Tuesday, January 29, 2008

ജൂലിയാനിയുടെ പതനം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഫ്ലോറിഡയില്‍ ഇന്ന് നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ജോണ്‍ മക്കെയിന്‍ വിജയിച്ചു. മിറ്റ് റോംനി ആണ് രണ്ടാമത്; ജൂലിയാനി വളരെ പിന്നില്‍ മൂന്നാമതും.

ഡമോക്രാറ്റുകളുടെ അനൌദ്യോഗിക പ്രൈമറിയില്‍ ഹിലരി ക്ലിന്റന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷേ, ഫ്ലോറിഡക്ക് ഡലിഗേറ്റുകളെ ഇത്തവണ അയയ്ക്കാന്‍ പറ്റാത്തതുകൊണ്ട് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഈ വിജയംകൊണ്ട് ഗുണമില്ല. എന്നാലും സൌത്ത് കാരളിനയിലുണ്ടായ ഭീമമായ പരാജയത്തില്‍ നിന്ന് അവര്‍ക്ക് ചെറിയൊരു ആശ്വാസം.

വിജയികളേക്കാള്‍ ഏറെ ഈ ഫലത്തില്‍ മുഴച്ചു നില്‍ക്കുന്നത് ജൂലിയാനിയുടെ പരാജയമാണ്. വളരെ പിന്നില്‍ വെറും 15% വോട്ടുകള്‍ നേടി അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ഫ്ലോറിഡയിലും ദേശീയതലത്തിലും ഒരു സമയത്ത് പോളുകളില്‍ അദ്ദേഹം മുന്നിട്ടു നിന്നിരുന്നു എന്നോര്‍ക്കണം. പരാജയത്തിനു ശേഷം മക്കെയിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പത്രങ്ങളിലൊക്കെ വേറെ കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം മത്സരത്തിന് ഇറങ്ങിയത് പ്രസിഡന്റ് ആവാന്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അത്രയും മുന്നേറ്റം കിട്ടിയ ഒരാള്‍ ആ അവസരം ഇങ്ങനെ തുലക്കില്ലായിരുന്നു. മക്കബിയെപ്പോലെ പണത്തിന് ക്ഷാമം ജൂലിയാനിക്ക് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് നില്‍ക്കുക വഴി സ്വന്തം പേര് ദേശീയ തലത്തില്‍ ഉയര്‍ത്തി നിറുത്തുകയും അതു വഴി കണ്‍സള്‍ട്ടന്‍സി, ലോബിയിംഗ് തുടങ്ങി അദ്ദേഹം മുമ്പ് ഏര്‍പ്പെട്ടിരുന്ന മറ്റു കാര്യങ്ങള്‍ക്ക് പരസ്യം കൊടുക്കുകയും ആയിരുന്നു പ്രധാന ലക്ഷ്യം എന്നു തോന്നുന്നു. അത്രക്ക് മോശമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചരണവും.

മിറ്റ് റോംനി ആദ്യമായി നല്ലവണ്ണം ഒരു മത്സരത്തില്‍ പങ്കെടുത്തത് ഈ പ്രൈമറിയിലാണ്. അദ്ദേഹം ഇതുവരെ ജയിച്ച സംസ്ഥാനങ്ങള്‍ എല്ലാം എതിരാളികള്‍ അത്ര ശ്രദ്ധ കൊടുക്കാത്തവ ആയിരുന്നു. അദ്ദേഹത്തിന്റെ ഇവിടത്തെ പ്രകടനം നന്നായി. റിപ്പബ്ലിക്കന്മാരിലെ അതിയാഥാസ്ഥികര്‍ അദ്ദേഹത്തിനാണ് വോട്ടു ചെയ്തത്; ഹക്കബി രക്ഷ പെടില്ല എന്നു കണ്ടാവും. അമേരിക്കയില്‍ പൈസയുണ്ടെങ്കില്‍ ഒരളവുവരെ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാം എന്നതിന് ഉദാഹരണമാണ് മിറ്റ് റോംനിയുടെ ക്യാമ്പയിന്‍. രാഷ്ട്രീയസംഭാവനകളിലൂടെ പ്രചരണത്തിന് പണം സംഭരിക്കുന്നതിന് കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം പൈസ മുടക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഹക്കബിക്കാണ് ഇത്രയും പണം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ യാഥാസ്ഥികരെ അദ്ദേഹത്തിന് ഇളക്കാമായിരുന്നു. എന്തൊക്കെ ചെയ്താലും, മോറോണ്‍ മതക്കാരനായതിനാല്‍ റോംനി കിട്ടുന്ന പിന്തുണ ഒരളവുവിട്ട് കൂടാന്‍ പോകുന്നില്ല.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇപ്പോള്‍ മക്കെയിനാണ് മുമ്പില്‍. ഇപ്പോഴത്തെ പോളുകള്‍ പ്രകാരം ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ആരായാലും അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കാണിക്കുന്നത്. അത്തരം നിഗമനങ്ങള്‍ക്ക് ഇപ്പോള്‍ സമയം കുറച്ച് നേരത്തെയാണെങ്കിലും അത് അദ്ദേഹത്തിന്റെ പാര്‍ട്ടികള്‍ക്കതീതമായുള്ള ജനപിന്തുണ കാണിക്കുന്നു. മക്കെയില്‍ യഥാര്‍ഥത്തില്‍ ഒരു സ്വതന്ത്രനാണ്; അദ്ദേഹത്തിന് കിട്ടുന്ന വോട്ടുകളും പ്രധാനമായി അത്തരക്കാരില്‍ നിന്നാണ്. പേരിന് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നേയുള്ളൂ. പാര്‍ട്ടിയിലുള്ള പിന്തുണ കുറവ് ഫെബ്രുവരി 5-നുള്ള പ്രൈമറികളിലും അദ്ദേഹത്തിന് ബാധ്യത ആയേക്കാം.

കെന്നഡികള്‍ പിന്തുണ പ്രഖ്യാപിച്ച ശേഷം സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങി പാര്‍ട്ടിയിലെ പല പ്രമുഖരും ഒബാമക്ക് പിന്തുണയുമായി എത്തി തുടങ്ങി. സൌത്ത് കാരളീനയില്‍ ബില്‍ ക്ലിന്റന്‍ ഭാര്യക്കുവേണ്ടി വേട്ടപ്പട്ടിയുടെ റോളില്‍ ഇറങ്ങിയത് ഹിലരിക്ക് ക്ഷീണം ചെയ്തെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആരെ പിന്തുണയ്ക്കും എന്ന് സംശയിച്ചിരുന്ന പലര്‍ക്കും അത് ഒബാമയുടെ ഭാഗത്തേക്ക് മറിയാന്‍ ഒരു കാരണം കൊടുത്തു. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന പ്രഖ്യാപനം അല്‍ ഗോറിന്റേതാണ്. അദ്ദേഹം മത്സരത്തിന്‍ ഇറങ്ങുന്നതു നോക്കി (ഞാനടക്കം) വളരെയധികം പേര്‍ നോക്കിയിരുന്നു; അതുണ്ടായില്ല. ഇനിയിപ്പോള്‍ അദ്ദേഹം ആരെയാണ് പിന്തുണക്കുന്നതെന്നാണ് നോട്ടം. ക്ലിന്റന്മാരുമായുള്ള അദ്ദേഹത്തിന്റെ അത്ര സുഖമില്ലാത്ത ബന്ധം മൂലം ഹിലരിയെ പിന്തുണക്കാന്‍ ഇടയില്ല. ചിലപ്പോള്‍ ന്യൂട്രലോ അല്ലെങ്കില്‍ ഒബാമയ്ക്കോ ആയിരിക്കും പിന്തുണ. കഴിഞ്ഞ തവണ അദ്ദേഹം ഹൊവാര്‍ഡ് ഡീനെ പിന്തുണച്ചു; അധികം താമസിയാതെ ഡീന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു :)

2 comments:

t.k. formerly known as thomman said...

ജൂലിയാനിയുടെ പതനത്തെക്കുറിച്ച് ഈ വിശകലനം കൂടി ചേര്‍ത്തുവച്ചു വായിക്കുക.

t.k. formerly known as thomman said...

ജൂലിയാനി പിന്‍‌വാങ്ങിയതിനു പിന്നാലെ ഡമോക്രാറ്റുകളുടെ ഭാഗത്ത് ജോണ്‍ എഡ്വേര്‍ഡ്‌സും മത്സരത്തില്‍ നിന്ന് പിന്മാറി. അദ്ദേഹം ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മക്കെയിന് കാ‍ലിഫോര്‍ണിയ ഗവര്‍ണര്‍ സാക്ഷാല്‍ ആര്‍ണോള്‍ഡ് ഷ്വാത്‌സിനെഗര്‍ പിന്തുണ പ്രഖ്യാപിച്ചു. സുസമ്മതനായ ആര്‍ണോള്‍ഡിന്റെ പിന്തുണ മക്കെയിന് ശരിക്കും ഗുണം ചെയ്യും.

ഇനി ജൂലിയാനി മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കൂട്ടാളി ആവുമോ എന്നാണ് നോക്കേണ്ടത്. പരസ്പരം പുകഴ്ത്തിയുള്ള സംസാരമൊക്കെ കണ്ടിട്ട് അതിന് സാധ്യത കാണുന്നുണ്ട്.