ഇന്ന് സൌത്ത് കാരളീനയില്‍ നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ബറാക്ക് ഒബാമ ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പോളുകളില്‍ 10%-ന് അടുത്ത് മുമ്പിലാണ് അദ്ദേഹം ഹിലരിയെക്കാള്‍. കഴിഞ്ഞ തവണത്തെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജയിച്ച ജോണ്‍ എഡ്വേര്‍ഡ്സ് ചിത്രത്തിലില്ല. (അദ്ദേഹം ഈ സംസ്ഥാനത്താണ് ജനിച്ചത്; അയല്‍ സംസ്ഥാനമായ നോര്‍ത്ത് കാരളീനയിലെ സെനറ്റര്‍ ആയിരുന്നു.) പക്ഷേ, ഒബാമയുടെ ഏറ്റവും വലിയ ബാധ്യത ആകാന്‍ പോകുന്നതും ഈ വിജയം ആയിരിക്കും. കാരണം അത് ഇവിടത്തെ ഡമോക്രാറ്റുകളില്‍ പകുതിയോളം വരുന്ന കറുത്തവര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണക്കുന്നതുകൊണ്ടാണ്. വെള്ളക്കാരുടെ ഇടയിലെ പിന്തുണ വളരെക്കുറവാണ് അദ്ദേഹത്തിന് ഉള്ളത്; മൂന്നാം സ്ഥാനത്ത് വെറും 10%ത്തോടെ.
വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള അയോവയില്‍ ജയിക്കുകയും, ന്യൂ ഹാമ്പ്ഷയറിലും നെവാഡയിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തശേഷം ഇവിടെ വെള്ളക്കാരുടെ പിന്തുണ നഷ്ടപ്പെടാന്‍ അദ്ദേഹം എന്താണ് ചെയ്തത്? ന്യൂ ഹാമ്പ്ഷയറില്‍ വച്ചുതന്നെ വംശീയത തലപൊക്കിയതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അതിന്ന് ആക്കം കൂട്ടുവാന്‍ വേണ്ടിയിട്ട് ബില്‍ ക്ലിന്റനും ഹിലരി ക്ലിന്റനും വംശീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു, തന്ത്രപരമായ ചില പ്രസ്താവനകള്‍ ഇറക്കുക വഴി. അത്തരം പ്രസ്താവനകള്‍ ആ സംസ്ഥാനത്ത് ഒബാമക്ക് കറുത്തവരുടെ പിന്തുണ നേടിക്കൊടുത്തെങ്കിലും ക്ലിന്റന്മാരുടെ ലക്ഷ്യം, ഒബാമയെ ‘കറുത്ത’ സ്ഥാനാര്‍ഥിയാക്കി, ദേശീയതലത്തില്‍ മുഖ്യധാരയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ കുറക്കുക എന്നതായിരുന്നു. അതില്‍ അവര്‍ വിജയിക്കുമെന്നു തോന്നുന്നു. സൌത്ത് കാരളീനയില്‍ വെള്ളക്കാരുടെ പിന്തുണ ഈ സമയത്ത് പകുതി കണ്ടു കുറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു ഈ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പ്രൈമറി; അതില്‍ ജോണ്‍ മക്കെയിന് ജയിച്ചു. ആ ജയം ദേശീയതലത്തില്‍ അദ്ദേഹത്തിന് മുന്നേറ്റമുണ്ടാക്കി. അവസാനത്തെ പോളുകള്‍ പ്രകാരം ഫ്ലോറിഡയില്‍ അദ്ദേഹമാണ് മുന്നില്‍. അവിടത്തെ വിജയം മക്കെയിന്റെ ശക്തനായ ഒരു എതിരാളിയെ ഏതാണ്ട് ഇല്ലാതാക്കും; ജൂലിയാനിയെ. മക്കബി കാശില്ലാതെ പ്രചരണമൊക്കെ കുറച്ചു വരികയാണ്. മിറ്റ് റോംനി സ്വന്തം കാശുകൊണ്ട് പിടിച്ചുനിന്ന് മിഷിഗണിലും നെവാഡയിലുമൊക്കെ വിജയിച്ചെങ്കിലും മക്കെയിനെ പിടിച്ചുകെട്ടാന്‍ പാടായിരിക്കും. മക്കെയിന്റെ പാര്‍ട്ടിക്കതീതമായ ജനപിന്തുണക്ക് ഒപ്പം നില്ക്കാന് റിപ്പബ്ലിക്കന്‍ ഭാഗത്ത് ആരുമില്ല.
നെവാഡയിലെ ഡമോക്രാറ്റുകളുടെ കോക്കസ്സ് വിചിത്രമായിരുന്നു. ഹിലരി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജയിച്ചെങ്കിലും ഒബാമക്കാണ് ഒരു ഡെലിഗേറ്റിനെ കൂടുതല്‍ കിട്ടിയത്. ഒബാമ നേരിടുന്ന മറ്റൊരു വെല്ലുവിളി ഹിസ്പ്പാനിക് (ഉത്തര-ദക്ഷിണ അമേരിക്കകളില്‍ നിന്ന് കുടിയേറിയ സ്പാനിഷ് സംസാരിക്കുന്നവരെയാണ് ഹിസ്പാനിക്കുകള്‍ എന്നു പറയുന്നത്) വോട്ടര്‍മാരെ ആകര്‍ഷിക്കലാണ്. പൊതുവെ അവര്‍ കറുത്തവരുമായി അത്ര സ്നേഹത്തിലല്ല. ആ വംശീയസ്പര്‍ദ്ധ ഒബാമക്ക് ക്ഷീണം ചെയ്യും. നെവാഡയില്‍ അതാണ് സംഭവിച്ചതെന്നു തോന്നുന്നു. ഹിസ്പ്പാനിക്കുകള്‍ പണിക്കാരായി ധാരാളമുള്ള ലാസ് വേഗസ് നഗരത്തില്‍ ഹിലരിക്ക് വമ്പിച്ച ഭൂരിപക്ഷമായിരുന്നു. ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയന്റെ പിന്തുണ ഒബാമക്ക് കിട്ടിയിട്ടു കൂടി.
സൌത്ത് കാരളീനയില്‍ ഒബാമ ജയിച്ചാല്‍ 2 വിജയത്തോടെ ഹിലരിയുടെ ഒപ്പമെത്തും. റിപ്പബ്ലിക്കന്‍ ഭാഗത്ത് മിറ്റ് റോംനിക്കും മക്കെയിനും 2 വീതം വിജയങ്ങള്‍; ഹക്കബിക്ക് 1. ചിത്രം ഇപ്പോഴും അവ്യക്തമാണ്. ഫെബ്രുവരി 5-ന് വലിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ ആരാണ് ശരിക്കും മുന്നിട്ട് നില്‍ക്കുന്നതെന്ന് അറിയാന്‍ കഴിയൂ. പക്ഷേ,തല്ക്കാലം അത് ഹിലരിയും ജോണ്‍ മക്കെയിനുമാണ്.
Subscribe to:
Post Comments (Atom)
5 comments:
Jai Jai obama
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പ്രൈമറിയുടെ സാങ്കേതികതയും രീതികളും ഒന്നു വിശദീകരിക്കാന്‍ കഴിയുമോ?
അഞ്ചല്കാരന് - ഇതിന്നു മുമ്പ് ഞാന്‍ ഇട്ട പോസ്റ്റ് പ്രൈമറിയെക്കുറിച്ചായിരുന്നു. അത് ഇവിടെ വായിക്കുക.
അതിന്ന് ആക്കം കൂട്ടുവാന്‍ വേണ്ടിയിട്ട് ബില്‍ ക്ലിന്റനും ഹിലരി ക്ലിന്റനും വംശീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു, തന്ത്രപരമായ ചില പ്രസ്താവനകള്‍ ഇറക്കുക വഴി. അത്തരം പ്രസ്താവനകള്‍ ആ സംസ്ഥാനത്ത് ഒബാമക്ക് കറുത്തവരുടെ പിന്തുണ നേടിക്കൊടുത്തെങ്കിലും ക്ലിന്റന്മാരുടെ ലക്ഷ്യം, ഒബാമയെ ‘കറുത്ത’ സ്ഥാനാര്‍ഥിയാക്കി, ദേശീയതലത്തില്‍ മുഖ്യധാരയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ കുറക്കുക എന്നതായിരുന്നു. അതില്‍ അവര്‍ വിജയിക്കുമെന്നു തോന്നുന്നു
ഈ പാരഗ്രാഫില്‍ ചില സംശയങള് ബാക്കീ. ഈ തന്ത്രപരമായ ചില പ്രസ്താവനകള്‍ എന്നതിന് ചില് ഉദാഹരണങ്ങള്‍ തന്നിരുന്നെങ്കില്‍ കാര്യ്ങ്ങള് മനസിലാക്കാന്‍ എളുപ്പമായിരുന്നു.
കിരണ്‍,
ക്ലിന്റണ് കാമ്പിലെ ബോബ് കെറിയാണ് ഇത്തരം പ്രചരണത്തിന് തുടക്കമിട്ടത്. ഒബാമയുടെ പേരില്‍ ‘ഹുസൈന്’ എന്ന വാക്കുള്ളത് എടുത്തുപറഞ്ഞുകൊണ്ട്. ഉദ്ദേശം ഒബാമ ഒരസാധാരണ അമേരിക്കക്കാരനാണെന്നതിന് പ്രചാരം കൊടുക്കലും, മുസ്ലിംങ്ങളോട് വിരോധമുള്ള അമേരിക്കക്കാരെ പാട്ടിലാക്കലും. വിശദാംശങ്ങള്‍ക്ക് ഈ ബ്ലോഗ് വായിക്കുക.
കറുത്തവര്‍ക്ക് അമേരിക്കയില്‍ പൌരാവകാശ നിയമങ്ങള്‍ നിര്‍മ്മിച്ചു കിട്ടാന്‍ മാര്ട്ടിന് ലൂതര്‍ കിംഗ് ചെയ്ത പരിശ്രമങ്ങളെ ചെറുതായി ഇടിച്ചുതാഴ്ത്തിക്കൊണ്ടായിരുന്നു ഹിലരിയുടെ ചൂണ്ട. വാര്‍ത്തകള്‍ക്ക് നെറ്റില്‍ തിരയുക; ഉദാഹരണത്തിന് ഒരു റിപ്പോര്‍ട്ട് ഇവിടെ. അതുവരെ വംശീയവിഷയങ്ങളില്‍ നിഷ്പക്ഷമായി നിന്ന ഒബാമക്ക് അതില്‍ കൊത്തേണ്ടി വന്നു; കാരണം സൌത്ത് കാരളീനയിലെ ഡമോക്രാറ്റുകളില്‍ നല്ലൊരു പങ്ക് കറുത്തവരാണ്. കിംഗിന്റെ പേരിന് ക്ഷീണം വരുന്ന ഒരു വിവാദത്തില്‍ അദ്ദേഹത്തിന് പക്ഷം ചേരേണ്ടി വരികയും ചെയ്തു.
ബില്‍ ക്ലിന്റന്, ഒബാമ കാംമ്പയിനെ ‘യക്ഷിക്കഥ’ എന്നു വിളിച്ചതാണ് മറ്റൊന്ന്. ഒബാമ ഇറാക്ക് യുദ്ധത്തിനെക്കുറിച്ചെടുത്ത നിലപാടിനെ പറ്റിയാണ് അങ്ങനെ പറഞ്ഞതെന്നൊക്കെ പിന്നീട് വിശദീകരണം ഉണ്ടായെങ്കിലും ഒരു കറുത്തവന് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്ര ഉയര്ച്ചയിലെത്തിയതിനെ സൂചിപ്പിച്ചാണ് ക്ലിന്റന് അങ്ങനെ പറഞ്ഞതെന്ന് സംസാരമുണ്ടായി. തലമുതിര്‍ന്ന കറുത്ത നേതാക്കള്‍ ഒബാമയോട് സഹതാപം പ്രകടിപ്പിച്ചു. ഒരു വാര്‍ത്ത ഇവിടെ വായിക്കുക.
ഇവയെല്ലാം പലരീതിയില്‍ വ്യാഖ്യാനിക്കാമെങ്കിലും വംശീയാടിസ്ഥാനത്തിലുള്ള തരംതിരുവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ സജീവമാകാന്‍ ഇടയായി. ഒബാമയുടെ നിഷ്പക്ഷതയ്ക്ക് കുറച്ചൊക്കെ കോട്ടം സംഭവിച്ചു. ക്ലിന്റ്ന്റെ ക്യാംമ്പില്‍ നിന്ന് വന്ന, മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് പ്രധാനമായും മാധ്യമങ്ങളെയും വോട്ടര്‍മാരെയും അത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു വിട്ടത്.
വംശീയരാഷ്ട്രീയത്തിലേക്ക് ഹിസ്പ്പാനിക്കുകള്‍ കടന്നുവന്നതാണ് അമേരിക്കന്‍ രാഷ്ട്രീയ സമവാക്യത്തിലെ ഏറ്റവും പുതിയ ഘടകം. നെവാഡയിലെ ഡമോക്രാറ്റുകളുടെ പ്രൈമറിയില്‍ അവര്‍ ശക്തി തെളിയിക്കുകയും ചെയ്തു. അതു വളരെ വിചിത്രവുമായിരുന്നു. ഹിസ്പ്പാനിക്കുകള്‍ ധാരാളമുള്ള ലാസ് വേഗസ് നഗരത്തിലെ ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയന് ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; നേതാക്കള്‍ അംഗങ്ങളോട് ചോദിക്കാതെയാണ് അങ്ങനെ ചെയ്തെന്നു തോന്നുന്നു. യൂണിയന്റെ പിന്തുണ മുഴുവന്‍ വോട്ടായി മാറിയാല്‍ തോല്‍ക്കുമെന്നു മനസ്സിലായ ഹിലരി അവര്‍ വോട്ടുചെയ്യാതിരിക്കാന്‍ വേണ്ടി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കോക്കസ് നടത്താന്‍ പാടില്ല എന്ന് വാദിച്ച് കേസു കൊടുത്തു. യൂണിയന് അംഗങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗം ചെയ്യാതിരിക്കാന്‍ ഹിലരി എടുത്ത അത്തരമൊരു നടപടി അവരുടെ പിന്തുണ ഇല്ലാതാക്കേണ്ടതായിരുന്നു. പക്ഷേ, തിരിച്ചാണ് സംഭവിച്ചത്. കോടതി ഹോട്ടലുകളില്‍ കോക്കസ് നടത്തുന്നത് തടഞ്ഞില്ല; അങ്ങനെ വോട്ടു ചെയ്യാന്‍ അവസരം കിട്ടിയ യൂണിയന് അംഗങ്ങള്‍ ബഹുഭൂരിപക്ഷം വോട്ടു ചെയ്തത് ഹിലരിക്കും! ലാസ് വേഗസില്‍ കിട്ടിയ വന്‍ഭൂരിപക്ഷം ഹിലരിക്ക് നെവാഡ സംസ്ഥാനത്തു തന്നെ വിജയം നേടിക്കൊടുത്തു. നടന്നതെന്താണ്? കറുത്തവരോടുള്ള ഹിസ്പ്പാനിക്കുകളുടെ മത്സരം (പല രംഗത്തും- പ്രധാന ന്യൂനപക്ഷമാകാന്‍; താഴെക്കിടയിലുള്ള തൊഴിലവസരങ്ങള്‍; നഗരങ്ങളിലെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവുക തുടങ്ങിയവ) ഹിലരിക്ക് വോട്ടുചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. ഫെബ്രുവരി 5-ലെ പ്രൈമറികളില്‍ വലിയ സംസ്ഥാനങ്ങളില്‍ ഹിസ്പ്പാനിക് വോട്ടുകള്‍ നിര്‍ണ്ണായകമാണ്. നെവാഡയിലെ തിരഞ്ഞെടുപ്പ് ഫലം ഹിസ്പ്പാനിക്കുകളുടെ വോട്ടിംഗ് രീതിയുടെ സൂചനയാണെങ്കില്‍ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് എന്നീ വലിയ സംസ്ഥാനങ്ങളില്‍ ഒബാമയുടെ കാര്യം കഷ്ടമാകും. ഈ വിഷയത്തെക്കുറിച്ച് എക്കണോമിസ്റ്റില്‍ വന്ന ഒരു ലേഖനം ഉണ്ട്; വായിക്കാന്‍ ശ്രമിക്കുക (title- The cooks spoil Obama's broth; economist.com site is down; so I cannot get the url).
Post a Comment