികമോ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചികിത്സ പോലും മുടക്കി, തളര്‍ന്നു വീഴുന്നതു വരെ മണിക്കൂറുകളോളം അദ്ദേഹം തുടര്‍ച്ചയായി എഴുതി.


റോബര്‍ത്തോ ബൊളാന്യോയുടെ ആദ്യത്തെ നോവലുകള്‍ വിമര്‍ശകര്‍ ശ്രദ്ധിച്ചെങ്കിലും വായനക്കാര്‍ അധികം ഉണ്ടായില്ല. എന്നാല്‍ 1998-ല്‍ പുറത്തുവന്ന The Savage Detectives വന്‍‌വിജയമായിരുന്നു. One Hundred Years of Solitude സ്പാനിഷ് സാഹിത്യലോകത്തുണ്ടാക്കിയതുപോലുള്ള കോളിളക്കമാണ് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം The Savage Detectives സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതിയും അതാണ്. മെക്സിക്കോ സിറ്റിക്കാരനായ ഹുവാന്‍ ഗാര്‍‌സിയ മഡേറോ എന്ന 17-കാരന്‍ കോളജ് പഠനം മതിയാക്കി, കവികളുടെ ഒരു തരം അധോലോകഗ്രൂപ്പില്‍ ചേരുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും പിന്നെ അതിന്റെ ചരിത്രമന്വേഷിച്ചു പോകുന്നതുമൊക്കെയാണ് ഈ നോവലിന്റെ കഥാതന്തു. നോവലിസ്റ്റിന്റെ ജീവിതവുമായി ആ കഥയ്ക്കുള്ള ബന്ധം വളരെ വ്യക്തം. പണ്ട് സൊനോറാ മരുഭൂമിയില്‍ വച്ച് കാണാതായ ഒരു കവയിത്രിയെ തേടി പോകുന്ന നോവലിന്റെ അവസാനത്തെ ഭാഗം അതിന്ന് ഒരു കുറ്റാന്വേഷണകഥയുടെ വശവും കൊടുക്കുന്നു. ഗാം‌ഗ്‌സ്റ്റര്‍ ചിത്രങ്ങളിലെയും ഡിക്ടറ്റീവ് കഥകളിലെയും കഥാപാത്രങ്ങളെ കവിതയുടെ ലോകത്തേക്ക് പറിച്ചുനട്ടതു വഴി തികച്ചും നൂതനമായ ഒരു അന്തരീക്ഷമാണ് റോബര്‍ത്തോ ബൊളാന്യോ ഈ നോവലില്‍ സൃഷ്ടിക്കുന്നത്.

2000-ല്‍ പുറത്തിറങ്ങിയ By Night in Chile-യിലെ കഥ ചിലെയന്‍ ഏകാധിപതി അഗസ്തോ പിനോഷേയുടെ ഭരണകാലത്താണ് നടക്കുന്നത്. പ്രധാന കഥാപാത്രമായ ഒരു പുരോഹിതന്‍ ജനറല്‍ പിനോഷേയുടെ അധ്യാപകനാവുകയും, അദ്ദേഹത്തിന് പട്ടാളഭരണത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നു. തന്റെ ആ കൃത്യങ്ങളെ മരണക്കിടക്കയില്‍ കിടന്ന് പുരോഹിതന്‍ ഓര്‍മിക്കുന്നതും അവയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് അതിലെ കഥ. പതിവുപോലെ കവികള്‍ ഈ നോവലിലും കഥാപാത്രങ്ങളായുണ്ട്.

5 വര്‍ഷത്തോളമെടുത്തെഴുതിയ ‘2666’ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹത്തിന്റെ കരള്‍‌രോഗം മൂര്‍ച്ഛിച്ചിരുന്നു. ആ നോവല്‍ പൂര്‍ണ്ണമാക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കരള്‍മാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അന്തരിച്ചത്. അപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം മൂന്നാമതായിരുന്നു. നോവല്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണാനന്തരം 2004-ല്‍ ആണ്.


5 ഭാഗങ്ങളായി ‘2666’ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടത് ഓരോ ഭാഗവും ഒറ്റയ്ക്ക് വായിക്കപ്പെടാന്‍ പറ്റും എന്ന കാരണംകൊണ്ട് മാത്രമായിരുന്നില്ല. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാതെ 5 പുസ്തകങ്ങളുടെ സീരീസായി അത് പ്രസിദ്ധീകരിച്ചാല്‍ തന്റെ അവകാശികള്‍ക്ക് കൂടുതല്‍ പൈസ കിട്ടുമെന്നുള്ളതുകൊണ്ടാണ്. പക്ഷേ, റോബര്‍ത്തോ ബൊളാന്യോയുടെ അന്തിമാഭിലാഷത്തിന് വിരുദ്ധമായി ‘2666’ ഒറ്റ പുസ്തകമായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. (എന്നാലും ഇംഗ്ലീഷില്‍ അതിന്റെ ഹാര്‍ഡ്കവര്‍ ഞാന്‍ കണ്ടത് 5 പുസ്തകങ്ങളുടെ ഒരു സെറ്റ് ആയിട്ടാണ്.) പലമാനങ്ങളുള്ള, ലോകത്തിന്റെ പല കോണുകളില്‍ നടക്കുന്ന നിരവധി കഥകള്‍ അടങ്ങിയ, ഈ നോവലിലെ പ്രധാന കഥ നടക്കുന്നത് മെക്സിക്കോയിലെ സാന്താ തെരേസ എന്ന ഒരു കല്പിത നഗരത്തിലാണ്. പ്രധാനമായും അമേരിക്കയിലേക്ക് വേണ്ടി സാധനങ്ങള്‍ നിര്‍മിക്കുന്ന, കൂലികുറഞ്ഞ ഫാക്ടറികള്‍ ധാരാളമുള്ള കിയുദാദ് ഹുവാരെസ് എന്ന യഥാര്‍ഥ മെക്സിക്കന്‍ പട്ടണത്തില്‍ 1993-മുതല്‍ 400-ല്‍ അധികം യുവതികള്‍ കൊലചെയ്യപ്പെടുമെങ്കിലും ഒന്നും തെളിയിക്കപ്പെടാതെ പോയി. ആ നഗരമാണ് സാന്താ തെരേസയ്ക്ക് മാതൃകയായിട്ടുള്ളത്; അവിടെ നടന്ന കൊലപാതകങ്ങള്‍ പോലുള്ള കൊലപാതകങ്ങള്‍ നോവലിലും വളരെ സൂഷ്മതയോടെ വിവരിക്കപ്പെടുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പതിവുപോലെ സാഹിത്യകാരന്മാര്‍ തന്നെയാണ്. ബെന്നോ വോണ്‍ ആര്‍ക്കിം‌ബോള്‍ഡി എന്ന ജര്‍മന്‍ നോവലിസ്റ്റിനെ തേടി 3 യൂറോപ്യന്‍ സാഹിത്യകാരന്മാര്‍ മെക്സിക്കോയിലേക്ക് നടത്തുന്ന യാത്രയാണ് അവരെ സാന്താ തെരേസയില്‍ എത്തിക്കുന്നതും, അവിടെ നടന്ന കൊലപാതകങ്ങളെപ്പറ്റി അവര്‍ അറിയാന്‍ ഇടവരുന്നതും. “The Part About the Critics”, “The Part About Amalfitano", “The Part About Fate”, “The Part About the Crimes”, “The Part About Archimboldi” എന്നിങ്ങനെ 5 ഭാഗങ്ങള്‍ ആണ് നോവലിലുള്ളത്.

ഹീറോയിന് അടിമയായിരുന്നെന്നതും ചിലെയില്‍ പീനോഷേ അധികാരം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്നതുമടക്കമുള്ള റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതചരിത്രത്തിലെ നിറമുള്ള പല സംഭവങ്ങളും എഴുത്തുകാരന്‍ സ്വയം നിര്‍മിച്ചെടുത്ത മിത്തുകളാണെന്ന് ഈയിടെ ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വാര്‍ത്ത വന്നിരുന്നു. പീഢിതനായ എഴുത്തുകാരനാണ് അദ്ദേഹം എന്ന് കാണിക്കാന്‍ വേണ്ടി ഏജന്റുമാരും അത്തരത്തില്‍ ചിലതൊക്കെ ചെയ്തിട്ടുണ്ടത്രേ. ആ വാര്‍ത്തകളുടെ സത്യാവസ്ഥ എന്തുതന്നെ ആയാലും, സ്പാനിഷ് സാഹിത്യലോകത്തു നിന്ന് അടുത്തകാലത്ത് ലോകത്തിന്റെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയ സാഹിത്യകാരന്‍ റോബര്‍ത്തോ ബൊളാന്യോ തന്നെയാണ്. ആധുനിക നോവലില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഭാവിയില്‍ ഉറപ്പാണ്; സ്പാനിഷ് ലോകത്തിന് പുറത്ത് അദ്ദേഹത്തെ വായിച്ചുതുടങ്ങുന്നതേയുള്ളൂ. മാര്‍കേസിനെപ്പോലെ ഒരു പ്രൊഫഷണല്‍ നോവലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള, ഒരു നോവല്‍ പോലെ അസാധാരണമായ റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതം, ഭാവിയിലെ നോവല്‍ എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിന് സാധ്യത കൂട്ടുകയേയുള്ളൂ.

കുറിപ്പുകള്‍:
1. ഈ പോസ്റ്റിന് പ്രധാന അവ‌ലംബം ‘ന്യൂ യോര്‍ക്കറി’ലെ മികച്ച ലേഖനമാണ്.

2. 'ന്യൂ യോര്‍ക്കറി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ട റോബര്‍ത്തോ ബൊളാന്യോയുടെ 4 കഥകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ കാണാം.

3. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ ‘2666’-ന്റെ ആദ്യത്തെ കുറെ ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം.

4. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘ദ സാവേജ് ഡിറ്റക്ടീവ്‌സി’ന്റെ റിവ്യൂ ഇവിടെ.

5. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘2666’ന്റെ റിവ്യൂ ഇവിടെ.