Friday, August 29, 2008

ജോണ്‍ മക്കെയിന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് ജോണ്‍ മക്കെയിന്‍ ഇന്ന് അലാസ്ക്കയിലെ ഗവര്‍‌ണറായ സാറാ പേലിനെ തിരഞ്ഞെടുത്തു. ഇവരുടെ തിരഞ്ഞെടുപ്പ് വളരെ രഹസ്യമായിട്ടായിരുന്നു; മക്കെയിന്‍ പരിഗണിച്ചവരുടേതായി മാധ്യമങ്ങള്‍ ഇറക്കിയ ലിസ്റ്റുകളിലൊന്നും ഇവരുടെ പേര് കണ്ടിരുന്നില്ല.

കാനഡയ്ക്കും മുകളില്‍ ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ ചെറിയ (ജനസംഖ്യകൊണ്ട്) സംസ്ഥാനത്തില്‍ നിന്ന് പൊതുവേ രാഷ്ട്രീയത്തേക്കാള്‍ അവിടെ പിടിക്കുന്ന സാല്‍‌മണ്‍ മത്സ്യത്തിന്റെയും അവിടെയുള്ള ധ്രുവക്കരടികളുടെയും വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. സാറാ പേലിനും അക്കാര്യങ്ങളുമായി അടുത്തബന്ധമുണ്ട്; അവരുടെ ഭര്‍ത്താവ് ഒരു മീന്‍പിടുത്തക്കാരനായിരുന്നു; അവര്‍ വേട്ടയാടുന്നതില്‍ അതീവ തല്പരയാണ്. വെവ്വില്‍ കണ്ട ഒരു പടത്തില്‍ (അവരുടെ വീടാണെന്ന് തോന്നുന്നു) കൊന്ന്, സ്റ്റഫ് ചെയ്ത വച്ച ഒരു കരടിയുടെ ഉടലും തലയുമാണ് അവര്‍ ഇരിക്കുന്ന സോഫയുടെ ഒരറ്റത്ത്. രാഷ്ടീയത്തിലെ പരിചയം- 6000 പേരുള്ള ഒരു പട്ടണത്തിന്റെ മേയറായിരുന്നു; അലാസ്ക്കയിലെ ഗവര്‍ണറായിട്ട് 2 വര്‍ഷം തികയാന്‍ പോകുന്നു. ഇതിന്ന് മുമ്പ് അലാസ്ക്കയില്‍ അവര്‍ വാര്‍ത്തയില്‍ വന്നത് വ്യക്തിവിരോധം തീര്‍ക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിട്ടതുമായി ഒരു വിവാദവുമായി ബന്ധപ്പെട്ട്.

72 വയസ്സുള്ള, നാലുവട്ടം കാന്‍സര്‍ ചികിത്സക്ക് വിധേയനായ, ശരീരത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനാവാത്ത ജോണ്‍ മക്കെയിന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട്, ഭരണത്തിലിരിക്കുമ്പോള്‍ എങ്ങാനും മരിച്ചാല്‍ (അങ്ങനെ വരാതെ പോകട്ടെ) ഇവര്‍ അമേരിക്കന്‍ പ്രസിഡന്റ് ആവും എന്ന് ഓര്‍ക്കുമ്പോള്‍ ഈ രാജ്യത്ത് താമസിക്കാന്‍ പേടി തോന്നുന്നു.

CNN-ന്റെ രാഷ്ട്രീയ നിരീക്ഷകന്‍ പോള്‍ ബെഗേലയാണ് ഈ തലക്കെട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ള സംശയം ഉന്നയിച്ചിട്ടുള്ളത്. അത് ഇവിടെ വായിക്കുക, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല; കൂടുതല്‍ വിവരങ്ങള്‍ക്ക് ആ ലേഖനം വായിക്കുക.

ഒരു പ്രധാന തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ജോണ്‍ മക്കെയിന്‍ അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മിറ്റ് റോംനിയെയും റ്റോം റിഡ്ജിനെയും പോലെയുള്ള മിടുക്കന്മാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ ഇത്തരം ഒരാളെ ടിക്കറ്റിലെടുത്തത് അദ്ദേഹത്തിന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല എന്ന് തെളിയിക്കുന്നു. ഒരു സ്ത്രീയെ സ്ഥാനാര്‍ഥി ആക്കണമായിരുന്നെങ്കില്‍ അതിനുമുണ്ടായിരുന്ന കഴിവുള്ള ആള്‍ക്കാര്‍ വേറെ.

മക്കെയിന്റെ ഉന്നം ഹിലരിയെ പിന്തുണച്ച, ഒബാമയ്ക്ക് വോട്ടു ചെയ്യാന്‍ ഇപ്പോഴും അറപ്പുള്ള സ്ത്രീകളുടെ വോട്ട് നേടലും; യാഥാസ്ഥികരെ പ്രീണിപ്പിക്കലുമാണെന്നു തോന്നുന്നു. രണ്ടാമത്തെ കാര്യത്തില്‍ ഇവരെ വെല്ലുന്ന അധികമാരും ഉണ്ടാകില്ല. ഒരു തികഞ്ഞ കൃസ്ത്യന്‍ യാഥാസ്ഥികയും ഇവാഞ്ചലിസ്റ്റുമാണ് സാറാ പേലിന്‍. അക്കാര്യം കൊണ്ടുതന്നെ ഒരു തികഞ്ഞ ലിബറല്‍ ഡമോക്രാറ്റായ ഹിലരിയുമായി സ്ത്രീയാണെന്നല്ലാതെ മറ്റൊരു സാമ്യവും ഇവര്‍ക്കില്ല. തന്നെയുമല്ല പ്രൈമറികാലത്ത് അവര്‍ ഹിലരിയെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ ക്ലിപ്പുകളൊക്കെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇന്ന് അവരുടെ പ്രസംഗത്തില്‍ ഹിലരിയെ യാതൊരു ലോഭവുമില്ലാതെ പുകഴ്ത്തുന്നുണ്ടായിരുന്നു. ഉന്നം ഹിലരിയുടെ പിന്തുണക്കാര്‍. പക്ഷേ, പൊതുവേ ഹിലരിയുടെ ആള്‍ക്കാര്‍ ആ കുടുക്കില്‍ കുരുങ്ങില്ല എന്നാണ് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്; കുറച്ച് ഫെമിനിസ്റ്റ് തീവ്രവാദികള്‍ ഒഴിച്ച്.

എന്തായാലും മക്കെയിന്റെ ഈ തീരുമാനം ഒബാമയുടെ വിജയം എളുപ്പമാക്കുമെന്നുള്ളതുകൊണ്ട് ഒരു ഗൂഢസന്തോഷം ഉണ്ടെന്നുള്ള കാര്യം മറച്ചു വയ്ക്കുന്നില്ല :-)

8 comments:

t.k. formerly known as thomman said...

സാറാ പേലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുക വഴി ജോണ്‍ മക്കെയിന്‍ രാജ്യഭരണവുമായി ബന്ധപ്പെട്ട തന്റെ ആദ്യതീരുമാനത്തില്‍ പതറുന്നതാണ് കാണുന്നത്.

Anonymous said...

I think you are correct, there is a chance that this is going to back fire, that is my feeling (but you never know, may be the (his?)medicines are working? Is pfizer stock up today?) :-}

Anonymous said...

സ്ഥിരബുദ്ധിയെ ചോദ്യം ചെയ്യും മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിചയ സമ്പന്നനായ ആള്‍ വേണമെന്ന് ഡെമോക്രാറ്റുകളെക്കൊണ്ടു തന്നെ പറയിക്കാനുള്ള ആ സൂക്ഷ്മബുദ്ധി ഒന്നു കാണാന്‍ ശ്രമിച്ചുകൂടേ. വിദേശ നയങ്ങളിലുള്ള പരിചയമാണെങ്കില്‍ സാറയും മോശമല്ല. അവരും ഒബാമയെപ്പോലെ ജര്‍മ്മനിക്കുപോയിട്ടുണ്ട് :) മുറിവേറ്റ ഭടന്മാരെ കണ്ടുമടങ്ങിയിട്ടുമുണ്ട്. മക്കെയ്നു നഷ്ടപ്പെടാനൊന്നുമില്ല. എന്നാല്‍ ഈ ഗാംബ്ലിങ്ങിലൂടെ അങ്ങോര്‍ പലതും നേടുന്നുണ്ടു താനും. ബെഗാല പറയുന്നു പെന്‍സില്‍‌വേനിയ നഷ്ടപ്പെടുത്തി എന്ന്. പെന്‍സില്‍വേനിയയുടെ റൂറല്‍ ഏരിയയില്‍ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ ആജീവനാന്ത അംഗത്തിന്‌ വൈറ്റ് ഹൗസ് സ്ഥിരമായി നിരങ്ങുന്നവരെക്കാള്‍ പരിഗണനകിട്ടിയേക്കും. വെടിവയ്പുകാരുടെ മുറിവുണക്കാന്‍ ഒബാമ കാര്യമായൊന്നും ചെയ്യാത്തപ്പോള്‍ വിശേഷിച്ചും. സോഷ്യല്‍ കണ്‍സ‌‌ര്‍വേറ്റിവിനെ രംഗത്തുകൊണ്ടു വന്നതോടെ തന്റെ പാളയത്തില്‍ ഇളകി നിന്നകുറേപ്പേര്‍ അങ്ങോര്‍ ഉറപ്പിച്ചു നിര്‍ത്തുന്നുമുണ്ട്. ആകെപ്പാടെ കുഴപ്പമുള്ളത് മക്കെയ്നു ശവപ്പെട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനെപ്പറ്റി സി.എന്‍.എന്നും എം.എസ്.എന്‍.ബി.സിയും കുറെയേറെ സംസാരിക്കും. ഇവ രണ്ടും കണ്ടിട്ടു വോട്ടുചെയ്യാനിറങ്ങുന്നവര്‍ എത്രയുണ്ടെന്നും മക്കെയ്നു ചിലപ്പോള്‍ അറിയാമായിരിക്കണം.

t.k. formerly known as thomman said...

മന്‍‌ജിത്ത്,
അമേരിക്കയിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ നിന്ന്‍ വിദ്യാഭ്യാസം; പഠിക്കുന്ന കാലത്തുതന്നെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രശസ്തന്‍; പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തിലെ സെനറ്റില്‍ വര്‍ഷങ്ങളോളം അംഗം; നിയമാദ്ധ്യാപകനും ലോയറുമായി പ്രവര്‍ത്തിച്ചുള്ള പരിചയം; ബെസ്റ്റ് സെല്ലറായ 2 പുസ്തകങ്ങളുടെ രചയിതാവ്; 4 വര്‍ഷത്തിനടുത്ത് യു.എസ്സ്. സെനറ്റര്‍, ഇപ്പോള്‍ വിദേശകാര്യ കമ്മറ്റിയിലും മറ്റും അംഗം; അതിശക്തമായ ക്ലിന്റന്‍ പ്രചരണയന്ത്രത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ സംഘടനാവൈഭവം. ഇതൊക്കെപ്പോരേ ഒരാള്‍ക്ക് പ്രസിഡന്റ് ആകാന്‍? ഒബാമയ്ക്ക് പ്രവര്‍ത്തിപരിചയമില്ല എന്ന് കേള്‍ക്കുമ്പോള്‍ എനിക്കുള്ള സംശയമാണ്. കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് പല മേഖലയിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിദേശകാര്യമൊന്നും പ്രസിഡന്റ് ഒറ്റക്കിരുന്നല്ലല്ലോ ചെയ്യുന്നത്. അതിനൊക്കെ മിടുമിടുക്കന്മാരെ വാഷിംഗ്ടണില്‍ കിട്ടും; ജോ ബൈഡന്‍ അടക്കം. അമേരിക്കക്ക് ഇപ്പോള്‍ വേണ്ടത് മറ്റു രാജ്യങ്ങള്‍ക്ക് സ്വീകാര്യമായ ഒരു മുഖമാണ്.

ജര്‍മ്മനിയിലും ഒബാമ പോയിരുന്നു. പക്ഷേ, 2 ലക്ഷം ആളുകള്‍ അദ്ദേഹത്തിനെ കാണാന്‍ അവിടെ കാത്തുനിന്നിരുന്നു എന്ന കാര്യം കൂടി പറയാമായിരുന്നു :) മൈക്കേല്‍ ജാക്സനൊന്നുമല്ലല്ലോ അദ്ദേഹം; അപ്പോള്‍ എന്തെങ്കിലും കഴമ്പ് കാണില്ലേ ഇത്രയധികം ആള്‍ക്കാര്‍ അദ്ദേഹത്തെ കാണാന്‍ വരാന്‍.

സാറാ പേലിന്‍ ടിക്കറ്റിലുള്ളതുകൊണ്ട് മക്കെയിന് ഇവാഞ്ചലിസ്റ്റുകളുടെ കുറെ വോട്ടു കിട്ടുമായിരിക്കും. പക്ഷേ, ധാരാളം സ്വതന്ത്രരുടെ വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്യും. വോട്ടുകള്‍ എതിര്‍പാളയത്തിലേക്ക് പോകുന്നതുകൊണ്ട് ഫലത്തില്‍ മക്കെയിന് ഈ ചൂതാട്ടം നഷ്ടമാകുമെന്നാണ് എനിക്ക് തോന്നുന്നത്. (മറിച്ച് ഇവാഞ്ചലിസ്റ്റുകള്‍ വോട്ടു ചെയ്യാതെ വീട്ടില്‍ ഇരിക്കുകയേയുള്ളൂ; ഒബാമയ്ക്ക് ഒരിക്കലും അവര്‍ വോട്ട് ചെയ്യില്ല.)

കുറച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ സാറാ പേലിന്റെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ നോക്കിക്കാണും എന്ന് ഈ ലേഖനം സൂചന തരുന്നുണ്ട്.

Anonymous said...

ഇവിടെ ജീവിക്കാന്‍ പേടിയാണെങ്കില്‍ കേരളത്തിലേക്ക് വിട്ടോളു ..
ആരും തടയില്ല ...(chumma...)

t.k. formerly known as thomman said...

സാറാ പേലിന്റെ 17 വയസ്സുള്ള, അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഇന്ന് പത്രങ്ങളില്‍ മുഴുവന്‍. അതിനിടെ അവര്‍ക്ക് ഈയിടെ ഉണ്ടായ down-syndrome ഉള്ള കുട്ടി യഥാര്‍ഥത്തില്‍ ആ മകള്‍ക്ക് ഉണ്ടായതാണെന്നും അത് മൂടിവയ്ക്കാന്‍ വേണ്ടി അമ്മ ഗര്‍ഭം ഏറ്റെടുത്തതാണെന്നും ഉള്ള ബ്ലോഗുലോകത്തെ കിംവദന്തിക്ക് അറുതി വരുത്താ‍നാണ് സാറാ പേലിന്‍ തന്നെ ഈ വാര്‍ത്ത പുറത്ത് വിട്ടത്.

സഹോദരിയുടെ ഭര്‍ത്താവായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതുമായി അവര്‍ നേരിടുന്ന അന്വേഷണവും ദേശീയശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ജോണ്‍ മക്കെയിന് ഇവര്‍ ശരിക്കും ഒരു ബാധ്യത തന്നെ.

വര്‍ക്കേഴ്സ് ഫോറം said...

താങ്കളുടെ വിലയിരുത്തലുകളോട് പൊതുവെ യോജിക്കുന്നു. യുദ്ധവെറിയും ഇവഞ്ചെലിസവും ഇപ്രാവശ്യം തെരെഞ്ഞെടുപ്പ് ജയിപ്പിക്കുമെന്ന് തോന്നുന്നില്ല. ഒബാമ സാമ്പത്ത്ക നയത്തിന്റെ കാര്യത്തില്‍ എന്തു മാറ്റമാണ് കൊണ്ടു വരിക എന്നത് അതിപ്രധാനമാണ്. ഔട്സോര്‍സിംഗിനെതിരായ നയമെടുക്കുമോ? തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമോ..കാത്തിരുന്നു കാണുക തന്നെ..

t.k. formerly known as thomman said...

ഈ നിരീക്ഷണത്തെ തന്നെ സാധൂകരിക്കുന്ന രീതിയില്‍ “ന്യൂസ് വീക്കി“ന്റെ ഇന്റ‌ര്‍‌നാഷണല്‍ എഡിറ്റര്‍ ഫരീദ് സക്കറിയ മുഖ്യധാര മാധ്യമങ്ങളില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചുകൊണ്ട് ഒരു കോളവുമായി രംഗത്തുവന്നു.

സാമ്പത്തിക-അന്താരാഷ്ട്രകാര്യങ്ങളില്‍ ഒരു മിഡില്‍ സ്കൂള്‍ വിദ്യാര്‍‌ഥിയുടെ വിവരം പോലും ഇവര്‍ക്കില്ലാഞ്ഞിട്ടും മക്കെയിന്‍ ഇവരെ തിരഞ്ഞെടുത്തത് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല.